Friday, April 29, 2011

കോടികള്‍ തുലച്ചുള്ള കല്യാണം

ഇന്നലെ വൈകീട്ട് ചന്തയില്‍ നിന്നും ഏറ്റവും വില കുറഞ്ഞ മീന്‍ വാങ്ങി പോകുന്ന ഓമന. തടിച്ച ഉടല്‍ , അതിനകത്താകെ രോഗം കുടിയിരിക്കുന്നു. അമ്പതോളം വയസ്സ് പ്രായം. അടുത്ത മാസം പതിനഞ്ചിന് മകളുടെ വിവാഹമാണ്. മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തു ക്ഷീണിക്കുന്ന റേഷന്‍ ജീവിതങ്ങളില്‍ ഒന്ന്. മകള്‍ക്ക് എഴുപതിനായിരം രൂപയുടെ ആഭരണങ്ങള്‍ കൊടുക്കണം. അതിനെവിടെ പണം. സ്വര്‍ണക്കടക്കാരന്‍ കടമായി കൊടുക്കാം എന്നേറ്റു. അത്രയും ആശ്വാസം. പക്ഷെ കല്യാണം കഴിഞ്ഞു തൊട്ടടുത്തൊരു ദിവസം ഉണ്ടെങ്കില്‍ അന്ന് അയാളുടെ കടം തീര്‍ക്കണം.
അല്ല ഓമനയുടെ മകളുടെ കല്യാണം നടക്കും. ഓമന പിന്നീട് ഒരിക്കലും വീട്ടാനാവത്ത   കട കെണിയിലും  ..
ഓമനമാര്‍ തുലയട്ടെ, ചാനല്‍ ഒന്ന് മാറ്റി പിടിക്കാം. രാജ കല്യാണത്തില്‍ മതി മറക്കാം.
അല്ല ഓമനേ, നീയെന്തിനു വിഷമിക്കണം. നിന്റെ ആമാശയത്തിലും രാജ ആമാശയത്തിലും കലങ്ങുന്ന വസ്തുക്കള്‍ പലതാകാം. പുറത്തു വരുന്നത് മലമായിട്ടു തന്നെ. നിന്റെയും രാജാവിന്റെയും ശവങ്ങള്‍ക്ക്‌ പറയാനുള്ളതും ഒന്നുതന്നെ...

Wednesday, April 27, 2011

നുണയോ നേരോ

വിയെസ് ആണ് ശരി എന്ന് പറയുന്നിടത്ത് മറ്റെല്ലാം നുണ എന്ന് വരുത്തി തീര്‍ക്കുന്നു. ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. ജനങ്ങളെ അകറ്റി എന്ന് പറയുന്നതല്ലേ ശരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീയെസിന്റെ പ്രകടനം ഒരു തരം സിനിമാറ്റിക് പ്രകടനം ആയിരുന്നു. അത് സാമ്രാജ്യത്വ കെണിയാണ്‌. അത്തരം പ്രകടനമാണ് ജനം സ്വീകരിക്കുക എന്ന് കണ്ടു എരിവും പുളിയുമുള്ള മസാല കൂട്ടുകള്‍ ഇട്ടു കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കണം. എങ്കിലേ ശുദ്ധി കലശം സാധ്യമാകൂ. വിജയിച്ചാല്‍   തോല്‍ക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങളാണ്...

Monday, April 25, 2011

അസുഖകരമായ ചില ചോദ്യങ്ങള്‍ ...

ഭരണ വര്‍ഗം എം.എല്‍ .എ. പെന്‍ഷനും  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും  വര്‍ദ്ധിപ്പിക്കുകയും മറ്റു ആനുകൂല്യങ്ങള്‍ തങ്ങളാവും വിദം ഒപ്പിച്ചെടുക്കുകയും ചെയ്ത കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് എന്ത് നീക്കി വച്ച് എന്നറിഞ്ഞാല്‍ തരക്കേടില്ല. തെരഞ്ഞെടുപ്പു കാലത്ത് എന്തുകൊണ്ട് എന്‍ഡോ സള്‍ഫാന്‍ ഉയര്‍ത്തുന്ന ഭീഷണി കേരളമൊട്ടുക്കും ചര്‍ച്ചാ വിഷയമായില്ല? എന്തുകൊണ്ട് എന്‍ഡോസള്‍ഫാനേ അനുകൂലിക്കുന്ന ശരത് പവാറിന്റെ പാര്‍ട്ടിയുമായി ഇടതു പക്ഷം കൂട്ട് കൂടുന്നു? എന്‍ഡോ സള്‍ഫാന് തുല്യമായോ അതിനു അല്‍പ്പം താഴെ നില്‍ക്കുന്നതായോ ഉള്ള മറ്റു കീടനാശിനികള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന്‌ എതിരെ എന്ത് നടപടികളാണ്
എടുത്തിട്ടുള്ളത്? ഇടതു വലതിനെയും, വലത് ഇടതിനെയും കുറ്റപ്പെടുത്തുന്നു. നിത്യോപയോഗ സാധനങ്ങളില്‍ പോലും വിഷം കയറി വരുന്നു. എന്തിനു ചന്തയില്‍ നിരക്കുന്ന മീന്‍ വരെ വിഷമയം. പഴക്കടയിലെ ചന്തമുള്ള ആപ്പിളില്‍ ഈച്ച പൊതിയില്ല. ഈച്ചക്ക് വിവരം അറിയാം, ചെന്നിരുന്നാല്‍ തല്‍ക്ഷണം ചാവുമെന്ന്. എന്നാല്‍ മനുഷ്യനോ അത് വാങ്ങി കഴിക്കുന്നു.

