Showing posts with label സംഭാഷണം. Show all posts
Showing posts with label സംഭാഷണം. Show all posts

Wednesday, June 15, 2011

ഫെയ്ക്കിനും ജന്മ ദിനം

നിന്റെ പ്രൊഫൈലില്‍ ഇന്ന് നിന്റെ ജന്മ ദിനം എന്നറിയുമ്പോള്‍ ഞാനും ഒരു ആശംസ നേരാന്‍ പോകുന്നു. എന്റെ ആശംസ നിനക്ക് ചിരിക്കാന്‍ വകയാവും. എന്നെയും വിഡ്ഢിയാക്കി എന്ന് കരുതിക്കൊള്‍ക. നിന്റെ ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തിരി സുഖം നെറ്റിലെ മുഖമില്ലാത്ത ജീവിതത്തില്‍ നിന്നുമാണെന്ന് നിന്നെക്കാള്‍ നന്നായി ഞാന്‍ അറിയുന്നു...
ചിലപ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് , ഞാനും ഒരു പുകമറയിലേക്ക്  നീങ്ങിയാലെന്ത്.. അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ വിലക്കി. എനിക്ക് ഞാനായി നില്‍ക്കണം.
നീയൊരു ഫെയ്കു എന്ന് അറിഞ്ഞു കൊണ്ടും ഫെയ്ക്കിനു ജന്മദിനം ഇല്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് എന്റെ നില്‍പ്പ്. എന്നാല്‍ നീയോ എന്റെ വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിയടക്കാന്‍ ആവാതെ..
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല. പ്രൊഫൈലില്‍ കുറിച്ച് വച്ച പേരിലൂടെ നിന്നെ ആണായി കാണുന്നു. ഇനിയിപ്പോള്‍ നീ ആണോ പെണ്ണോ ആകട്ടെ. നീ എന്നിലേക്ക്‌ എറിയുന്ന അക്ഷരങ്ങളിലാണ് എന്റെ കണ്ണ്. ചോദ്യങ്ങള്‍ക്കാണ്‌ ഞാന്‍ ഉത്തരം തരുന്നതും. അല്ലാതെ അപ്പുറത്തെ ആളെ നോക്കിയിട്ടല്ല. അക്ഷരം ഏതുമാകട്ടെ അതിനു പിന്നില്‍ ഒരു ഹൃദയം ഉണ്ടെന്ന വിശ്വാസത്തോടെ നിന്റെ അടുത്ത ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉണ്ടാകുംബോഴാനല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുക.

Thursday, June 2, 2011

ചിലയിനം കോപ്പിരാട്ടികള്‍

ദൈവ നാമത്തിലോ ഈശ്വര നാമത്തിലോ അല്ലാഹുവിന്റെ നാമത്തിലോ, ദൃഡ പ്രതിജ്ഞയോ ചെയ്യട്ടെ... അതെല്ലാം വിട്ടു കുറ്റിക്കാടിന്റെ നാമത്തിലോ സത്യ പ്രതിജ്ഞ  ചെയ്യട്ടെ. ഉടലിനുള്ളില്‍ അല്‍പ്പമെങ്കിലും മനുഷ്യത്വം ഇല്ലാത്തവര്‍ ഏതു നാമം  ഉപയോഗിച്ചിട്ടും കാര്യമില്ല... നാമങ്ങള്‍ മലിനമാക്കാം എന്ന് മാത്രം. അവരിലൂടെ നാമങ്ങള്‍ക്ക് അര്‍ഥം ഇല്ലാതാവുന്നു. അതൊക്കെ കണ്ടു വായും പൊളിച്ചിരിക്കാന്‍ കുറെ ജന്മങ്ങള്‍ ...
 

Friday, April 22, 2011

ജനിതക മാറ്റം നവ സാമ്രാജ്യത്വ ഭീകരത…

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്.  അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.  മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും  ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും  സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ  കാണുന്നു.  എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ    ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ  കൂട്ടകുരുതിയും  അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.

Friday, February 18, 2011

നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

Sunday, September 20, 2009

മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.