Monday, July 18, 2016

തിരുത്ത്

പലരും പറയുന്ന ന്യായമുണ്ട് യഥാര്‍ത്ഥ മുസല്‍മാന് മറ്റുള്ളവരെ ആക്രമിക്കാനോ അപായപ്പെടുത്തുവാനോ കഴിയില്ലെന്ന്. അവർ തന്നെയാണ് ഉത്തരം പറയേണ്ടത് ചേകന്നൂരിനെ മുക്കിയവരും അധ്യാപകന്റെ കൈവെട്ടിയവരും യഥാര്‍ത്ഥ മുസൽമാന്മാർ ആണോ എന്ന്. യാതൊരാളാവട്ടെ തന്റെ മതത്തിലേക്ക് ആളെ ക്ഷണിക്കുന്നത് മറ്റ് മതങ്ങൾ തെറ്റെന്ന് വാദിച്ചുകൊണ്ടാണ്. മറ്റ് മതങ്ങൾ ശരിയെന്ന് തോന്നുന്നുവെങ്കിൽ പിന്നെ തന്റെ മതത്തിലേക്ക് ക്ഷണിക്കേണ്ടതില്ലല്ലോ. ഇസ്രയേലും ഇസ്രയേലിയരും ശത്രുക്കളെന്ന് പഠിപ്പിക്കുന്നത് പോലും അപകടകരമാണ്. കേരളത്തിൽ കഴിയുന്ന ഒരു മുസൽമാൻ എത്രയോ അകലെയുള്ള ദേശത്ത് പാർക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും കാണാനിടയില്ലാത്തതുമായ ഇസ്രായേലികളെ എന്തിന് ശത്രുവാക്കണം... ശത്രുത ഒഴിവാക്കി മുന്നോട്ട് പോകാനാവുമ്പോൾ മാത്രമേ സമാധാനം അനുഭവിക്കാനാവൂ.. ഫാസിസത്തിനു നിലനിൽക്കാൻ ഒരു ശത്രു വേണം, ആ‍ തലത്തിലേക്ക് മതങ്ങൾ പോകരുത്.

Friday, May 27, 2016

സംഗീതം

സംഗീതമില്ലാത്ത മനസ് വരൾച്ചയുടെ ദേശം വിളിച്ചുവരുത്തുന്നു. കലാസാഹിത്യം വിരോധിക്കുന്നിടത്തും അതുതന്നെയാണ് സംഭവിക്കുക. എന്തിന്റെ പേരിലായാലും മനുഷ്യ ജന്മം തൊഴുത്തിലെ കാടിവെള്ളവും വൈക്കോലും ചവച്ച് അവസാനിപ്പിക്കാനുള്ളതല്ല. ഏതെല്ലെമോ കിത്താബുകളിൽ നിന്നും തപ്പി സംഗീതം ഹറാമെന്ന് പുരോഹിതൻ പറയുമ്പോൾ പുരോഹിത ഭാഷ ഭക്തരെ തൊഴുത്തിലേക്ക് വലിക്കുകയാണെന്ന് വ്യക്തം. പ്രവാചകൻ സംഗീതം ആസ്വദിച്ചിട്ടുണ്ട്.. ആസ്വദിച്ചാലും ഇല്ലെങ്കിലും സംഗീതമൊഴിഞ്ഞ ഹൃദയത്തിനു ദൈവത്തെ അനുഭവിക്കാനാവില്ല. പ്രണയവും സഗീതവുമില്ലാ‍ത്തൊരാൾ ദൈവത്തെ അനുഭവിക്കുന്നുവെന്ന് പറഞ്ഞാൽ ആ ആളുടെ ദൈവം വരൾച്ചയുടെ ദേശമെന്ന് പറയാം.