Sunday, April 24, 2011

ചില കൊട്ടേഷന്‍ ചിന്തകള്‍

ചിലര്‍ ദൈവത്തിന്റെ കൊട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചു പോരുന്നത് കാണുമ്പോള്‍ അറപ്പാണ്, വെറുപ്പാണ്. എന്റേത് മാത്രം ശരി നിന്റേത് തെറ്റ് എന്ന് ധരിക്കുന്നത് പോലും തെറ്റാണ്. മരിച്ചു പോയവര്‍ മടങ്ങി വന്നിട്ടില്ല, അതുകൊണ്ട് കാലത്തിനു പിന്നാമ്പുറത്ത്     എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല. പിന്നെ എന്തിനു ഈ ഒച്ചപ്പാടുകള്‍ ... അല്ലയോ സഹോദരാ നിന്റെയും എന്റെയും ഉടലിനെ തീയോ മണ്ണോ ഏറ്റെടുക്കട്ടെ. അത് മരണത്തിനു ശേഷമുള്ള കാര്യം. ജീവിക്കുമ്പോള്‍ ഓര്‍ക്കുക നിന്റെയും എന്റെയും ഉള്ളിലൂടെ  ഓടുന്നത് ഒരേ വായുവാണെന്ന്. നിന്റെയും എന്റെയും എന്റെയും നിലനില്‍പ്പ്‌ ശ്വാസത്തിലാണെന്ന്. നീയോ ഞാനോ കാല്‍ തെറ്റി വീണാല്‍ കാലൊടിയുകയോ പൊട്ടുകയോ ചെയ്യും. എന്തിനു  കീറ പായയില്‍ ഒതുങ്ങി പോയാല്‍ എനിക്കും നിനക്കും പരസഹായം വേണ്ടി വരും.

ആരും ആരേയും വൃണപ്പെടുത്താതിരുന്നെങ്കില്‍

 സായി ബാബയെ ആരുമാകട്ടെ. ഒരു വിഭാഗം ആരാധിക്കുന്നു. അവര്‍ ദൈവമായി അദ്ദേഹത്തെ കാണുന്നു. അത് അവരുടെ കാര്യം. മറ്റൊരാളുടെ ആരാധനയുടെ കാര്യത്തില്‍ ദയവായി ഇടപെടാതിരിക്കുക. ചിലയിടങ്ങളില്‍ ചിലര്‍ പരിഹാസത്തോടെ എഴുതുന്നത്‌ കാണുമ്പോള്‍ ഇത്രയെങ്കിലും കുറിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നി. ഒരാള്‍ ഈശ്വരനെയോ കല്ലിനെയോ ആരാധിക്കട്ടെ, ആരാധിക്കാതിരിക്കട്ടെ. ഒരാള്‍ യുക്തിവാദിയോ ഈശ്വര വിശ്വാസിയോ ആകട്ടെ. അങ്ങനെയെല്ലാം ആവാനും ആവാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് അനുവദിച്ചു കൊടുത്തേ പറ്റൂ. മറ്റൊരാളുടെ ആരാധനയെ വൃണപ്പെടുത്താതിരിക്കുക.

മലയാളി പ്രബുദ്ധന്‍ അഥവാ ശുദ്ധ നുണ...

തമ്മില്‍ തല്ലലും തല കീറലുമല്ല രാഷ്ട്രീയം. ഉപവാസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയും. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് കേരള സര്‍ക്കാര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ നിറയേണ്ട ഒരു വിഷയം ആയിരുന്നു എന്‍ഡോ സള്‍ഫാന്‍ എന്ന ഭീകരത. എന്നിട്ടും കേരള രാഷ്ട്രീയം പെണ്ണ് കേസിലും ജയിലിന്റെ പുകമറയിലും   പെട്ടുരുണ്ടു. ഇതൊക്കെയാണ് രാഷ്ട്രീയം അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയക്കാരന്‍ തീര്‍ച്ചപ്പെടുത്തുകയോ? മലയാളി പ്രബുധനാണ് പോലും! ശുദ്ധ നുണ എന്നല്ലാതെ......   

