പലരും പറയുന്ന ന്യായമുണ്ട് യഥാര്‍ത്ഥ മുസല്‍മാന് മറ്റുള്ളവരെ ആക്രമിക്കാനോ അപായപ്പെടുത്തുവാനോ കഴിയില്ലെന്ന്. അവർ തന്നെയാണ് ഉത്തരം പറയേണ്ടത് ചേകന്നൂരിനെ മുക്കിയവരും അധ്യാപകന്റെ കൈവെട്ടിയവരും യഥാര്‍ത്ഥ മുസൽമാന്മാർ ആണോ എന്ന്. യാതൊരാളാവട്ടെ തന്റെ മതത്തിലേക്ക് ആളെ ക്ഷണിക്കുന്നത് മറ്റ് മതങ്ങൾ തെറ്റെന്ന് വാദിച്ചുകൊണ്ടാണ്. മറ്റ് മതങ്ങൾ ശരിയെന്ന് തോന്നുന്നുവെങ്കിൽ പിന്നെ തന്റെ മതത്തിലേക്ക് ക്ഷണിക്കേണ്ടതില്ലല്ലോ. ഇസ്രയേലും ഇസ്രയേലിയരും ശത്രുക്കളെന്ന് പഠിപ്പിക്കുന്നത് പോലും അപകടകരമാണ്. കേരളത്തിൽ കഴിയുന്ന ഒരു മുസൽമാൻ എത്രയോ അകലെയുള്ള ദേശത്ത് പാർക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും കാണാനിടയില്ലാത്തതുമായ ഇസ്രായേലികളെ എന്തിന് ശത്രുവാക്കണം... ശത്രുത ഒഴിവാക്കി മുന്നോട്ട് പോകാനാവുമ്പോൾ മാത്രമേ സമാധാനം അനുഭവിക്കാനാവൂ.. ഫാസിസത്തിനു നിലനിൽക്കാൻ ഒരു ശത്രു വേണം, ആ തലത്തിലേക്ക് മതങ്ങൾ പോകരുത്.
Showing posts with label എഴുത്ത്.. Show all posts
Showing posts with label എഴുത്ത്.. Show all posts
Monday, July 18, 2016
Friday, May 27, 2016
സംഗീതം
സംഗീതമില്ലാത്ത മനസ് വരൾച്ചയുടെ ദേശം വിളിച്ചുവരുത്തുന്നു. കലാസാഹിത്യം വിരോധിക്കുന്നിടത്തും അതുതന്നെയാണ് സംഭവിക്കുക. എന്തിന്റെ പേരിലായാലും മനുഷ്യ ജന്മം തൊഴുത്തിലെ കാടിവെള്ളവും വൈക്കോലും ചവച്ച് അവസാനിപ്പിക്കാനുള്ളതല്ല. ഏതെല്ലെമോ കിത്താബുകളിൽ നിന്നും തപ്പി സംഗീതം ഹറാമെന്ന് പുരോഹിതൻ പറയുമ്പോൾ പുരോഹിത ഭാഷ ഭക്തരെ തൊഴുത്തിലേക്ക് വലിക്കുകയാണെന്ന് വ്യക്തം. പ്രവാചകൻ സംഗീതം ആസ്വദിച്ചിട്ടുണ്ട്.. ആസ്വദിച്ചാലും ഇല്ലെങ്കിലും സംഗീതമൊഴിഞ്ഞ ഹൃദയത്തിനു ദൈവത്തെ അനുഭവിക്കാനാവില്ല. പ്രണയവും സഗീതവുമില്ലാത്തൊരാൾ ദൈവത്തെ അനുഭവിക്കുന്നുവെന്ന് പറഞ്ഞാൽ ആ ആളുടെ ദൈവം വരൾച്ചയുടെ ദേശമെന്ന് പറയാം.
