Sunday, June 27, 2010

മൌദൂദിസത്തിന്റെ ചിന്തന്‍ ബൈഠക്‌

ഇസ്ലാം പറയുന്നു, വായിക്കുക, ചിന്തിക്കുക... വായന മനപ്പാടത്തിലേക്ക് ഒതുങ്ങുമ്പോള്‍ ചിന്ത നഷ്ടപ്പെടുന്നുണ്ട്. ആ പഴുതിലേക്കാണ് നുണകള്‍ കയറിക്കൂടുക. മനുഷ്യന്‍ എന്ന് ഇരുകാലിയെ രേഖപ്പെടുത്തുന്നത് മനനം ചെയ്യുന്ന മൃഗം എന്ന തലത്തിലാകുമ്പോള്‍ ചിന്തകള്‍ അകലുന്ന മസ്തിഷ്കത്തെ എന്ത് പേര് ചൊല്ലി വിളിക്കണം! അക്ഷരം സത്യമാകുന്നു. അത് പരത്തേണ്ടത് സത്യത്തിന്റെ പ്രകാശം ആയിരിക്കെ അതെ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്നതിനെ ഭീകരത എന്ന് വിളിക്കാമോ! ഭീകര പ്രവര്‍ത്തനം ആയുധം കൊണ്ട് മാത്രമല്ല നടക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടും . ഏതൊരു ഭീകരതയുടെയും ആദ്യ പടി അക്ഷരങ്ങളിലാണ് , അതെ അക്ഷരങ്ങള്‍ തന്നെ അതിനു മുന്നോട്ടു നയിക്കുകയും. അവസാന ഘട്ടത്തിലാണ് ആയുധത്തില്‍ എത്തുക. അതുകൊണ്ട് തങ്ങള്‍ ആള്‍ നാശം ഉണ്ടാക്കുന്നില്ല, അല്ലെങ്കില്‍ കലാപം നടത്തുന്നില്ല എന്ന് ഭീകരത പരത്തുന്ന സംഘടനകള്‍ പറഞ്ഞാല്‍ മുഖവിലക്ക് എടുക്കണോ! ആള്‍നാശം ആയുധം കൊണ്ട് മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും നടത്താം. ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് മനുഷ്യനെ വഴി തെറ്റിക്കുന്നത് ഭീകരത തന്നെയാണ്. ഏതൊരു സത്യത്തെയും നുണയായി ചിത്രീകരിക്കുന്നത് പോലും ഭീകരതയാണ്.
 അത്തരം ഭീകരതയുടെ വക്താക്കളാണ് ഹസന്‍ അല്‍ ബന്ന, അബുല്‍ അഅലാ മൌദൂദി, സയ്യിദ് ഖുത്തുബ് . ഇസ്ലാമിനെ എന്നല്ല ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ് ജമാ അത്തെ ഇസ്ലാമി . ആ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചതിയില്‍ പെട്ടിരിക്കുന്ന ഇസ്ലാമിനെ രക്ഷിക്കാന്‍ ഇനി ഏതു അവധൂതനാണ് അവതരിക്കുക! ഇസ്ലാം അപകടത്തില്‍ എന്ന് നാഴികക്ക് നാല്പതു വട്ടം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുക ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളായ മേല്‍ ഉദ്ധരിച്ചു മൂവര്‍ സംഘത്തിനെ പിന്‍ പറ്റുന്നവര്‍ ആണെന്ന്. ലോകത്തിലെ മുഴുവന്‍ ഭീകര വാദികളും ബന്നയെ, മൌദൂദിയെ, ഖുത്തുബുമാരെ പിന്‍ പറ്റുന്നവരാണ്. അവരുടെ ഭരണ ഘടനയാകട്ടെ യാഥാസ്ഥിതിക ഇസ്ലാമിക ഭരണവും. എന്നാല്‍ അത് ഇസ്ലാമിന് വിരുദ്ധവും. അങ്ങനെ ഒരു ഭരണത്തിനു വേണ്ടി അവര്‍ ലോകത്ത് എവിടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം ജമാ അത്തെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത് അവര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും, രാഷ്ട്രീയ സംഘടനകളെ പോലെ ആളെ കൊല്ലുകയോ ബസ്സിനു തീ വയ്ക്കുകയോ ചെയ്യുന്നില്ലെന്നും. എങ്കില്‍ തടിയന്റവിടെ നസീറിന്റെ റോളെന്ത് ? തടിയന്റവിട നസീറിനെ സ്വാധീനിച്ചതു ജമാ അത്തെ ഇസ്ലാമിയുടെ ചിന്തകളാണ് എന്നോര്‍ക്കണം. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തലച്ചോറും മൌദൂദിയുടേത് എന്നോര്‍ക്കുക. എന്തിനു താലിബാന്‍ പോലും അതെ വൈറസ് വാഹകര്‍.
