Tuesday, September 29, 2009

ഈശ്വരനെ മോചിപ്പിക്കുക...

മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത്‌ പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...


ആസിയാന്‍ കരാറും ഏട്ടിലെ പശുവും...

ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?

Monday, September 21, 2009

നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

എറണാകുളം പബ്ലിക്‌ ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന്‍ എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക്‌ നല്‍കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്‍ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക്‌ ഞാന്‍ ജെ.എന്ന് പേര് നല്‍കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന്‍ പറഞ്ഞു: "ജെ അതാണ്‌ എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

Sunday, September 20, 2009

മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

Sunday, September 13, 2009

സൃഷ്ടിയെ കുറിച്ച്...

എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം.  കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.

ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ  കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ.  എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.