Monday, March 14, 2016
മതയിടങ്ങളെന്ന ചതി
മനുഷ്യൻ പിറക്കുന്നത് സ്വതന്ത്രമായി, മതമില്ലാതെ.. പിറവിയുടെ ചൂളം വിളി അവസാനിക്കും മുമ്പ് കാതിലൂടെ ആത്മാവിലേക്ക് മതമെന്ന ഈയം ഉരുക്കിയൊഴിക്കുന്നു. തുടർ യാത്രയിൽ ഈയമാണ് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുക, തന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റ്. തന്റെ മത ഗ്രന്ഥം മാത്രം ശരി, മറ്റെല്ലാം വെറും വാറോലകൾ... അകമേ നിന്നും ആ ഈയം എന്ന് പുറത്തേക്ക് തള്ളുന്നുവോ അന്നേ മനുഷ്യനെ മനുഷ്യനായി കാണാനാവൂ. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും മത മേസ്തിരിമാരും ചേർന്നുള്ള കൂട്ട് കച്ചവടമാണ്. മനുഷ്യർ ഭിന്നിച്ച് നിമ്പോഴാണ് കച്ചവടം കൊഴുക്കുക...
Sunday, March 13, 2016
മാധ്യമങ്ങൾ
ചാനൽ ചർച്ചകൾ നിരോധിച്ചാൽ പകുതി മാലിന്യം ഒഴിഞ്ഞുകിട്ടും.. പോയ തലമുറ
പത്രങ്ങൾ വായിച്ചുതന്നെയാണ് രാഷ്ട്രീയം ചർച്ച ചെയ്ത് ചായക്കട വരാന്തകളെ
സജീവമാക്കിയത്. അന്നത്തെ പത്രങ്ങൾക്ക് എഴുപത് ശതമാനാമെങ്കിലും
നേരുണ്ടായിരുന്നു. ഇന്നോ? മനുഷ്യനോടൊത്ത് നിൽക്കേണ്ട മാധ്യമങ്ങൾ മതങ്ങളോടും
രാഷ്ട്രീയത്തോടും കുത്തക മുതലാളിമാരോടും ചേർന്ന് നിൽക്കുന്നു. ഒരു
പാർട്ടി ഭരിക്കുമ്പോൾ ശരിയായി അവതരിപ്പിച്ചത് മറ്റൊരു പാർട്ടി
അധികാരത്തിലെത്തുമ്പോൾ തെറ്റായി അവതരിപ്പിക്കുന്നു. എങ്കിൽ രണ്ടും ശരിയല്ല,
സത്യം എവിടെയോ കഴുത്ത് പിരിഞ്ഞ നിലയിൽ കിടക്കുന്നു. നുണകൾ പെരുകുന്നത്
മനുഷ്യന്, ദേശത്തിനു ദോഷമാണ്....
Thursday, March 3, 2016
സാഹിത്യരംഗത്തെ ഊളകൾ
സാഹിത്യ അക്കാദമികളിൽ കയറികൂടുന്ന വിരകൾ രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികളാണ്. പുരസ്കാരം നേടുന്ന കൃതികൾ കൂടുതൽ വിറ്റുപോകും. അതുകൊണ്ട് അവർ വച്ച് വിളമ്പുന്ന പുരസ്കാരങ്ങൾക്ക് വായനക്കാരെ കബളിപ്പിക്കാനാവുമെങ്കിലും ആ പേരിൽ എഴുത്തുകാർക്ക് വേദികൾ പലത് കിട്ടുമെങ്കിലും പ്രത്യേകിച്ച് ഭാഷക്ക് ഒരു ഗുണവുമില്ല. ഇന്ന് സാഹിത്യ ലോകത്ത് നടക്കുന്നത് വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാരെ മാന്യന്മാരെന്ന് പറയാം. അത്രമേൽ ജീർണതയാണ് ചില കോക്കസുകളുടെ കളികൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. ഇവിടെ ആര് എഴുത്തുകാരൻ/കാരി ആവണമെന്ന് തീരുമാനിക്കുന്ന നാറിത്തരത്തെ നല്ല എഴുത്തുകൾ മുറിച്ചുകടക്കുകതന്നെ ചെയ്യും. ഒരു സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് എഴുത്തുകാർ തീരുമാനിക്കുന്നു. അല്ലാതെ അക്കാദമിക് ഊളകളുടെ മദ്യപാനസദസുകളല്ല തീരുമാനിക്കേണ്ടത്..