Saturday, April 23, 2011

മനസ്ഥിതി മാറണം

മനസ്ഥിതി മാറണം. എങ്കിലേ വ്യവസ്ഥിതി മാറൂ... മാറാത്തത് മാറ്റം എന്ന് പറയുന്നത് നുണ...നാം ഒരിക്കലും മാറരുത് എന്ന് ശഠിക്കുന്നവരാണ് രാഷ്ട്രീയക്കാരില്‍ പലരും. നാം മാറിയാല്‍ സത്യം തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. നാം നമ്മെ അറിയുക. നാം നമ്മെ അറിഞ്ഞാലേ മറ്റൊരാളെ അറിയാനാവൂ.. 

Friday, April 22, 2011

ജനിതക മാറ്റം നവ സാമ്രാജ്യത്വ ഭീകരത…

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്.  അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.  മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും  ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും  സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ  കാണുന്നു.  എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ    ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ  കൂട്ടകുരുതിയും  അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.

Thursday, April 21, 2011

അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം

ഇടതു പക്ഷം ഏറണാകുളം ജില്ലയില്‍ നാല് സീറ്റില്‍ ഒതുങ്ങാനാണ് സാധ്യത. വൈപ്പിന്‍ , പിറവം, പെരുമ്പാവൂര്‍ , അങ്കമാലി. അങ്ങനെ എങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് തൊണ്ണൂറിനും   നൂറിനുമിടയില്‍ സീറ്റ് ലഭിക്കാം. കുഞ്ഞാലി കുട്ടി, ബാല കൃഷ്ണ പിള്ള പ്രശ്നങ്ങളിലൂടെ നല്ല മൈലേജ് കിട്ടിയ ഇടതു പക്ഷം രണ്ടു രൂപ അരിയിലൂടെ കൂപ്പു കുത്തുകയാനുണ്ടായത്. ആവര്‍ത്തന വിരസമായ പെണ്‍ വാണിഭ പ്രസംഗത്തിലൂടെ പരിഹാസ്യമാകുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന ആഗോളീകരണം തകിടം   മറിയുന്ന മതേതരത്വം , മാരകമായ എന്‍ഡോസള്‍ഫാന്‍ , ചെങ്ങറ അങ്ങനെ യുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല എന്ന് തന്നെ പറയാം. ഇടതിനും വലതിനും എന്ത് രാഷ്ട്രീയമാണ് ഉള്ളത് എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം. പാല്ര്ലമെന്റാരി മോഹവുമായി നില്‍ക്കുന്ന കമ്യൂണിസ്ടുകളുടെ   ശരീര ഭാഷ ജനം തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍ ... സഖാവ് ചന്ദ്രപ്പന്റെ വര്‍ഗീയ വാദികളുടെ വോട്ടു വേണം എന്ന പ്രസ്താവന അത് ശരി വയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം.

Monday, April 18, 2011

ചില ചോദ്യങ്ങള്‍ കല്ല്‌ കടി ഉണ്ടാക്കാവുന്നത്....


രണ്ടു രൂപയുടെ അരിയില്‍ കല്ലോ ചെളിയോ കോരിയിട്ടെന്ന്. പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിച്ചെന്ന്. ഒന്ന് ചോദിക്കട്ടെ, ഇരുപത്തയ്യായിരം രൂപ വരുമാനം ഉള്ളവര്‍ക്ക് വരെ രണ്ടു രൂപയുടെ അരിക്ക് അര്‍ഹത ഉണ്ടെന്നു സര്‍ക്കാര്‍ ... എങ്കില്‍ അരി വിതരണം ആരെ ഉന്നം വച്ചാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്? കുചേലനെയോ കുബേരനെയോ വോട്ടിനെയോ?
രണ്ടു രൂപയുടെ അരി വിതരണത്തിലൂടെ ഏകദേശം നാല്‍പ്പതു കോടിയോളം രൂപ സര്‍ക്കാരിന് മാസാ മാസം ബാധ്യത വരും. രണ്ടു രൂപയുടെ അരി കൊടുക്കുന്നതിലും നല്ലത് എന്‍ഡോസള്‍ഫാന്റെ ദുരിതത്തില്‍ പെട്ടവരെ സഹായിക്കലല്ലേ. അല്ലെങ്കില്‍ മാരകമായ രോഗം ബാധിച്ചു ചികിത്സ കിട്ടാതെ വലയുന്നവരെ സഹായിച്ചു കൂടെ...

