Showing posts with label നേര്. Show all posts
Showing posts with label നേര്. Show all posts

Thursday, September 22, 2011

അസത്യങ്ങള്‍

ഭീകരതയെയും വര്‍ഗീയതയെയും ഫാസിസത്തെയും കുറിച്ച് എഴുതുമ്പോള്‍ ഏകപക്ഷീയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക... അവയൊക്കെ ഭൂമുഖത്തുള്ള സകല മതങ്ങളുടെയും പേരില്‍ അരങ്ങേറുന്നുണ്ട്. മതങ്ങളുടെ പേരില്‍ മാത്രമല്ല അത് രാഷ്ട്രീയത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും ഉണ്ട്...
ജാതി മത വര്‍ഗീയതയോ ഭീകരതയോ ആവട്ടെ, അത് ഗോത്രപരമോ രാഷ്ട്രീയ പരമോ ആവട്ടെ അവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അധികാരത്തിന്റെയും ധനത്തിന്റെയും താല്പര്യങ്ങളാണ്. ഏതൊരു അധികാര കേന്ദ്രത്തിന്റെയും തലപ്പത്ത് ഇരിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുന്നതിനായി നടത്തുന്ന നുണ പ്രചാരങ്ങള്‍ പോലും   ഭീകരതയാണ്. ദേശത്തെ  തെറ്റിധാരണയിലൂടെ സംഘട്ടനങ്ങളിലേക്ക് നയിക്കുന്നതും ഭീകരതയാണ്.
ലോകത്ത് പ്രചരിക്കുന്ന ഓരോ നുണയും ഭീകരതയാണ്. നുണകള്‍ സത്യം കൊണ്ടുവരുന്നില്ല. നുണകള്‍ സമാധാനം സ്ഥാപിക്കുന്നില്ല. നുണകളാണ് യുദ്ധം ഉല്പാദിപ്പിക്കുന്നത്. ലോകത്ത് സംസാരിക്കുന്ന ഓരോ നുണയും സത്യത്തിനു മേല്‍ കറ വീഴ്തുന്നുണ്ട്.
സാഹിത്യം സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരിക്കെ എഴുതുന്ന ഓരോ നുണയും എഴുത്തിനു എതിരാണ്.
അസത്യം പ്രചരിക്കുമ്പോള്‍ ഇരുട്ട് വ്യാപകമാകുമ്പോള്‍ നിശബ്ദനാവുന്ന ഓരോ എഴുത്തുകാരനും ഭീകരതയോടു സന്ധി ചെയ്യുകയോ അതിനു സഞ്ചരിക്കാന്‍ മൌനാനുവാദം നല്‍കുകയോ ആണ്.


Sunday, September 18, 2011

നുണകള്‍ വാഴും കാലം

നുണ നെയ്യും കാലം നുണയുന്നത് എന്റെ ചോര തന്നെ. ഓരോ ഞാനും അതറിയാതെ ജയ്‌ വിളിച്ചു നീങ്ങുന്നു... പാതിരാത്രിയില്‍ ഉരുണ്ടു വന്ന നാണയത്തുട്ടു ചോദിച്ചു, എന്തേ ഞാന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അര്‍ഹനല്ലേ? നിന്റെ പെട്രോള്‍ വഴി ഒഴുകി പോകേണ്ട നാണയം ആയിട്ടുകൂടി എന്തേ അവഗണിക്കുന്നു?
തിരിഞ്ഞു കിടക്കുമ്പോള്‍ മുറിഞ്ഞ സ്വപ്നം വെറുതെ കലഹിച്ചു, ഉണര്‍വിലെങ്കിലും ഓര്‍ക്കുമോ? ആ വഴിക...്കെങ്കിലും ഒരു ചര്‍ച്ച.
എത്രമേല്‍ പാറ്റിയിട്ടും പറന്നു പോകാത്തൊരു പതിര് മുറത്തില്‍ വെറുതെ ചിരിക്കുന്നുണ്ട്.
ഒച്ചയടഞ്ഞ നേരങ്ങളില്‍ ആശയങ്ങള്‍ മുറവിളി കൂട്ടും.. സ്വരമുണ്ടായിട്ടു വേണ്ടേ ജീവന്‍ കൊടുക്കാന്‍ ...
നാളെ മൈക്കുകള്‍ പണി മുടക്കുമെന്ന്, സ്റ്റേജുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന്.
എന്ത് ചെയ്യാം മച്ചി പശുക്കളെ മുന്നില്‍ നിര്‍ത്തി പാലുല്പാദനം പൊടിപൊടിക്കുന്ന കാലത്ത് പിറന്നു പോയത് എന്റെ തെറ്റോ, അല്ലെങ്കില്‍ കാലത്തിന്റെതോ?

