Saturday, October 24, 2015

മനുഷ്യനാവുക

യാതൊരാൾ മുസ്ലീം കുടുംബത്തിൽ പിറക്കട്ടെ അയ‍ാൾ മുസ്ലീമും കൃസ്ത്യൻ കുടുംബത്തിൽ പിറന്ന ആൾ കൃസ്ത്യാനിയും ദലിത് കുടുംബത്തിൽ പിറക്കുന്ന ആൾ ദലിതും ആകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് ഏവർക്കും അറിയാം... ഓരോരുത്തരും തങ്ങളിൽ കുത്തപ്പെട്ട മത സമുദായ ചാപ്പയുടെ ഭാരവും പേറി കാലം കഴിക്കുന്നു. അതിനിടയിൽ തങ്ങൾ ഉത്തമ സമുദായമെന്നോ ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നവരോ ആണെന്ന ചൊറിയൻ വാദവുമായി നടക്കുന്നു. മതങ്ങളെന്ന തൊഴുത്തിൽ നിന്നും രക്ഷപ്പെടുന്നവരാണ് വിപ്ലവകാരികൾ. ആരാധനാ‍ലയങ്ങളിൽ ജനിക്കുന്നത് നന്ന് അവിടെ കിടന്ന് മരിക്കരുതെന്ന സ്വാമീ വിവേകാനന്ദ വചനം ഓർത്തുപോകുന്നു.. നല്ലത് സ്വീകരിക്കുക,മോശം വലിച്ചെറിയുക. ഏതൊരു മതമാവട്ടെ അതിൽ നിന്നും നന്മകൾ പെറുക്കിയെടുക്കാം. മറ്റൊരു മതത്തിൽ ഉള്ള നന്മ എടുത്താൽ താൻ മതത്തിനു പുറത്തായെന്ന ധാരണ തിരുത്തപ്പെടണം. രോഗം വന്നാൽ രോഗത്തിന് ചികിത്സ തേടണം. അതല്ലാതെ ഡോക്ടറെ കണ്ടാൽ ദൈവത്തെ വിട്ട് ഡോക്ടറെ തേടിയെന്നും അത് ദൈവത്തെ ചെറുതാക്കുകയോ ദൈവത്തോട് കൂട്ടിചേർക്കുകയോ ആണെന്ന വരട്ട് പൌരോഹിത്യ ചിന്ത ഉപേക്ഷിക്കണം. ഒരു ഭക്തനാവാൻ, മത സേവകനാവാൻ, ഡോക്ടറോ എഞ്ചിനീയറോ ആകാൻ എന്തെളുപ്പം. എന്നാലൊരു മനുഷ്യനാവുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. മനുഷ്യനാക്കാൻ പറ്റിയ യൂണിവേഴ്സിറ്റികളൊന്നും ഇല്ലെന്നാണറിവ്. സ്വയം മനുഷ്യനാവുക..

Friday, October 23, 2015

ഇരട്ടത്താപ്പ്

പോറ്റി വളർത്തുമ്പോൾ നല്ല തീവ്രവാദിയും, എതിരിടുമ്പോൾ ചീത്ത തീവ്രവാദിയെന്നും വർത്തമാന ഭാഷ. ഒരിക്കൽ ലാദൻ അമേരിക്കയുടെ മാനസപുത്രനായിരുന്നു. സദ്ദാമിനെ അമേരിക്ക എങ്ങനെയെല്ലാം ഉപയോഗിച്ചെന്നും കണ്ടുകഴിഞ്ഞു. ഇന്ന് റഷ്യ ഐസിസ്സ് ഭീകരരെ തുടച്ച് നീക്കാൻ തുനിയുമ്പോൾ അമേരിക്കക്ക് പൊള്ളുന്നെങ്കിൽ അതിന്റെ രാഷ്ട്രീയം വേറെയാ‍ണ്. ഇതേ സമീപനം തന്നെയാണ് ലോകം വച്ചുപുലർത്തുന്നത്, അവിടെയാണ് മൃദു വർഗീയതയെന്നും അതിവർഗീയമെന്നും പറയുന്നത്. ഇതിലൊന്നും താത്വികമായ അവലോകനമൊന്നും നടത്തേണ്ടതില്ല. തക്കാളിയുടെ ഒരു അരിക് ചീഞ്ഞാൽ പിന്നെ അത് ചീഞ്ഞ തക്കാളി തന്നെയെന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാലും അറിയാം..

Thursday, October 15, 2015

ഫാസിസത്തിനെതിരേ

വർഗീയതയെന്ന കൃമി വളരുന്നതാണ് ഫാസിസം. ഫാസിസത്തെ എതിർക്കുമ്പോൾ വർഗീയതയെ എതിർക്കേണ്ടതുണ്ട്. ഫാസിസം വരാതിരിക്കാൻ, ഫാസിസം വിഴുങ്ങാതിരിക്കാൻ വർഗീയകക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിഡ്ഡിചിന്തകരാണ്. ഫാസിസത്തെ തോൽ‌പ്പിക്കാനുള്ള സമരത്തിൽ ഏറ്റവും ചെറിയ വേരുകൾ പോലും പിഴുതെറിയേണ്ടതുണ്ട്. അവിടെ ഏതെങ്കിലുമൊരു പക്ഷമുണ്ടെങ്കിൽ നന്മയുടെ പക്ഷമെന്നോ മനുഷ്യപക്ഷമെന്നോ കരുതണം. മതങ്ങളെ കൂട്ടുപിടിച്ചുള്ള സമരം മറ്റൊരു ഫാസിസത്തെ വളർത്തി വിടലാണ്. അതുകൊണ്ട് ഫാസിസത്തെ എതിർക്കുന്നവർ രാഷ്ട്രീയക്കാർ ആവട്ടെ, എഴുത്തുകാർ ആവട്ടെ വർഗീയതയോടോ സമുദായങ്ങളോടോ കൈകോർക്കാതിരിക്കുക...

Tuesday, October 13, 2015

സംഗീതം

സംഗീതം പ്രണവമാണ്.... യാതൊരാൾ സംഗീതത്തിലാവട്ടെ, അത് മനുഷ്യമനസ്സുകളെ കീഴടക്കട്ടെ, അപ്പോൾ ദൈവത്തിന്റെ പൂന്തോപ്പിൽ വസന്തമല്ലോ... സംഗീതത്തെ വിരോധിക്കുന്നവർ ആരുമാവട്ടെ അവർ ചെകുത്താന്റെ പിന്മുറക്കാരത്രേ... സംഗീതത്തിന് ജാതിമതമില്ല.... സംഗീതത്തിലേക്ക് തിരിയുന്ന ജാതിമതകണ്ണുകൾ പിശാചിന്റേത് തന്നെ....

Friday, October 2, 2015

ഗാന്ധി ജയന്തി

ഒരുവേള കലണ്ടറിൽ നിന്നും ഒക്ടോബർ രണ്ട് വെട്ടിപോകുകയോ നിരോധിക്കപ്പെടുകയോ ചെയ്യാം. മനുഷ്യ ഹൃദയങ്ങളിൽ നിന്നും അഹിംസയുടെ പുഞ്ചിരി ആർക്കാണ് ഞെരിച്ചുകളയാനാവുക.... ബീഫിന്റെ പൈങ്കിളി കഥയെ ഏറെകാലം ധർമ്മപുരിക്ക് ചുമക്കാനാവില്ല.. ഇത് ഇന്ത്യ, ഇത് ബ്രിട്ടനെ തുരത്തിയ ദേശം... ഹിന്ദുവും മുസൽമാനും കൃസ്ത്യനും സിഖും ജൈനരും മറ്റും മറ്റും വിരിഞ്ഞുനിൽക്കുന്ന പൂന്തോപ്പ്... ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന് കാതിലോതിയ മണ്ണ്....