Sunday, September 27, 2015

വർഗീയതക്ക് എതിരേ..

വർഗീയതക്ക് എതിരേ ലീഗുമായി മാർക്സിസ്റ്റ് പാർട്ടി കൈകോർക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക... ലീഗിനോടൊപ്പം വേദി പങ്കിടുന്നത് ആത്മഹത്യാപരം തന്നെയാണ്.. അതുകൊണ്ട് ഗുണം ഉണ്ടാക്കുക ലീഗും മറ്റ് വർഗീയ കകക്ഷികളുമാകും. ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന ഗാന്ധിയൻ ചിന്ത മറക്കാതിരിക്കുക.... മാർക്സിസ്റ്റ് പാർട്ടി അധികാരമെന്ന ചിന്ത കളഞ്ഞ് ജാതിമത വർഗീയതക്കും ഫാസിസത്തിനുമെതിരേ പോരാടുക. വർഗീയത ഭൂരിപക്ഷമാവട്ടെ, ന്യൂനപക്ഷമാവട്ടെ അത് വിഷവും ദേശത്തിനു ആപത്തുമാണ്.

Friday, September 25, 2015

വരട്ടു ചൊറി


വരട്ടുചൊറി ഒരു രാഷ്ട്രീയമാണ്;
അതേ രാഷ്ട്രീയ വായനയിലാണ്
ചാനൽ സീരിയൽ കാണാത്ത,
ചാനൽചർച്ചകൾ എന്തെന്നറിയാത്ത
ആദിവാസികൾ
വരേണ്യവർഗത്താൽ ശപിക്കപ്പെടുക...
വരട്ടുചൊറി വാദം
ഇന്നെന്നല്ല എന്നുമുണ്ടായിരുന്നു.
പാർശ്വവൽകൃതർ
കർഷകർ
ആത്മഹത്യ ചെയ്താൽ
അത് അതേ ചൊറിയുടെ വിളയെന്ന്
നാമറിഞ്ഞിരുന്നില്ലെന്ന് മാത്രം...
എൻഡോസൾഫാനൊരു നുണയെന്ന്
ആദിവാസികൾ മനുഷ്യരല്ലെന്ന്
വൈകാതെ എഴുതപ്പെടും...
ഹൃദയം ചൊറിയുടെ ദേശമായി മാറുമ്പോൾ
വർഗീയത തിമിർത്താടുമ്പോൾ
ഒരു കാറ്റ്,
ഒരു മഴ,
അല്ലെങ്കീലൊരു ഭൂമികുലുക്കം;
അതെ,
തങ്ങളെ മൊത്തമായും കുലുക്കുന്നത്,
പിഴുതെറിയുന്നത്
മനുഷ്യൻ മാത്രം സ്വപ്നം കാണും...
അത് അങ്ങനെ തന്നെയാണ്;
രാഷ്ട്രീയവും മതങ്ങളും തോറ്റുപോയ ഇടത്ത്
കലാസാഹിത്യം ഒറ്റുകാരാൽ വിഷമയമായ ഇടത്ത്
അധികാര കഴുകന്മാർ ഉറഞ്ഞു തുള്ളുന്ന ഇടത്ത്
മനുഷ്യൻ കാത്തിരിക്കുക
പ്രകൃതി ദുരന്തങ്ങളെയാവും...

Thursday, September 24, 2015

പറഞ്ഞിട്ടെന്ത്..