Saturday, October 24, 2015
മനുഷ്യനാവുക
യാതൊരാൾ മുസ്ലീം കുടുംബത്തിൽ പിറക്കട്ടെ അയാൾ മുസ്ലീമും കൃസ്ത്യൻ കുടുംബത്തിൽ പിറന്ന ആൾ കൃസ്ത്യാനിയും ദലിത് കുടുംബത്തിൽ പിറക്കുന്ന ആൾ ദലിതും ആകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് ഏവർക്കും അറിയാം... ഓരോരുത്തരും തങ്ങളിൽ കുത്തപ്പെട്ട മത സമുദായ ചാപ്പയുടെ ഭാരവും പേറി കാലം കഴിക്കുന്നു. അതിനിടയിൽ തങ്ങൾ ഉത്തമ സമുദായമെന്നോ ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നവരോ ആണെന്ന ചൊറിയൻ വാദവുമായി നടക്കുന്നു. മതങ്ങളെന്ന തൊഴുത്തിൽ നിന്നും രക്ഷപ്പെടുന്നവരാണ് വിപ്ലവകാരികൾ. ആരാധനാലയങ്ങളിൽ ജനിക്കുന്നത് നന്ന് അവിടെ കിടന്ന് മരിക്കരുതെന്ന സ്വാമീ വിവേകാനന്ദ വചനം ഓർത്തുപോകുന്നു.. നല്ലത് സ്വീകരിക്കുക,മോശം വലിച്ചെറിയുക. ഏതൊരു മതമാവട്ടെ അതിൽ നിന്നും നന്മകൾ പെറുക്കിയെടുക്കാം. മറ്റൊരു മതത്തിൽ ഉള്ള നന്മ എടുത്താൽ താൻ മതത്തിനു പുറത്തായെന്ന ധാരണ തിരുത്തപ്പെടണം. രോഗം വന്നാൽ രോഗത്തിന് ചികിത്സ തേടണം. അതല്ലാതെ ഡോക്ടറെ കണ്ടാൽ ദൈവത്തെ വിട്ട് ഡോക്ടറെ തേടിയെന്നും അത് ദൈവത്തെ ചെറുതാക്കുകയോ ദൈവത്തോട് കൂട്ടിചേർക്കുകയോ ആണെന്ന വരട്ട് പൌരോഹിത്യ ചിന്ത ഉപേക്ഷിക്കണം. ഒരു ഭക്തനാവാൻ, മത സേവകനാവാൻ, ഡോക്ടറോ എഞ്ചിനീയറോ ആകാൻ എന്തെളുപ്പം. എന്നാലൊരു മനുഷ്യനാവുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. മനുഷ്യനാക്കാൻ പറ്റിയ യൂണിവേഴ്സിറ്റികളൊന്നും ഇല്ലെന്നാണറിവ്. സ്വയം മനുഷ്യനാവുക..
Friday, October 23, 2015
ഇരട്ടത്താപ്പ്
പോറ്റി വളർത്തുമ്പോൾ നല്ല തീവ്രവാദിയും, എതിരിടുമ്പോൾ ചീത്ത തീവ്രവാദിയെന്നും വർത്തമാന ഭാഷ. ഒരിക്കൽ ലാദൻ അമേരിക്കയുടെ മാനസപുത്രനായിരുന്നു. സദ്ദാമിനെ അമേരിക്ക എങ്ങനെയെല്ലാം ഉപയോഗിച്ചെന്നും കണ്ടുകഴിഞ്ഞു. ഇന്ന് റഷ്യ ഐസിസ്സ് ഭീകരരെ തുടച്ച് നീക്കാൻ തുനിയുമ്പോൾ അമേരിക്കക്ക് പൊള്ളുന്നെങ്കിൽ അതിന്റെ രാഷ്ട്രീയം വേറെയാണ്. ഇതേ സമീപനം തന്നെയാണ് ലോകം വച്ചുപുലർത്തുന്നത്, അവിടെയാണ് മൃദു വർഗീയതയെന്നും അതിവർഗീയമെന്നും പറയുന്നത്. ഇതിലൊന്നും താത്വികമായ അവലോകനമൊന്നും നടത്തേണ്ടതില്ല. തക്കാളിയുടെ ഒരു അരിക് ചീഞ്ഞാൽ പിന്നെ അത് ചീഞ്ഞ തക്കാളി തന്നെയെന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാലും അറിയാം..