ഹസ്സന്‍ ബന്നയുടെതും മൌദൂദി യുടെതും സയ്യിദ് ഖുത്തുബിന്റെയും ഒരേ ചിന്തയാണ്. അതുകൊണ്ട് തന്നെ ജമാ അത്തെ ഇസ്ലാമി മൂവരെയും അംഗീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമാകട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനവും. ആ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രസ്ഥാനത്തിന് മറ്റു നിയമങ്ങളെ അനുസരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതവര്‍ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ബന്നയെ കുറിച്ച് നിരവദി പുസ്തകങ്ങള്‍ ലഭ്യമാണ്. ജമാ അത്തെ ഇസ്ലാമി ബന്നയെ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള ശൂറാ അംഗം ഡോ. അബ്ദുല്‍ സലാം വാണിയമ്പലം രചിച്ച 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ' എന്ന ഗ്രന്ഥം. ബന്നയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ' എല്ലാ വിദേശ മേല്കൊയ്മയില്‍ നിന്നും മുസ്ലീം നാടുകളെ രക്ഷിക്കുക. മോചിതമാകുന്ന നാട്ടില്‍ ഒരുസ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക. അത്തരം ഒരു രാഷ്ട്രം സ്ഥാപിതമായില്ലെങ്കില്‍ അതിനു ശ്രമിക്കാത്തതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.' ( പേജ് 53 )
ആ ആശയം തെറ്റിദ്ധാരണ വിതക്കുന്നു. ഭൂമുഖത്ത് നിന്നും ഇസ്ലാം ഒഴിച്ചുള്ള മതങ്ങളെ തുടച്ചു നീക്കണമെന്ന ആഹ്വാനമല്ലേ അത്. മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് എന്ന ബോധം അണികളില്‍ കുത്തി നിറക്കുകയും ചെയ്യുന്നു. അത്തരം വാദത്തെ ഭീകരത എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.
സയ്യിദ് ഖുത്തുബിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമായ 'മൈല്‍ സ്റ്റോണ്‍സ്‌ ' വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് ജമാ അത്തെ ഇസ്ലാമിയുടെ അസിസ്ടന്റ്റ് അമീറായ ഷെയ്ഖ്‌ മുഹമദ് കാരക്കുന്നാണ്. സിമിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ പബ്ലികെഷനാണ് പ്രസാധാകര്‍. ബിന്‍ ലാദന്‍ ഉള്‍പ്പടെയുള്ള തീവ്ര വാദികളെ ആകര്‍ഷിച്ച പുസ്തകമാണ് 'മൈല്‍ സ്റ്റോണ്‍സ്‌ ' ‍. ലാദന്‍ അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ആ ഗ്രന്ഥം തടിയന്റവിട നസീറിനെയും സ്വാധീനിച്ചതായി ബാങ്ങളൂര്‍ പോലീസിനോട് നസീര്‍ വെളിപ്പെടുത്തുകയുണ്ടായി. ആ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക:
' ഇസ്ലാമിന്റെ ജന്മത്തോടെ സംഘട്ടനവും അനിവാര്യമായി തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാത്ത വിദം യുദ്ധം അനിവാര്യമായി തീരുന്നു. കാരണം ഇസ്ലാമിനും അതല്ലാത്തവര്‍ക്കും കൂടി ഒന്നിച്ചു വളരെ കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ലാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നു. ( പേജ്- 107 ).