Wednesday, September 14, 2011

പുത്തന്‍ കുപ്പിയിലെ വീഞ്ഞ്...

പഴയ വീഞ്ഞ് ലേശം നിറവ്യത്യാസത്തോടെ പുതിയ കുപ്പിയില്‍ വാഴും കാലം. യമ പുരിക്ക് പോയവരെ കുറിച്ച് വ്യത്യസ്ത രചനകള്‍ ... അര്‍ഥം കിട്ടാതെ അലയുന്ന കവികള്‍ പുറമ്പോക്ക് സ്വരത്തിലൂടെ അരങ്ങിലെത്താന്‍ പെടാപാട് പെടുന്നു.
മെട്രോ റെയിലിന് കൊടുക്കാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ ഭൂമി മെട്രോക്ക് തീറെഴുതി കൊടുക്കാന്‍ ഒരുങ്ങുന്നു... ചക്ക കൊടുത്ത് മാങ്ങ വാങ്ങുന്ന കാലത്തിന്റെ തനിയാവര്‍ത്തനം.
ഫ്യൂഡലിസം, സോഷ്യലിസം, കമ്യൂണിസം ഒക്കെ മാറി പീഡനിസം രംഗ പ്രവേശം ചെയ്തു...
പാര്‍ശ്വ വല്‍കൃത ജീവിതങ്ങള്‍ കരിമ്പന്‍ കയറിയ കുപ്പായത്തില്‍ തെരുവില്‍ അലയുന്നു...
ഇക്കോ ടൂറിസം ഒരു ഇസമെന്നു നോക്ക് കൂലിക്കാരന്‍ കണ്ടു പിടിച്ചു...

Saturday, June 18, 2011

എന്റെ സങ്കടം

എന്താണ് അത്യന്താധുനികം എന്നറിയില്ലങ്കിലും അത്യന്താധുനികം
എഴുതണമെന്നൊരു മോഹം. കഥയോ കവിതയോ? തീര്‍പ്പായില്ല. എന്താണ് കഥ എന്ന ചോദ്യത്തില്‍ കഥയില്‍ കഥ വേണമെന്നൊരു വിദ്വാന്‍ .. വിശ്വാസമില്ല.
ജീവിതം തന്നെ കഥയില്ലായ്മ ആയ സ്ഥിതിക്ക് കഥയില്‍ കഥ വേണ്ട.
...എങ്കില്‍ കവിതയിലേക്ക് തിരിഞ്ഞാലോ?പാടില്ലെന്ന് വിലക്ക്. എന്റെ കയ്യില്‍ രണ്ടു വരി കഷ്ടിച്ചേ ഉള്ളൂ. അതെഴുതിയാല്‍ താഴേക്കു കോണകം പോലെ കിടക്കും.
എന്നാല്‍ പിന്നെ അങ്ങ് എഴുതാം.
എന്റെ ഉള്ളില്‍ ഉള്ളത് ഗുളിക പരുവത്തില്‍ എഴുതിയാല്‍ നാട്ടാര്‍ക്കെന്ത്.
ഇനി ഞാന്‍ ആ സങ്കടം കുറിക്കുന്നുണ്ട്...

Wednesday, June 15, 2011

എനിക്കൊന്നും അറിയില്ല..

