ഇന്നും കൃത്യമായി ഉത്തരം കിട്ടാതെ പോകുന്ന ചോദ്യം. ഇന്ത്യയുടെ രണ്ടാം പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ മതേതരത്വത്തിന് ഒരു അഭിപ്രായം കൊടുക്കുകയുണ്ടായി ( പണ്ട് വായിച്ച ഓര്‍മയാണ്, ഏതാണ്ട് ഇങ്ങനെ) അതായത് മതേതരത്വം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നാണ്. ഏറെകുറെ അത് തന്നെയാണ് ഓരോ സര്‍ക്കാരും പിന്തുടരുന്നത്. അത് മത പ്രീണനത്തില്‍ എത്തി നില്‍ക്കുന്നു. ഉദാഹരണത്തിന്. ഷബാനു കേസില്‍ സുപ്രീം കോടതി ജീവനാംശം കൊടുക്കണം എന്ന് വിധിച്ച വേളയില്‍ മുസ്ലീം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ രാജീവ്ഗാന്ധി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരികയുണ്ടായി. ആ കോടതി വിധി മറികടക്കുകയായിരുന്നു ലക്‌ഷ്യം. അതിനു പകരം ഹൈന്ദവ വോട്ടിനെ പ്രീണിപ്പിക്കാന്‍ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് പൂജ ചെയ്യാന്‍ അനുവദിക്കുകയും... അവിടെ ഒരു ബാലന്‍സിംഗ് ഉണ്ട്. അതിനു നാം കൊടുക്കേണ്ടി വന്ന വില എന്തെന്ന് കണ്ടു കഴിഞ്ഞു. മതേതരത്വം എന്നാല്‍ മതങ്ങളുടെ വരാന്തകളില്‍ രാഷ്ട്രീയക്കാരന്റെ നിരങ്ങല്‍ ആകരുത്. ഭരണാധികാരികള്‍ ഇന്ത്യയെ കാണാന്‍ ശ്രമിക്കണം. ഇന്ത്യയിലെ ജനങ്ങളെ കാണാന്‍ ശ്രമിക്കണം. പക്ഷെ ഓരോ രാഷ്ട്രീയക്കാരനും വോട്ടു നേടാന്‍ മതങ്ങളുടെ പുറകെ പോകുന്ന ദീനമായ കാഴ്ചയാണ്. ആദ്യം ന്യൂനപക്ഷം ഭൂരിപക്ഷം എന്ന തരംതിരിവ് എടുത്തു കടലില്‍ എറിയട്ടെ. അത് മാറിയാല്‍ ഇന്ത്യന്‍ എന്ന തെളിവെള്ളം കാണാനാവും. ഇവിടെ ഓര്‍ക്കപ്പെടെണ്ട മറ്റൊരു കാര്യം, ഏറ്റവും മതേതരം എന്ന് നാം വാഴ്ത്തുന്ന വി.പി.സിംഗ് സര്‍ക്കാര്‍ നബിദിനത്തിന് അവധി കൊടുത്ത് മുസ്ലീം വോട്ടു ബാങ്ക് ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഒരു ഇസ്ലാമിക് രാജ്യം എന്ന് അവകാശപ്പെടുന്ന സൗദി അറേബ്യയില്‍ പോലും നബി ദിനത്തിന് അവധി ഇല്ലെന്നു ഓര്‍ക്കണം. അപ്പോള്‍ ഇവിടെ അങ്ങനെ ഒരവധിയിലൂടെ ഒരു മതത്തെ പ്രീണിപ്പിക്കുന്നു. അത് തന്നെയാണ് മറ്റു മതങ്ങളിലും ചെയ്യുക. അങ്ങനെ ക്യാന്‍സര്‍ ബാധിച്ച രാഷ്ട്രീയക്കാരാണ് ഏതൊരു വര്‍ഗീയതക്കും ചുക്കാന്‍ പിടിക്കുക.
വര്ഷം ഓര്‍മയിലില്ല. കേന്ദ്ര മന്ത്രി ആയിരുന്ന മുഫ്ത്തി മുഹമ്മദു സയിദിന്റെ മകളെ ഭീകരര്‍ തട്ടി കൊണ്ട് പോയപ്പോള്‍ ലോകം ഒന്നടങ്കം മോചനത്തിനായി പ്രാര്‍ത്തിച്ചു, നിലവിളിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ വാര്ത്തയാല്‍ കുളിച്ചു. പക്ഷെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയാല്‍ ഇവിടെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ആരുമില്ല. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും... ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവന് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു മന്ത്രിക്കോ കുബേരനോ അനുവദിക്കരുത്. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിനു താഴെ മാത്രം എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. കുബേരന്റെ സ്വാതന്ത്ര്യം ദരിദ്രന്റെ ആമാശയത്തിനു അപ്പുറത്തേക്കും ആകാം. എന്നാല്‍ ദരിദ്രന് കുബേരന്റെ ഗയിറ്റിനു വെളിയില്‍ നില്‍ക്കാന്‍ പോലും അവകാശമില്ലാതെ... ഈ ഒരു വാതില്‍ വഴിയാണ് വേട്ടക്കാരനെയും ഇരയെയും തിരയെണ്ടത്.
എന്റെ ജീവിതം എന്നെ പഠിപ്പിച്ചു, മതമല്ല, തറവാടിത്തമല്ല, മനുഷ്യനെ അടുപ്പിക്കുക, ധനം മാത്രം.ദരിദ്രന്റെ കുപ്പായത്തിലൂടെ അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചവനാണ് ഞാന്‍ . അതുകൊണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ദരിദ്രന് ഇല്ലാത്ത ഒരവകാശവും കുബേരന് ഉണ്ടാകരുത്. അതുപോലെ മനുഷ്യന് നിലനില്‍ക്കാനുള്ള സ്വ്വതന്ത്ര്യം എന്തുമാത്രം ഉണ്ടോ അത് പക്ഷി മൃഗങ്ങള്‍ക്ക്, സസ്യ ജലാതികള്‍ക്ക് ഉണ്ടാകണം. അവിടെയാണ് നാം നീതി യുടെ തെളിവെള്ളം നുകരുക.
No comments:
Post a Comment