യൂ‍ഡിയെഫിന്റെ ജനദ്രോഹ ഭരണത്തിന് ഉത്തരവാദി പ്രതിപക്ഷമല്ലാതെ മറ്റാ‍ര്. ജനപക്ഷമാ‍വുന്നതിനാണ്, ഭരണകൂടത്തിന്റെ ദുർഭരണത്തെ ചെറുക്കുന്നതിനാണ്, തിരുത്തുന്നതിന്നാണ് പ്രതിപക്ഷം. അതിനാവില്ലെങ്കിൽ പ്രതിപക്ഷം ഇല്ലാതിരിക്കുന്നത് തന്നെ ഉത്തമം. പ്രതിപക്ഷ നേതാവിന്റെ കസേര ലഭിച്ചത് അതിലിരുന്ന് ആ‍നുകൂല്യം പറ്റാനും ചാനലിലൂടെ ഓക്കാനിക്കാനുമല്ല എന്ന് കൂടെ ഓർക്കുക.. എന്തുകൊണ്ട് പ്രതിപക്ഷനേതാവിന് യൂഡിയെഫെന്ന കളങ്കിത വ്യക്തിത്വങ്ങൾക്കെതിരെ നിരാഹാര സമരം നടത്തികൂടാ? ഇടതുപക്ഷത്തിന്റെ പരാജയങ്ങളിൽ ഒന്ന് വീയെസിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത് എന്ന് പറയുമ്പോൾ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ടാവും. കാര്യപ്രാപ്തിയുള്ള പാർട്ടിയോടും ജനത്തോടും കൂറുള്ള ഒരാളെ ആ ഇടത്ത് വച്ചിരുന്നെങ്കിൽ പ്രതിപക്ഷം ഇങ്ങനെ കിതക്കില്ലായിരുന്നുവെന്ന് തോന്നുന്നു.. 

Monday, September 21, 2015

ഗുരു

ഗുരു മനുഷ്യ‍ വിമോചകനായ ഋഷി... കാലം ഇരുളുമ്പോൾ അത് നീക്കാൻ പ്രകൃതി ഓരോരുത്തരെ നിയമിക്കുന്നു. അവർ പ്രകൃതിയുടെ നാവാകുന്നു. മതങ്ങളുടെ തടവറകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് സ്നേഹം പാടിയ ഗായകൻ... ഗുരു ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ സ്വത്തല്ല... ഗുരു എന്താഗ്രഹിച്ചുവോ അത് ജീവിത ചര്യയാക്കുമ്പോൾ ഗുരുസ്മരണയാകുന്നു. ഗുരുവെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ഗുരുനിന്ദയാണ് ചെയ്യുന്നത്...

Monday, September 14, 2015

കപട ദേശ സ്നേഹികൾ

നമ്മുടെ രാഷ്ട്രീയം ശൈശവ ദശയിലെന്ന് പറയുന്നില്ല. ശൈശവദശയിലുള്ള ഒന്നിനു വളർച്ചയുടെ പടികൾ കയറാനാവും. എന്നാൽ ശൈശവത്തിൽ തന്നെ മുരടിച്ചുപോയാലോ? അതാണ് ഇന്നെവിടേയും കാണുന്നത്. തങ്ങൾക്കെന്ത് കിട്ടും, എങ്ങനെയെല്ലാം വെട്ടിപ്പിടിക്കാനാവും, അത്തരം മനസുകളാണ് ഇന്ന് അരങ്ങ് നിറയെ. രാഷ്ട്രീയത്തിലൂടെ ജനത്തിന് എന്ത് നേടികൊടുക്കാനാവുമെന്ന ചിന്ത ഇല്ലാതെയാവുന്നു. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകൾ പരിശോധിച്ചാൽ ആ സ്വാർത്ഥ മുഖം തെളിഞ്ഞുകിട്ടും. ഗ്രൂപ്പുകൾ എതിർ ഗ്രൂപ്പുകളെ തകിടം മറിക്കാനും സ്വന്തം ഗ്രൂപ്പ് വളർത്താനുമാണ് ശ്രമിക്കുന്നത്. ജനത്തിനു വേണ്ടി നിലകൊള്ളുന്നവരെങ്കിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുമല്ലോ! അധികാരം പിടിച്ചടക്കാനുള്ള യാത്രയിൽ എന്ത് നെറികേടും ആവാമെന്ന് പഠിച്ചുകഴിഞ്ഞു. ദേശത്തെ സ്നേഹിക്കുന്നവർക്ക് ദേശത്തെ ജനതയെ ജാതിമത ലേബലോടെ ഭിന്നിപ്പിക്കാനാവില്ല. ധർമ്മം പുലരാൻ ആഗ്രഹിക്കുന്നവർ കൊലയുടെ ഭാഷ പ്രചരിപ്പിക്കില്ല. ദേശത്തെ ജനതയെ ഭിന്നിപ്പിക്കുന്നതും ദേശ ദ്രോഹം തന്നെയാണ്.

