മഞ്ഞുകാലത്തിന്റെ
മൌനക്കൂടുകളിൽ വെള്ളിമേഘങ്ങളുടെ തുരുത്തുകളിൽ പ്രണയം ഒളിച്ചുപാർക്കുന്നു...
ജീവിതത്തിന്റെ പൊന്തകളിൽ കാണാതെപോയ സങ്കടപ്പുഴകൾ..
പവിഴപ്പുറ്റു തേടിപ്പോയ എന്റെ ബാല്യത്തിൽ
നെയ്തുകൂട്ടിയ കിനാവുകളിൽ ഒക്കെയും നീ ഒളിച്ചു പാർത്തിട്ടുണ്ട്..
ഇന്ന് ഈ കാണാത്തിരകൾ നിന്നെ വായിക്കാൻ
പഠിപ്പിക്കുന്നു. അക്ഷരം വേണ്ടാത്ത, നിറങ്ങൾ വേണ്ടാത്ത പുസ്തകം
നിവർത്തിയിടുന്നു..
ഞാൻ നിന്നെ കാണാൻ ശ്രമിക്കുകയാണ്..
ഒരു വൃക്ഷം ഒരായിരം വൃക്ഷങ്ങളുടെ മൌനം
സൂക്ഷിക്കുന്ന ഇടവഴിയിൽ ഞാൻ നിനക്കായി പ്രണയത്തിന്റെ വിത്തു പാകുന്നു..
മേഘമല്‍ഹാർ രാഗത്തിൽ പ്രണയം പാടുന്നു.
ചങ്കിലെ നീറ്റൽ രുചിച്ചൊരു തിരി
തെളിയുന്നു. ഹൃദയങ്ങൾ
തമ്മിൽ കൊരുത്ത് തീ പാറുന്നു... എന്റെ ആകാശത്ത്, ആർക്കും കടക്കാനാവാത്ത എന്റെ പാതയിൽ,
എന്റെ കാറ്റിൽ നാളത്തിന്റെ
ഉലച്ചിലാകുന്നു നീ... നാളമകന്നാലും ഉലച്ചിൽ ബാക്കിയാവുന്നു...
വിരിഞ്ഞ മുട്ടയിൽ നിന്നാ കുഞ്ഞിന്റെ
കുതിപ്പായൊരു കവിത.. കുതിപ്പിലും വിവശത.. തപിച്ച് തപിച്ചു നീങ്ങുന്ന തുള്ളികൾക്കു
നദിയെന്നു പേർ ചാർത്തിയതാരാണ്? തപിക്കുന്ന ഹൃദയങ്ങൾക്കു പ്രണയമെന്നു മുദ്ര
ചാർത്തിയതുമാരാണ്?
Sunday, May 17, 2026
മേഘമല്‍ഹാർ
Friday, May 15, 2026
കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ
മഞ്ഞിന്റെ മൌനത്തിലേക്ക്
മാമ്പൂവീഴ്ച്ച,
എന്നിലേക്ക് നീയും
എത്രമേൽ സ്വകാര്യമായി..
ലോകത്തിനു മുന്നിൽ
നാം അപരിചിതർ,
എന്നാൽ അലയടങ്ങാത്ത കടലായി
രണ്ട് ഹൃദയങ്ങൾ
വളരുന്ന തിരകളിലൂടെ
ആത്മാവ് പ്രണയം പങ്കിടുന്നു.
നാം നമ്മിലൂടെ
മേഘത്തിന്റെ വാചാലതയിലൂടെ
സ്വപ്നം കാണുകയും
സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്നു.
ഗുൽമോഹറിലേക്ക്
സന്ധ്യചായുന്നതുപോലെ
ഞാൻനിന്നിലേക്ക്,
നിന്റെ ഞരമ്പുകളിലേക്ക്,
അറ്റമില്ലാത്ത ആത്മാവിന്റെ പാതയിലേക്ക്.
ഭ്രാന്തന്മാരുംഅന്ധന്മാരും
സ്വപ്നംകാണുന്നു,
അവരത്വെളിപ്പെടുത്തുന്നില്ലെങ്കിലും.
നിന്നെകുറിച്ചൊരുവരി
എഴുതാൻ തുടങ്ങുമ്പോൾ
പ്രണയലഹരിയിലേക്ക്
വീണുപോകുന്നു.
നിന്റെ കണ്ണുകളിലെ
സുന്ദരമായൊരു കിനാവ്
വിരിയാതെ നിൽക്കുന്നു.
അത് വായിക്കുന്നില്ലെങ്കിലും
കണ്ണുകളിലെ തിളക്കം
നിലാവിനെ കുടഞ്ഞിടുന്നു.
കണ്ണ്കണ്ണുകളെ
വായിക്കുന്നില്ല,
ചങ്കിൽ നിന്നൊലിച്ച
ചോരയിൽ ചങ്ക്നീറിപ്പിടിക്കുമെങ്കിലും
അവിടെ വിരിയുന്ന വികാരങ്ങൾ
പുറംതള്ളുന്നില്ല.
കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ
തൂങ്ങിയാടുന്ന ബൾബിലൂടെ
ഞാൻ നിന്റെ കണ്ണുകളെ അനുഭവിക്കുന്നു.