അക്കേഷ്യയുടെ കടക്കല്‍ വിരുന്നുകാരിയെ പോലെയാണ് ചേമ്പിന്റെ നില്‍പ്പ്. അക്കേഷ്യ കോടാലിയെ ഭയക്കുന്നില്ല, താഴ്വരയില്‍ ആഞ്ഞിലി മരം ഭയക്കുകയും, മലയോടൊപ്പം പിഴുതെറിയപ്പെടും.
മുത്തശിക്ക് വിശ്രമിക്കാന്‍ മുവ്വാണ്ടന്‍ മാവില്ല, പകരം അക്കേഷ്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ഭയന്ന് മകന്‍ ജീവിതം...
ഇടവപ്പാതിക്ക് ഇടവഴിയില്‍ ജലമില്ല.
ഇനി കര്‍ക്കിടകത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മൌസോളം ചുരുങ്ങിയ ജീവിതം സ്ക്രീനിലൂടെ എത്തിപ്പിടിക്കാന്‍ തുനിയുന്നത് എന്നെയോ നിന്നെയോ..

Thursday, June 9, 2011

കവികള്‍ പാതകള്‍

ഓരോ കവിയും ഓരോ പാതയാണ്... ഓരോ പാതയിലും യാത്രകളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് വെളിച്ചം കൂടിയും കുറഞ്ഞുമിരിക്കും... എന്ന് കരുതി ഒരു പാതക്കും മറ്റേ പാത തെറ്റ് എന്ന് പറയാന്‍ അവകാശമില്ല... കവികളിലൂടെ പാതകള്‍ പുനര്‍ നിര്‍മിക്കപ്പെടുകയും,... ഓരോ കവിയും ഓരോ യോദ്ധാവാണ്, സ്വയം ഗുരുവും ശിക്ഷ്യനും ആകുന്നു... ഓരോ കവിയും താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തുകയും...

Monday, May 30, 2011

പതിമൂന്ന് എന്റെ തോഴന്‍ ...

പതിമൂന്നുമായി ഇഷ്ടത്തിലാവട്ടെ. ലോകം വെറുക്കുന്നതിനെ, ഭയക്കുന്നതിനെ ഒക്കെ ഇഷ്ടത്തിലാക്കി കയര്‍ക്കട്ടെ. എനിക്കിന്ന് പതിമൂന്ന് ഇന്ദ്രിയങ്ങളെന്നു സങ്കല്‍പ്പിച്ചു. ആര്‍ക്കും നഷ്ടമില്ലല്ലോ.
യാത്രയുടെ തുടക്കത്തില്‍ അച്ഛന്‍ ഓര്‍മപ്പെടുത്തി, വാത്സല്യം നിറഞ്ഞ ശാസനയോടെ, അകത്തേക്ക് കയറുമ്പോള്‍ വലതു കാല്‍ വയ്ക്കുക. ഐശ്വര്യം ഉണ്ടാകും. അനുസരിച്ചു. പറയുന്നത് അച്ഛനല്ലേ, നുണയാവുന്നത് എങ്ങനെ..
ദാരിദ്ര്യത്തിന്റെ കാടി പശയില്‍ ഉണങ്ങിയ ഉടലിലേക്ക് നീണ്ട പരിഹാസങ്ങള്‍ . കുബേര ബന്ധുവിന്റെ കൊട്ടാരത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് അറിഞ്ഞിട്ടും അറിയാതെ ഇടതു കാല്‍ വച്ച് അകത്തേക്ക്. പിന്നില്‍ ശാസനയും, ചീത്തയും: 'മുടിക്കാന്‍ കേറുന്നു...'
മടങ്ങുമ്പോള്‍ ഓര്‍ത്തു, ഇനിയൊരിടത്തും വലതുകാല്‍ വച്ച് കയറില്ല. കാല്‍ ഏതായാലെന്ത് ഉള്ളു ശുദ്ധമെങ്കില്‍ സര്‍വവും നന്നാവും. വലതുകാല്‍ വച്ച് കയറുന്നവന്‍ സകലതും മുടിയട്ടെ എന്നൊരു പിരാക്ക് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലോ...
കൊട്ടാരത്തില്‍ വാഴും നായകള്‍ ഏതു കാല്‍ എടുത്തു വച്ചാണാവോ അകത്തു കടക്കുക!
ഇനിയൊന്നു പറയട്ടെ, കലണ്ടറില്‍ നിന്നും പതിമൂന്നിനെ പടിയിറക്കുക. കട്ടതില്‍ പതിമൂന്ന് വരുന്നത് പിച്ചക്കാര്‍ക്ക്‌ കൊടുക്കുക.