Thursday, October 15, 2015
ഫാസിസത്തിനെതിരേ
വർഗീയതയെന്ന കൃമി വളരുന്നതാണ് ഫാസിസം. ഫാസിസത്തെ എതിർക്കുമ്പോൾ വർഗീയതയെ എതിർക്കേണ്ടതുണ്ട്. ഫാസിസം വരാതിരിക്കാൻ, ഫാസിസം വിഴുങ്ങാതിരിക്കാൻ വർഗീയകക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിഡ്ഡിചിന്തകരാണ്. ഫാസിസത്തെ തോൽപ്പിക്കാനുള്ള സമരത്തിൽ ഏറ്റവും ചെറിയ വേരുകൾ പോലും പിഴുതെറിയേണ്ടതുണ്ട്. അവിടെ ഏതെങ്കിലുമൊരു പക്ഷമുണ്ടെങ്കിൽ നന്മയുടെ പക്ഷമെന്നോ മനുഷ്യപക്ഷമെന്നോ കരുതണം. മതങ്ങളെ കൂട്ടുപിടിച്ചുള്ള സമരം മറ്റൊരു ഫാസിസത്തെ വളർത്തി വിടലാണ്. അതുകൊണ്ട് ഫാസിസത്തെ എതിർക്കുന്നവർ രാഷ്ട്രീയക്കാർ ആവട്ടെ, എഴുത്തുകാർ ആവട്ടെ വർഗീയതയോടോ സമുദായങ്ങളോടോ കൈകോർക്കാതിരിക്കുക...
Tuesday, October 13, 2015
സംഗീതം
സംഗീതം പ്രണവമാണ്.... യാതൊരാൾ സംഗീതത്തിലാവട്ടെ, അത് മനുഷ്യമനസ്സുകളെ കീഴടക്കട്ടെ, അപ്പോൾ ദൈവത്തിന്റെ പൂന്തോപ്പിൽ വസന്തമല്ലോ... സംഗീതത്തെ വിരോധിക്കുന്നവർ ആരുമാവട്ടെ അവർ ചെകുത്താന്റെ പിന്മുറക്കാരത്രേ... സംഗീതത്തിന് ജാതിമതമില്ല.... സംഗീതത്തിലേക്ക് തിരിയുന്ന ജാതിമതകണ്ണുകൾ പിശാചിന്റേത് തന്നെ....
Friday, October 2, 2015
ഗാന്ധി ജയന്തി
ഒരുവേള കലണ്ടറിൽ നിന്നും ഒക്ടോബർ രണ്ട് വെട്ടിപോകുകയോ നിരോധിക്കപ്പെടുകയോ ചെയ്യാം. മനുഷ്യ ഹൃദയങ്ങളിൽ നിന്നും അഹിംസയുടെ പുഞ്ചിരി ആർക്കാണ് ഞെരിച്ചുകളയാനാവുക.... ബീഫിന്റെ പൈങ്കിളി കഥയെ ഏറെകാലം ധർമ്മപുരിക്ക് ചുമക്കാനാവില്ല.. ഇത് ഇന്ത്യ, ഇത് ബ്രിട്ടനെ തുരത്തിയ ദേശം... ഹിന്ദുവും മുസൽമാനും കൃസ്ത്യനും സിഖും ജൈനരും മറ്റും മറ്റും വിരിഞ്ഞുനിൽക്കുന്ന പൂന്തോപ്പ്... ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന് കാതിലോതിയ മണ്ണ്....
Sunday, September 27, 2015
വർഗീയതക്ക് എതിരേ..
വർഗീയതക്ക് എതിരേ ലീഗുമായി മാർക്സിസ്റ്റ് പാർട്ടി കൈകോർക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക... ലീഗിനോടൊപ്പം വേദി പങ്കിടുന്നത് ആത്മഹത്യാപരം തന്നെയാണ്.. അതുകൊണ്ട് ഗുണം ഉണ്ടാക്കുക ലീഗും മറ്റ് വർഗീയ കകക്ഷികളുമാകും. ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന ഗാന്ധിയൻ ചിന്ത മറക്കാതിരിക്കുക.... മാർക്സിസ്റ്റ് പാർട്ടി അധികാരമെന്ന ചിന്ത കളഞ്ഞ് ജാതിമത വർഗീയതക്കും ഫാസിസത്തിനുമെതിരേ പോരാടുക. വർഗീയത ഭൂരിപക്ഷമാവട്ടെ, ന്യൂനപക്ഷമാവട്ടെ അത് വിഷവും ദേശത്തിനു ആപത്തുമാണ്.
