Friday, July 30, 2010

പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …

എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞ കാലത്ത് കൂടുതൽ വായനാ സൗകര്യം ലഭിക്കുമെന്നിരിക്കെ എന്തേ ഈ ലോകം ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നു? ഒന്നുകിൽ ശരിയായ വായന നടക്കുന്നില്ല, അല്ലെങ്കിൽ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മധുരം മലയാളം അക്ഷരങ്ങളുടെ സമരമുഖം തുറക്കുമ്പോൾ ചോദ്യമുണ്ടാകാം, എത്രയോ മാഗസിനുകൾ പ്രിന്റ്‌ മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും , അതിനിടയിൽ പച്ച പിടിക്കുമോ എന്ന്. എല്ലാം അക്ഷരങ്ങൾ‍, അവ വാക്കുകളായി പരിണമിക്കുന്നു. ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ‍. അതുതന്നെയാണ് രചനയും. എന്നാൽ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര്‍ ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു. അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ‍. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക്  എറിയുന്നു.ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത്  .     അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും   നയിക്കുന്നതും അതേ നുണകൾ‍. ഇവിടെയാണ്‌ മധുരം മലയാളം മാഗസിന്റെ പ്രസക്തി. നമുക്ക് നഷ്ടമായ നന്മയെ വീണ്ടെടുക്കുക. ഇരുട്ട് നീക്കി വെളിച്ചത്തെ പുണരുക. എല്ലാ തരം വർഗീയതക്കും ഭീകരതക്കും വിഭാഗീയതക്കും ഫാസിസത്തിനും മത മൌലീക വാദത്തിനും സാമ്രാജ്യത്വത്തിനും എതിരെ പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …

Wednesday, July 28, 2010

ഇസ്ലാമിനെ രക്ഷിക്കേണ്ടത്.

ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളാണ്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം എന്നായിരിക്കെ അതെ സമാധാനം ഉണ്ടാക്കാന്‍ യുദ്ധം ചെയ്യണമെന്നു പറയുന്നതിന്റെ പൊരുളെന്ത്‌    ? എക്കാലത്തും ഏറ്റവും വികലമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദമാണ് ജിഹാദ് എന്നത്. ജിഹാദ് എന്നതിന്  യുദ്ധം, വിശുദ്ധ യുദ്ധം എന്നെല്ലാം അര്‍ഥം ഉണ്ടായിരിക്കെ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ പലരും വിഴുങ്ങുകയോ മറച്ചു വയ്ക്കുകയോ ആണ്. ബദര്‍ യുദ്ധമാണ് ഇസ്ലാമിലെ ഏറ്റവും വലിയ യുദ്ധമായി പ്രവാചക കാലത്ത് രേഖപ്പെടുത്തുന്നത്. അത് തന്നെ രാജ്യം പിടിച്ചെടുക്കുന്നതിനോ  സമ്പൂര്‍ണ ഇസ്ലാം സംസ്ഥാപനത്തിനോ അല്ല. ഇസ്ലാമിന്റെ പ്രഥമ  മുദ്രാവാക്യമായ ' ളാ ഇലാഹ ഇല്ലല്ല ' എന്നുച്ചരിക്കാന്‍ , നമസ്കരിക്കാന്‍ അനുവദിക്കാതിരുന്നവര്‍ക്ക്  എതിരെ ആയിരുന്നു. അങ്ങനെ ഒരു സ്ഥിതി ഇന്ന് ലോകത്ത് എവിടെയുമില്ല എന്നോര്‍ക്കേണ്ടതുണ്ട്. ആ യുദ്ധം കഴിഞ്ഞു ആഹ്ലാദ ചിത്തരായ അനുയായികളോട് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്   . ' ഏറ്റവും വലിയ യുദ്ധം വരാനിരിക്കുന്നതെയുള്ളൂ ...' അത് കേള്‍ക്കെ അനുയായികള്‍ അമ്പരന്നു, ഇനിയും യുദ്ധമോ? പ്രവാചകന്‍ തുടര്‍ന്നു   :' അവനവനോടുള്ള യുദ്ധം. സ്വന്തം ഉടലിന്റെ ആഗ്രഹാത്തോടുള്ള യുദ്ധം...' എന്നാല്‍ അങ്ങനെയൊരു യുദ്ധം ഉള്ളതായി പോലും നടിക്കാതെ ലോകം മുഴുവന്‍ ഇസ്ലാമീകരിക്കാന്‍ ഇറങ്ങി തിരിക്കുന്നവരെ നാം എന്താണ് വിളിക്കേണ്ടത്? അത്തരക്കാരുടെ കൈകളിലാണ് ഇസ്ലാം അപകടപ്പെടുന്നത്. അവരില്‍ നിന്നുമാണ് ഇസ്ലാമിനെ രക്ഷിക്കേണ്ടത്.

Monday, July 26, 2010

ഭൂമിയില്‍ വെട്ടം പരക്കട്ടെ....