വാല്‍കഷണം :
വ്യപിചാര ശാലകള്‍ നിരങ്ങുന്നവര്‍ പതിമൂന്നാം നമ്പര്‍ പെണ്ണിനെ എന്ത് ചെയ്യും? അവിടെ പതിമൂന്ന് ആചാരമായി മാറുമോ? അല്ലെങ്കില്‍ പതിനാലിലേക്ക് ഒറ്റ ചാട്ടം?



..

Friday, April 29, 2011

കോടികള്‍ തുലച്ചുള്ള കല്യാണം

ഇന്നലെ വൈകീട്ട് ചന്തയില്‍ നിന്നും ഏറ്റവും വില കുറഞ്ഞ മീന്‍ വാങ്ങി പോകുന്ന ഓമന. തടിച്ച ഉടല്‍ , അതിനകത്താകെ രോഗം കുടിയിരിക്കുന്നു. അമ്പതോളം വയസ്സ് പ്രായം. അടുത്ത മാസം പതിനഞ്ചിന് മകളുടെ വിവാഹമാണ്. മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തു ക്ഷീണിക്കുന്ന റേഷന്‍ ജീവിതങ്ങളില്‍ ഒന്ന്. മകള്‍ക്ക് എഴുപതിനായിരം രൂപയുടെ ആഭരണങ്ങള്‍ കൊടുക്കണം. അതിനെവിടെ പണം. സ്വര്‍ണക്കടക്കാരന്‍ കടമായി കൊടുക്കാം എന്നേറ്റു. അത്രയും ആശ്വാസം. പക്ഷെ കല്യാണം കഴിഞ്ഞു തൊട്ടടുത്തൊരു ദിവസം ഉണ്ടെങ്കില്‍ അന്ന് അയാളുടെ കടം തീര്‍ക്കണം.
അല്ല ഓമനയുടെ മകളുടെ കല്യാണം നടക്കും. ഓമന പിന്നീട് ഒരിക്കലും വീട്ടാനാവത്ത   കട കെണിയിലും  ..
ഓമനമാര്‍ തുലയട്ടെ, ചാനല്‍ ഒന്ന് മാറ്റി പിടിക്കാം. രാജ കല്യാണത്തില്‍ മതി മറക്കാം.
അല്ല ഓമനേ, നീയെന്തിനു വിഷമിക്കണം. നിന്റെ ആമാശയത്തിലും രാജ ആമാശയത്തിലും കലങ്ങുന്ന വസ്തുക്കള്‍ പലതാകാം. പുറത്തു വരുന്നത് മലമായിട്ടു തന്നെ. നിന്റെയും രാജാവിന്റെയും ശവങ്ങള്‍ക്ക്‌ പറയാനുള്ളതും ഒന്നുതന്നെ...

Wednesday, April 27, 2011

നുണയോ നേരോ

വിയെസ് ആണ് ശരി എന്ന് പറയുന്നിടത്ത് മറ്റെല്ലാം നുണ എന്ന് വരുത്തി തീര്‍ക്കുന്നു. ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. ജനങ്ങളെ അകറ്റി എന്ന് പറയുന്നതല്ലേ ശരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീയെസിന്റെ പ്രകടനം ഒരു തരം സിനിമാറ്റിക് പ്രകടനം ആയിരുന്നു. അത് സാമ്രാജ്യത്വ കെണിയാണ്‌. അത്തരം പ്രകടനമാണ് ജനം സ്വീകരിക്കുക എന്ന് കണ്ടു എരിവും പുളിയുമുള്ള മസാല കൂട്ടുകള്‍ ഇട്ടു കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കണം. എങ്കിലേ ശുദ്ധി കലശം സാധ്യമാകൂ. വിജയിച്ചാല്‍   തോല്‍ക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങളാണ്...

