Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Thursday, June 23, 2011

നടുക്കത്തോടെ ചില ചോദ്യങ്ങള്‍

ആളുന്ന കര്‍പ്പൂര മണത്തില്‍ നടുക്കം വിടാതെ കണ്ണുകള്‍ .. നോട്ടം വലയമായി തീരുന്നത് എന്റെ ഉടലിലോ എന്നില്‍ നിന്നും തെറിച്ചു പോയ ജീവനിലോ?
ഒന്നനങ്ങാന്‍ ആവുന്നില്ലെങ്കിലും എനിക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.
മൂക്കില്‍ , വായില്‍ , കണ്ണിലൊക്കെ   പഞ്ഞി തിരുകിയ വിരലുകള്‍ എനിക്കറിയാം. ഒരു നന്ദി വാക്ക് പോലും പറയാനാവാതെ. എനിക്കൊരു നോട്ടമുണ്ടായെങ്കില്‍ , അതിനു വികാരമുണ്ടായെങ്കില്‍  ചിലത് ആംഗ്യമായി ചൊല്ലിയേനെ..
പേര് അടയാളമായ എന്റെ ഉടലില്‍ നോക്കി ഞാന്‍ നേരത്തെ നടന്നിരുന്ന പാതകളില്‍ അവര്‍ ചില ചിത്രങ്ങള്‍ നെയ്യുന്നുണ്ട്.
എന്നെ തെണ്ടീ, തെമ്മാടീ, നെറികെട്ടോന്‍   എന്നൊക്കെ അടക്കം പറഞ്ഞിരുന്ന ഒരാള്‍ സഹതപിക്കുമ്പോള്‍ എന്നിലൊരു ചിരിയുണ്ട്...
എന്റെ ഉടലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജീവനും ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്.
 ഞാനോ ജീവനോ  ശരിയെന്നറിയണം.
ഒറ്റ കുതിപ്പോടെ പള്ളി കാട്ടിലേക്ക് നീങ്ങുന്ന മയ്യത്ത് കട്ടിലിനും ഒച്ചയില്ലാ സംസാരങ്ങള്‍ ...
ഖബറിലെ ഇടുക്കമുള്ള ഇരുട്ടില്‍ അനങ്ങാ പാറ പോലെ കിടക്കുന്ന ഉടലില്‍ തുളഞ്ഞിറങ്ങിയ പുഴുവിന്റെ ചോദ്യമാണ് ഇന്നെന്നെ നടുക്കുന്നത്....



Sunday, June 5, 2011

ഞാന്‍

നനഞ്ഞ മേഘത്തില്‍ എത്തുന്ന നിന്റെ നോട്ടം എന്റെ ഹൃദയത്തെ
ഇളക്കുന്നതെന്തേ... തടസ്സമില്ലാതെ കടന്നുപോകുന്ന ഓരോ വികാരവും എന്നില്‍ ചുഴികള്‍ തീര്‍ക്കുകയും... കാലത്തിന്റെ തോട്ടു വരമ്പുകളില്‍ രണ്ടിടത്തേക്ക് നടന്നു ഒറ്റവഴിയിലെത്തി പടം പൊഴിച്ചവര്‍ ...
പടങ്ങളായിരുന്നു തടസ്സം. നിന്നെ എന്നിലേക്കും എന്നെ നിന്നിലേക്ക്‌ തടഞ്ഞത്. നാം പടങ്ങള്‍ കാണാതെ വഴി നീളെ തേടി. എന്റെ ഓരോ ശ്വാസവും നിനക്കായി അലഞ്ഞു. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു. അതുകൊണ്ട് ആ പ്രകാശധാര കിട്ടാതെ ഇരുട്ടിലേക്ക്.
ഭൂമിയില്‍ ചിന്തിക്കുന്നവന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നു വിശുദ്ധ വചനം. വചനം ഏതു ഭാഷയിലാവട്ടെ. വചനം പാതയായി മാറിയപ്പോള്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ എലിക്കു ഭക്ഷിക്കാന്‍ കൊടുത്തു. പഠിച്ചു തുലച്ച ദിവസങ്ങളെ മറവിയില്‍ കുഴിച്ചിട്ടു. ചര്‍ച്ചകളെ തര്‍ക്കങ്ങളെ അധരവ്യായാമമായി കണ്ടു...
അവധൂതന്മാര്‍ , മഹത് വചനങ്ങള്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കിടന്നു ചാവുന്നിടത്തു എനിക്കെന്തു കാര്യം.
എനിക്കിന്ന് ഓര്‍മകളില്ല, മറവികളും... ഈ നിമിഷത്തിന്റെ യാഥാര്‍ത്യത്തില്‍ ... തുടക്കമോ ഒടുക്കമോ ഇല്ലാതെ...

Tuesday, May 3, 2011

അസ്വസ്ഥമായ ചില ചോദ്യങ്ങള്‍

പണ്ട്, വളരെ പണ്ട്, ഒരു മന്ത്രി പുത്രിയെ ഭീകരര്‍ റാഞ്ചിയപ്പോള്‍   ലോകം ഒന്നടങ്കം പ്രാര്‍ഥിച്ചു. തെരുവില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ റാഞ്ചപ്പെടുകയോ   ചെയ്യപ്പെടുന്ന സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയുമില്ല കരച്ചിലുമില്ല. അന്ന് ഞാന്‍ ഓര്‍ത്തത് മന്ത്രി പുത്രിയും സാധാര പെണ്‍ കുട്ടിയും  തമ്മിലുള്ള വ്യത്യാസമെന്തെന്ന്... അതിനൊക്കെ മുമ്പ് മറ്റൊരു സത്യം , ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പകരം വീട്ടിയത്, സിഖുകാരെ കൊന്നൊടുക്കിയത്. അന്നും ഞാനോര്‍ത്തു ഇന്ദിരയുടെ ജീവനും സിഖുകാരന്റെ ജീവനും തമ്മിലെന്ത്. ഇന്ദിര എന്ന ഒരേ ഒരാളുടെ ജീവന് പകരം ലക്ഷം സിഖുമാരുടെ ജീവന്‍ .......

Tuesday, September 29, 2009

ഈശ്വരനെ മോചിപ്പിക്കുക...

മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത്‌ പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...