Thursday, September 24, 2015
പറഞ്ഞിട്ടെന്ത്..
യൂഡിയെഫിന്റെ ജനദ്രോഹ ഭരണത്തിന് ഉത്തരവാദി പ്രതിപക്ഷമല്ലാതെ മറ്റാര്. ജനപക്ഷമാവുന്നതിനാണ്, ഭരണകൂടത്തിന്റെ ദുർഭരണത്തെ ചെറുക്കുന്നതിനാണ്, തിരുത്തുന്നതിന്നാണ് പ്രതിപക്ഷം. അതിനാവില്ലെങ്കിൽ പ്രതിപക്ഷം ഇല്ലാതിരിക്കുന്നത് തന്നെ ഉത്തമം. പ്രതിപക്ഷ നേതാവിന്റെ കസേര ലഭിച്ചത് അതിലിരുന്ന് ആനുകൂല്യം പറ്റാനും ചാനലിലൂടെ ഓക്കാനിക്കാനുമല്ല എന്ന് കൂടെ ഓർക്കുക.. എന്തുകൊണ്ട് പ്രതിപക്ഷനേതാവിന് യൂഡിയെഫെന്ന കളങ്കിത വ്യക്തിത്വങ്ങൾക്കെതിരെ നിരാഹാര സമരം നടത്തികൂടാ? ഇടതുപക്ഷത്തിന്റെ പരാജയങ്ങളിൽ ഒന്ന് വീയെസിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത് എന്ന് പറയുമ്പോൾ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ടാവും. കാര്യപ്രാപ്തിയുള്ള പാർട്ടിയോടും ജനത്തോടും കൂറുള്ള ഒരാളെ ആ ഇടത്ത് വച്ചിരുന്നെങ്കിൽ പ്രതിപക്ഷം ഇങ്ങനെ കിതക്കില്ലായിരുന്നുവെന്ന് തോന്നുന്നു..
Monday, September 21, 2015
ഗുരു
ഗുരു മനുഷ്യ വിമോചകനായ ഋഷി... കാലം ഇരുളുമ്പോൾ അത് നീക്കാൻ പ്രകൃതി ഓരോരുത്തരെ നിയമിക്കുന്നു. അവർ പ്രകൃതിയുടെ നാവാകുന്നു. മതങ്ങളുടെ തടവറകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് സ്നേഹം പാടിയ ഗായകൻ... ഗുരു ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ സ്വത്തല്ല... ഗുരു എന്താഗ്രഹിച്ചുവോ അത് ജീവിത ചര്യയാക്കുമ്പോൾ ഗുരുസ്മരണയാകുന്നു. ഗുരുവെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ഗുരുനിന്ദയാണ് ചെയ്യുന്നത്...
Monday, September 14, 2015
കപട ദേശ സ്നേഹികൾ
നമ്മുടെ രാഷ്ട്രീയം ശൈശവ ദശയിലെന്ന് പറയുന്നില്ല. ശൈശവദശയിലുള്ള ഒന്നിനു വളർച്ചയുടെ പടികൾ കയറാനാവും. എന്നാൽ ശൈശവത്തിൽ തന്നെ മുരടിച്ചുപോയാലോ? അതാണ് ഇന്നെവിടേയും കാണുന്നത്. തങ്ങൾക്കെന്ത് കിട്ടും, എങ്ങനെയെല്ലാം വെട്ടിപ്പിടിക്കാനാവും, അത്തരം മനസുകളാണ് ഇന്ന് അരങ്ങ് നിറയെ. രാഷ്ട്രീയത്തിലൂടെ ജനത്തിന് എന്ത് നേടികൊടുക്കാനാവുമെന്ന ചിന്ത ഇല്ലാതെയാവുന്നു. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകൾ പരിശോധിച്ചാൽ ആ സ്വാർത്ഥ മുഖം തെളിഞ്ഞുകിട്ടും. ഗ്രൂപ്പുകൾ എതിർ ഗ്രൂപ്പുകളെ തകിടം മറിക്കാനും സ്വന്തം ഗ്രൂപ്പ് വളർത്താനുമാണ് ശ്രമിക്കുന്നത്. ജനത്തിനു വേണ്ടി നിലകൊള്ളുന്നവരെങ്കിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുമല്ലോ! അധികാരം പിടിച്ചടക്കാനുള്ള യാത്രയിൽ എന്ത് നെറികേടും ആവാമെന്ന് പഠിച്ചുകഴിഞ്ഞു. ദേശത്തെ സ്നേഹിക്കുന്നവർക്ക് ദേശത്തെ ജനതയെ ജാതിമത ലേബലോടെ ഭിന്നിപ്പിക്കാനാവില്ല. ധർമ്മം പുലരാൻ ആഗ്രഹിക്കുന്നവർ കൊലയുടെ ഭാഷ പ്രചരിപ്പിക്കില്ല. ദേശത്തെ ജനതയെ ഭിന്നിപ്പിക്കുന്നതും ദേശ ദ്രോഹം തന്നെയാണ്.
Monday, September 7, 2015
മരിച്ചവരുടെ ദേശങ്ങൾ
യാതൊരാളാവട്ടെ, താൻ എല്ലാം പഠിച്ചെന്ന്, താൻ എല്ലാം തികഞ്ഞവനെന്ന് ധരിക്കുന്ന നിമിഷം പരാജയം തുടങ്ങുന്നു. അല്ലെങ്കിൽ ആ നിമിഷത്തോടെ ആ ആൾ മരിക്കുന്നു. പിന്നീടുള്ള യാത്രയിൽ ആ ആൾ മരിച്ചവനാണ്. അല്ലെങ്കിൽ തുടർന്നുള്ള യാത്ര ശവയാത്രയാണ്... എഴുത്തിലാവട്ടെ, രാഷ്ട്രീയത്തിലാവട്ടെ, മതങ്ങളിലാവട്ടെ മരിച്ചവരുടെ ദേശങ്ങളാണ് സിംഹഭാഗവും. ശവങ്ങളുടെ വർത്തമാനങ്ങളാണ് അരങ്ങ് വാഴുന്നത്..
Sunday, September 6, 2015
ഇരകൾ..
ഇരയുടെയുടെയും വേട്ടക്കാരുടേയും ജാതിമതവും ദേശവും നോക്കി പ്രതികരിക്കുന്നവർ എത്ര വേണമെങ്കിലുമുണ്ട്. വേട്ടക്കാർ തസ്ലീമാ നസ്രീനെ ഉന്നം വച്ചപ്പോൾ, സൽമാൻ റുഷ്ദിക്കെതിരെ ഫത്തുവ ഇറങ്ങിയപ്പോൾ ചിലർ വല്ലാതെ ആവേശം കൊണ്ടത്... മറ്റുചിലരോ അതിനെ പ്രതിരോധിക്കുന്നു. കൊല്ലപ്പെട്ട ഹാഷിം ഷഹബാനി, ബംഗ്ലാദേശി ബ്ലോഗെഴുത്തുകാർ പട്ടിക അവസാനിക്കുന്നില്ല. എഴുത്ത് നിർത്തിയ പെരുമാൾ മുരുഗൻ , കൊല്ലപ്പെട്ട കാൾബർഗി .. ഇരകൾ ഇരകൾ തന്നെയാണ്, വേട്ടക്കാർ വേട്ടക്കാരും. ഇന്ന് വേട്ടക്കാരുടെ കൂടെ നിൽക്കുന്നവരിൽ പലരും നാളെ ഇരകളായി മാറിയേക്കാം. ഇതിനിടയിൽ നാം മറന്നുപോകുന്ന പേരുകൾ എത്രയോ.. ഇവിടെതന്നെ, ഈ മലയാളക്കരയിൽ തന്നെയാണ് ചേകന്നൂർ മൌലവി കൊല്ലപ്പെട്ടത്.. ഇടതും വലതും ഭരിച്ചിട്ടും ചേകന്നൂർ മൌലവി ജനിച്ചിട്ടില്ലെന്ന് തന്നെ.. കൊലയാളികൾ പറയുന്നു,, അവർ കൊല്ലുന്നത് ദൈവത്തിനു വേണ്ടിയെന്ന്... രാഷ്ട്രീയക്കാർ പറയുന്നു അവർ കൊന്നുതള്ളുന്നത് പ്രസ്ഥാനത്തിനു വേണ്ടിയെന്ന്... ചില കൊലകൾ രുചിച്ചൂം, ചിലകൊലകളെ എതിർത്തും പാഴ്ജന്മങ്ങളും..
