Sunday, March 28, 2010
വെട്ടം
ഈശ്വരന്‍ എന്നും അല്ലാഹു എന്നും വിളിക്കപ്പെടുന്ന ആ ശക്തിയെ ആരും കണ്ടിട്ടില്ല. അനുഭവിച്ചവരുണ്ട്, അനുഭവിക്കുന്നുമുണ്ട്. അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര്‍ കലഹിക്കും. ഈശ്വരാ എന്നോ അല്ലാ എന്നോ വിളിക്കുന്നത് ഉള്ളു കൊണ്ടാവണം. ഉള്ളു കൊണ്ട് വിളിക്കണമെങ്കില്‍ അനുഭവിക്കണം. നാവു കൊണ്ടുള്ള വിളിയിലും വിശ്വാസത്തിലുമാണ് കലഹം ഉണ്ടാവുക. ഞാന്‍ ഓര്‍ക്കുകയാണ്. ലോകത്തെ രണ്ടു മതത്തിലുള്ളവര്‍ പരിഹാസ്യരായ ഡിസംബര്‍ ആറ്. മതങ്ങള്‍ ധര്മത്തെ കുറിച്ച് വാചാലമാകുന്നു . പക്ഷെ മനുഷ്യര്‍. എന്തിനാണ് പള്ളിക്കും അമ്പലത്തിനും വേണ്ടി മുറവിളി കൂട്ടി സമയവും പണവും നശിപ്പിച്ചത്? പരാശക്തിയെ ഒരു കെട്ടിടത്തില്‍ ഒതുക്കാനോ? ആ കെട്ടിടവും സ്ഥലവും വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ശ്രമിച്ചിരുന്നെങ്കില്‍ ധര്‍മം പുലര്ന്നെനെ... ലോകത്തെ ഏറ്റവും മുന്തിയ വിളക്കില്‍ നിന്നും, ഏറ്റവും ചെറിയ പാട്ട വിളക്കില്‍ നിന്നും കിട്ടുന്നത് ഒരേ വെട്ടം. നാമത് വിളക്കിന്റെ വലുപ്പ ചെറുപ്പം അനുസരിച്ച് പലതായി വായിക്കുന്നു. വെട്ടത്തിന് തുല്യം വെട്ടം മാത്രം. ഈശ്വരനെ, അല്ലാഹുവെ വെട്ടമായി സങ്കല്‍പ്പിച്ചു നാം ഇരുട്ടില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുന്നു. പക്ഷെ കാലം മാറി, അതോ നമ്മളോ? കാലത്തിനു മാറ്റമില്ല. നേരായ അറിവ് നേടുന്നവര്‍ നെഞ്ചു വിരിച്ചു ആകാശത്തിനും അപ്പുറത്തേക്ക് വളരും. വികലമായ അറിവെങ്കിലോ മുരടിച്ചു പോകും. ഇത് മുരടിപ്പിന്റെ കാലം. നമുക്കെന്തും അസ്വസ്ഥതയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment