Wednesday, March 31, 2010

എഴുതുക എന്നാല്‍

എഴുതുക എന്നാല്‍ നേര് രേഖപ്പെടുത്തുക എന്നാണ്. എല്ലാവരെയും തൃപ്തരാക്കി  എഴുതുക എന്നാല്‍ കാപട്യവും. ആധാരം എഴുത്തും ചരിത്രമെഴുത്തും പോലെയല്ല സര്‍ഗ സൃഷ്ടി. അത് ആത്മ പ്രകാശനം  ആകുമ്പോള്‍ നേരിന്റെ പ്രകാശം പരക്കുന്നു. നവ ലോകം നമ്മോടു ആവശ്യപ്പെടുന്നത് നുണ എഴുതുക എന്നാണ്‌. അതിനെ എതിരിടുന്നവനാണ് ശരിയായ എഴുത്തുകാരന്‍.

Sunday, March 28, 2010

വെട്ടം

ഈശ്വരന്‍ എന്നും അല്ലാഹു എന്നും വിളിക്കപ്പെടുന്ന ആ ശക്തിയെ ആരും കണ്ടിട്ടില്ല. അനുഭവിച്ചവരുണ്ട്, അനുഭവിക്കുന്നുമുണ്ട്. അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര്‍ കലഹിക്കും. ഈശ്വരാ എന്നോ അല്ലാ എന്നോ വിളിക്കുന്നത്‌ ഉള്ളു കൊണ്ടാവണം. ഉള്ളു കൊണ്ട് വിളിക്കണമെങ്കില്‍ അനുഭവിക്കണം. നാവു കൊണ്ടുള്ള വിളിയിലും വിശ്വാസത്തിലുമാണ് കലഹം ഉണ്ടാവുക. ഞാന്‍ ഓര്‍ക്കുകയാണ്. ലോകത്തെ രണ്ടു മതത്തിലുള്ളവര്‍ പരിഹാസ്യരായ ഡിസംബര്‍ ആറ്. മതങ്ങള്‍ ധര്മത്തെ കുറിച്ച് വാചാലമാകുന്നു . പക്ഷെ മനുഷ്യര്‍. എന്തിനാണ് പള്ളിക്കും അമ്പലത്തിനും വേണ്ടി മുറവിളി കൂട്ടി സമയവും പണവും നശിപ്പിച്ചത്? പരാശക്തിയെ ഒരു കെട്ടിടത്തില്‍ ഒതുക്കാനോ? ആ കെട്ടിടവും സ്ഥലവും വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ശ്രമിച്ചിരുന്നെങ്കില്‍ ധര്‍മം പുലര്ന്നെനെ... ലോകത്തെ ഏറ്റവും മുന്തിയ വിളക്കില്‍ നിന്നും, ഏറ്റവും ചെറിയ പാട്ട വിളക്കില്‍ നിന്നും കിട്ടുന്നത് ഒരേ വെട്ടം. നാമത് വിളക്കിന്റെ വലുപ്പ ചെറുപ്പം അനുസരിച്ച് പലതായി വായിക്കുന്നു. വെട്ടത്തിന് തുല്യം വെട്ടം മാത്രം. ഈശ്വരനെ, അല്ലാഹുവെ വെട്ടമായി സങ്കല്‍പ്പിച്ചു നാം ഇരുട്ടില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുന്നു. പക്ഷെ കാലം മാറി, അതോ നമ്മളോ? കാലത്തിനു മാറ്റമില്ല. നേരായ അറിവ് നേടുന്നവര്‍ നെഞ്ചു വിരിച്ചു ആകാശത്തിനും അപ്പുറത്തേക്ക് വളരും. വികലമായ അറിവെങ്കിലോ മുരടിച്ചു പോകും. ഇത് മുരടിപ്പിന്റെ കാലം. നമുക്കെന്തും അസ്വസ്ഥതയാണ്.