Saturday, September 28, 2013
ഫാസിസ കാലം
ഫാസിസ കാലത്ത് അവർ ആൾദൈവത്തെ കൂട്ടുപിടിക്കും. അതിനു മുമ്പവർ ശരിയായ ദൈവത്തെ കൊന്നിരിക്കും. ദൈവത്തിലേക്കുള്ള പാത ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നവർ വാദിക്കും. അവർ മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നാലവരുടെ മന്ത്രമോ അധികാരം എന്ന് മാത്രമായിരിക്കും. അവർ മതേതരത്വത്തെ കുറിച്ച് വാചാലരാവും, എന്നാലിരുട്ടിൽ മറ്റുമതങ്ങൾക്കെതിരെ ചരട് വലിക്കും... ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് കോർപറേറ്റ് മാധ്യമങ്ങളെ കൊണ്ട് തങ്ങൾക്കനുകൂലമായി സംസാരിപ്പിക്കും..
ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..
ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..
ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..
ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..
Monday, August 26, 2013
സ്ത്രീ
ഒരുകാലത്ത് സാദാരണമായിരുന്ന പിന്നീട് നടുക്കമായി മാറിയ വടക്കൻ കേരളത്തിലെ അറബിക്കല്യാണമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യഭിചാരം ഇപ്പോൾ മറ്റൊരു രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു, മൈസൂർ കല്യാണമെന്ന പേരിൽ. ഇരക്കും വേട്ടക്കാരനും ഇടയിൽ നിന്നും കമ്മീഷൻ പറ്റുന്ന മറ്റൊരു ജന്തു കൂടിയുണ്ട് ഇത്തരം വ്യഭിചാരങ്ങളിൽ...
കോഴിക്കോട് യത്തീം ഖാനയിൽ നടന്ന സംഭവം കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അനാധ ശാലകൾ ഒന്നല്ല, എത്രയോ ഉണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചിന്ത നമ്മെ അലട്ടുന്നു.
പ്രവാചകനു മുമ്പ് അറേബ്യൻ നാടുകളിൽ പെൺകുഞ്ഞ് പിറന്നാൽ അതിനെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. അതൊഴിവാക്കാൻ, സ്ത്രീയെ സമൂഹത്തിൽ ഉയർത്താൻ വേണ്ടിയാണ് അവള്‍ക്കു മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്ന് വിശുദ്ധ വചനം അവതരിച്ചത്. പ്രവാചക കാലശേഷം അറേബ്യന്‍ നാടുകളില്‍ മാതാപിതാകള്‍ മഹര്‍ തുകക്ക് വലുപ്പം കൂട്ടി വിലപേശുന്നു. കൂടിയ തുക നല്‍കുന്നവന് നിക്കാഹ് ചെയ്തു കൊടുക്കുകയും.. കാര്യമായ സംഖ്യ മഹര്‍ നല്‍കാനാവാതെ ചെറുപ്പക്കാര്‍ അവിവാഹിതരായി കഴിയുന്നു, ചിലര്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നും തുച്ചമായ സംഖ്യ നല്‍കി ഇണയെ കണ്ടെത്തുന്നു. മറ്റിടങ്ങളില്‍ മഹര്‍ എന്ന വചനത്തെ അവഹേളിച്ചുകൊണ്ട് സ്ത്രീക്ക് തുച്ചമായ തുക നല്‍കി പുരുഷന്‍ കനംകൂടിയ സ്ത്രീധനം വാങ്ങുന്നു.
ദേശമേതുമാവട്ടെ, മതമേതുമാവട്ടെ എവിടെയും അവളൊരു കച്ചവടച്ചരക്കായി മാറുന്നു.
കോഴിക്കോട് യത്തീം ഖാനയിൽ നടന്ന സംഭവം കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അനാധ ശാലകൾ ഒന്നല്ല, എത്രയോ ഉണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചിന്ത നമ്മെ അലട്ടുന്നു.
