Saturday, November 13, 2010

പ്രണയമില്ലാത്ത ആരാധനാലയം പന്നിക്കൂടിനെക്കാള്‍ കഷ്ടം

പ്രണയമില്ലെങ്കില്‍ ഞാന്‍ ദരിദ്രന്‍ ... അപ്പോള്‍ എന്നില്‍ അക്ഷരകലയുടെ ചൈതന്യമില്ല. പണക്കൂമ്പാരത്തിനു മേല്‍ കിടന്നുറങ്ങട്ടെ, എടുക്കാത്ത നാണയതുട്ടു കണക്കെ...
കാലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നത് പ്രണയം... മാവുകള്‍ പൂക്കുന്നതും വേലിയില്‍ കോളാമ്പിപ്പൂക്കള്‍ നിരക്കുന്നതും പ്രണയത്തിന്റെ തലോടലില്‍ . പ്രണയമില്ലെങ്കില്‍ പരാശക്തിയും മരവിക്കും... പ്രണയത്തിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും....
എത്രമേല്‍ കിട്ടിയിട്ടും മതിവരാതെ പരാശക്തി തുടരെ സൃഷ്ടിയില്‍ മുഴുകുന്നു.  പ്രണയപ്പെരുക്കത്തിലാണ് പരാശക്തിയുടെ നിലനില്‍പ്പ്‌..
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരാശക്തി ശപിക്കുന്നു, പ്രണയം നഷ്ടപ്പെട്ടതില്‍ ... കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉള്ളില്‍ പരാശക്തിയുണ്ട്... ഒരാള്‍ കത്തിയോ തോക്കോ ചൂണ്ടുന്നത് പരാശക്തി ഇരിക്കുന്ന കൂട് തകര്‍ക്കാനാണ്.
മലിനമാകുന്ന ഹൃദയങ്ങളിലും ആ ശാപം.. അതുകൊണ്ട് പ്രണയമില്ലാത്ത ആരാധനാലയം പന്നി കൂടിനെക്കാള്‍ കഷ്ടം... മനുഷ്യനെയോ പക്ഷി മൃഗാദികളെയോ, സസ്യ ജലാദികളെയോ മുറിപ്പെടുത്തികൊണ്ടോ, നാശത്തിലേക്ക് തള്ളി കൊണ്ടോ ഉയര്‍ന്നു വരുന്ന എതൊരു ആരാധനാലയവും തകര്‍ക്കപ്പെടട്ടെ. നീ എന്തിനു ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നു? എന്തിനാണ് പ്രാര്‍ത്ഥന...
പ്രാര്‍ഥിക്കുമ്പോള്‍ ഒച്ചവയ്ക്കരുത്, സ്വരം പോലും പുറത്തു വരാതെ; ഏറ്റവും സ്വകാര്യമായി... പരാശക്തി അകലെയല്ല , ഏറ്റവും അടുത്തുണ്ട്... നീ നിന്റെ ശ്വാസത്തിലൂടെ സംസാരിക്കുക...
പ്രണയിക്കാന്‍ തുനിയുന്ന ഓരോ ആത്മാവും പ്രാര്‍ഥനാ നിരതമാകുന്നു... പ്രണയത്തില്‍ നിറഞ്ഞു പരാശക്തി  നൃത്തമാടുകയും...

എന്റെ പ്രണയമേ,
ഈ കടവത്തു ഞാന്‍ പ്രാര്‍ത്ഥനയിലാണ്.
നിന്നെയല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല.
തേടുന്നുമില്ല.

Friday, November 5, 2010

മതേതരം എന്നത് മത പ്രീണനമല്ല

മത ഭൂരിപക്ഷത്തെയോ മത ന്യൂന പക്ഷത്തെയോ അല്ല മതേതര പാര്‍ട്ടികള്‍ ചുമക്കേണ്ടത്‌. ഭാരതിയരെയാണ് അണിനിരത്തേണ്ടത് . സ്വാതന്ത്ര്യ സമര  കാലഘട്ടത്തില്‍ ഗാന്ധിജി  ചെയ്ത മണ്ടത്തരം പുതിയ കാലത്തും ആവര്‍ത്തിക്കുന്നു. അന്ന് കുര്‍ ആനും ഗുരുഗ്രന്ഥസഹേബും ബൈബിളും ഗീതയും വച്ചിട്ടാണ് ഗാന്ധിജി രാഷ്ട്രീയം കളിച്ചത്. അത് തന്നെയാണ് ഇന്നും ആവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം നേടി ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് നമുക്ക് ഭാരതിയരെ അണിനിരത്താന്‍ കഴിയുന്നില്ല? നമുക്ക് വേണ്ടത് ഹിന്ദുവിനെയോ മുസല്‍മാനെയോ ക്രിസ്ത്യായിനിയെയോ   സിഖിനെയോ അല്ല, ന്യൂന പക്ഷത്തെയോ ഭൂരി പക്ഷത്തെയോ അല്ല. സവര്‍ണനെയോ അവര്‍ണനെയോ അല്ല. നമുക്ക് വേണ്ടത് ഭാരതിയരെയാണ്.
ഇവിടെ മതെതരന്‍ എന്നും മത മൌലിക വാദി എന്നും പേര് കേട്ടവര്‍ ചെയ്യുന്നത് ഒന്ന് തന്നെ. ഇടതായാലും വലതായാലും തിരഞ്ഞെടുപ്പുകാലത്ത്‌ സ്ഥാനര്‍ത്തിയെ നിര്‍ത്തുന്നത് മണ്ഡലത്തിലെ ജാതി മതത്തിന്റെ വലുപ്പം നോക്കിയിട്ടാണ്. ഈഴവ ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ നായരെയോ , ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു മുസ്ലീമിനെയോ നായരെയോ ഈഴവനെയോ , മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ ഈഴവനെയോ നായരെയോ സ്ഥാനാര്‍ത്തിയായി നിര്‍ത്താത്തത് എന്തുകൊണ്ട്? അങ്ങനെ ഭൂരിപക്ഷ ജാതി മതം  നോക്കി അവരില്‍ പെട്ട ആളെ  സ്ഥാനാര്‍ത്തിയായി നിര്‍ത്തുന്നതിലൂടെ ജനതയുടെ മനസ്സില്‍ വര്‍ഗീയത കുത്തി വയ്ക്കപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ വന്നു പോകും. സ്ഥാനര്‍ത്തികളില്‍ ജയവും പരാജയവും ഉണ്ടാകും. പക്ഷെ ജാതി മതം കൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിക്കുക. എന്തിനാണ് തലമുറകള്‍ തോറും വര്‍ഗീയ  വിഷം ഇങ്ങനെ കുത്തിവയ്ക്കുന്നത്? അല്ലയോ രാഷ്ട്രീയക്കാരാ, അല്ലയോ ജാതി മത വ്യാപാരികളേ, നിങ്ങള്‍ നിങ്ങളുടെ വ്യവസായം ഞങ്ങളുടെ ചോരയില്‍ കൊഴുപ്പിക്കല്ലേ...