ഞാന്‍ ഈശ്വരനെ 'ക' എന്ന് വിളിക്കട്ടെ. 'ക' എന്ന അക്ഷരത്തിനു ജാതി മതം ഇല്ലാത്തതുകൊണ്ട് ആര്‍ക്കും പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു. 'ക' ഒരു അക്ഷരം ആയി നില്‍ക്കുമ്പോള്‍ 'ക' പലതുമാണ്. 'ക' നമുക്ക് ശ്വസിക്കാനുള്ള വായു തരുന്നു. ജലവും വെളിച്ചവും ഒക്കെ തരുന്നു. നാമൊക്കെ ജനിക്കും മുമ്പ്, ഈ ലോകമൊക്കെ ഉണ്ടാകും മുമ്പ്, 'ക' ഉണ്ട്. 'ക' അതിന്റെ ലോകത്ത് തനിയെയാണ്. ഓരോ സൃഷ്ടിക്കു ശേഷവും ഭ്രാന്തമായ ഏകാന്തതയും മടുപ്പും 'ക' യെ തുറിച്ചു നോക്കുന്നു. ഞാന്‍ ഓര്‍ക്കുകയാണ്, 'ക' എന്തെ തുണി ഉടുക്കാത്തത് എന്ന്. 'ക' എന്തെ ഒരു സ്പിന്നിംഗ് മില്‍ തുടങ്ങാത്തത് എന്ന്... ഇതാ മറ്റൊരു പ്രശ്നം, അത് 'ക' സൃഷ്‌ടിച്ച ആദി പുരുഷനിലേക്ക് വരുമ്പോള്‍. 'ക' ആദമിനെ സൃഷ്ടിക്കുന്നു. അവിടെ ഒരു പ്രശ്നമുണ്ട്. ആദം എന്ന പുരുഷന്‍ മുസ്ലീം ആയോ ക്രിസ്ത്യാനി   ആയോ അടയാളപ്പെടുത്തുന്നു. ആദവും ഹവ്വയും സ്വര്‍ഗീയ ലോകത്ത് അങ്ങനെ വികാര വിചാരമില്ലാതെ . വിലക്കപ്പെട്ട ഖനി കഴിക്കുന്നതോടെയാണ് അവര്‍ സ്വന്തം നഗ്നതയെ കുറിച്ച് അറിയുന്നത്. കാമ വികാരം ഉണ്ടാകുന്നത്. അതോടെ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറക്കുന്നു. വിലക്കപ്പെട്ട ഖനി കഴിക്കും മുമ്പ് ആദമും ഹവ്വയും  നഗ്നര്‍ ആയിരുന്നു. അപ്പോള്‍ 'ക' യോ? 'ക' നഗ്നന്‍ തന്നെ. 'ക' എന്ന ഈശ്വരന് ആരും പേറ്റണ്ട്  എടുക്കാത്തത് കൊണ്ട് കലഹിക്കില്ല എന്ന് വിശ്വസിക്കുന്നു. 'ക' എന്റെ ഈശ്വരനാണ്.

Friday, March 26, 2010

ഇന്ന്

ഇത് എഴുത്തുകാര്‍ ചര്‍ച്ച ചെയപ്പെടുന്ന കാലം. അരങ്ങില്‍ അവര്‍ നിറയുന്നു, അവിടെ എഴുത്ത് വിസ്മരിക്കപ്പെടുന്നു. അതൊരു ദുരന്തമാണ്, ഭാഷയുടെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും. നല്ല എഴുത്തുകാര്‍ അരങ്ങിനു വഴങ്ങില്ല. അവിടെ ചര്‍ച്ചയും വായനയും സ്രിഷ്ടികളുടെതാണ്. സൃഷ്ടാവിന്റെത് അല്ല എന്ന് സാരം. അതിന്  ഏറ്റവും നല്ല ഉദാഹരണമാണ് ഷേക്സ്പിയര്‍കു മുന്നില്‍ നില്‍ക്കുന്ന കൃതികള്‍. നാം ക്ലിയോ പാട്ര വായിക്കുന്നു, മാക്ബത്തും ഒതല്ലോയും ചര്‍ച്ച ചെയ്യുന്നു. അവിടെ ആരും ഷേക്സ്പിയറെ  ഒരു വിഗ്രഹമായി ഉയര്‍ത്തുന്നില്ല. എന്നാല്‍ അവിടെ ഷേക്സ്പിയര്‍ വിസ്മരിക്കപ്പെടുകയല്ല ആ സൃഷ്ടികളിലൂടെ വളരുകയാണ്. എന്നാല്‍ വര്‍ത്തമാന കാല സാഹിത്യത്തിന്റെ ഇതര കലകളുടെ അവസ്ഥ അതിനു നേര്‍ വിപരീതമല്ലേ! തീര്‍ച്ചയായും ആ വഴിക്ക് നീങ്ങി നമുക്ക് മൂല്യ ച്യുതി  സംഭവിച്ചിരിക്കുന്നു...

Thursday, March 18, 2010

കലയോ കലാപമോ...