മുസ്ലീം ഹൃദയങ്ങളില്‍ ശൈത്താനെ കുടിയിരുത്തി വിധ്വംസക പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമുമായി എന്താണ് ബന്ധം. അവരാണ് ഇന്ന് മുസ്ലീങ്ങളായി പൊതു വേദിയില്‍ അണിനിരക്കുന്നത്. അവരിലൂടെയാണ്‌ ഇന്ന് ഇസ്ലാമിനെ ലോകം അറിയുന്നത്. ഇനിയുമേറെയുണ്ട് അത്തരം തീ കോരിയിടുന്ന വാക്യങ്ങള്‍ ആ പുസ്തകത്തില്‍ :‍
' ഓരോരുത്തര്‍ക്കും ഇസ്ലാം സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷെ, അതിനോടെതിര്‍ക്കാനും യുദ്ധം ചെയ്യാനും വല്ലവരും മുതിര്‍ന്നാല്‍ അവരെ നേരിടണം. വധിക്കുകയോ കീഴ്പ്പെടുത്തുകയോ വേണം. (പേജ്-78 ) '
' ഇസ്ലാമിന്റെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്. താന്തോന്നിത്തത്തിന്റെ അധികാര വാഴ്ച അവസാനിപ്പിച്ചു അല്ലാഹുവിന്റെ നിയമ വ്യവസ്ഥ നടപ്പാക്കലാണ്. അതിനുള്ള മാര്‍ഗമാണ് ജിഹാദ്. ( പേജ് 86 )
ജിഹാദ് എന്ന പദം ഏറ്റവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ അതിനു കൊടുത്തിരിക്കുന്ന അര്‍ഥം ദേഹേച്ചയോടുള്ള യുദ്ധം എന്നാണ്. ഭൌതിക സുഖങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കലാണ് അത്. അത് മറ്റൊരാള്‍ക്ക്, പ്രകൃതിക്ക് പോലും നാശമുണ്ടാക്കലല്ല. ഏതൊരു യുദ്ധവും യുദ്ധം ചെയ്യാനുള്ള ആഹ്വാനം പോലും ഭീകരതയുടെ പരിതിയില്‍ വരുമെന്നിരിക്കെ ഇത്തരം ജല്‍പ്പനങ്ങളെ ഏതു തലത്തില്‍ നിര്‍ത്തും? വളര്‍ന്നു വരുന്ന മുസ്ലീം ചെറുപ്പക്കാരെ ഇത്തരം പുസ്തകങ്ങളിലൂടെ വഴി പിഴപ്പിക്കുന്നവര്‍ ഏതു സാമൂഹ്യ പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടെന്ത് അവര്‍ ഭീകര വാദികള്‍ അല്ലാതെ മറ്റെന്താണ്!
ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ മൌദൂദിയും ബന്നയുടെ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1928 ഇല്‍ ബന്ന മുസ്ലീം ബ്രദര്‍ ഹുഡ് രൂപീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രൂപീകരണം 1941 ലും. രണ്ടും തമ്മില്‍ ചിന്താപരമായി ധാരാളം സാമ്യമുണ്ട്‌. ഈ സംഘടനകളെ പാകിസ്താന്‍ ജമാ അത്തെ ഇസ്ലാമി നേതാവ് ഖലീല്‍ ഹാമിദി ഇരട്ട സഹോദരികള്‍ എന്നാണ് പറഞ്ഞത്. സയ്യിദ് ഖുത്തുംബും മൌദൂദിയും ഒരേ പോലെ തീവ്രവാദികളെ സ്വാധീനിക്കുന്നു. അതുപോലെ തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും മൌദൂദിയാണ് എന്നും ബിന്‍ ലാദന്‍ പറഞ്ഞിട്ടുണ്ട്. തടിയന്റവിട നസീറും അക്കാര്യം സമ്മതിച്ചിട്ടുണ്ട് . അതുകൊണ്ട് തങ്ങള്‍ തെരുവില്‍ ഇറങ്ങി ആളെ കൊല്ലുന്നില്ല പൊതു മുതല്‍ നശിപ്പിക്കുന്നില്ല എന്ന മുട്ട് ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ ജമാ അത്തെ ഇസ്ലാമി ക്ക് കഴിയില്ല. .
