Thursday, September 22, 2011

അസത്യങ്ങള്‍

ഭീകരതയെയും വര്‍ഗീയതയെയും ഫാസിസത്തെയും കുറിച്ച് എഴുതുമ്പോള്‍ ഏകപക്ഷീയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക... അവയൊക്കെ ഭൂമുഖത്തുള്ള സകല മതങ്ങളുടെയും പേരില്‍ അരങ്ങേറുന്നുണ്ട്. മതങ്ങളുടെ പേരില്‍ മാത്രമല്ല അത് രാഷ്ട്രീയത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും ഉണ്ട്...
ജാതി മത വര്‍ഗീയതയോ ഭീകരതയോ ആവട്ടെ, അത് ഗോത്രപരമോ രാഷ്ട്രീയ പരമോ ആവട്ടെ അവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അധികാരത്തിന്റെയും ധനത്തിന്റെയും താല്പര്യങ്ങളാണ്. ഏതൊരു അധികാര കേന്ദ്രത്തിന്റെയും തലപ്പത്ത് ഇരിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുന്നതിനായി നടത്തുന്ന നുണ പ്രചാരങ്ങള്‍ പോലും   ഭീകരതയാണ്. ദേശത്തെ  തെറ്റിധാരണയിലൂടെ സംഘട്ടനങ്ങളിലേക്ക് നയിക്കുന്നതും ഭീകരതയാണ്.
ലോകത്ത് പ്രചരിക്കുന്ന ഓരോ നുണയും ഭീകരതയാണ്. നുണകള്‍ സത്യം കൊണ്ടുവരുന്നില്ല. നുണകള്‍ സമാധാനം സ്ഥാപിക്കുന്നില്ല. നുണകളാണ് യുദ്ധം ഉല്പാദിപ്പിക്കുന്നത്. ലോകത്ത് സംസാരിക്കുന്ന ഓരോ നുണയും സത്യത്തിനു മേല്‍ കറ വീഴ്തുന്നുണ്ട്.
സാഹിത്യം സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരിക്കെ എഴുതുന്ന ഓരോ നുണയും എഴുത്തിനു എതിരാണ്.
അസത്യം പ്രചരിക്കുമ്പോള്‍ ഇരുട്ട് വ്യാപകമാകുമ്പോള്‍ നിശബ്ദനാവുന്ന ഓരോ എഴുത്തുകാരനും ഭീകരതയോടു സന്ധി ചെയ്യുകയോ അതിനു സഞ്ചരിക്കാന്‍ മൌനാനുവാദം നല്‍കുകയോ ആണ്.


Sunday, September 18, 2011

നുണകള്‍ വാഴും കാലം

നുണ നെയ്യും കാലം നുണയുന്നത് എന്റെ ചോര തന്നെ. ഓരോ ഞാനും അതറിയാതെ ജയ്‌ വിളിച്ചു നീങ്ങുന്നു... പാതിരാത്രിയില്‍ ഉരുണ്ടു വന്ന നാണയത്തുട്ടു ചോദിച്ചു, എന്തേ ഞാന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അര്‍ഹനല്ലേ? നിന്റെ പെട്രോള്‍ വഴി ഒഴുകി പോകേണ്ട നാണയം ആയിട്ടുകൂടി എന്തേ അവഗണിക്കുന്നു?
തിരിഞ്ഞു കിടക്കുമ്പോള്‍ മുറിഞ്ഞ സ്വപ്നം വെറുതെ കലഹിച്ചു, ഉണര്‍വിലെങ്കിലും ഓര്‍ക്കുമോ? ആ വഴിക...്കെങ്കിലും ഒരു ചര്‍ച്ച.
എത്രമേല്‍ പാറ്റിയിട്ടും പറന്നു പോകാത്തൊരു പതിര് മുറത്തില്‍ വെറുതെ ചിരിക്കുന്നുണ്ട്.
ഒച്ചയടഞ്ഞ നേരങ്ങളില്‍ ആശയങ്ങള്‍ മുറവിളി കൂട്ടും.. സ്വരമുണ്ടായിട്ടു വേണ്ടേ ജീവന്‍ കൊടുക്കാന്‍ ...
നാളെ മൈക്കുകള്‍ പണി മുടക്കുമെന്ന്, സ്റ്റേജുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന്.
എന്ത് ചെയ്യാം മച്ചി പശുക്കളെ മുന്നില്‍ നിര്‍ത്തി പാലുല്പാദനം പൊടിപൊടിക്കുന്ന കാലത്ത് പിറന്നു പോയത് എന്റെ തെറ്റോ, അല്ലെങ്കില്‍ കാലത്തിന്റെതോ?

Wednesday, September 14, 2011

നന്മയിലേക്ക് എത്ര ദൂരം

എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത്‌  മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?
എന്തൊക്കെയോ അപകടങ്ങള്‍ മുന്നിലെത്തിയത് പോലെ... കേവലം അധികാരം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കയ്യില്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജനതയ്ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന്റെ പരസരത്തു നിന്നും വളരെ വേഗം നാം അടിമത്തത്തില്‍ എത്തിയിരിക്കുന്നു.. നാം തെരഞ്ഞെടുത്തു വിടുന്നവര്‍ ഏതേതു സ്ഥാനങ്ങള്‍ അലങ്കരിക്കണം എന്ന തീര്‍പ്പ് പോലും അമേരിക്കയില്‍ നിന്നും...

പുത്തന്‍ കുപ്പിയിലെ വീഞ്ഞ്...

പഴയ വീഞ്ഞ് ലേശം നിറവ്യത്യാസത്തോടെ പുതിയ കുപ്പിയില്‍ വാഴും കാലം. യമ പുരിക്ക് പോയവരെ കുറിച്ച് വ്യത്യസ്ത രചനകള്‍ ... അര്‍ഥം കിട്ടാതെ അലയുന്ന കവികള്‍ പുറമ്പോക്ക് സ്വരത്തിലൂടെ അരങ്ങിലെത്താന്‍ പെടാപാട് പെടുന്നു.
മെട്രോ റെയിലിന് കൊടുക്കാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ ഭൂമി മെട്രോക്ക് തീറെഴുതി കൊടുക്കാന്‍ ഒരുങ്ങുന്നു... ചക്ക കൊടുത്ത് മാങ്ങ വാങ്ങുന്ന കാലത്തിന്റെ തനിയാവര്‍ത്തനം.
ഫ്യൂഡലിസം, സോഷ്യലിസം, കമ്യൂണിസം ഒക്കെ മാറി പീഡനിസം രംഗ പ്രവേശം ചെയ്തു...
പാര്‍ശ്വ വല്‍കൃത ജീവിതങ്ങള്‍ കരിമ്പന്‍ കയറിയ കുപ്പായത്തില്‍ തെരുവില്‍ അലയുന്നു...
ഇക്കോ ടൂറിസം ഒരു ഇസമെന്നു നോക്ക് കൂലിക്കാരന്‍ കണ്ടു പിടിച്ചു...