Sunday, April 11, 2010

യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.

എകപക്ഷീയമല്ല എന്റെ എഴുത്ത്. തസ്ലീമ നസറീന്‍ പ്രവാചകനെ ചീത്ത വിളിച്ചാല്‍ പ്രവാചകനോ ഇസ്ലാമിനോ ഒന്നും സംഭവിക്കുന്നില്ല. അത് കേള്‍ക്കെ വാളും പരിചയുമായി ഓടുന്ന മുസ്ലീം എന്ന് പറയപ്പെടുന്നവര്‍ക്കു ഭ്രാന്ത്‌. റുഷ്ദിക്ക് എതിരെ ഖുമയിനിയുടെ ഫത്ത് വാ . ഇസ്ലാമിനെ സംരക്ഷിക്കാന്‍ ഖുമയിനിയെ പടച്ചവന്‍ നിയോഗിച്ചുവോ? ഇസ്ലാം എന്താണ് എന്നറിയാതെ മുസ്ലീം ആയവര്‍ ആണ് ഏറെയും. പ്രവാചകന്റെ അന്വേഷണം, തടഞ്ഞു നിര്‍ത്തി നിഴല്‍ പതിപ്പിച്ചു നില്‍ക്കുന്ന മത പണ്ഡിതന്മാര്‍. ഇസ്ലാം എന്നാല്‍ സമാധാനം. എന്നാല്‍ അശാന്തി വിതക്കാന്‍ പലരും ഇറങ്ങി തിരിക്കുന്നത് ഇസ്ലാമിനെ രക്ഷിക്കാനല്ല, മറിച്ച് അധികാരത്തിന്റെ അപ്പ കഷണം രുചിക്കാനാണ്. അമ്പലത്തിലും മസ്ജിദിലും നിലകൊള്ളുന്നത് ഒരേ ഈശ്വരന്‍. മനുഷ്യര്‍ പലതായി തരിഞ്ഞു ഈശ്വരനെ ചീത്ത വിളിക്കുന്നു. പാവം ഈശ്വരന്‍ മിനിട്ടുകള്‍ തോറും അങ്ങനെ ചീത്ത  കേള്‍ക്കാന്‍ വിധിക്കപ്പെട്ട്‌... ഒരാള്‍ തന്റെ എതിരാളിയെ കുത്തിയിടുമ്പോള്‍ മരിക്കുന്നത് ഉടല്‍ ആണെങ്കിലും കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ഉടലില്‍ നിലകൊണ്ടത് ഒരേ ഈശ്വരന്റെ അംശം. ഉടല്‍ എന്നത് ഈശ്വരന് പാര്‍ക്കാന്‍, സഞ്ചരിക്കാന്‍ ഒരു വീടോ വാഹനമോ ആണ്. എറണാകുളത്തു നിന്നും തൃശൂര്‍ക്ക് പോകുന്ന ബസ്സും തിരുവനന്തപുരത്തേക്ക്  പോകുന്ന ബസ്സും രണ്ടെങ്കിലും ഓടുന്നത് ഒരേ ഇന്തനം കൊണ്ട്. ബസ്സിന്റെ മുതുകില്‍ പെയിന്റു കൊണ്ട് മതങ്ങള്‍ അടയാളപ്പെടുത്താം. എന്നാല്‍ ഇന്തനത്തിലോ? ഇരുകാലിയായി നടക്കുന്ന നാം എന്താണ്, ആരാണ്  എന്നറിയാത്തിടത്തോളം അശാന്തിയുടെ തടവില്‍ തന്നെ. ശാന്തി എന്നത് സ്വയം  നേടി എടുക്കേണ്ടതാണ്. ശാന്തിക്ക് വേണ്ടി യുദ്ധങ്ങള്‍ ഇല്ല. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നാല്‍ എന്നും അശാന്തി വിതക്കുക എന്ന് തന്നെ. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് ഭയത്തില്‍ നിന്നും. അതുകൊണ്ട് എല്ലാ തരം യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.

Wednesday, April 7, 2010

ഭ്രാന്താലയം

കേരളം ഒരു ഭ്രാന്താലയം എന്ന് രേഖപ്പെടുത്തിയ വിവേകാനന്ദ സ്വാമികള്‍. അദ്ദേഹം മടങ്ങി വരുമെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കും? ഭ്രാന്താലയം എന്നതിന് അപ്പുറം കടുത്തൊരു പദം തിരയും. എത്ര കടുത്തത്‌ ആയാലും പോരാതെയാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അഹങ്കാരികള്‍ ഉള്ള നാട് എന്ന വിശേഷണം  കേരളത്തിനു ആകാം. അവിടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് മാറ്റി എഴുതുക. അത് ഇങ്ങനെ ആകാം. കേരളം സാത്താന്റെ സ്വന്തം നാട്. സാത്താന്‍ എന്ന് പറയുമ്പോള്‍ അത് ക്രിസ്ത്യാനിക്ക്  അവകാശപ്പെട്ട ആള്‍ എന്ന് വരുമ്പോള്‍ ശൈത്താന്‍   എന്നതിലേക്ക് തിരിയാം. അപ്പോള്‍ വരുന്നു ശൈത്താന്‍ എന്നത് മുസ്ലീങ്ങളുടെത്  എന്ന്. എങ്കില്‍ ചെകുത്താന്‍ ആയാലോ ഹിന്ദുക്കള്‍ കയറി പിടിക്കും. അതുകൊണ്ട് നമുക്ക് ആ മോശം ശക്തിക്ക് മറ്റൊരു പേര് കണ്ടെത്താം. മനുഷ്യന്  ജാതി മതം ഒക്കെ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ക്ക്  അതില്ലല്ലോ.

ഇരുട്ടിന്റെ ചുരത്തിലേക്ക് ഏതാനും വാര മാത്രം....

പഴയ കാലത്തേക്ക് മനസ്... വെളിച്ചപ്പാടിന്റെ 'ഹിയ്യേ' എന്ന ശബ്ദം. കാടുകള്‍, വയലുകള്‍, കുന്നുകള്‍ മറഞ്ഞിടത്തു വെളിച്ചപ്പാടിനെയും നമുക്ക് നഷ്ടമായി. നഷ്ടപ്പെടുത്തി എന്ന് പറയുന്നതാണ് ശരി. വെളിച്ചപ്പാടും ആല്‍ത്തറയും മമ്മദും  വാസുവും വര്‍ക്കിയും ഒക്കെ ഇരുന്നു സംസാരിച്ച ആ ചായക്കട വരാന്തയും വായന ശാലയും നഷ്ടപ്പെടുത്തി നാം വിപണിയിലെ ഇറച്ചി കോഴികളായി... നാം മുന്നോട്ടല്ല, പിന്നോട്ട്, ഒരുപാട് പുറകോട്ടു പോയി കഴിഞ്ഞു. ഇനി ഇരുട്ടിന്റെ ചുരത്തിലേക്ക് ഏതാനും വാര മാത്രം....