Monday, April 25, 2011

അസുഖകരമായ ചില ചോദ്യങ്ങള്‍ ...

ഭരണ വര്‍ഗം എം.എല്‍ .എ. പെന്‍ഷനും  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും  വര്‍ദ്ധിപ്പിക്കുകയും മറ്റു ആനുകൂല്യങ്ങള്‍ തങ്ങളാവും വിദം ഒപ്പിച്ചെടുക്കുകയും ചെയ്ത കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് എന്ത് നീക്കി വച്ച് എന്നറിഞ്ഞാല്‍ തരക്കേടില്ല. തെരഞ്ഞെടുപ്പു കാലത്ത് എന്തുകൊണ്ട് എന്‍ഡോ സള്‍ഫാന്‍ ഉയര്‍ത്തുന്ന ഭീഷണി കേരളമൊട്ടുക്കും ചര്‍ച്ചാ വിഷയമായില്ല? എന്തുകൊണ്ട് എന്‍ഡോസള്‍ഫാനേ അനുകൂലിക്കുന്ന ശരത് പവാറിന്റെ പാര്‍ട്ടിയുമായി ഇടതു പക്ഷം കൂട്ട് കൂടുന്നു? എന്‍ഡോ സള്‍ഫാന് തുല്യമായോ അതിനു അല്‍പ്പം താഴെ നില്‍ക്കുന്നതായോ ഉള്ള മറ്റു കീടനാശിനികള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന്‌ എതിരെ എന്ത് നടപടികളാണ്
എടുത്തിട്ടുള്ളത്? ഇടതു വലതിനെയും, വലത് ഇടതിനെയും കുറ്റപ്പെടുത്തുന്നു. നിത്യോപയോഗ സാധനങ്ങളില്‍ പോലും വിഷം കയറി വരുന്നു. എന്തിനു ചന്തയില്‍ നിരക്കുന്ന മീന്‍ വരെ വിഷമയം. പഴക്കടയിലെ ചന്തമുള്ള ആപ്പിളില്‍ ഈച്ച പൊതിയില്ല. ഈച്ചക്ക് വിവരം അറിയാം, ചെന്നിരുന്നാല്‍ തല്‍ക്ഷണം ചാവുമെന്ന്. എന്നാല്‍ മനുഷ്യനോ അത് വാങ്ങി കഴിക്കുന്നു.

Sunday, April 24, 2011

ചില കൊട്ടേഷന്‍ ചിന്തകള്‍

ചിലര്‍ ദൈവത്തിന്റെ കൊട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചു പോരുന്നത് കാണുമ്പോള്‍ അറപ്പാണ്, വെറുപ്പാണ്. എന്റേത് മാത്രം ശരി നിന്റേത് തെറ്റ് എന്ന് ധരിക്കുന്നത് പോലും തെറ്റാണ്. മരിച്ചു പോയവര്‍ മടങ്ങി വന്നിട്ടില്ല, അതുകൊണ്ട് കാലത്തിനു പിന്നാമ്പുറത്ത്     എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല. പിന്നെ എന്തിനു ഈ ഒച്ചപ്പാടുകള്‍ ... അല്ലയോ സഹോദരാ നിന്റെയും എന്റെയും ഉടലിനെ തീയോ മണ്ണോ ഏറ്റെടുക്കട്ടെ. അത് മരണത്തിനു ശേഷമുള്ള കാര്യം. ജീവിക്കുമ്പോള്‍ ഓര്‍ക്കുക നിന്റെയും എന്റെയും ഉള്ളിലൂടെ  ഓടുന്നത് ഒരേ വായുവാണെന്ന്. നിന്റെയും എന്റെയും എന്റെയും നിലനില്‍പ്പ്‌ ശ്വാസത്തിലാണെന്ന്. നീയോ ഞാനോ കാല്‍ തെറ്റി വീണാല്‍ കാലൊടിയുകയോ പൊട്ടുകയോ ചെയ്യും. എന്തിനു  കീറ പായയില്‍ ഒതുങ്ങി പോയാല്‍ എനിക്കും നിനക്കും പരസഹായം വേണ്ടി വരും.

ആരും ആരേയും വൃണപ്പെടുത്താതിരുന്നെങ്കില്‍

 സായി ബാബയെ ആരുമാകട്ടെ. ഒരു വിഭാഗം ആരാധിക്കുന്നു. അവര്‍ ദൈവമായി അദ്ദേഹത്തെ കാണുന്നു. അത് അവരുടെ കാര്യം. മറ്റൊരാളുടെ ആരാധനയുടെ കാര്യത്തില്‍ ദയവായി ഇടപെടാതിരിക്കുക. ചിലയിടങ്ങളില്‍ ചിലര്‍ പരിഹാസത്തോടെ എഴുതുന്നത്‌ കാണുമ്പോള്‍ ഇത്രയെങ്കിലും കുറിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നി. ഒരാള്‍ ഈശ്വരനെയോ കല്ലിനെയോ ആരാധിക്കട്ടെ, ആരാധിക്കാതിരിക്കട്ടെ. ഒരാള്‍ യുക്തിവാദിയോ ഈശ്വര വിശ്വാസിയോ ആകട്ടെ. അങ്ങനെയെല്ലാം ആവാനും ആവാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് അനുവദിച്ചു കൊടുത്തേ പറ്റൂ. മറ്റൊരാളുടെ ആരാധനയെ വൃണപ്പെടുത്താതിരിക്കുക.

മലയാളി പ്രബുദ്ധന്‍ അഥവാ ശുദ്ധ നുണ...

തമ്മില്‍ തല്ലലും തല കീറലുമല്ല രാഷ്ട്രീയം. ഉപവാസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയും. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് കേരള സര്‍ക്കാര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ നിറയേണ്ട ഒരു വിഷയം ആയിരുന്നു എന്‍ഡോ സള്‍ഫാന്‍ എന്ന ഭീകരത. എന്നിട്ടും കേരള രാഷ്ട്രീയം പെണ്ണ് കേസിലും ജയിലിന്റെ പുകമറയിലും   പെട്ടുരുണ്ടു. ഇതൊക്കെയാണ് രാഷ്ട്രീയം അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയക്കാരന്‍ തീര്‍ച്ചപ്പെടുത്തുകയോ? മലയാളി പ്രബുധനാണ് പോലും! ശുദ്ധ നുണ എന്നല്ലാതെ......   

Monday, April 18, 2011

ചില ചോദ്യങ്ങള്‍ കല്ല്‌ കടി ഉണ്ടാക്കാവുന്നത്....


രണ്ടു രൂപയുടെ അരിയില്‍ കല്ലോ ചെളിയോ കോരിയിട്ടെന്ന്. പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിച്ചെന്ന്. ഒന്ന് ചോദിക്കട്ടെ, ഇരുപത്തയ്യായിരം രൂപ വരുമാനം ഉള്ളവര്‍ക്ക് വരെ രണ്ടു രൂപയുടെ അരിക്ക് അര്‍ഹത ഉണ്ടെന്നു സര്‍ക്കാര്‍ ... എങ്കില്‍ അരി വിതരണം ആരെ ഉന്നം വച്ചാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്? കുചേലനെയോ കുബേരനെയോ വോട്ടിനെയോ?
രണ്ടു രൂപയുടെ അരി വിതരണത്തിലൂടെ ഏകദേശം നാല്‍പ്പതു കോടിയോളം രൂപ സര്‍ക്കാരിന് മാസാ മാസം ബാധ്യത വരും. രണ്ടു രൂപയുടെ അരി കൊടുക്കുന്നതിലും നല്ലത് എന്‍ഡോസള്‍ഫാന്റെ ദുരിതത്തില്‍ പെട്ടവരെ സഹായിക്കലല്ലേ. അല്ലെങ്കില്‍ മാരകമായ രോഗം ബാധിച്ചു ചികിത്സ കിട്ടാതെ വലയുന്നവരെ സഹായിച്ചു കൂടെ...