Sunday, April 17, 2011

നമുക്കൊരു ഹസാരെ ആയിക്കൂടെ...


കാലം അതിന്റെ സഞ്ചാരത്തില്‍ ഇരുട്ടില്‍ നിന്നും മോചനം നേടാന്‍ ഹസാരെമാരെ അവതരിപ്പിക്കുന്നു. ഏതാനും നാള്‍ നാം ഹസാരെമാരെ ചുറ്റി നില്‍ക്കുന്നു. പിന്നെ ഹസാരെമാരെ കുറിച്ച് ചര്‍ച്ച ചെയ്തു എങ്ങും എത്താതെ പോകുന്നു. കാലം ആവശ്യപ്പെടുന്നത് ഓരോ പൌരനും ഹസാരെയാവുക... എല്ലാത്തരം ഹിംസയും പരാജയപ്പെടുത്തുക. ഹിംസകള്‍ മതപരമാകട്ടെ രാഷ്ട്രീയ പരമാകട്ടെ ഹിംസ ഹിംസയാണ്. എല്ലാത്തരം യുദ്ധങ്ങളും കലാപങ്ങളും പരാജയപ്പെടട്ടെ... ഹസാരെമാര്‍ പെരുകുമ്പോള്‍ യുദ്ധങ്ങള്‍ മരിക്കുന്നു...

Saturday, April 16, 2011

രാജ്യ ദ്രോഹം


ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം തകര്‍ക്കാന്‍ ശ്രമിക്കുകയോ മത വിദ്വേഷം പരത്തുകയോ ചെയ്യുന്നവന്‍ രാജ്യ ദ്രോഹി. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യ ദ്രോഹം. ഇന്ത്യ ഒരു അഹിംസാ രാജ്യമാണ്. ഹിംസയിലേക്ക് നയിക്കുന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹം. രാജ്യത്തെ തകര്‍ക്കുന്ന രീതിയില്‍ അഴിമതി നടത്തുന്നതും രാജ്യ ദ്രോഹമായി കാണേണ്ടിയിരിക്കുന്നു.

Saturday, April 9, 2011

വോട്ടിനു മുമ്പ്...


 രണ്ടു രൂപയുടെയോ ഒരു രൂപയുടെയോ അരിയല്ല എന്റെ പ്രശ്നം. എനിക്ക് വേണ്ടത് സൌജന്യ വിദ്യാഭ്യാസമാണ്. ജാതി മതങ്ങള്‍ക്കായി തിരിച്ച വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. രാഷ്ട്രീയക്കാര്‍ മത മുതലാളിമാരുടെ വോട്ടു വേണ്ടെന്നു പരസ്യമായി പറയട്ടെ. മത പ്രീണനം നടത്തില്ലെന്ന് ശപഥം ചെയ്യട്ടെ. വിദ്യാലയങ്ങള്‍ മാനേജു മെന്റില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ആര്‍ജവമുള്ള ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ നേതാക്കന്മാരോ ഉണ്ടോ?

അഹിംസക്ക് മരണമില്ല


ഹസാരെ വിജയിച്ചു. ഹസാരെ തോല്‍ക്കുന്നില്ല. ഹസാരെ എന്നും ഇവിടെയുണ്ട്. ഒക്ടോബര്‍ രണ്ടിന് ബീവറെജിന് ഒഴിവു നല്‍കി ഗാന്ധി ചമയുന്നവര്‍ക്ക് മറുപടിയായി
സഹനത്തിന്റെ സമരവുമായി ഹസാരെ... ഹസാരെ എന്ന നാമത്തിലൂടെ നമ്മള്‍ മടങ്ങുന്നത് ആഹിംസയിലെക്കാണ്. ഒരാള്‍ അഹിംസയിലേക്ക് നീങ്ങുക എന്നാല്‍ ശക്തനാവുക എന്ന് തന്നെയാണ്. യുദ്ധങ്ങള്‍ ഭീരുത്വമാണ്. യുദ്ധങ്ങളുടെ ലോകം തുലയട്ടെ. യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും യുദ്ധത്തിനുള്ള ഗൂഡാലോചനക്കുമായി ചിലവഴിക്കുന്ന തുക ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാം.

Thursday, April 7, 2011

വെട്ടമെവിടെ...

നമുക്കിടയില്‍ ഇങ്ങനെ മത വിദ്വേഷം ഇട്ടു തന്നത് മത കച്ചവടക്കാരും മതെതരന്‍ എന്നും വര്‍ഗീയന്‍ എന്നും പറയപ്പെടുന്ന രാഷ്ട്രീയ തംബുരാക്കന്മാരും ചേര്‍ന്നാണ്. ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കുമ്പോള്‍  മറ്റൊരു മതത്തിന് വൃണം ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. മതങ്ങള്‍ ഇടപ്പെടാത്ത ഏത് തെരഞ്ഞെടുപ്പാണ് നമുക്കുള്ളത്? ഏതെങ്കിലും കുടില ചിന്തകന്‍ തന്റെ മതം മാത്രം ശരി എന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ആ മതത്തിന്റെ മൊത്തത്തിലുള്ള സ്വരമായി കാണാതിരിക്കുക.
'ഞങ്ങള്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെയും ആര്‍ .എസ്.എസ്സിന്റെയും വോട്ടുകള്‍ വേണം' എന്ന് പരസ്യമായി പറയുന്ന സി.പി.ഐ. നേതാവ് ചന്ദ്രപ്പനെ നാം ഏതു തലത്തിലാണ് കാണേണ്ടത്? മുമ്പേ നടന്നു പോയ ഇ.എം.എസ് തങ്ങള്‍ക്കു ആര്‍ എസ് എസിന്റെ വോട്ടു വേണ്ട എന്ന് പറഞ്ഞതുമായി ചന്ദ്രപ്പന്റെ നാവിനെ കൂട്ടി വായിച്ചാല്‍ ഇരുട്ടിലേക്കൊരു വാതില്‍ തുറക്കുന്നത് കാണാം.