Saturday, April 3, 2010

അക്ഷരങ്ങള്‍ പറയുന്നത്

എഴുത്തിലൂടെ നന്മയുടെതായ ഒരു വാതില്‍ തുറക്കണം. അതില്ലാത്തിടത്തോളം, അത് തിന്മയിലേക്ക് നയിക്കല്‍ ആകുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . എക്കാലത്തെക്കാളും ഇന്ന് ലോകം ഇരുട്ടില്‍ തപ്പി തടയുകയാണ്. കക്ഷി രാഷ്ട്രീയക്കാര്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. ആ യാത്രയില്‍ അവര്‍ ഇരുട്ടിന്റെ വിത്തുകള്‍ പാകുന്നുണ്ട്. ആ ഇരുട്ട് തിരിച്ചറിയാത്തിടത്തോളം നാം അശാന്തിയില്‍ നിന്നും അശാന്തിയിലേക്ക് ഒഴുകി കൊണ്ടിരിക്കും. വര്‍ഗീയത, ഭീകരത, മത മൌലീക വാദം, അരാഷ്ട്രീയം, ഫാസിസം അങ്ങനെ എന്തെല്ലാം നാം കേള്‍ക്കുന്നു. പക്ഷെ നാം അറിയാതെ പോകുന്ന ഒരു സത്യമുണ്ട്, എല്ലാത്തരം ദുഷ്ട ശക്തികള്‍ക്കും ധന സാഹായം ലഭിക്കുന്നത് ഒരിടത്ത് നിന്നുമാണെന്ന്. ആ ഇടം കണ്ടെത്തി ആ കൈകള്‍ തകര്ക്കുംബോഴേ ഇരുട്ട് നീങ്ങി കിട്ടൂ. വര്‍ഗീയതയോ ഭീകരതയോ മറ്റോ അത് ഏതു ഭാഗത്ത് നിന്നുമാകട്ടെ, അതിനെ ന്യൂന പക്ഷമെന്നോ ഭൂരി പക്ഷമെന്നോ തരം തിരിക്കാതെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ബാധ്യസ്ഥരാണ് എഴുത്തുകാര്‍. എന്നാല്‍ ഇവിടെ പക്ഷം പിടിച്ചു എതിര്‍ക്കുന്നതു ആശാസ്യമല്ല. തസ്ലീമ നസ്രീന്‍, റുഷ്ദി മുതല്‍ പേര്‍ മുസ്ലീം മത മൌലീക വാദികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ തസ്ലീമക്കും റുഷ്ദിക്കും വേണ്ടി വാദിച്ചവര്‍ എം.എഫ് ഹുസൈന്റെ കാര്യം വരുമ്പോള്‍ ചുവടു മാറ്റുന്നു. തസ്ലീമയോ എം.എഫ് ഹുസൈനോ എന്തെങ്കിലും കാട്ടിയാല്‍ തകരുന്നതല്ല ഈശ്വരന്‍ എന്നിരിക്കെ നാം എന്തിനു വേണ്ടിയാണ് നേരം പാഴാക്കുന്നത്? അവിടെ ഒന്നുണ്ട് ചിന്തിക്കാന്‍, ഒന്നുകില്‍ നാം യഥാര്‍ത്ഥ ഈശ്വര വിശ്വാസികളല്ല, അല്ലെങ്കില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം ചതിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഏറ്റവും അരികെ കിടക്കുന്ന ശത്രുവായ പാകിസ്ഥാനിലേക്ക് നോക്കാം. അവിടെ ഇസ്ലാമിന്റെത് എന്ന് അവകാശപ്പെട്ടു കൊണ്ട് കൊടി നാട്ടി ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു ഭരണം നടത്തുന്നു. ഇസ്ലാം എന്നത് സമാധാനം ആയിരിക്കെ വാളും പരിചയും കൊണ്ടാണ് അവിടെ ഭരണം. വെള്ളിയാഴ്ചകളില്‍ പോലും മുസ്ലീങ്ങള്‍ പള്ളിയില്‍ നിസ്കാരത്തില്‍ മുഴുകുമ്പോള്‍ ആക്രമിക്കപ്പെടുന്നു. അതിനര്‍ത്ഥം അവിടെ ഇസ്ലാം എന്നൊന്ന് ഇല്ല എന്ന് തന്നെ. ഇസ്ലാം എന്നത് കേവലം കടലാസിലോ , നാവു കൊണ്ടുള്ളതോ ആയ പ്രഖ്യാപനം ആയതുകൊണ്ടായില്ല. ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചാല്‍ തങ്ങള്‍ക്കു സമാധാനം കിട്ടുമെന്ന് വാദിച്ചവരുടെ ഗതി എന്തായി. 
അതില്‍ നിന്നും ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. അത് പോലെ ഇസ്ലാമിക രാജ്യത്തിനായി വാദിക്കുന്നവര്‍ക്കും... മതം ഏതുമായി കൊള്ളട്ടെ മനുഷ്യന്റെ സ്വാര്‍ഥത, അധികാര ഭ്രാന്ത് മാറിയില്ലെങ്കില്‍ എന്ത് കാര്യം. വ്യവസ്ഥി മാറണമെങ്കില്‍ മനസ്ഥിതി മാറണം, എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു ഓര്‍ക്കണം. എന്തിനു ഒരു മനുഷ്യന് ഏതു മാത്രം അവകാശം ഈ പ്രകൃതിയില്‍ ഉണ്ടോ അതെ അവകാശം സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്നു ഓര്‍ക്കണം. ചുമ്മാ ഓര്‍ത്താല്‍ മാത്രം പോരാ എന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ മറ്റുള്ളവരുടെ , മറ്റുള്ളവയുടെ നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പാക്കണം. ബാബറി മസ്ജിദു തകര്‍ത്തത് കൊണ്ടോ അവിടെ അമ്പലം പണിതത് കൊണ്ടോ ഈ രാജ്യത്തെ തൊഴില്ലായ്മ മാറുമോ, ദാരിദ്ര്യം നീങ്ങുമോ? എല്ലാതരം ഭീകരതയും മത മൌലീക വാദവും എതിര്‍ക്കപ്പെടണം. 
ഏതൊരു രാജ്യമായി കൊള്ളട്ടെ അത് ഏതൊരു മതത്തിന്റെ കീഴില്‍ ഭരിക്കപ്പെടട്ടെ മനുഷ്യന്‍ കൊള്ളരുതാത്തവര്‍ ആയാല്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വര്‍ത്തമാന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും നാം വിദ്യാഭാസം നേടി എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ വൃത്തികെട്ട വര്‍ഗീയത എന്നത്തേക്കാളും നമുക്ക് മുന്നില്‍ ഇങ്ങനെ താണ്ടവമാടുന്നതിനെ അനുവദിച്ചു കൊടുക്കണമോ? ലോകത്ത് എവിടെ ആയാലും ഒരു മതത്തിനും സമാധാനം നല്‍കാന്‍ ആവില്ലെന്ന്നിരിക്കെ നാം എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ട് എന്നിരിക്കെ എന്തിനാണ് നാം ഒരേ ഈശ്വരനെ ചൊല്ലി കലഹിക്കുന്നത്? ഓര്‍ക്കുക, നാം അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് നീങ്ങുകയാണ് . പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എത്രയോ നന്മയാണ് ഒരിറ്റു വെട്ടം ഈ ലോകത്ത് വീഴ്ത്തുന്നത്.
 
