Saturday, January 19, 2013

ഇവിടെ

ഹൃദയത്തിലൊരു കനല്‍ക്കട്ട
ചുവന്ന ഭാഷയോടെ തിളങ്ങുന്നതിനെ കുറിച്ച്,
എനിക്ക് ചുറ്റും മഞ്ഞു ചിറകുകൾ
താണു പറക്കുന്നതിനെ കുറിച്ച്...
തിളക്കാമാണു നീ,
പാതയാണു നീ..
ഒലിവിലകൾ സൂക്ഷിക്കുന്ന മൌനവും നീ തന്നെ..

കാലന്റെ ഇരുമ്പാണി
ആഴത്തിൽ കൊരുക്കുന്ന വേദനയോടെ
നീയാവേശിക്കും നേരം
ഞെരിഞ്ഞും പുളഞ്ഞും..

അഹങ്കാരം പ്രണയത്തിന്റെ ഒറ്റുകാരൻ,
തെരുവിൽ കീറിയ മുറിക്കാലുറയണിഞ്ഞ്
വിശന്നു നിൽക്കുന്നു ആത്മാവ്..
നീ റൊട്ടി,
നീ വീഞ്ഞ്,
നീ തന്നെ കുപ്പായവും..
നീ ആവേശിച്ചാൽ പിന്നെ
ഗായകനൊരു ഗാനമായി മാറുന്നു..

വരിക,
ഈ മരച്ചുവട്ടിൽ
എന്നിലാകെ വേരുകളാഴ്ത്താൻ..

Friday, January 11, 2013

മനുഷ്യൻ

ഒരു വര മറ്റൊരു വരയോട്
പക്ഷി പക്ഷിയോടും...
കാലം കാലത്തോടും...
നരച്ച തുരങ്കത്തിലൂടെ സഞ്ചരിച്ചു
ഈ പാതയിൽ ഞാൻ..

കൂട്ടം തെറ്റിയ പക്ഷി പാടുന്നതും
ഞാൻ പാടാൻ കൊതിക്കുന്നതും..
എനിക്കാ പക്ഷിയെ പരിചയപ്പെടുത്തണമെന്നുണ്ട്,
എനിക്ക് ഭാഷ വഴങ്ങാതെ..

എന്റെ പ്രണയം ജനാലയിലൂടെ കാണാവുന്ന
ചതുരനാകാശം...
എന്നിൽ മുറുകുന്ന ചങ്ങലകൾ,
ഇനിയുമെന്റെ ആകാശത്തെ ചുരുക്കും.
പിന്നെ ഞാൻ?!

ഈ ചങ്ങല പൊട്ടിച്ചെറിയൂ,
ഈ ചുവർ തകർക്കൂ,
വികൃതമായ സ്വപ്നങ്ങളിൽ നിന്നും മോചിപ്പിക്കൂ..
ഞാൻ നിനക്കായി ഒരാകാശം പണിയാം,
ഒരു സമുദ്രം നൽകാം.

എനിക്കറിയാം
ഈ മതിലിനപ്പുറമാണ് പേരില്ലാത്ത
ഊരില്ലാത്ത,
നാൾവഴിയില്ലാത്ത ഞാൻ.
ആ ഞാൻ മനുഷ്യൻ..

Tuesday, January 8, 2013

മതങ്ങൾ മനുഷ്യനെ വഴി തെറ്റിക്കുന്നത്

ലോകത്തൊരു മതത്തിനും ജനാധിപത്യ മൂല്യം സംരക്ഷിക്കാനാവില്ല.. അവയുടെ മുഖം സമാധാനത്തിന്റേതാണെങ്കിലും അവയുടെ അധികാര കേന്ദ്രം എകാധിപതിയുടെയോ ഫാസിസ്റ്റിന്റേയോ ആണ്.. മതേതരത്വം സംരക്ഷിക്കാനെന്ന വ്യാജേനെ മതങ്ങളുടെ ചുക്കാൻ പിടിക്കുന്നവർ വട്ടമേശ സമ്മേളനങ്ങൾ നടത്തുന്നത് വഞ്ചനയാണ്.. മനുഷ്യ വഞ്ചനയിലൂടെ കൊഴുക്കുന്ന മത വ്യാപാരികൾ..

അവർ പറയുന്നത്, മതങ്ങൾ തമ്മിൽ സംഘട്ടനമില്ലെന്ന്, എല്ലാം ഒന്നെന്ന് അവകാശപ്പെടുന്നത് സത്യമെങ്കിൽ അവർ തങ്ങളുടെ ആരാധനാലയങ്ങൾ മറ്റു മതവിശ്വാസികൾക്കായി തുറന്നുകൊടുക്കട്ടെ... ഹിന്ദുവിനു മസ്ജിദിലും മുസൽമാനു അമ്പലത്തിലും , കൃസ്ത്യാനി തന്റെ പള്ളി മറ്റുള്ളവർക്കുമായി ആരാധന നടത്താൻ തുറന്നു കൊടുക്കട്ടെ.. കാര്യത്തോടടുക്കുമ്പോൾ കാലുമാറും.. അവർ ഒന്നാണ്, ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിലും  തങ്ങളുടെ മതം മാത്രമാണു ശരിയെന്ന് പറയുന്നതിലും...

ഒഴുകുന്ന നദിയുടെ ഒരു കുനുപ്പു മാത്രമാണ് മതഗ്രന്ഥം... ഗ്രന്ഥം ഏതു മതത്തിന്റെതാവട്ടെ അതിനു പിന്നിൽ തൂലികയുന്തിയവർ, അക്കാലത്തെ ഭരണകർത്താക്കൾക്ക് രുചിക്കും വണ്ണം പണിയെടുത്തവർ.... അതിൽ ഭരിക്കുന്നവരുടെ നിലനിൽ‌പ്പ് ഉറപ്പിക്കാനുതകുന്ന സൂക്തങ്ങൾ കയറിക്കൂടുക സ്വാഭാവികം.. സംഘടിക്കുന്ന ജനതയെ ഒരു ഫാസിസ്റ്റും ഇഷ്ടപ്പെടുന്നില്ല. മനുഷ്യന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും വിരാമമിടാനെ ഫാസിസം ശ്രമിക്കൂ.. സംഘടനകളെ അവർ ഭയക്കുന്നു.. അതുകൊണ്ട് അവരുടേതെന്ന് അവർ വിശ്വസിക്കുന്ന ജനത അവരുടെ ചിന്തകൾ വിഴുങ്ങിയാൽ മതിയെന്ന വാശിയും..