Friday, May 15, 2026

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

 

മഞ്ഞിന്റെ മൌനത്തിലേക്ക്

മാമ്പൂവീഴ്ച്ച,

എന്നിലേക്ക് നീയും

എത്രമേൽ സ്വകാര്യമായി..

 

ലോകത്തിനു മുന്നിൽ

നാം അപരിചിതർ,

എന്നാൽ അലയടങ്ങാത്ത കടലായി

രണ്ട് ഹൃദയങ്ങൾ

വളരുന്ന തിരകളിലൂടെ

ആത്മാവ് പ്രണയം പങ്കിടുന്നു.

 

നാം നമ്മിലൂടെ

മേഘത്തിന്റെ വാചാലതയിലൂടെ

സ്വപ്നം കാണുകയും

സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്നു.

 

ഗുൽമോഹറിലേക്ക്

സന്ധ്യചായുന്നതുപോലെ

ഞാൻനിന്നിലേക്ക്,

നിന്റെ ഞരമ്പുകളിലേക്ക്,

അറ്റമില്ലാത്ത ആത്മാവിന്റെ പാതയിലേക്ക്.

 

ഭ്രാന്തന്മാരുംഅന്ധന്മാരും

സ്വപ്നംകാണുന്നു,

അവരത്വെളിപ്പെടുത്തുന്നില്ലെങ്കിലും.

 

നിന്നെകുറിച്ചൊരുവരി

എഴുതാൻ തുടങ്ങുമ്പോൾ

പ്രണയലഹരിയിലേക്ക്

വീണുപോകുന്നു.

 

നിന്റെ കണ്ണുകളിലെ

സുന്ദരമായൊരു കിനാവ്

വിരിയാതെ നിൽക്കുന്നു.

അത് വായിക്കുന്നില്ലെങ്കിലും

കണ്ണുകളിലെ തിളക്കം

നിലാവിനെ കുടഞ്ഞിടുന്നു.

 

 കണ്ണ്കണ്ണുകളെ

വായിക്കുന്നില്ല,

ചങ്കിൽ നിന്നൊലിച്ച

ചോരയിൽ ചങ്ക്നീറിപ്പിടിക്കുമെങ്കിലും

അവിടെ വിരിയുന്ന വികാരങ്ങൾ

പുറംതള്ളുന്നില്ല.

 

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

തൂങ്ങിയാടുന്ന ബൾബിലൂടെ

ഞാൻ നിന്റെ കണ്ണുകളെ അനുഭവിക്കുന്നു.

എന്റെ കാഴ്ച്ച നിന്നിലൂടെ യാത്രപോകുന്നു.

 

ഗോതമ്പുവയലുകളിൽ

സ്വപ്നത്തിന്റെകൈവരിയിൽ

നിറഞ്ഞു പാടിയസിത്താറിന്റെസംഗീതം,

തീവണ്ടിമുറികളിൽ

വിയർക്കുന്ന ഹൃദയങ്ങളുടെ

പുറപ്പാടിന്റെപാട്ട്,

പിന്നെ

പ്രണയികളുടെ ആകാശങ്ങളെയെല്ലാം

അനുഭവിക്കുന്നത്

നിന്റെകണ്ണുകളിലൂടെയാണ്.

ഉണക്കാനിട്ടൊരുസ്വപ്നത്തിന്

നീകാവലിരിക്കുന്നു.

 

നിന്റെ ഹൃദയചോരയിൽ പിറന്നൊരു കവിത

പ്രാണനെ മുറിക്കുന്നു.

എന്റെ പ്രാണനെ ഉഴുതുമറിക്കുന്നു.

എത്രവേദനയോടെയാണ് ഞാനപ്പോൾ

നിന്നിലേക്ക് ചേർന്നിരിക്കുക.

 

No comments:

Post a Comment