പുതിയ കാലത്ത് ആരാധനാലയങ്ങളെ ഗൂഡാലോചന കേന്ദ്രങ്ങള്‍ എന്ന് വിളിക്കാം. പരാശക്തിയെ വീതം വച്ചു ഒരു തുണ്ടുമായി മേശക്കു ചുറ്റും ഇരിക്കുന്നു. അവര്‍ പ്രാര്‍ഥിക്കുകയല്ല  തന്റെ ഈശ്വരനും മതവും മാത്രം വിജയിക്കണമെന്നും ഇതര മതങ്ങളും അവയിലുള്ള ഈശ്വരനും പരാജയപ്പെടനമെന്നും വാശി പിടിക്കുന്നു. രാഷ്ട്രീയത്തിന് ക്യാന്‍സര്‍ ബാധിച്ചത് പോലെ മതങ്ങള്‍ക്കും ക്യാന്‍സര്‍ . എഴുത്തുകാരില്‍ പലരും ചേരി തിരഞ്ഞു പോരടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച മതങ്ങളിലെ ഈശ്വരനും അതേ രോഗത്താല്‍ പുഴുത്തു നാറുന്നു.
 ഈ ലോകത്ത് പരാജയപ്പെട്ടവര്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരും ഈശ്വരനും മാത്രം. മതങ്ങളും രാഷ്ട്രീയങ്ങളും അവയുടെ കൈക്കാരും വിജയിച്ചിരിക്കുന്നു. ആരാധനാലയങ്ങളിലാവട്ടെ, രാഷ്ട്രീയ കക്ഷികളുടെ പ്ലാറ്റ് ഫോമുകളില്‍ ആകട്ടെ മൈക്കുകള്‍ തുപ്പുന്നത് വിഷമാണ്.
 ഞാന്‍ കാണുന്നു, തടവില്‍ തീട്ടത്തിലും മൂത്രത്തിലും കിടന്നു നിലവിളിക്കുന്ന ഈശ്വരനെ. അതിനെ ഈശ്വരനെന്നും ദൈവമെന്നും പരാശക്തി എന്നും അല്ലാഹു എന്നുമൊക്കെ വിളിക്കുന്നവരേ,  ഹൃദയം ശുദ്ധീകരിക്കുക, ഈശ്വരനെ കഴുകുക, ആ തടവില്‍ നിന്നും മോചിപ്പിക്കുക. ഭൂമിയില്‍ വെട്ടം പരക്കട്ടെ....

Wednesday, July 14, 2010

വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.

തീവ്രവാദികള്‍ വേഷത്തില്‍ പലതായി തോന്നുമെങ്കിലും അവര്‍ ഒന്നാണ്. അവര്‍ കാണാ മറയത്തെ യജമാനന് വേണ്ടി പണിയെടുക്കുകയാണ്. തീവ്രവാദം ഏതുമാകട്ടെ. അവര്‍ ഇസ്ലാമിസ്ടുകളോ ഹിന്ദുയിസ്ടുകളോ    ക്രിസ്ത്യാനിസ്തുകളോ  യഹൂദിസ്ടുകളോ ആകട്ടെ; സാമ്രാജ്യത്വമെന്ന കൂരയുടെ തൂണുകളാണ്  . ഇന്ന് ലോകത്തുള്ള സകല മതങ്ങളും കോമാളി വേഷം ചമഞ്ഞു  നില്‍ക്കുന്നു. എന്തിനു ജനത്തെ നേര്‍വഴിക്കു നടത്താന്‍ ബാധ്യസ്ഥരായ  രാഷ്ട്രീയക്കാര്‍ പോലും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ടിനായി യാചിക്കുന്നു. ഇസ്ലാമിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്ത മൌദൂദിസ്റ്റുകള്‍ ചിരിക്കുന്നു. അവര്‍ സിമിയായും എന്‍.ഡി.എഫ് ആയും, പോപ്പുലര്‍ ഫ്രന്റ് ആയും സോളിഡാരിറ്റി ആയും വേഷം മാറിയെത്തുന്നു. അവരെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല.  എല്ലാ തരം വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.

Sunday, July 11, 2010

പ്രവാചക നിന്ദ

പ്രവാചക നിന്ദ എന്നാല്‍ പ്രവാചകന്‍ നിര്‍ദേശിച്ച രീതിയില്‍ നിന്നും മാറി നടക്കുക എന്നാണ്‌. സ്വന്തം തള്ളയെ തെറി പറയുകയും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ നിറച്ചു ഉണ്ണുകയും ചെയ്യുന്നവര്‍ പ്രവാചക നിന്ദ നടത്തുകയാണ്. എന്തിനു ജനങ്ങളെ തെറ്റി ധരിപ്പിച്ചു രാജ്യത്തിന്‌ എതിരെ ഗൂഡാലോചന നടത്തുന്നതും പ്രവാചക നിന്ദയാണ്. ഒരു സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തെ ഒറ്റി കൊടുക്കുന്നത് പ്രവാചക നിന്ദയാണ്. അങ്ങനെ നോക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി, സിമി, സോളിഡാരിറ്റി  , പോപ്പുലര്‍ ഫ്രന്റ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനം പ്രവാചക നിന്ദയാണ്.