 ജമാ അത്തെ ഇസ്ലാമിയുടെ മുഖം എത്ര വികൃതമാണെന്ന് അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. ഏതൊരു പ്രസ്ഥാനത്തെയും അവരുടെ ഗ്രന്തങ്ങളിലൂടെ കണ്ടെത്താമെന്നിരിക്കെ ജമാ അത്തെ ഇസ്ലാമിയെ ഇനിയും വെള്ള പൂശുന്നവരെ നാം എന്ത് വിളിക്കും? ജമാ അത്തെ ഇസ്ലാമിയും പി.ഡി.പിയും അപകടകാരികളല്ല എന്ന കെ.ഇ.എന്‍.കുഞ്ഞഹമദിന്റെ വാക്കുകള്‍ ( ഭാഷ പോഷിണി വാര്‍ഷികപ്പതിപ്പ് - 2010 ജൂണ്‍ ) നാം എതര്‍ഥത്തിലാണ് എടുക്കേണ്ടത്! ഇതിനൊക്കെ ഉത്തരവാദി മുസ്ലീങ്ങള്‍ തന്നെയാണ്. മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കലാ സാഹിത്യകാരെ മുളയിലെ നുള്ളുന്ന പാരമ്പര്യം എന്ന് നിര്‍ത്തുന്നുവോ, കലാ സാഹിത്യത്തെ പരിപോഷിപ്പിക്കുന്നുവോ അന്നേ തെറ്റിന് എതിരെ പൊരുതാന്‍ സത്യങ്ങള്‍ ഉണ്ടാകൂ. അതില്ലാത്തിടത്തു അത്തരം ഭീകര ചിന്തകള്‍ ഉഴുതു മറിചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഏതൊരു സമൂഹത്തിന്റെയും പരിഷ്കര്‍ത്താക്കള്‍ കലാ സാഹിത്യകാര്‍ തന്നെ എന്ന കാര്യം ഇനിയെങ്കിലും മറന്നു കൂടാ. ഇസ്ലാമിനെ ഉദ്ധരിക്കുന്നു എന്ന് പറഞ്ഞു ഇസ്ലാമിന്റെ അക്കൌണ്ടില്‍ പാര്‍ടിയുണ്ടാക്കി വോട്ടു തട്ടി അധികാരത്തില്‍ കയറി സുഖിയന്മാരായി നടക്കുന്നു.
' മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴിന്നിടത്തു ഇസ്ലാം വെറും ജലരേഖയായിരിക്കും.' ( മൌദൂദി , ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശം , പേജ് 32 ,33 )
 ഇത്തരം ഭീകര പ്രസ്താവനകള്‍ കൊണ്ട് മനുഷ്യ മനസ്സുകളില്‍ അഗ്നി കോരിയിടാനാണോ ഇസ്ലാമും പ്രവാചകനും മൌദൂടിയെയും കുഞ്ഞാടുകളെയും പഠിപ്പിച്ചത്. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധ മെന്നു വാദിക്കുന്നിടത്തു ആശയപരമായ സംഘട്ടനത്തിനു ആഹ്വാനമുണ്ട്. അത്തരം സംഘട്ടനങ്ങള്‍ സന്ധിയില്ലാ സമരത്തിലെക്കും സായുധ കലാപത്തിലേക്കും നീങ്ങും. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്നില്ലെന്നു തുറന്നു പറയുമ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് വ്യകതമാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഏറെ കാലം വിട്ടു നിന്നത്. ആ ഒരു വഴി തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പ്പ്‌ അപകടപ്പെടുമെന്നു കണ്ടുകൊണ്ടുതന്നെയാണ് മുഖം മിനുക്കാന്‍ ഇടതു പക്ഷ ബുദ്ധിജീവികളെയും ദളിതുകളെയും കൂട്ട് പിടിച്ചു സമൂഹ മധ്യത്തില്‍ അവതരിച്ചിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ കേരളീയ അന്തരീക്ഷത്തില്‍ എളുപ്പം ക്ലച്ചു പിടിക്കുമെന്ന് അവര്‍ മനസ്സിലാക്കി. അത് മറ്റു മുസ്ലീം സംഘടനകളിലെക്കും തങ്ങളുടെ ആശയം എത്തിക്കാന്‍ ഉപകരിക്കുമെന്നും കണക്കു കൂട്ടി. അപ്പോഴും അവരുടെ വാദവും, ചിന്തകളും അടങ്ങിയ പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനര്‍ത്ഥം അവര്‍ മൌദൂദിയന്‍ ആശയത്തില്‍ നിന്നും പിന്മാറിയിട്ടില്ല എന്നല്ലേ. ഇസ്ലാമോ അതിന്റെ പ്രമാണങ്ങളോ ഉദേശിചിട്ടില്ലാത്ത രീതിയില്‍ ഇസ്ലാമിക ആശയങ്ങളെ ആര്‍ക്കും സ്വീകരിക്കാന്‍ പറ്റാത്ത നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തു നവോഥാന പ്രവര്‍ത്തകരാണെന്ന് തെറ്റി ധരിപ്പിച്ചു അര നൂറ്റാണ്ടിലതികം കാലമായി ജനങ്ങളെ വഴി തെറ്റിച്ചു വന്ന ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നു. കമ്യൂണിസത്തിനു ബദലായുള്ള ഇസ്ലാമിക സംഘടനയാണ് തങ്ങളുടെതെന്ന് അവകാശപ്പെടുന്നു.
എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇപ്പോഴും മൌദൂദിയന്‍ ചിന്തയില്‍ അധിഷ്ടിതമാണ് എന്നതിന് തെളിവാണ് അവര്‍ മൌദൂദി യുടെ പുസ്തകങ്ങള്‍ നിരത്തികൊണ്ട് ജമാ അത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്നതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ലോകം മുഴുക്കെ ഇസ്ലാമിന്റെ സംസ്ഥാപനം കാംക്ഷിച്ചു ഇറങ്ങി തിരിച്ച ഒരു പ്രസ്ഥാനത്തിന് എത്രമാത്രം മതേതര ജനാധിപത്യ പരിസരത്തു നിന്ന് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാനാവും ?
 ഭീകര വാദത്തിന്റെ അടിവേരുകള്‍ മൌദൂദി, ഹസനുല്‍ ബന്ന, ഖുത്തുബ് എന്നിവരിലാണ്. മൂവരുടെയും ആദ്യന്തിക ലക്‌ഷ്യം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ ഇതര മതങ്ങള്‍ ഇസ്ലാമില്‍ ലയിക്കുകയോ ജസിയ കൊടുത്ത് നാലാം തരം പൌരന്മാരായി ജീവിക്കുകയോ വേണം . അല്ലാത്ത പക്ഷം അവയത്രയും തകര്‍ക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്ത് ആട്ടിന്‍ തോലണിഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശം ചെറുക്കപ്പെടെണ്ടത് തന്നെ. ജമാ അത്തെ ഇസ്ലാമി എന്നല്ല ഏതൊരു ഭീകര വര്‍ഗീയ കക്ഷിയുടെയും രാഷ്ട്രീയമായുള്ള ഇടപെടലുകള്‍ തകര്‍ക്കപ്പെടണം . ഇസ്ലാമിക ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ലോകത്തിന്റെ വിവിദ ദിക്കുകളില്‍ മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത ഉണര്‍ത്താനും , വളര്‍ത്താനും കാരണമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിന് തന്നെ അപമാനം വരുത്തിവച്ച ഒരു പ്രസ്ഥാനത്തിന്റെ തനി നിറം തുറന്നു കാട്ടപ്പെടെണ്ടാതാണ്. സ്വന്തം മൌലീകാടിതറയിലും സാഹിത്യങ്ങളിലും കടുത്ത ജനാധിപത്യ - മതേതര വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല , അത്തരം ആശയങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രന്ഥങ്ങളും പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കുകയും , ഇസ്ലാമികെതരമായ ഏതൊരു ഭരണ സംവിധാനത്തെയും അകലെ നിന്നും പോലും അംഗീകരിക്കാന്‍ പാടില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി, മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ സംരക്ഷകരായി രംഗത്ത് വരുമ്പോള്‍ അതില്‍ ദുരൂഹതയും സുതാര്യക്കുറവും നിരീക്ഷിക്കപപെടുന്നത് സ്വാഭാവികമല്ലേ? ദുഷ്ട ലാക്കോടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോഴെല്ലാം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും അമിതമായ ജനക്ഷേമ തല്പരതയും ആമുഖമാക്കുന്ന ഇക്കാലത്ത് ജമാ അത്തെ ഇസ്ലാമിയെ ആളുകള്‍ സംശയിച്ചാല്‍ അതൊരു അപരാധമായി കാണേണ്ടതുണ്ടോ ?