 

Friday, April 2, 2010

ചില അസ്വസ്ഥതകള്‍...

തെരുവിലൊരു പെണ്ണിനെ കല്ലെറിഞ്ഞാല്‍ കണ്ടു രസിക്കാന്‍ ആളുണ്ടാകും. ഏറുകൊണ്ട് തുള വീണ ജാക്കറ്റിലൂടെ നോക്കാന്‍, വെളിവായ നഗനതയില്‍ നിറഞ്ഞു ആത്മ രതിയില്‍ മുഴുകാന്‍ എന്താവേശം. പക്ഷെ ആരെങ്കിലും ദൈവത്തെ ചീത്ത വിളിച്ചാല്‍, മതങ്ങളെ ചീത്ത വിളിച്ചാല്‍ എത്ര പേര്‍ക്ക് സഹിക്കും? നാട്ടില്‍ അരങ്ങേറിയ പെണ്‍ വാണിഭങ്ങള്‍... ആശുപത്രി കിടക്കയിലെ ശാരി... അധികാരത്തില്‍ എത്തിയാല്‍ പ്രതികളെ വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തുമെന്ന് പറഞ്ഞ വിദ്വാന്‍... ഒന്നും സംഭവിച്ചില്ല. ശാരി മരിച്ചു, ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. പെണ്‍ വാണിഭങ്ങള്‍  ആവര്‍ത്തിക്കുന്നു. ബസ്സിലും തെരുവിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു...

Thursday, April 1, 2010

അക്ഷരങ്ങള്‍..

കലാ സാഹിത്യകാരന്മാര്‍ സമൂഹ പരിഷ്കര്‍ത്താക്കളാണ് . സമൂഹത്തെ പുതുക്കി പണിതു കൊണ്ടിരിക്കുന്നവര്‍. അവിടെ എഴുത്ത് നേരിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. സത്യം പുലരുക എന്ന ഉദ്ധേശത്തോടെ ഓരോരുത്തരും താന്താങ്കളുടെ പണിപ്പുരയില്‍. എന്നാല്‍ ക്ഷുദ്രശക്തികള്‍ എന്നും സത്യത്തിനു എതിരെ നില്‍ക്കും. . സത്യങ്ങള്‍  ചിലയിടങ്ങളില്‍ അവഹേളിക്കപ്പെട്ടു. അവര്‍ക്ക് അക്ഷരങ്ങളെ ഭയമാണ്. അക്ഷരങ്ങളാണ്  സമൂഹത്തെ അന്തകാരത്തില്‍ നിന്നും ഉയര്‍ത്തിയിട്ടുള്ളത്.  കലാ സാഹിത്യം  തിന്മയോട്‌ എതിരിട്ടു കൊണ്ടേയിരിക്കണം. എന്റെ ഒരു ചങ്ങാതി ലേശം മുമ്പ് പറയുകയുണ്ടായി ആളുകള്‍ക്ക് താല്പര്യം പുസ്തകത്താളിലെ മയില്‍ പീലിയെ കുറിച്ച് എഴുതുന്നതും വായിക്കുന്നതുമാണെന്ന്. അത് ശരിയെന്നു തോന്നുന്നതാണ് ചില കവിതകള്‍ വായിക്കുമ്പോള്‍. സത്യത്തില്‍ കവിത എന്താണ് എന്ന് അറിയാന്‍ വയ്യാണ്ടായി. വാക്കുകള്‍ കൊണ്ട് ഒരുതരം കസര്‍ത്ത്. ഇരുട്ടിലേക്ക് വെട്ടം വീഴ്താനാകാത്ത ഒരു സൃഷ്ടിയും നിലനില്‍ക്കില്ല. കവിത അതിന്റെ കര്‍മം നിര്‍വഹിക്കുന്നത് തെറ്റില്‍ നിന്നും ശരിയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌.