Saturday, September 28, 2013

ഫാസിസ കാലം

ഫാസിസ കാലത്ത് അവർ ആൾദൈവത്തെ കൂട്ടുപിടിക്കും. അതിനു മുമ്പവർ ശരിയായ ദൈവത്തെ കൊന്നിരിക്കും. ദൈവത്തിലേക്കുള്ള പാത ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നവർ വാദിക്കും. അവർ മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നാലവരുടെ മന്ത്രമോ അധികാരം എന്ന് മാത്രമായിരിക്കും. അവർ മതേതരത്വത്തെ കുറിച്ച് വാചാലരാവും, എന്നാലിരുട്ടിൽ മറ്റുമതങ്ങൾക്കെതിരെ ചരട് വലിക്കും... ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് കോർപറേറ്റ് മാധ്യമങ്ങളെ കൊണ്ട് തങ്ങൾക്കനുകൂലമായി സംസാരിപ്പിക്കും..

ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..

ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..



Sunday, September 8, 2013

യുദ്ധം വിതക്കുന്നത്

ഒരു യുദ്ധമുണ്ടാവുകയെന്നാൽ
ജനതയെ തുടച്ചുനീക്കൽ മാത്രമല്ല
ഒരു ദേശത്തെ പരിക്കേൽ‌പ്പിക്കുകയെന്നുകൂടിയാണ്.
ഒരായിരം സ്ത്രീകൾ ഒരുമിച്ച് പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ
ക്രൂരമാണത്.
എന്നിട്ടും നീ ചൊല്ലുന്നു,
സമാധാനം!

ഒരു ഭ്രാന്തി തന്റെ മുലകൾ മാന്തിപ്പൊളിക്കുന്നതുപോലെയോ
തന്റെ യോനി വലിച്ചുകീറുന്നതു പോലെയോ
ഭൂമി...
അത് അങ്ങനെതന്നെയാവണമല്ലോ,
ഒരു സ്ത്രീക്ക് എത്രമാത്രം സഹിക്കാനാവും
തുടരെ ബലാത്സംഗം ചെയ്യപ്പെടുന്നത്.
തെരുവിൽ നിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ
സ്വയം ഇല്ലാതെയാവാൻ ശ്രമിക്കുന്നത്.

ഓർമ്മ വീഴുമ്പോൾ നീയൊരു തെരുവിലായിരിക്കാം,
യുദ്ധത്തിന്റെ അവസാന സൈറനും ഒതുങ്ങിയിട്ടുണ്ടാവാം,
ഭടന്മാർ പിൻ വാങ്ങിയിട്ടുണ്ടാവാം....
സുഹൃത്തേ
നീ കിനാവുകണ്ടതുപോലെയല്ല കേട്ടോ,
നീയും നിന്റെ ഭാര്യയും തട്ടാനും ബാക്കിയാവുന്ന കാലത്തെ കുറിച്ച്,
എല്ലാം വരുതിയിലാക്കാമെന്ന മോഹം നിന്നെ ഉന്മാദിയാക്കിയത്,
അതെ, ആ നിമിഷം എല്ലാമെല്ലാം ഉടയുകതന്നെ.
ഒരു സൈക്കിളിന്റെ ടയറിൽ നിന്നും കാറ്റ് ഊരുന്നത് പോലെ
നീ പോലുമറിയാതെ
നിന്നിൽ നിന്നും അത്..
പിന്നെ,
പിന്നെയെങ്ങനെയാണ് നിനക്കൊന്ന് ചലിക്കാനാവുക.
യുദ്ധക്കൊതിയന്മാർ വീടുപറ്റും മുമ്പ്,
നീയൊന്ന് കണ്ണടച്ച് തുറക്കും മുമ്പ്
അത് സംഭവിക്കുകതന്നെ,
എങ്ങനെയെന്നോ;
ഒരു പായ ചുരുട്ടിക്കെട്ടുന്നതുപോലെ
അതിലും വേഗത്തിൽ
ഭൂമി സ്വയം ചുരുണ്ട് ചുരുണ്ട്..