ഫാന്‍സ്‌ അസോസിയേഷന്‍ ന്റെ നേതാവ് ( മമ്മൂട്ടി ഫാന്‍ ആണെന്ന് തോന്നുന്നു ) ടെലിവിഷനിലൂടെ പറയുകയുണ്ടായി സുകുമാര്‍ അഴികോട് എന്ത് എഴുതി, എന്ത് ഗുണമുണ്ടാക്കി എന്ന അര്‍ത്ഥത്തില്‍. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയക്കാര്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് ഇടതായാലും വലതായാലും. പക്ഷെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന സാധനത്തിനു വ്യക്തി പൂജ അല്ലാതെ മറ്റെന്ത്? എന്തിനു ഒരു നടന് വേണ്ടി ജയ് വിളിക്കുന്നു? അതവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ മലയാള സിനിമ ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ മാത്രം നോക്കിയാല്‍ മതി മലയാളത്തിന്റെ മേന്മ അറിയാന്‍. അന്ന് തമിഴരും മറ്റും നമ്മെ നോക്കി കോപ്പി അടിച്ചു. ഇന്നോ നാം അവരെ നോക്കി അസൂയപ്പെടുന്നു. അതിനു കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള വിഗ്രഹങ്ങള്‍ ആണെന്ന് തോന്നുന്നു. ഇവിടെ പുതുതായി ഒരാള്‍ക്ക്‌ അങ്ങനെ എളുപ്പം കയറികൂടാന്‍ ആവില്ല എന്ന സ്ഥിതിയാണ്. വിഗ്രഹങ്ങള്‍ സകലതും ഒതുക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നവര്‍ മാത്രം അഭിനയിക്കുക, തിരകഥ എഴുതുക, ക്യാമറാമാന്‍ ആകുക അങ്ങനെ പോകുന്നു... അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ പുറത്തു നില്‍ക്കുക. ആ അവസ്ഥയില്‍ കഴിവുള്ളവര്‍കു അവസരം നിഷേധിക്കപ്പെടുന്നു . അവിടെ ഒരു സിനിമ സമൂഹത്തിനു, രാജ്യത്തിന്‌, ലോകത്തിനു ഗുണപ്പെടെണ്ടതിനു പകരം ഏതാനും വ്യക്തികളുടെ ലാഭം മാത്രമായി മാറുന്നു. അവിടെ കല എന്ന തലത്തില്‍ നിന്നും സിനിമ കച്ചവടം എന്ന നിലയിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ വിഗ്രഹങ്ങളുടെ നിയമാവലിക്കൊത്തു രൂപം കൊള്ളുന്ന തിര കഥകള്‍ ‍. അവിടെ നായകന്‍ മരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം കൂടി വരുമ്പോള്‍ കലയോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ ആകും?

ചെമ്പോ പിച്ചളയോ?

മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ കള്ള നാണയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു സുകുമാര്‍ അഴികോട്. ഗാന്ധിയന്‍ എന്ന് പറയുമെങ്കിലും കൊണ്ഗ്രസുകാര്‍ക്ക് ഗാന്ധിയുമായി എന്തുണ്ടോ അത്രയേ ഉള്ളൂ ഇദ്ദേഹത്തിനും. ഈയിടെ ശ്രീമാന്‍ തിലകന്റെ സിനിമാ രംഗത്തെ നിലവിളിക്ക്‌ കാതോര്‍ത്ത് ഈ മഹാന്‍. അതുവഴി സാംസ്കാരിക സാഹിത്യ രംഗത്തിനു എന്ത് നേട്ടമുണ്ടായി എന്നറിയില്ല. എഴുത്തുകാരന്‍ തൂലിക വയ്ക്കുമ്പോള്‍ നാവനക്കുമ്പോള്‍ അത് നന്മക്കു വേണ്ടിയാവണം . ചിലരുടെ ചിലര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കാണുമ്പോള്‍ അതൊരു ഗുണ്ടാ സംഘം ആണോ എന്ന് പോലും ചിന്തിച്ചു പോകുന്നു സുകുമാര്‍ അഴീകോട് മൈക്കിനു മുന്നില്‍ എത്തിയാല്‍ ഏതു മല്ലനെയും അടിച്ചമര്‍ത്തും. ഒരു ചെറു കാറ്റായി തുടങ്ങി കൊടും കാറ്റിലേക്ക് ഒടുങ്ങുന്ന പ്രസംഗം. പ്രസംഗം ഒരു കലയില്‍ നിന്നും ഗുണ്ടാ പണിയിലേക്ക്‌ നീങ്ങുന്നത്‌ ഇത്തരം കലാ പരിപാടികളിലൂടെയാണ്‌. തിലകന്‍ ആദ്യമായി പറഞ്ഞത് അദ്ദേഹം ഈഴവന്‍ ആയതുകൊണ്ടാണ്‌ സിനിമയില്‍ ഒതുക്കപ്പെടുന്നത് എന്ന്. അതോടെ മോഹന്‍ലാലിനെ താങ്ങാന്‍ ആ പക്ഷത്തു നിന്നും ആളിറങ്ങി. ശരിക്കും ഒരു കവല യുദ്ധം. പിന്നീട് കാണുന്നത് തിലകന്‍ താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന അവകാശവാദത്തോടെ നില്‍ക്കുന്നതാണ്. അതില്‍ നിന്നും ഒന്നുറപ്പായി കേരളത്തില്‍ ഏതൊരാള്‍ക്കും സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള ഒരു കവചമാണ് കമ്യൂണിസ്റ്റ് പ്രയോഗം എന്ന്. ഓര്‍ക്കുട്ടില്‍ തന്നെ ചില കമ്യൂനിടികളില്‍ ദൃശ്യമാണ് അത്തരം ജല്‍പ്പനങ്ങള്‍. ഫാസിസത്തിന് ഓശാന പാടി അരാഷ്ട്രീയത പ്രസംഗിച്ചു ചില വിദ്വാന്മാര്‍ ഒടുവില്‍ പ്രഖ്യാപിക്കാറുണ്ട്‌, താന്‍ പണ്ട് കമ്യൂണിസ്റ്റ് ആയിരുന്നു, സഹയാത്രികന്‍ ആയിരുന്നു എന്ന്. ഒടുക്കം തിലകന് സഹായത്തിനു സി.പി.ഐ. അരയും തലയും മുറുക്കി ഇറങ്ങുന്നതാണ്.

Tuesday, March 16, 2010

മാറിയ കാലത്ത് എഴുത്തുകാരുടെ പ്രസക്തി...

ഇന്ന് ഇടതു പക്ഷം എന്നത് ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂണിസ്റ്റുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. അവര്‍ സത്യമേ പറയൂ എന്ന ധാരണ നമ്മില്‍ ഉണ്ടായിരുന്നു. മൂല്യങ്ങളെ തകര്‍ത്ത് പണം കുന്നുകൂടിയപ്പോള്‍ ആദര്‍ശം എന്നത് മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പഴങ്കഥയായി തീര്‍ന്നു. ഇന്ന് ഇടതുപക്ഷക്കാര്‍ നാവു തുറക്കുന്നത് കൊണ്ഗ്രസിനെ പോലെ നുണ പറയാന്‍ ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തില്‍ ഇടതു പക്ഷത്തിന്റെ തകര്‍ച്ച അറിയണമെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ച കണ്ടാല്‍ മതി. ലോകത്ത് എവിടെ ആയാലും ഇടതുപക്ഷത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ അപചയം സാമ്രാജ്യത്വ, വര്‍ഗീയ, ഭീകര , ഫാസിസ്റ്റ് ശക്തികള്‍ക്കു വളരാന്‍ അവസരം ഒരുക്കി കൊടുക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകം മുഴുവന്‍ നടപ്പിലാകുന്ന അമേരിക്കന്‍ മേല്‍കോയ്മ. ഇറാഖില്‍ നാം അത് കണ്ടു കഴിഞ്ഞു. പുതിയ കാലത്ത് അത് ആഗോളീകരണം എന്ന പേരില്‍ നമ്മെ കാര്‍ന്നു തിന്നുന്നു. കേരളത്തില്‍ എന്നും വര്‍ഗീയതയെ, ഫാസിസത്തെ തടഞ്ഞത്, അതിനോട് ചെറുത്തു നിന്നത് ഇടതുപക്ഷ കൂട്ടായ്മ തന്നെ. പക്ഷെ ഇന്ന് ഇടതു പക്ഷത്തിന്റെത് ഒരുതരം പണം നേടാനുള്ള മാര്‍ഗമായി മാറി. ഇവിടെ നാം ഇടതുപക്ഷത്തിന്റെ ഈ ശോചനീയ അവസ്ഥയില്‍ നിന്നുകൊണ്ട് , തകര്‍ച്ച ഉള്‍ക്കൊണ്ട്‌, ആ പ്രസ്ഥാനം ശക്തി പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തിയ കലാ സാഹിത്യകാരന്മാര്‍ /കാരികള്‍ ഒരുതരം നിശബ്ദതയിലെക്കോ പുറം ചൊറിയലിലേക്കോ നീങ്ങി കഴിഞ്ഞു. ഇനി വര്‍ഗീയ ഫാസിസ്റ്റു സാമ്രാജ്യത്വ ശക്തികളോട് എതിരിടെണ്ടത് എഴുത്തുകാര്‍ ആണ്. ഇവിടെയാണ്‌ അസംഘടിതര്‍ ആയ എഴുത്തുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരെണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടത്.