Monday, March 14, 2016

മതയിടങ്ങളെന്ന ചതി

മനുഷ്യൻ പിറക്കുന്നത് സ്വതന്ത്രമായി, മതമില്ലാതെ.. പിറവിയുടെ ചൂളം വിളി അവസാനിക്കും മുമ്പ് കാതിലൂടെ ആത്മാവിലേക്ക് മതമെന്ന ഈയം ഉരുക്കിയൊഴിക്കുന്നു. തുടർ യാത്രയിൽ ഈയമാണ് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുക, തന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റ്. തന്റെ മത ഗ്രന്ഥം മാത്രം ശരി, മറ്റെല്ലാം വെറും വാറോലകൾ... അകമേ നിന്നും ആ ഈയം എന്ന് പുറത്തേക്ക് തള്ളുന്നുവോ അന്നേ മനുഷ്യനെ മനുഷ്യനായി കാണാനാവൂ. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും മത മേസ്തിരിമാരും ചേർന്നുള്ള കൂട്ട് കച്ചവടമാണ്. മനുഷ്യർ ഭിന്നിച്ച് നിമ്പോഴാണ് കച്ചവടം കൊഴുക്കുക...

Sunday, March 13, 2016

മാധ്യമങ്ങൾ

ചാനൽ ചർച്ചകൾ നിരോധിച്ചാൽ പകുതി മാലിന്യം ഒഴിഞ്ഞുകിട്ടും.. പോയ തലമുറ പത്രങ്ങൾ വായിച്ചുതന്നെയാണ് രാഷ്ട്രീയം ചർച്ച ചെയ്ത് ചായക്കട വരാന്തകളെ സജീവമാക്കിയത്. അന്നത്തെ പത്രങ്ങൾക്ക് എഴുപത് ശതമാനാമെങ്കിലും നേരുണ്ടായിരുന്നു. ഇന്നോ? മനുഷ്യനോടൊത്ത് നിൽക്കേണ്ട മാധ്യമങ്ങൾ മതങ്ങളോടും രാഷ്ട്രീയത്തോടും കുത്തക മുതലാളിമാരോ‍ടും ചേർന്ന് നിൽക്കുന്നു. ഒരു പാർട്ടി ഭരിക്കുമ്പോൾ ശരിയായി അവതരിപ്പിച്ചത് മറ്റൊരു പാ‍ർട്ടി അധികാരത്തിലെത്തുമ്പോൾ തെറ്റായി അവതരിപ്പിക്കുന്നു. എങ്കിൽ രണ്ടും ശരിയല്ല, സത്യം എവിടെയോ കഴുത്ത് പിരിഞ്ഞ നിലയിൽ കിടക്കുന്നു. നുണകൾ പെരുകുന്നത് മനുഷ്യന്, ദേശത്തിനു ദോഷമാണ്....

Thursday, March 3, 2016

സാഹിത്യരംഗത്തെ ഊളകൾ

സാഹിത്യ അക്കാദമികളിൽ കയറികൂടുന്ന വിരകൾ രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികളാണ്. പുരസ്കാരം നേടുന്ന കൃതികൾ കൂടുതൽ വിറ്റുപോകും. അതുകൊണ്ട് അവർ വച്ച് വിളമ്പുന്ന പുരസ്കാരങ്ങൾക്ക് വായനക്കാരെ കബളിപ്പിക്കാനാവുമെങ്കിലും ആ പേരിൽ എഴുത്തുകാർക്ക് വേദികൾ പലത് കിട്ടുമെങ്കിലും പ്രത്യേകിച്ച് ഭാഷക്ക് ഒരു ഗുണവുമില്ല. ഇന്ന് സാഹിത്യ ലോകത്ത് നടക്കുന്നത് വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാരെ മാന്യന്മാരെന്ന് പറയാം. അത്രമേൽ ജീർണതയാണ് ചില കോക്കസുകളുടെ കളികൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. ഇവിടെ ആര് എഴുത്തുകാരൻ/കാരി ആവണമെന്ന് തീരുമാനിക്കുന്ന നാറിത്തരത്തെ നല്ല എഴുത്തുകൾ മുറിച്ചുകടക്കുകതന്നെ ചെയ്യും. ഒരു സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് എഴുത്തുകാർ തീരുമാനിക്കുന്നു. അല്ലാതെ അക്കാദമിക് ഊളകളുടെ മദ്യപാനസദസുകളല്ല തീരുമാനിക്കേണ്ടത്..