Friday, October 29, 2010

അയ്യപ്പന്‍ എന്ന പക്ഷി

അയ്യപ്പനെ കുറിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു ചിരിക്കുന്ന ഒരു സംഭവം ഉണ്ട്. അയ്യപ്പന്‍ മറ്റൊരാളോട് പറഞ്ഞു : 'അയാം എ അയ്യപ്പന്‍ വണ്‍ ഓഫ് മയലയാളം പോയറ്റ്‌ '.
അത് കേള്‍ക്കേ സുഹൃത്ത് തിരുത്തി : ' അയ്യപ്പാ, ആ പ്രയോഗത്തില്‍ തെറ്റുണ്ട്. അയാം എ അയ്യപ്പന്‍ എന്നത് ശരിയല്ല. അവിടെ വവ്വല്‍സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ട് അയാം ആന്‍ അയ്യപ്പന്‍ എന്ന് വേണം....'
അയ്യപ്പന്‍ ഉറക്കെ ചിരിച്ചു. അതിനിടയില്‍ പറയുകയും:
' മലയാള കവിയെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാലോ...'
ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍ ആകില്ല എന്ന മൂഡ സങ്കല്പം വച്ച് പുലര്‍ത്തുന്ന ഒരു ലോകത്താണ് താന്‍ നില്‍ക്കുന്നതെന്ന് അയ്യപ്പന്‍ ഓര്‍ത്തിരിക്കണം. ചിലിയിലോ അമേരിക്കയിലോ ഏറ്റവും താണ കവി എഴുതുന്ന വരികള്‍ വിഴുങ്ങാന്‍ മലയാളികള്‍ മത്സരിക്കും. അതിനെ തങ്ങളാലാവും വിദം വര്‍ണിച്ചു പെരുപ്പിച്ചു ഉദാത്ത സാഹിത്യം എന്ന് അച്ചടിക്കാന്‍ സാഹിത്യ നിരൂപകരും... അതൊന്നും വായിച്ചില്ലെങ്കില്‍ താനൊരു സാഹിത്യാസ്വാദകന്‍ ആകില്ലെന്ന വിശ്വാസവും... വായനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെ ചില കോക്കസുകള്‍ ആണ് തീരുമാനിക്കുന്നത് ആരൊക്കെ കവിയാകണം ആരൊക്കെ ആകരുതെന്ന്.
അന്നത്തെ അയ്യപ്പന്റെ ചിരിയുടെ പൊരുള്‍  അവിടെ കൂടി നിന്നവര്‍ക്കോ ഇന്ന് ഇതെഴുതുന്ന എനിക്കോ മനസ്സിലാവുന്നില്ല. മരണത്തെ പോലും കളിയാക്കി കടന്നു പോയ ആ സഞ്ചാരിയെ അവതരിപ്പിക്കാന്‍ നമ്മുടെ ഭാഷ പോരാ എന്ന് പോലും തോന്നിയിട്ടുണ്ട്. റൂമിയുടെ പുല്ലാങ്കുഴല്‍ എന്ന പുസ്തകത്തിനു വേണ്ടി എഴുതാന്‍ ഇരിക്കുമ്പോള്‍   എന്റെ മനസ്സില്‍ അയ്യപ്പന്‍ ആയിരുന്നു. റൂമിയിലെക്കുള്ള എന്റെ സഞ്ചാരത്തില്‍ അയ്യപ്പന്‍ അനുഗമിക്കുന്നുണ്ടായിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലൂടെ നടന്നു പോയ ആ മനുഷ്യന്‍ ഒരു സൂഫി ആയിരുന്നില്ലേ എന്ന് പലപ്പോഴും  എന്നോട് തന്നെ ചോദ്യം. നഗര വീഥിയിലൂടെ നട്ടുച്ചയ്ക്ക് വിളക്കും കൊളുത്തി നടക്കുന്ന റൂമിയുടെ കഥാ പാത്രം. അന്ന് ആ കഥാപാത്രം നഗര വീഥികളില്‍ മനുഷ്യനെ തിരയുകയായിരുന്നു. അത് പോലെ അയ്യപ്പന്‍ മനുഷ്യനെ  തേടിയാണോ തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നത്? അല്ലെങ്കില്‍ റൂമി നമ്മുടെ കാലത്ത് അയ്യപ്പനായി അവതരിച്ചിരിക്കാം.
കവിതയെഴുതി ഒടുവില്‍ കവിതയായി മാറിയ കവി. അയ്യപ്പന്‍ അങ്ങനെയല്ലേ? വായിക്കാതെ പോയ ഒരു സൂഫി സംഗീതം ആ കാല്‍പ്പാടുകളില്‍ വിങ്ങുന്നു. പുറകെ  വരുന്നവര്‍ അത് ഏറ്റെടുക്കുമായിരിക്കാം. അല്ലെങ്കില്‍ അയ്യപ്പന്‍ മടങ്ങി വന്ന്‌ ആ വരികള്‍ പൂരിപ്പികുകയും.
'പക്ഷികള്‍
പക്ഷി പാതാളത്തിലേക്കും  
ഇഷ്ട ശിഖരങ്ങളിലെക്കും
മൈഗ്രേറ്റ് ചെയ്തു
ചിലര്‍ സലിം അലിയുടെ
വളര്‍ത്തു മക്കളായി...'
ഇങ്ങനെയൊക്കെ എഴുതാന്‍ അയ്യപ്പന് മാത്രമേ കഴിയൂ. അതു തന്നെയാണ് അയ്യപ്പനെ അയ്യപ്പനാക്കുന്നത്.  കൈയ്ക്കുന്ന  ജീവിതം പാനം ചെയ്തു അതേ കൈപ്പുനീര്‍ ഒച്ചയോടെ തെരുവില്‍ ശര്‍ദ്ധിച്ച്‌  നടന്നു പോയ അയ്യപ്പന്‍ മരിച്ചിട്ടില്ല. ഇവിടെയൊക്കെ ഉണ്ട്. നടന്നു പോകുന്ന വീഥിയില്‍ എന്റെ പോക്കറ്റില്‍ കയ്യിടാന്‍ പാകത്തില്‍ ഇലകള്‍ക്കിടയില്‍  മറഞ്ഞിരിക്കുന്ന കിളിയായി അയ്യപ്പനുണ്ട്. അയ്യപ്പന് കാണാന്‍ , പറന്നു വന്നു കൊത്തിയെടുക്കാന്‍  പാകത്തില്‍ ഞാന്‍ പോകറ്റില്‍ നൂറു രൂപ വച്ചിട്ടുണ്ട്. അയ്യപ്പാ അതുമായി മദ്യപിച്ചു ദന്തഗോപുര കവികളുടെ മുഖത്തേക്ക് ശര്‍ദ്ധിക്കുക  .. 

Wednesday, October 27, 2010

പ്രണയത്തിന്റെ മിണ്ടാ പ്രാര്‍ത്ഥന

സന്ധ്യയുടെ ആകാശത്തേക്ക് പറന്നു നീങ്ങിയ കൊറ്റികളില്‍ ഞാനെന്റെ പ്രണയം ദര്ശിച്ചിട്ടുണ്ട്. എങ്ങോ ഇരിക്കുന്ന നിന്നില്‍  എത്തിച്ചേരാനുള്ള വെമ്പല്‍ വായുവില്‍ താളം പകര്‍ന്ന ചിറകുകളില്‍  ന്നിന്നും വായിച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ ഞാനാ കൊറ്റികളില്‍ ഒന്നായി മാറി. പിന്നെ മേഘക്കൂട്ടിന്റെ ഇരുണ്ട ഏകാന്തതയിലേക്ക് ഞാനങ്ങനെ തുഴഞ്ഞു.   .
 
പടിഞ്ഞാറെ ചായക്കൂട്ടിലേക്ക്‌ പറന്നു പോയ കൊറ്റികള്‍ പിന്നീട് മടങ്ങി വന്നോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം മടങ്ങി വരാത്തത് പോലെ നിന്നിലേക്കുള്ള എന്റെ സഞ്ചാരത്തിനു മടക്കമില്ല. എന്റെ ഓരോ യാത്രയും പുനര്‍ജനിയാണ്. എങ്ങനെയെന്നോ നീ നിത്യവും എന്നില്‍ നിറയുന്നത് പോലെ. ക്ലാസ് മുറിയിലെ ഉച്ചയില്‍ വാടിയ ഇലയുടെ അറ്റത്തു വറ്റിനു  മീതെ ഈച്ചയുടെ ആ മിണ്ടാപ്രാര്‍ത്ഥന ഇന്നെനിക്കു നിന്റെ പ്രണയമാണ്. എന്റെ ഹൃദയത്തിന്റെ വക്കില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന നിന്നെ ഞാന്‍ ആ നിശബ്ദതയായി വായിക്കുന്നു.
കാലം പോകുന്നു. ഇത്തിരി പോന്ന ഈ ഭൂമിയില്‍  നിന്നെ മാത്രം കാണുന്നില്ല. ഇന്നലെയെ നഷ്ടപ്പെടുന്നത് പോലെ ഓരോ നിമിഷവും എനിക്ക് നിന്നെ  നഷ്ടമാകുന്നു. 
പ്രണയം നഷ്ടപ്പെടാനുള്ളതാണ്  . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.

പ്രണയമെന്ന ഒഴുക്കില്‍ കുതിപ്പെന്ന സത്യം

എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്‌.
എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ മറവിയിലോ ഓര്‍മയിലോ എനിക്കൊരു പങ്കുമില്ല. ഇന്നില്‍ പോലും എനിക്കുറക്കാനാവില്ല  , ഈ നിമിഷത്തെ കുതിപ്പിലാണ് ഞാന്‍. കുതിപ്പ് എവിടെയാണോ അത് നീയാകുന്നു. അതുകൊണ്ടാണ് ഞാന്‍ കുതിപ്പില്‍ മാത്രം വിശ്വസിക്കുന്നത്, മതിമറക്കുന്നതും...

'ആത്മാവിന്റെ പരിസരങ്ങളില്‍
പ്രണയത്തിന്റെ കപ്പല്‍ എത്തിയാല്‍
എനിക്ക് ചാകര...
ഇടം വലം നോക്കാതെ
ഞാന്‍ ഓടുകയും...
കിനാവുകള്‍ക്കിടം  നല്‍കാത്ത
പ്രണയത്തിന്റെ ചില്ല് ജാലകങ്ങള്‍ തോറും
ഞാന്‍ പരക്കുകയും...
പ്രണയം എന്നിലാണോ
ഞാന്‍ പ്രണയത്തിലാണോ
എന്ന് തിരയാനാവാതെ ...'