Sunday, May 17, 2026

മേഘമല്‍ഹാർ

മഞ്ഞുകാലത്തിന്റെ മൌനക്കൂടുകളിൽ വെള്ളിമേഘങ്ങളുടെ തുരുത്തുകളിൽ പ്രണയം ഒളിച്ചുപാർക്കുന്നു... ജീവിതത്തിന്റെ പൊന്തകളിൽ  കാണാതെപോയ സങ്കടപ്പുഴകൾ.. പവിഴപ്പുറ്റു തേടിപ്പോയ എന്റെ ബാല്യത്തിൽ നെയ്തുകൂട്ടിയ കിനാവുകളിൽ ഒക്കെയും നീ ഒളിച്ചു പാർത്തിട്ടുണ്ട്.. ഇന്ന് ഈ കാണാത്തിരകൾ നിന്നെ വായിക്കാൻ പഠിപ്പിക്കുന്നു. അക്ഷരം വേണ്ടാത്ത, നിറങ്ങൾ വേണ്ടാത്ത പുസ്തകം നിവർത്തിയിടുന്നു..
ഞാൻ നിന്നെ കാണാൻ ശ്രമിക്കുകയാണ്.. ഒരു വൃക്ഷം ഒരായിരം വൃക്ഷങ്ങളുടെ മൌനം സൂക്ഷിക്കുന്ന ഇടവഴിയിൽ ഞാൻ നിനക്കായി പ്രണയത്തിന്റെ വിത്തു പാകുന്നു..
   
മേഘമല്‍ഹാർ രാഗത്തിൽ പ്രണയം പാടുന്നു. ചങ്കിലെ നീറ്റൽ രുചിച്ചൊരു തിരി തെളിയുന്നു. ഹൃദയങ്ങൾ തമ്മിൽ കൊരുത്ത് തീ പാറുന്നു... എന്റെ ആകാശത്ത്ആർക്കും കടക്കാനാവാത്ത എന്റെ പാതയിൽ, എന്റെ കാറ്റിൽ നാളത്തിന്റെ ഉലച്ചിലാകുന്നു നീ... നാളമകന്നാലും ഉലച്ചിൽ ബാക്കിയാവുന്നു... വിരിഞ്ഞ മുട്ടയിൽ നിന്നാ കുഞ്ഞിന്റെ കുതിപ്പായൊരു കവിത.. കുതിപ്പിലും വിവശത.. തപിച്ച് തപിച്ചു നീങ്ങുന്ന തുള്ളികൾക്കു നദിയെന്നു പേർ ചാർത്തിയതാരാണ്? തപിക്കുന്ന ഹൃദയങ്ങൾക്കു പ്രണയമെന്നു മുദ്ര ചാർത്തിയതുമാരാണ്?

 


No comments:

Post a Comment