Monday, September 7, 2015

മരിച്ചവരുടെ ദേശങ്ങൾ

യാതൊരാളാവട്ടെ, താൻ എല്ലാം പഠിച്ചെന്ന്, താൻ എല്ലാം തികഞ്ഞവനെന്ന് ധരിക്കുന്ന നിമിഷം പരാജയം തുടങ്ങുന്നു. അല്ലെങ്കിൽ ആ നിമിഷത്തോടെ ആ ആൾ മരിക്കുന്നു. പിന്നീടുള്ള യാത്രയിൽ ആ ആൾ മരിച്ചവനാണ്. അല്ലെങ്കിൽ തുടർന്നുള്ള യാത്ര ശവയാത്രയാണ്... എഴുത്തിലാവട്ടെ, രാഷ്ട്രീയത്തിലാവട്ടെ, മതങ്ങളിലാവട്ടെ മരിച്ചവരുടെ ദേശങ്ങളാണ് സിംഹഭാഗവും. ശവങ്ങളുടെ വർത്തമാനങ്ങളാണ് അരങ്ങ് വാഴുന്നത്..

Sunday, September 6, 2015

ഇരകൾ..

ഇരയുടെയുടെയും വേട്ടക്കാരുടേയും ജാതിമതവും ദേശവും നോക്കി പ്രതികരിക്കുന്നവർ എത്ര വേണമെങ്കിലുമുണ്ട്. വേട്ടക്കാർ തസ്ലീമാ നസ്രീനെ ഉന്നം വച്ചപ്പോൾ, സൽമാൻ റുഷ്ദിക്കെതിരെ ഫത്തുവ ഇറങ്ങിയപ്പോൾ ചിലർ വല്ലാതെ ആവേശം കൊണ്ടത്... മറ്റുചിലരോ അതിനെ പ്രതിരോധിക്കുന്നു. കൊല്ലപ്പെട്ട ഹാഷിം ഷഹബാനി, ബംഗ്ലാദേശി ബ്ലോഗെഴുത്തുകാർ പട്ടിക അവസാനിക്കുന്നില്ല. എഴുത്ത് നിർത്തിയ പെരുമാൾ മുരുഗൻ , കൊല്ലപ്പെട്ട കാൾബർഗി .. ഇരകൾ ഇരകൾ തന്നെയാണ്, വേട്ടക്കാർ വേട്ടക്കാരും. ഇന്ന് വേട്ടക്കാരുടെ കൂടെ നിൽക്കുന്നവരിൽ പലരും നാളെ ഇരകളായി മാറിയേക്കാം. ഇതിനിടയിൽ നാം മറന്നുപോകുന്ന പേരുകൾ എത്രയോ.. ഇവിടെതന്നെ, ഈ  മലയാളക്കരയിൽ തന്നെയാണ് ചേകന്നൂർ മൌലവി കൊല്ലപ്പെട്ടത്..  ഇടതും വലതും ഭരിച്ചിട്ടും ചേകന്നൂർ മൌലവി ജനിച്ചിട്ടില്ലെന്ന് തന്നെ.. കൊലയാളികൾ പറയുന്നു,, അവർ കൊല്ലുന്നത് ദൈവത്തിനു വേണ്ടിയെന്ന്... രാഷ്ട്രീയക്കാർ പറയുന്നു അവർ കൊന്നുതള്ളുന്നത് പ്രസ്ഥാനത്തിനു വേണ്ടിയെന്ന്... ചില കൊലകൾ രുചിച്ചൂം, ചിലകൊലകളെ എതിർത്തും പാഴ്ജന്മങ്ങളും..