പ്രവാചകനു മുമ്പ് അറേബ്യൻ നാടുകളിൽ പെൺകുഞ്ഞ് പിറന്നാൽ അതിനെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. അതൊഴിവാക്കാൻ, സ്ത്രീയെ സമൂഹത്തിൽ ഉയർത്താൻ വേണ്ടിയാണ് അവള്‍ക്കു മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്ന് വിശുദ്ധ വചനം അവതരിച്ചത്. പ്രവാചക കാലശേഷം അറേബ്യന്‍ നാടുകളില്‍ മാതാപിതാകള്‍ മഹര്‍ തുകക്ക് വലുപ്പം കൂട്ടി വിലപേശുന്നു. കൂടിയ തുക നല്‍കുന്നവന് നിക്കാഹ് ചെയ്തു കൊടുക്കുകയും.. കാര്യമായ സംഖ്യ മഹര്‍ നല്‍കാനാവാതെ ചെറുപ്പക്കാര്‍ അവിവാഹിതരായി കഴിയുന്നു, ചിലര്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നും തുച്ചമായ സംഖ്യ നല്‍കി ഇണയെ കണ്ടെത്തുന്നു. മറ്റിടങ്ങളില്‍ മഹര്‍ എന്ന വചനത്തെ അവഹേളിച്ചുകൊണ്ട് സ്ത്രീക്ക് തുച്ചമായ തുക നല്‍കി പുരുഷന്‍ കനംകൂടിയ സ്ത്രീധനം വാങ്ങുന്നു.
ദേശമേതുമാവട്ടെ, മതമേതുമാവട്ടെ എവിടെയും അവളൊരു കച്ചവടച്ചരക്കായി മാറുന്നു.
Saturday, August 24, 2013
സ്ത്രീയേ
എഴുത്തിലേക്ക് ഇറങ്ങും മുമ്പ് സ്ത്രീയേ നീയോർക്കുക, നിന്നെ വലിച്ചുകീറാൻ ഒരു ലോകം ഒരുങ്ങിക്കഴിഞ്ഞതായി.. നിന്റെ രചനകളിലാവില്ല അവരുടെ കണ്ണുകൾ.. നീ തെരുവിലും കള്ള് ഷാപ്പുകളിലും ഏറ്റവും ചെറിയ മദ്യപാന സദസ്സുകളിൽ പോലും പീഡിപ്പിക്കപ്പെടും.. അവർ നിന്നെ പലവട്ടം നഗ്നയാക്കും... നിന്നെ നേരിൽ കാണുന്ന നിമിഷങ്ങളിൽ അവർ പാടിപുകഴ്ത്തും. നിന്നെ എങ്ങനെയെല്ലാം തകർക്കാമോ അതിനുള്ള കെണിയെല്ലാം അവർ ഒരുക്കി കൊണ്ടിരിക്കും. അതുകൊണ്ട് നീ കരുതിയിരിക്കുക. എല്ലാം സഹിക്കാൻ തയ്യാറായിരിക്കുക..
Thursday, August 22, 2013
തുടർച്ച
പ്രണയം പിറക്കുന്നില്ല, മരിക്കുന്നുമില്ല, തുടര്‍ച്ചയാണത്... ദൈവം വിവാഹം കഴിക്കുകയോ സന്താനോല്പാദനം നടത്തുകയോ ചെയ്യുന്നില്ല. അതിന് മക്കളില്ല അച്ഛനോ അമ്മയോ ഇല്ല. അത് എത്രമാത്രം ശൂന്യമാകുന്നോ അതിലേറെ എവിടെയും എന്തിലും വ്യാപിച്ചിരിക്കുന്നു. കാമത്തിന്റെ സൃഷ്ടിയാണ് അതിനെ സ്ത്രീയോ പുരുഷനോ ആയി കാണുന്നത്. യാതോരാള്‍ ദൈവത്തിലേക്ക് പുറപ്പെടട്ടെ, അയാള്‍ സ്വയം ഉരിയുക, എല്ലാത്തരം മാലിന്യങ്ങളില്‍ നിന്നും മോചിതനാവുക. എല്ലാത്തരം ആഗ്രഹങ്ങളും വെടിയുന്നതോടൊപ്പം യാതൊരു മതത്തിന്റേയോ ആചാരങ്ങളുടെയോ തടവിലാവാതിരിക്കുക; എന്തിന് സ്ത്രീയോ പുരുഷനോ എന്ന ചിന്ത പോലും വലിച്ചെറിയുക.
Subscribe to:
Posts (Atom)