Wednesday, April 6, 2011

എന്തേ ഇങ്ങനെയൊക്കെ

നിസ്കാരം കഴിഞ്ഞു ഖബറിടത്തിലേക്ക്. മഴ ചാറുന്നുണ്ടായിരുന്നു. ഇലചാര്‍ത്തില്‍ മഴത്തുള്ളികളുടെ വിങ്ങല്‍. മരണം പോലെ മൂകമായ നൊച്ചി പടര്‍പ്പുകള്‍. നടക്കുമ്പോള്‍ കുട നിവര്‍ത്തി. വാപ്പിച്ചി ഉപയോഗിച്ചിരുന്ന നിറം മങ്ങിയ കാലന്‍ കുട. കുട ചൂടാന്‍ വാപ്പിച്ചി ഇല്ല. എങ്കിലും ആ കുട ചൂടി എത്രയോ വട്ടം വാപ്പിച്ചി നടന്നിട്ടുണ്ട്. അതേ കുട ചൂടി ഉമ്മിച്ചിയുടെ ഖബറിടത്തില്‍ പ്രാര്‍ഥനാ നിരതനായ വപ്പിചിയെ കണ്ടിട്ടുണ്ട്. ഇന്ന് വാപ്പിചിയുടെ  ഖബറിടത്തില്‍ അതേ കുട ചൂടി ഞാന്‍ നില്‍ക്കുന്നു. കുടക്ക്‌ എന്തെല്ലാം പറയാനുണ്ട്. ഏതോ കമ്പനി അത് വിപണിയില്‍ ഇറക്കിയപ്പോള്‍ ഉപഭോക്താവിന് നല്‍കിയ ഉറപ്പ്. ഒന്നോ രണ്ടോ വര്‍ഷത്തെ ഗ്യാരണ്ടി. കുടക്കറിയാം, ഗ്യാരണ്ടി ദിനം വരെ നിര്‍മാതാവ് ജീവിച്ചിരിക്കില്ലെന്ന്. പക്ഷെ മനുഷ്യന്‍ എക്കാലവും ഇവിടെ ഉണ്ടാകുമെന്ന ധാരണയില്‍ .
അപ്പോഴും പള്ളിയില്‍ നിന്നും കൂട്ട പ്രാര്‍ഥനയുടെ സ്വരം. അതത്രയും ഏറ്റുവാങ്ങി നൊച്ചി പടര്‍പ്പുകള്‍. ഞാനറിയുന്നു ഉത്തരം കിട്ടാതെ പോയ ഏതാനും ചോദ്യങ്ങള്‍ ആ പടര്‍പ്പുകള്‍ക്കിടയില്‍ തേങ്ങുന്നതായി. ഖത്തീബിന്റെ പ്രാര്‍ത്ഥന ഇതാണ് മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നു. രക്ഷിക്കാന്‍ അല്ലാഹുവിനോട് യാചിക്കുകയാണ്. എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ചോദ്യം, അതേ കുറിച്ചൊരു ചര്‍ച്ച അവിടെ വികസിക്കാത്തതില്‍ ഏറ്റവും അസ്വസ്ഥനായി ആ പരാശക്തി. മനുഷ്യനോടു ചിന്തിക്കാന്‍ പറഞ്ഞില്ലേ. ചിന്തിക്കുന്നവന് ഭൂമിയില്‍ ദൃഷ്ടാന്തം ഉണ്ടെന്നു ചൊല്ലിയില്ലേ. എന്നിട്ടും അവര്‍ ഗ്രന്ഥം നെയ്‌ ചോറ്  പോലെ വിഴുങ്ങി ദഹനം കിട്ടാതെ വലയുന്നു.
സമൂഹത്തില്‍ ഏറ്റവും താണവരോടൊപ്പം , അവരുടെ പാത്രത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച എന്റെ വാപ്പിച്ചി. ( കാലം എഴുപതുകള്‍ എന്നോര്‍ക്കുക ) കഥയെഴുതുന്നു എന്ന് കേട്ടു നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ച മുസ്ലീം പണ്ഡിതന്മാര്‍ ... കഥയെഴുത്ത് അനിസ്ലാമികമെന്നു പലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ചിലരുടെ ഫത് വകളും ... കഥ എഴുതാതെ  ജീവിക്കാന്‍ ആവില്ലെന്ന് ഞാന് ‍. എനിക്ക് പലതും പറയാനുണ്ടല്ലോ. പറയാനുള്ളപ്പോള്‍ എങ്ങനെ നിശബ്ദനാകും... ഈ ലോകത്തെ ജീവിതം നന്നാക്കണം നരകമോ സ്വര്‍ഗമോ എന്നത് മരിച്ചു ചെന്നിട്ടാണ് തീരുമാനം ആകുക എന്ന്  തുടരെ പറയാറുള്ള ഉമ്മിച്ചി. . മതത്തിനുള്ളില്‍ മതങ്ങള്‍ സിഷ്ടിച്ചു സുന്നി എന്നും മുജാഹിദ് എന്നും ജമാ അത്തെ ഇസ്ലാമി എന്നും പിന്നെയും കടലാസ് സംഘടനകള്‍ ആയിമാറിയ വിഭാഗങ്ങള്‍ സ്വര്‍ഗ്ഗ നരകങ്ങള്‍  വീതിച്ചു രസിക്കുന്നിടത്തു തകരുന്നത് പരാശക്തിയോ പ്രവാചകനോ? ഒരേ കുര്‍ ആന്‍ വായിച്ചു പലതായി തിരിഞ്ഞു പോരടിക്കുന്നവര്‍.
അധ്യാപകന്റെ കൈവെട്ടി ആഘോഷിക്കുന്നവര്‍ . തൊടുപുഴയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന പ്രശ്നം കേരളത്തിലും ഇന്ത്യയില്‍ ആകെയും  ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യുന്നു. പി ടി കുഞ്ഞു മുഹമദിന്റെ പുസ്തകത്തില്‍ നിന്നും എടുത്തു ചേര്‍ത്ത വരികളാണ് അതെന്നു അദ്ധ്യാപകന്‍ . എന്തെ പി.ടി.കുഞ്ഞു മുഹമ്മദ്‌ മൌനിയാകുന്നു? എന്തെ മറ്റ് എഴുത്തുകാര്‍ അതിനെതിരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നു? ചാനലുകള്‍ ആഘോഷിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ അതിലേറെ വാശിയോടെ എഴുതുന്നു. നമുക്ക് എവിടെയാണ് വഴി തെറ്റിയത്?
ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു : ' ഒരുകാലത്ത് നമ്മുടെനാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂനിസ്ടുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. രണ്ടും തകര്‍ന്നിരിക്കുന്നു..' സത്യമല്ലേ?
മതേതരത്വ മുഖം പേറിയ രാഷ്ട്രീയ കൂട്ടങ്ങള്‍... ഇടതായാലും വലതായാലും മാറി മാറി വര്‍ഗീയതയെ പുണരുന്നു. അതുകണ്ട് അരാഷ്ട്രീയതയിലേക്ക്‌ കൂപ്പു കുത്തുന്ന  പുതുതലമുറ  . എഴുത്തുകാര്‍ നിഷ്ക്രിയരാകുന്നു. സാമ്രാജ്യത്വം കൊടി കുത്തി വാഴുന്നു. ഏതൊരു സമൂഹത്തിന്റെയും അപചയം എഴുത്തുകാരുടെ  അഭാവം കൊണ്ടാണ് സംഭവിക്കുന്നത്‌.  ഇന്ന് ഒരുതരം ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നത് മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചെന്ന് ആ സമുദായങ്ങളില്‍  എഴുത്തുകാരുടെ എണ്ണം എത്രയുടെന്നു നോക്കിയാല്‍ മതി. എഴുത്തുകാര്‍ അധ്യാപകരാണ്. അവര്‍ അധികാരത്തിനും പ്രശക്തിക്കും പുറകെ നടക്കുന്നിടത്തോളം സമൂഹത്തില്‍ ഇരുട്ട് വളരുക തന്നെ ചെയ്യും...

Tuesday, April 5, 2011

ഭീകരതെയെ പരാജയപ്പെടുത്തുക

ഇന്ത്യയില്‍ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് ലഭിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ ആവും.  അത് വായിച്ചു ഒരാള്‍ ഇസ്ലാം ജിഹാദ് സംഘടന എന്ന് പറഞ്ഞാല്‍ സഹിക്കുകയെ നിവൃത്തിയുള്ളൂ. ഇസ്ലാമിനെ രക്ഷിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടിയെ പറ്റൂ. അതിനു മുന്നോട്ടു വരേണ്ടത് മുസ്ലീങ്ങള്‍ തന്നെയാണ്. ഇതര മതങ്ങള്‍ അത് ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുക ഇസ്ലാമിനെ ശത്രുക്കള്‍ വളയുന്നു എന്നാവും. അങ്ങനെ ഒരു പ്രചാരണത്തിലൂടെ അവര്‍ കൂടുതല്‍ മുസ്ലീങ്ങളെ  തങ്ങളോടൊപ്പം ചേര്‍ക്കും. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തലാവും. നിലവില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ എതിര്‍ത്തു പോരുന്നവരില്‍ കൂടുതലും മുസ്ലീം പേരുള്ള യുക്തിവാദികളാണ്. അതും ഭീകര പ്രസ്ഥാനത്തിന് തണലായി മാറുന്നു. അവര്‍ക്ക് പ്രചരിപ്പിക്കാമല്ലോ ഇസ്ലാമിനെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു എന്ന്. ജമാ അത്തെ ഇസ്ലാമിയുടെ നിഴല്‍ പട്ടി ജനിച്ച  സംഘടനയാണ് അബ്ദുല്‍ നാസര്‍ മദനി സ്ഥാപിച്ച ഐ എസ് എസ്.. അതിന്റെ ചുവടു പിടിച്ചും മുഖം മൂടി അണിഞ്ഞും പ്രത്യക്ഷപ്പെട്ട എന്‍ .ഡി.എഫ്, ഇപ്പോള്‍ തെരഞ്ഞെടുപ്പു ഗോടായിലുള്ള എസ്.ഡി.പി.ഐ... അതൊക്കെ ഇസ്ലാമിനെ വളര്‍ത്തുകയല്ല, ലോകത്തെ തന്നെ നാശത്തിലേക്ക് കൊണ്ട് പോകുന്നവയാണ്. മുസ്ലീം ലീഗ്, ഐ.എന്‍ .എല്‍ .; കേരള കോണ്ഗ്രസ്സുകള്‍ ,  ആര്‍ എസ്. എസ്. ഒക്കെ തന്നെ ഒരേ നാണയത്തിന്റെ പല അരികുകളോ   വശങ്ങളോ ഒക്കെയാണ് എന്നറിയുക. മതപരമായോ സാമുധായികമായോ സംഘടിച്ചു അധികാര രാഷ്ട്രീയത്തിന് വില പെശുന്നതും അധികാരത്തിലേറുന്നതും    നിരുല്സാഹപ്പെടുത്തെണ്ടാതാണ്. അവയുമായി പ്രത്യക്ഷത്തിലോ   പരോക്ഷമായോ ചങ്ങാത്തം കൂടുന്നതും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കലായി കാണേണ്ടിവരും. എല്ലാത്തരം വര്‍ഗീയതയെയും ഭീകരതയെയും ചെറുത്തു തോല്‍പ്പിക്കുക. വര്‍ഗീയതയോ ഭീകരതയോ ഇസ്ലാമികം ആകട്ടെ ഹൈന്ദവം ആകട്ടെ  മറ്റേതെങ്കിലും മതത്തിലൂടെയാവട്ടെ, അത് രാഷ്ട്രീയ ഭീകരതയാവട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ലോക നന്മക്കു ആവശ്യം.

Monday, April 4, 2011

വര്‍ഗീയതയെ പരാജയപ്പെടുത്തുക

വര്‍ഗീയതക്ക് വളവും വെള്ളവും പകരുന്നത് രാഷ്ട്രീയക്കാരാണ്. ന്യൂന പക്ഷം ഭൂരിപക്ഷം എന്ന തരം തിരിവ് പോലുമില്ലാത്ത ഇന്ത്യയാവണം നമ്മുടെ സ്വപ്നം. വര്‍ഗീയതയെ, ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയൂ. എന്നാല്‍ സമീപ കാലത്തെ ഇടതു പക്ഷത്തിന്റെ മത പ്രീണനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇടതു പക്ഷത്തിന്റെത് അധികാരത്തിനു വേണ്ടിയുള്ള ഒരു യാത്ര ആവരുത്.  എന്നാല്‍ പലപ്പോഴും ഇടതു പക്ഷ മുഖം മൂടി അണിഞ്ഞ ചില വലതു പക്ഷക്കാര്‍ ഇടതുപക്ഷത്തില്‍ കയറി കൂടുകയും സാമ്രാജ്യത്വത്തിന് വേണ്ടി കുഴലൂതുന്നതും തിരിച്ചറിയുക. എന്തൊക്കെ ആയാലും എന്ത്  ന്യായീകരണം കണ്ടെത്തിയാലും ശരി ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുന്നത്  അംഗീകരിക്കാന്‍ ആവില്ല. അത്തരം ജന്തുക്കളെ തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തുക...

Sunday, April 3, 2011

എന്റെ എഴുത്ത്

കവികള്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരിവര്‍ത്തനം ഉണ്ടാക്കേണ്ടവരാണ്  കവികള്‍ ... എന്നാല്‍ ഇന്നത്തെ കവികളോ? ഭരണ കൂടങ്ങളുടെ അടുപ്പുകളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആവില്ല. അന്നം വേവുന്ന ഗന്ധം നുകര്‍ന്ന് ഇരിക്കാം. വേവുന്ന മുറക്ക് ഭക്ഷിക്കാം. ദന്ത ഗോപുര കവിയാവാം. കാലം നീങ്ങുന്ന മുറക്ക് രാജാവില്‍ നിന്നും പട്ടും വളയും വാങ്ങി ശിഷ്ടം കാലം കഴിഞ്ഞുകൂടാം. കലാ സാഹിത്യകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ സത്യ സന്തമായി  രേഖപ്പെടുത്തേണ്ടവരാണ്.
പഴയ കാല കവികളെ ഉയര്‍ത്തി കാട്ടി അവരെ പോലെയാണ് തങ്ങള്‍ എന്ന് നെഞ്ചു വിരിക്കുന്ന കക്ഷി രാഷ്ട്രീയ കവികളെ ഇക്കാലത്ത് സുലഭമായി കാണാം. അവരൊക്കെ കാലത്തിലേക്ക് തലമുറകള്‍ക്കായി  വെളിച്ചം നല്‍കിയവരാണ്. എന്നാല്‍ ആ വെളിച്ചം തകര്‍ത്തുകൊണ്ടാണ് പുത്തന്‍ കൂറ്റുകാരുടെ നില്‍പ്പ്.
ഏതെങ്കിലും കക്ഷി  രാഷ്ട്രീയത്തില്‍ പെട്ടുപോയാല്‍ കക്ഷി രാഷ്ട്രീയങ്ങള്‍ ഓക്കാനിക്കുന്നതെ വിളമ്പാനാവു. കവിക്ക്‌ പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ എഴുത്തുകാരോട്  പറയേണ്ട ആവശ്യമില്ല. അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷെ അവര്‍ അതില്‍ നിന്നും പിന്തിരിയില്ല. അവര്‍ ദന്ത ഗോപുരത്തിന്റെ സുഖം വെടിയാന്‍ ഒരുക്കമല്ല. ചിലര്‍ ആരോപിക്കുന്ന മട്ടില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വിടുപണി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്‍ .ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ യാതൊരു ആനുകൂല്യവും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ എഴുതുന്നത്‌. മൊത്തമായിട്ടല്ലെങ്കിലും കുറച്ചു വായനക്കാര്‍ എനിക്കുണ്ട്. അവരെ പോലും തൃപ്തിപ്പെടുത്താന്‍ അല്ല ഞാന്‍ എഴുതുന്നത്‌. അങ്ങനെ ആരെയെങ്കിലും തൃപ്തരാക്കി കൊണ്ടുള്ള എഴുത്തില്‍ പോലും മായം കടന്നു വരും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.

Saturday, April 2, 2011

അക്ഷരങ്ങള്‍

ഞാന്‍ വിശ്വസിക്കുന്നത് അക്ഷരങ്ങളെയാണ്. ഞാന്‍ വിശ്വസിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വിടുപണി ചെയ്യുന്നതിനല്ല. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്ത് ഇരിക്കണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . എഴുത്ത് എന്ന് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളുടെ കീശയില്‍ ചെന്ന് പെടുന്നോ അന്ന് എഴുത്തുകാരന്റെ നട്ടെല്ല് വളയുന്നു. അവിടെ എഴുത്തില്‍ കള്ളം കടന്നു വരുന്നു.