എന്റെ കാഴ്ച്ച നിന്നിലൂടെ യാത്രപോകുന്നു.
ഗോതമ്പുവയലുകളിൽ
സ്വപ്നത്തിന്റെകൈവരിയിൽ
നിറഞ്ഞു പാടിയസിത്താറിന്റെസംഗീതം,
തീവണ്ടിമുറികളിൽ
വിയർക്കുന്ന ഹൃദയങ്ങളുടെ
പുറപ്പാടിന്റെപാട്ട്,
പിന്നെ
പ്രണയികളുടെ ആകാശങ്ങളെയെല്ലാം
അനുഭവിക്കുന്നത്
നിന്റെകണ്ണുകളിലൂടെയാണ്.
ഉണക്കാനിട്ടൊരുസ്വപ്നത്തിന്
നീകാവലിരിക്കുന്നു.
നിന്റെ ഹൃദയചോരയിൽ പിറന്നൊരു കവിത
പ്രാണനെ മുറിക്കുന്നു.
എന്റെ പ്രാണനെ ഉഴുതുമറിക്കുന്നു.
എത്രവേദനയോടെയാണ് ഞാനപ്പോൾ
നിന്നിലേക്ക് ചേർന്നിരിക്കുക.
Friday, May 8, 2026
കടലിന്റെ കേന്ദ്രബിന്ദു തേടി
ഇവിടെ, ഈ രാത്രിമരച്ചുവട്ടിൽ
ഞാൻ നിൽക്കുന്നു, തനിയേ നിൽക്കുന്നു. ആദ്യവെളിച്ചത്തിന്റെ
തരികൾ തേടുന്നു, ആദ്യ കണ്ണുകളുടെ വെളിച്ചം തേടുന്നു, ആദ്യ കേൾവിയുടെ കാതു തേടുന്നു. കാലത്തിന്റെ ഭ്രാന്ത് ഉന്മാദത്തിന്റെ
ഇലകളായി എന്നിൽ പെയ്യാൻ കാത്തുനിൽക്കുന്നു. ജീവന്റെ ചരടിൽ പ്രണയ മുത്തുകൾ
തൂക്കിയിടുന്നു, തെരുവിന്റെ തുറസിലേക്ക് കാലത്തിന്റെ
നെടുങ്കൻ വായിൽ നിന്നും ഇറങ്ങിവന്ന് വീണ്ടും നടക്കാൻ തുടങ്ങുന്നു.
കടലിന്റെ
കേന്ദ്രബിന്ദു തേടി, തിരകൾക്ക് മീതെ യാത്ര ചെയ്യുന്നു.
ഭ്രാന്തെഴുതുന്ന ചിപ്പികളുടെ മുത്തുകളിലേക്ക് എന്നെ വലിച്ചെറിയട്ടെ.
മാവ് പൂത്ത് മണം പരക്കുമ്പോൾ വിരിയാൻ പോകുന്ന
മാങ്ങയുടെ മരണം അടയാളപ്പെടുന്നു. എന്നെ പിഴുതെറിയുന്ന കൊമ്പിൽ നിന്നും എന്റെ
വിത്തു കൊത്തിയെടുത്ത് പ്രാവ് കുറുകുന്നു. കടലിന്റെ അകക്കാമ്പിലേക്ക് പോകാനുള്ള
ആവേശം ഇരട്ടിക്കുന്നു. എത്രമേൽ പ്രഹരിച്ചിട്ടും കൊല്ലപ്പെടാത്ത ഞാൻ നിനക്കായി
പാടുന്നു.
രാത്രിയുടെ
രാത്രിയിൽ
ഹൃദയത്തിന്നിടനാഴിയിൽ വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂവിൽ ഗന്ധർവ്വ
ഹൃദയം തെളിയുന്നു. പ്രണയിച്ചു കൊതി തീരാത്തവരുടെ ആത്മാവ്
അലയുന്നു. ഈ ഏകാന്തതക്ക് അത്രക്ക് മധുരമൊന്നുമില്ല, ഏകാന്തതയുടെ
മുള്ളുകൾ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നു. ഓരോ മുള്ളും മൽസരിച്ച്
ആഴം തേടുമ്പോൾ വേദനക്കുമേൽ വേദന സവാരി ചെയ്യുന്നു. എവിടേക്ക് പോകണമെന്നറിയില്ല,
എന്ത് ചെയ്യണമെന്നറിയില്ല, എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും
അറിയില്ല. പിന്നിട്ട പാതകളിലേക്ക്, സ്വപ്നങ്ങൾ
കുഴിച്ചുമൂടിയ ഇടങ്ങളിലേക്ക് ആരോ എന്നെ കൊണ്ടുപോകുന്നു. മറക്കാൻ ശ്രമിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത എന്നെ മടക്കിയെടുക്കാൻ
ശ്രമിക്കുന്നു. ഇനിയും അഗ്നിയുടെ പാതയിലൂടെ, കണ്ണീരിന്റെ ചാലുകളിലൂടെ കാലമെന്നെ വലിച്ചിഴച്ചേക്കാം….