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹു ദൈവത്വ ആശയം സ്വീകരിക്കലാണെന്നു പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ഇസ്ലാമിന്റെ ആദര്ശാടിത്തറ മനസ്സിലാക്കിയേടത്ത് കടുത്ത അബദ്ധം പറ്റിയെന്നു ബോധ്യമാകാന്‍ അവര്‍ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില ഉദ്ധരണികള്‍ കൊടുക്കുന്നു:
' അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കു കാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാ അത്തിന്റെ വീക്ഷണത്തില്‍ അനുവദിനീയമല്ല' ( പ്രബോധനം 1970 ജൂലായ്‌ )
അവരുടെ കാഴ്ചപ്പാടില്‍ ശരിയത്ത് ഒഴിച്ചുള്ള എല്ലാ നിയമങ്ങളും ശൈത്താന്റെ നിയമമാണ്. ശരിയത്ത് അല്ലാഹുവിന്റെ നിയമം ആയിരിക്കെ മനുഷ്യ നിര്‍മിതമായ നിയമങ്ങളില്‍ വിശ്വസിക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നു. അത്തരം ചിന്ത കൊണ്ട് താറുമാറായ പ്രസ്ഥാനക്കാര്‍ ഭരിക്കുന്ന ലോകത്ത് ഇതര മതസ്ഥര്‍ക്കെന്നല്ല ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ള മുസ്ലീം വിഭാഗങ്ങള്‍ക്കും ജീവിക്കാനാവില്ല.
'പ്രത്യക്ഷത്തില്‍ ചില വ്യക്തികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുകയെന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ത്ഥ മുസല്‍മാനു അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ' ( പ്രബോധനം 1962 ജനുവരി 2 )
 തിരഞ്ഞെടുപ്പ് ബഹിഷ്കരണം അവര്‍ക്ക് ആദര്‍ശ പരമായ കാരണമാണ്‌. അല്ലാഹുവിന്റെ നിയമം അല്ലാത്ത ഒരു ഭരണത്തിലേക്ക് വരുന്നവര്‍ക്ക് വോട്ടു ചെയ്യുന്നത്, അല്ലാഹുവിനെ വിട്ടു മറ്റൊരാളുടെ അടിമത്തം സ്വീകരിക്കുന്നതിനു തുല്യമായി അവര്‍ കാണുന്നു. അതിനവര്‍ മുന്നോട്ടു വയ്ക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാ' എന്നാ വാക്യമാണ്. അതിന്റെ ശരിയായ അര്‍ഥം അല്ലാഹു അല്ലാതെ മറ്റൊരു ശക്തി ഇല്ല എന്നാണു. എന്നാല്‍ മൌദൂദി യന്‍ ചിന്ത അതിനെ ദുര്വ്യാഖ്യാനിച്ചു, അനുസരനക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്നാക്കി മാറ്റിയിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാ എന്നത് ആരാധനയുമായി ബന്ധപ്പെട്ട വിഷയം ആയിരിക്കെ അതിനു വികലമായ അര്‍ഥം നല്‍കി ഭൌതികതയുമായി കെട്ടുന്നു. അവിടെയാന്‍ അല്ലാഹുവിന്റെ നിയമം അല്ലാതെ മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ കാഫിര്‍ ആകുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. അതുതന്നെ ലോക സമാധാനത്തിന് എന്നല്ല ഇസ്ലാമിനു പോലും എതിരാണ്. ക്യാന്‍സര്‍ ബാധിച്ച ചിന്തകള്‍ അക്ഷരങ്ങളിലൂടെ രോഗം പരത്തുന്നത് എത്ര ഭീകരമായാണ്!
' ജമാ അത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലീങ്ങള്‍ മുഴുവനും അത് ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്റെ നിര്‍ദേശത്തെയും തിരസ്കരിക്കുന്ന ഒരു ഭൌതിക രാഷ്ട്രത്തോടു സ്വയംസഹകരിക്കുക എന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാ അത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്' ( പ്രബോധനം പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി )
'ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്നത് ഗവര്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാ അത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.' ( പ്രബോധനം 1952 ജനുവരി 1 )
' പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പ്രാക്കള്‍ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എകാധിപത്യത്തിലാകട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപടെഷ്ടാക്കളുടെയും സഹായത്തോടു കൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്ക് തന്നെ. ( ശിര്‍ക്ക് അഥവാ ബഹു ദൈവത്വം- ആമേന്‍ ആഹ്സര്‍ ഇസ്ലാഹി )
 ' സ്വന്തം ഭരണമില്ലാത്ത സമിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ്പ വീട് പോലെയാണ്; ( ഖുതുബാത് പേജ് 398 )
ഇത്തരം വര്‍ഗീയ ഭീകര ചിന്തകള്‍ വഹിക്കുന്ന ഒരു പ്രസ്ഥാനം മനുഷ്യ മസ്തിഷ്കത്തില്‍ പരത്തുന്ന ക്യാന്‍സര്‍ മുളയിലെ നുള്ളേണ്ടത്‌ ആയിരുന്നിട്ടു കൂടി ഇക്കാലമത്രയും ലോകത്തെ മുഴുവന്‍ വഞ്ചിച്ചു കഴിഞ്ഞു കൂടിയതിനു ഉത്തരവാദി ആരാണ്? കാരണം തിരഞ്ഞു ചെല്ലുമ്പോള്‍ മുസ്ലീങ്ങളിലെ അജ്ഞതയാണ് എന്ന് കാണാം. താടിയുടെ നീളം കൂട്ടുന്നത്‌ എത്ര വരെയാകാം, നിസ്കാര തഴംബിനു എത്ര വട്ടം വേണം, തല എങ്ങനെയാണ് മറക്കേണ്ടത്‌, ഖബറിടത്തില്‍ പോകണോ വേണ്ടയോ എന്ന ബാഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും കലഹിച്ചും കാലം പോക്കുന്ന മുസ്ലീം സമൂഹങ്ങള്‍ ചെയ്യേണ്ടത് ശരിയായ ഇസ്ലാം എന്തെന്ന് പഠിപ്പിക്കുകയാണ്. കുര്‍ ആന്‍ പറയുന്നുണ്ടല്ലോ അല്ലാഹുവിനു ആരുടേയും ബാഹ്യ ചേഷ്ടകളില്‍ താല്പര്യമില്ലെന്നും, അല്ലാഹു നോക്കുന്നത് ഹൃദയത്തിലെക്കെന്നും. ഓരോ മഹല്ലും ഉറപ്പു വരുത്തുക ചെറുപ്പക്കാരുടെ അവസ്ഥ ശരിയായ ദിശയിലാണോ എന്ന്. പള്ളി മുതല്‍ കട്ട് മുടിച്ചും കുംഭ വീര്‍പ്പിച്ചും നടന്നിട്ട് കാര്യമില്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. വെള്ളിയാഴ്ചകള്‍ തോറും മിമ്പറില്‍ കയറി നിന്ന് പ്രസംഗിക്കുന്ന മുസ്ലീം പണ്ഡിതന്മാര്‍ അര മണിക്കൂര്‍ നേരമെങ്കിലും ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടാന്‍ ശ്രമിക്കണം. ജമാ അത്തെ ഇസ്ലാമിയെ പ്രധിരോധിക്കേണ്ടത് മറ്റു ആരെക്കാളും മുസ്ലീംഗളുടെ ആവശ്യമാണ്‌. കാരണം ഇന്ന് ലോകം ഇസ്ലാം എന്തെന്ന് പഠിക്കുന്നതും മനസ്സിലാക്കുന്നതും ജമാ അത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളിലൂടെയാണ്. അത്തരം വിഷം കലര്‍ന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ലോകം അതാണ്‌ ഇസ്ലാം എന്ന് കരുതുന്നെങ്കില്‍ അതിനു ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. ഇനിയൊരു മുസ്ലീം ചെറുപ്പക്കാരും തീവ്രവാദത്തിലേക്ക് പോകില്ലെന്ന് മുസ്ലീം സമുദായം ഉറപ്പ് വരുത്തുക. ജമാ അത്തെ ഇസ്ലാമിയെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീം സമുദായം സംശയത്തിന്റെ നിഴലില്‍ പെടുക തന്നെ ചെയ്യും. വരും തലമുറ മുസ്ലീം സമുദായത്തെ പഴിക്കുകയും ചെയ്യും. അതുകൊണ്ട് കപട മുസ്ലീങ്ങളായ ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക.
.

1 comment: