Saturday, May 23, 2026

പ്രണയ പക്ഷികൾ

 

പ്രണയമേ ഉണരുക പ്രാണനെ ഉരുക്കാൻ, ഈവഴിയേ സ്വയം മറന്നൊരു നൃത്തമാകാൻ. പവിത്രമായ പ്രണയം, പവിത്രമായ വീഞ്ഞിൽ നുരയുന്നത്, നിന്റെ വാടിയചുണ്ടിൽ നിന്നും ഒരുമൊട്ടിന്റെ വിങ്ങൽ അനുഭവിക്കാൻ. പ്രണയത്തെ കൊല്ലാൻ ശ്രമിച്ചവരോടായി പ്രണയത്തിനു മരണമില്ലെന്ന് ഒച്ചയോടെ പക്ഷിചൊല്ലുന്നു.. കരൾ കൊത്തി പറക്കുന്ന പക്ഷികൾ മറ്റൊരു കരളിൽ കരൾത്തുണ്ട് വച്ച് ഉന്മാദം ചൊരിയുന്നു. വിശക്കുന്ന ആത്മാക്കൾക്ക് അന്നമായി പക്ഷികൾ പകരുന്ന കരൾത്തുണ്ടുകൾ..

Friday, May 22, 2026

സ്വപ്ന മരങ്ങൾ

 

      പയിന്മരങ്ങൾ ചോലവിരിച്ച ഇടവഴിയിലെ പഞ്ചാരമണലിൽ എന്റെ ബാല്യം പെയ്തുനിൽക്കുന്നു. ഇന്നിവിടെയിരുന്ന് അന്നത്തെ ഇടവഴിയിലേക്ക് തിരികെ നടക്കുമ്പോൾ പുള്ളിവെയിലിന്റെ ആകാശം കൊതിപ്പിക്കുന്നു. അന്ന് എന്നിൽനിന്നും നിന്നിലെക്ക് ഒത്തിരിദൂരമുണ്ടായിരുന്നു. ഇന്നോ? കാണാമറയത്തെങ്കിലും അന്നത്തെ ദൂരം ദൂരമില്ലാതെയാകുന്നു. നിന്റെ ഹൃദയം യാത്രപോയ തെരുവ്, നീ കിളച്ചുമറിച്ച നിന്റെ ബാല്യം, നീ നെയ്തുകൂട്ടിയ നിന്റെ കിനാവ്, എല്ലാമെല്ലാം ക്ലാവ് പിടിച്ച് കിടക്കുന്നു. പുലരിയുടെ നയനത്തിൽ, നിലാവിന്റെ ഉൾത്തടത്തിൽ നീയപ്പോഴും വിരിഞ്ഞുനിൽക്കുന്നു. എന്നാൽ നിനക്ക് നിന്നെ കാണാനാവാതെ. നീയിന്ന് മറവിയുടെ കുന്നിൽ ഒറ്റപ്പെട്ടുനിൽക്കുന്നു..

Sunday, May 17, 2026

മേഘമല്‍ഹാർ

മഞ്ഞുകാലത്തിന്റെ മൌനക്കൂടുകളിൽ വെള്ളിമേഘങ്ങളുടെ തുരുത്തുകളിൽ പ്രണയം ഒളിച്ചുപാർക്കുന്നു... ജീവിതത്തിന്റെ പൊന്തകളിൽ  കാണാതെപോയ സങ്കടപ്പുഴകൾ.. പവിഴപ്പുറ്റു തേടിപ്പോയ എന്റെ ബാല്യത്തിൽ നെയ്തുകൂട്ടിയ കിനാവുകളിൽ ഒക്കെയും നീ ഒളിച്ചു പാർത്തിട്ടുണ്ട്.. ഇന്ന് ഈ കാണാത്തിരകൾ നിന്നെ വായിക്കാൻ പഠിപ്പിക്കുന്നു. അക്ഷരം വേണ്ടാത്ത, നിറങ്ങൾ വേണ്ടാത്ത പുസ്തകം നിവർത്തിയിടുന്നു..
ഞാൻ നിന്നെ കാണാൻ ശ്രമിക്കുകയാണ്.. ഒരു വൃക്ഷം ഒരായിരം വൃക്ഷങ്ങളുടെ മൌനം സൂക്ഷിക്കുന്ന ഇടവഴിയിൽ ഞാൻ നിനക്കായി പ്രണയത്തിന്റെ വിത്തു പാകുന്നു..
   
മേഘമല്‍ഹാർ രാഗത്തിൽ പ്രണയം പാടുന്നു. ചങ്കിലെ നീറ്റൽ രുചിച്ചൊരു തിരി തെളിയുന്നു. ഹൃദയങ്ങൾ തമ്മിൽ കൊരുത്ത് തീ പാറുന്നു... എന്റെ ആകാശത്ത്ആർക്കും കടക്കാനാവാത്ത എന്റെ പാതയിൽ, എന്റെ കാറ്റിൽ നാളത്തിന്റെ ഉലച്ചിലാകുന്നു നീ... നാളമകന്നാലും ഉലച്ചിൽ ബാക്കിയാവുന്നു... വിരിഞ്ഞ മുട്ടയിൽ നിന്നാ കുഞ്ഞിന്റെ കുതിപ്പായൊരു കവിത.. കുതിപ്പിലും വിവശത.. തപിച്ച് തപിച്ചു നീങ്ങുന്ന തുള്ളികൾക്കു നദിയെന്നു പേർ ചാർത്തിയതാരാണ്? തപിക്കുന്ന ഹൃദയങ്ങൾക്കു പ്രണയമെന്നു മുദ്ര ചാർത്തിയതുമാരാണ്?

 


Friday, May 15, 2026

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

 

മഞ്ഞിന്റെ മൌനത്തിലേക്ക്

മാമ്പൂവീഴ്ച്ച,

എന്നിലേക്ക് നീയും

എത്രമേൽ സ്വകാര്യമായി..

 

ലോകത്തിനു മുന്നിൽ

നാം അപരിചിതർ,

എന്നാൽ അലയടങ്ങാത്ത കടലായി

രണ്ട് ഹൃദയങ്ങൾ

വളരുന്ന തിരകളിലൂടെ

ആത്മാവ് പ്രണയം പങ്കിടുന്നു.

 

നാം നമ്മിലൂടെ

മേഘത്തിന്റെ വാചാലതയിലൂടെ

സ്വപ്നം കാണുകയും

സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്നു.

 

ഗുൽമോഹറിലേക്ക്

സന്ധ്യചായുന്നതുപോലെ

ഞാൻനിന്നിലേക്ക്,

നിന്റെ ഞരമ്പുകളിലേക്ക്,

അറ്റമില്ലാത്ത ആത്മാവിന്റെ പാതയിലേക്ക്.

 

ഭ്രാന്തന്മാരുംഅന്ധന്മാരും

സ്വപ്നംകാണുന്നു,

അവരത്വെളിപ്പെടുത്തുന്നില്ലെങ്കിലും.

 

നിന്നെകുറിച്ചൊരുവരി

എഴുതാൻ തുടങ്ങുമ്പോൾ

പ്രണയലഹരിയിലേക്ക്

വീണുപോകുന്നു.

 

നിന്റെ കണ്ണുകളിലെ

സുന്ദരമായൊരു കിനാവ്

വിരിയാതെ നിൽക്കുന്നു.

അത് വായിക്കുന്നില്ലെങ്കിലും

കണ്ണുകളിലെ തിളക്കം

നിലാവിനെ കുടഞ്ഞിടുന്നു.

 

 കണ്ണ്കണ്ണുകളെ

വായിക്കുന്നില്ല,

ചങ്കിൽ നിന്നൊലിച്ച

ചോരയിൽ ചങ്ക്നീറിപ്പിടിക്കുമെങ്കിലും

അവിടെ വിരിയുന്ന വികാരങ്ങൾ

പുറംതള്ളുന്നില്ല.

 

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

തൂങ്ങിയാടുന്ന ബൾബിലൂടെ

ഞാൻ നിന്റെ കണ്ണുകളെ അനുഭവിക്കുന്നു.

എന്റെ കാഴ്ച്ച നിന്നിലൂടെ യാത്രപോകുന്നു.

 

ഗോതമ്പുവയലുകളിൽ

സ്വപ്നത്തിന്റെകൈവരിയിൽ

നിറഞ്ഞു പാടിയസിത്താറിന്റെസംഗീതം,

തീവണ്ടിമുറികളിൽ

വിയർക്കുന്ന ഹൃദയങ്ങളുടെ

പുറപ്പാടിന്റെപാട്ട്,

പിന്നെ

പ്രണയികളുടെ ആകാശങ്ങളെയെല്ലാം

അനുഭവിക്കുന്നത്

നിന്റെകണ്ണുകളിലൂടെയാണ്.

ഉണക്കാനിട്ടൊരുസ്വപ്നത്തിന്

നീകാവലിരിക്കുന്നു.

 

നിന്റെ ഹൃദയചോരയിൽ പിറന്നൊരു കവിത

പ്രാണനെ മുറിക്കുന്നു.

എന്റെ പ്രാണനെ ഉഴുതുമറിക്കുന്നു.

എത്രവേദനയോടെയാണ് ഞാനപ്പോൾ

നിന്നിലേക്ക് ചേർന്നിരിക്കുക.

 

Friday, May 8, 2026

കടലിന്റെ കേന്ദ്രബിന്ദു തേടി

 

    ഇവിടെ, ഈ രാത്രിമരച്ചുവട്ടിൽ ഞാൻ നിൽക്കുന്നു, തനിയേ നിൽക്കുന്നു. ആദ്യവെളിച്ചത്തിന്റെ തരികൾ തേടുന്നു, ആദ്യ കണ്ണുകളുടെ വെളിച്ചം തേടുന്നു, ആദ്യ കേൾവിയുടെ കാതു തേടുന്നു. കാലത്തിന്റെ ഭ്രാന്ത് ഉന്മാദത്തിന്റെ ഇലകളായി എന്നിൽ പെയ്യാൻ കാത്തുനിൽക്കുന്നു. ജീവന്റെ ചരടിൽ പ്രണയ മുത്തുകൾ തൂക്കിയിടുന്നു, തെരുവിന്റെ തുറസിലേക്ക് കാലത്തിന്റെ നെടുങ്കൻ വായിൽ നിന്നും ഇറങ്ങിവന്ന് വീണ്ടും നടക്കാൻ തുടങ്ങുന്നു.

   കടലിന്റെ കേന്ദ്രബിന്ദു തേടി, തിരകൾക്ക് മീതെ യാത്ര ചെയ്യുന്നു. ഭ്രാന്തെഴുതുന്ന ചിപ്പികളുടെ മുത്തുകളിലേക്ക് എന്നെ വലിച്ചെറിയട്ടെ.

    മാവ് പൂത്ത് മണം പരക്കുമ്പോൾ വിരിയാൻ പോകുന്ന മാങ്ങയുടെ മരണം അടയാളപ്പെടുന്നു. എന്നെ പിഴുതെറിയുന്ന കൊമ്പിൽ നിന്നും എന്റെ വിത്തു കൊത്തിയെടുത്ത് പ്രാവ് കുറുകുന്നു. കടലിന്റെ അകക്കാമ്പിലേക്ക് പോകാനുള്ള ആവേശം ഇരട്ടിക്കുന്നു. എത്രമേൽ പ്രഹരിച്ചിട്ടും കൊല്ലപ്പെടാത്ത ഞാൻ നിനക്കായി പാടുന്നു.

  രാത്രിയുടെ രാത്രിയിൽ ഹൃദയത്തിന്നിടനാഴിയിൽ വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂവിൽ ഗന്ധർവ്വ ഹൃദയം തെളിയുന്നു. പ്രണയിച്ചു കൊതി തീരാത്തവരുടെ ആത്മാവ് അലയുന്നു. ഈ ഏകാന്തതക്ക് അത്രക്ക് മധുരമൊന്നുമില്ല, ഏകാന്തതയുടെ മുള്ളുകൾ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നു. ഓരോ മുള്ളും മൽസരിച്ച് ആഴം തേടുമ്പോൾ വേദനക്കുമേൽ വേദന സവാരി ചെയ്യുന്നു. എവിടേക്ക് പോകണമെന്നറിയില്ല, എന്ത് ചെയ്യണമെന്നറിയില്ല, എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിയില്ല. പിന്നിട്ട പാതകളിലേക്ക്, സ്വപ്നങ്ങൾ കുഴിച്ചുമൂടിയ ഇടങ്ങളിലേക്ക് ആരോ എന്നെ കൊണ്ടുപോകുന്നു. മറക്കാൻ ശ്രമിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത എന്നെ മടക്കിയെടുക്കാൻ ശ്രമിക്കുന്നു. ഇനിയും അഗ്നിയുടെ പാതയിലൂടെ, കണ്ണീരിന്റെ ചാലുകളിലൂടെ കാലമെന്നെ വലിച്ചിഴച്ചേക്കാം….

Thursday, November 22, 2018

തത്ത്വമസി

തത്ത്വമസി എന്നത് ദൈവപ്രണയത്തിന്റെ ഉന്നതമായൊരു തലമാണ്. അത്, ആ ഭാഷണം കാഴ്ച്ചയിൽ മിന്നിമറയേണ്ട ഒന്നല്ല, അത് അനുഭവിക്കാനുള്ളത്. മധുരം നുകർന്നാൽ പിന്നെ മധുരത്തെ കുറിച്ച് ഭാഷണങ്ങളില്ല, അതനുഭവിച്ച്, അതിന്റെ രുചിയിലൂടെ സഞ്ചരിക്കുക. എന്നാൽ അവിടെക്കെത്താൻ അകമേക്ക് എത്രയോ പടികൾ ചവിട്ടേണ്ടതുണ്ട്. ഗീതാകാരൻ പറഞ്ഞതുപോലെ പ്രതിഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്താൽ നമുക്കാ ദൈവപ്രകാശത്തിലെത്താം. അതിലെത്തിയാൽ പിന്നെ അഹങ്കാരമില്ല, വടിത്തല്ലുകളില്ല. ലോകം ദൈവത്തിന്റെ ഉദ്യാനമായി മാറുന്നു. അതിന് ഉണർത്തേണ്ടത് ജാതിമതങ്ങളെയല്ല, മനുഷ്യരെയാണ്; അകമേ ഒതുങ്ങിപോയ ആ ദൈവപ്രകാശത്തെയാണ്.

Monday, July 18, 2016

തിരുത്ത്

പലരും പറയുന്ന ന്യായമുണ്ട് യഥാര്‍ത്ഥ മുസല്‍മാന് മറ്റുള്ളവരെ ആക്രമിക്കാനോ അപായപ്പെടുത്തുവാനോ കഴിയില്ലെന്ന്. അവർ തന്നെയാണ് ഉത്തരം പറയേണ്ടത് ചേകന്നൂരിനെ മുക്കിയവരും അധ്യാപകന്റെ കൈവെട്ടിയവരും യഥാര്‍ത്ഥ മുസൽമാന്മാർ ആണോ എന്ന്. യാതൊരാളാവട്ടെ തന്റെ മതത്തിലേക്ക് ആളെ ക്ഷണിക്കുന്നത് മറ്റ് മതങ്ങൾ തെറ്റെന്ന് വാദിച്ചുകൊണ്ടാണ്. മറ്റ് മതങ്ങൾ ശരിയെന്ന് തോന്നുന്നുവെങ്കിൽ പിന്നെ തന്റെ മതത്തിലേക്ക് ക്ഷണിക്കേണ്ടതില്ലല്ലോ. ഇസ്രയേലും ഇസ്രയേലിയരും ശത്രുക്കളെന്ന് പഠിപ്പിക്കുന്നത് പോലും അപകടകരമാണ്. കേരളത്തിൽ കഴിയുന്ന ഒരു മുസൽമാൻ എത്രയോ അകലെയുള്ള ദേശത്ത് പാർക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും കാണാനിടയില്ലാത്തതുമായ ഇസ്രായേലികളെ എന്തിന് ശത്രുവാക്കണം... ശത്രുത ഒഴിവാക്കി മുന്നോട്ട് പോകാനാവുമ്പോൾ മാത്രമേ സമാധാനം അനുഭവിക്കാനാവൂ.. ഫാസിസത്തിനു നിലനിൽക്കാൻ ഒരു ശത്രു വേണം, ആ‍ തലത്തിലേക്ക് മതങ്ങൾ പോകരുത്.

Friday, May 27, 2016

സംഗീതം

സംഗീതമില്ലാത്ത മനസ് വരൾച്ചയുടെ ദേശം വിളിച്ചുവരുത്തുന്നു. കലാസാഹിത്യം വിരോധിക്കുന്നിടത്തും അതുതന്നെയാണ് സംഭവിക്കുക. എന്തിന്റെ പേരിലായാലും മനുഷ്യ ജന്മം തൊഴുത്തിലെ കാടിവെള്ളവും വൈക്കോലും ചവച്ച് അവസാനിപ്പിക്കാനുള്ളതല്ല. ഏതെല്ലെമോ കിത്താബുകളിൽ നിന്നും തപ്പി സംഗീതം ഹറാമെന്ന് പുരോഹിതൻ പറയുമ്പോൾ പുരോഹിത ഭാഷ ഭക്തരെ തൊഴുത്തിലേക്ക് വലിക്കുകയാണെന്ന് വ്യക്തം. പ്രവാചകൻ സംഗീതം ആസ്വദിച്ചിട്ടുണ്ട്.. ആസ്വദിച്ചാലും ഇല്ലെങ്കിലും സംഗീതമൊഴിഞ്ഞ ഹൃദയത്തിനു ദൈവത്തെ അനുഭവിക്കാനാവില്ല. പ്രണയവും സഗീതവുമില്ലാ‍ത്തൊരാൾ ദൈവത്തെ അനുഭവിക്കുന്നുവെന്ന് പറഞ്ഞാൽ ആ ആളുടെ ദൈവം വരൾച്ചയുടെ ദേശമെന്ന് പറയാം.

Monday, March 14, 2016

മതയിടങ്ങളെന്ന ചതി

മനുഷ്യൻ പിറക്കുന്നത് സ്വതന്ത്രമായി, മതമില്ലാതെ.. പിറവിയുടെ ചൂളം വിളി അവസാനിക്കും മുമ്പ് കാതിലൂടെ ആത്മാവിലേക്ക് മതമെന്ന ഈയം ഉരുക്കിയൊഴിക്കുന്നു. തുടർ യാത്രയിൽ ഈയമാണ് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുക, തന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റ്. തന്റെ മത ഗ്രന്ഥം മാത്രം ശരി, മറ്റെല്ലാം വെറും വാറോലകൾ... അകമേ നിന്നും ആ ഈയം എന്ന് പുറത്തേക്ക് തള്ളുന്നുവോ അന്നേ മനുഷ്യനെ മനുഷ്യനായി കാണാനാവൂ. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും മത മേസ്തിരിമാരും ചേർന്നുള്ള കൂട്ട് കച്ചവടമാണ്. മനുഷ്യർ ഭിന്നിച്ച് നിമ്പോഴാണ് കച്ചവടം കൊഴുക്കുക...

Sunday, March 13, 2016

മാധ്യമങ്ങൾ

ചാനൽ ചർച്ചകൾ നിരോധിച്ചാൽ പകുതി മാലിന്യം ഒഴിഞ്ഞുകിട്ടും.. പോയ തലമുറ പത്രങ്ങൾ വായിച്ചുതന്നെയാണ് രാഷ്ട്രീയം ചർച്ച ചെയ്ത് ചായക്കട വരാന്തകളെ സജീവമാക്കിയത്. അന്നത്തെ പത്രങ്ങൾക്ക് എഴുപത് ശതമാനാമെങ്കിലും നേരുണ്ടായിരുന്നു. ഇന്നോ? മനുഷ്യനോടൊത്ത് നിൽക്കേണ്ട മാധ്യമങ്ങൾ മതങ്ങളോടും രാഷ്ട്രീയത്തോടും കുത്തക മുതലാളിമാരോ‍ടും ചേർന്ന് നിൽക്കുന്നു. ഒരു പാർട്ടി ഭരിക്കുമ്പോൾ ശരിയായി അവതരിപ്പിച്ചത് മറ്റൊരു പാ‍ർട്ടി അധികാരത്തിലെത്തുമ്പോൾ തെറ്റായി അവതരിപ്പിക്കുന്നു. എങ്കിൽ രണ്ടും ശരിയല്ല, സത്യം എവിടെയോ കഴുത്ത് പിരിഞ്ഞ നിലയിൽ കിടക്കുന്നു. നുണകൾ പെരുകുന്നത് മനുഷ്യന്, ദേശത്തിനു ദോഷമാണ്....

Thursday, March 3, 2016

സാഹിത്യരംഗത്തെ ഊളകൾ

സാഹിത്യ അക്കാദമികളിൽ കയറികൂടുന്ന വിരകൾ രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികളാണ്. പുരസ്കാരം നേടുന്ന കൃതികൾ കൂടുതൽ വിറ്റുപോകും. അതുകൊണ്ട് അവർ വച്ച് വിളമ്പുന്ന പുരസ്കാരങ്ങൾക്ക് വായനക്കാരെ കബളിപ്പിക്കാനാവുമെങ്കിലും ആ പേരിൽ എഴുത്തുകാർക്ക് വേദികൾ പലത് കിട്ടുമെങ്കിലും പ്രത്യേകിച്ച് ഭാഷക്ക് ഒരു ഗുണവുമില്ല. ഇന്ന് സാഹിത്യ ലോകത്ത് നടക്കുന്നത് വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാരെ മാന്യന്മാരെന്ന് പറയാം. അത്രമേൽ ജീർണതയാണ് ചില കോക്കസുകളുടെ കളികൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. ഇവിടെ ആര് എഴുത്തുകാരൻ/കാരി ആവണമെന്ന് തീരുമാനിക്കുന്ന നാറിത്തരത്തെ നല്ല എഴുത്തുകൾ മുറിച്ചുകടക്കുകതന്നെ ചെയ്യും. ഒരു സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് എഴുത്തുകാർ തീരുമാനിക്കുന്നു. അല്ലാതെ അക്കാദമിക് ഊളകളുടെ മദ്യപാനസദസുകളല്ല തീരുമാനിക്കേണ്ടത്..

Saturday, October 24, 2015

മനുഷ്യനാവുക

യാതൊരാൾ മുസ്ലീം കുടുംബത്തിൽ പിറക്കട്ടെ അയ‍ാൾ മുസ്ലീമും കൃസ്ത്യൻ കുടുംബത്തിൽ പിറന്ന ആൾ കൃസ്ത്യാനിയും ദലിത് കുടുംബത്തിൽ പിറക്കുന്ന ആൾ ദലിതും ആകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് ഏവർക്കും അറിയാം... ഓരോരുത്തരും തങ്ങളിൽ കുത്തപ്പെട്ട മത സമുദായ ചാപ്പയുടെ ഭാരവും പേറി കാലം കഴിക്കുന്നു. അതിനിടയിൽ തങ്ങൾ ഉത്തമ സമുദായമെന്നോ ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നവരോ ആണെന്ന ചൊറിയൻ വാദവുമായി നടക്കുന്നു. മതങ്ങളെന്ന തൊഴുത്തിൽ നിന്നും രക്ഷപ്പെടുന്നവരാണ് വിപ്ലവകാരികൾ. ആരാധനാ‍ലയങ്ങളിൽ ജനിക്കുന്നത് നന്ന് അവിടെ കിടന്ന് മരിക്കരുതെന്ന സ്വാമീ വിവേകാനന്ദ വചനം ഓർത്തുപോകുന്നു.. നല്ലത് സ്വീകരിക്കുക,മോശം വലിച്ചെറിയുക. ഏതൊരു മതമാവട്ടെ അതിൽ നിന്നും നന്മകൾ പെറുക്കിയെടുക്കാം. മറ്റൊരു മതത്തിൽ ഉള്ള നന്മ എടുത്താൽ താൻ മതത്തിനു പുറത്തായെന്ന ധാരണ തിരുത്തപ്പെടണം. രോഗം വന്നാൽ രോഗത്തിന് ചികിത്സ തേടണം. അതല്ലാതെ ഡോക്ടറെ കണ്ടാൽ ദൈവത്തെ വിട്ട് ഡോക്ടറെ തേടിയെന്നും അത് ദൈവത്തെ ചെറുതാക്കുകയോ ദൈവത്തോട് കൂട്ടിചേർക്കുകയോ ആണെന്ന വരട്ട് പൌരോഹിത്യ ചിന്ത ഉപേക്ഷിക്കണം. ഒരു ഭക്തനാവാൻ, മത സേവകനാവാൻ, ഡോക്ടറോ എഞ്ചിനീയറോ ആകാൻ എന്തെളുപ്പം. എന്നാലൊരു മനുഷ്യനാവുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. മനുഷ്യനാക്കാൻ പറ്റിയ യൂണിവേഴ്സിറ്റികളൊന്നും ഇല്ലെന്നാണറിവ്. സ്വയം മനുഷ്യനാവുക..

Friday, October 23, 2015

ഇരട്ടത്താപ്പ്

പോറ്റി വളർത്തുമ്പോൾ നല്ല തീവ്രവാദിയും, എതിരിടുമ്പോൾ ചീത്ത തീവ്രവാദിയെന്നും വർത്തമാന ഭാഷ. ഒരിക്കൽ ലാദൻ അമേരിക്കയുടെ മാനസപുത്രനായിരുന്നു. സദ്ദാമിനെ അമേരിക്ക എങ്ങനെയെല്ലാം ഉപയോഗിച്ചെന്നും കണ്ടുകഴിഞ്ഞു. ഇന്ന് റഷ്യ ഐസിസ്സ് ഭീകരരെ തുടച്ച് നീക്കാൻ തുനിയുമ്പോൾ അമേരിക്കക്ക് പൊള്ളുന്നെങ്കിൽ അതിന്റെ രാഷ്ട്രീയം വേറെയാ‍ണ്. ഇതേ സമീപനം തന്നെയാണ് ലോകം വച്ചുപുലർത്തുന്നത്, അവിടെയാണ് മൃദു വർഗീയതയെന്നും അതിവർഗീയമെന്നും പറയുന്നത്. ഇതിലൊന്നും താത്വികമായ അവലോകനമൊന്നും നടത്തേണ്ടതില്ല. തക്കാളിയുടെ ഒരു അരിക് ചീഞ്ഞാൽ പിന്നെ അത് ചീഞ്ഞ തക്കാളി തന്നെയെന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാലും അറിയാം..

Thursday, October 15, 2015

ഫാസിസത്തിനെതിരേ

വർഗീയതയെന്ന കൃമി വളരുന്നതാണ് ഫാസിസം. ഫാസിസത്തെ എതിർക്കുമ്പോൾ വർഗീയതയെ എതിർക്കേണ്ടതുണ്ട്. ഫാസിസം വരാതിരിക്കാൻ, ഫാസിസം വിഴുങ്ങാതിരിക്കാൻ വർഗീയകക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിഡ്ഡിചിന്തകരാണ്. ഫാസിസത്തെ തോൽ‌പ്പിക്കാനുള്ള സമരത്തിൽ ഏറ്റവും ചെറിയ വേരുകൾ പോലും പിഴുതെറിയേണ്ടതുണ്ട്. അവിടെ ഏതെങ്കിലുമൊരു പക്ഷമുണ്ടെങ്കിൽ നന്മയുടെ പക്ഷമെന്നോ മനുഷ്യപക്ഷമെന്നോ കരുതണം. മതങ്ങളെ കൂട്ടുപിടിച്ചുള്ള സമരം മറ്റൊരു ഫാസിസത്തെ വളർത്തി വിടലാണ്. അതുകൊണ്ട് ഫാസിസത്തെ എതിർക്കുന്നവർ രാഷ്ട്രീയക്കാർ ആവട്ടെ, എഴുത്തുകാർ ആവട്ടെ വർഗീയതയോടോ സമുദായങ്ങളോടോ കൈകോർക്കാതിരിക്കുക...

Tuesday, October 13, 2015

സംഗീതം

സംഗീതം പ്രണവമാണ്.... യാതൊരാൾ സംഗീതത്തിലാവട്ടെ, അത് മനുഷ്യമനസ്സുകളെ കീഴടക്കട്ടെ, അപ്പോൾ ദൈവത്തിന്റെ പൂന്തോപ്പിൽ വസന്തമല്ലോ... സംഗീതത്തെ വിരോധിക്കുന്നവർ ആരുമാവട്ടെ അവർ ചെകുത്താന്റെ പിന്മുറക്കാരത്രേ... സംഗീതത്തിന് ജാതിമതമില്ല.... സംഗീതത്തിലേക്ക് തിരിയുന്ന ജാതിമതകണ്ണുകൾ പിശാചിന്റേത് തന്നെ....

Friday, October 2, 2015

ഗാന്ധി ജയന്തി

ഒരുവേള കലണ്ടറിൽ നിന്നും ഒക്ടോബർ രണ്ട് വെട്ടിപോകുകയോ നിരോധിക്കപ്പെടുകയോ ചെയ്യാം. മനുഷ്യ ഹൃദയങ്ങളിൽ നിന്നും അഹിംസയുടെ പുഞ്ചിരി ആർക്കാണ് ഞെരിച്ചുകളയാനാവുക.... ബീഫിന്റെ പൈങ്കിളി കഥയെ ഏറെകാലം ധർമ്മപുരിക്ക് ചുമക്കാനാവില്ല.. ഇത് ഇന്ത്യ, ഇത് ബ്രിട്ടനെ തുരത്തിയ ദേശം... ഹിന്ദുവും മുസൽമാനും കൃസ്ത്യനും സിഖും ജൈനരും മറ്റും മറ്റും വിരിഞ്ഞുനിൽക്കുന്ന പൂന്തോപ്പ്... ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന് കാതിലോതിയ മണ്ണ്....

Sunday, September 27, 2015

വർഗീയതക്ക് എതിരേ..

വർഗീയതക്ക് എതിരേ ലീഗുമായി മാർക്സിസ്റ്റ് പാർട്ടി കൈകോർക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക... ലീഗിനോടൊപ്പം വേദി പങ്കിടുന്നത് ആത്മഹത്യാപരം തന്നെയാണ്.. അതുകൊണ്ട് ഗുണം ഉണ്ടാക്കുക ലീഗും മറ്റ് വർഗീയ കകക്ഷികളുമാകും. ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന ഗാന്ധിയൻ ചിന്ത മറക്കാതിരിക്കുക.... മാർക്സിസ്റ്റ് പാർട്ടി അധികാരമെന്ന ചിന്ത കളഞ്ഞ് ജാതിമത വർഗീയതക്കും ഫാസിസത്തിനുമെതിരേ പോരാടുക. വർഗീയത ഭൂരിപക്ഷമാവട്ടെ, ന്യൂനപക്ഷമാവട്ടെ അത് വിഷവും ദേശത്തിനു ആപത്തുമാണ്.

Friday, September 25, 2015

വരട്ടു ചൊറി


വരട്ടുചൊറി ഒരു രാഷ്ട്രീയമാണ്;
അതേ രാഷ്ട്രീയ വായനയിലാണ്
ചാനൽ സീരിയൽ കാണാത്ത,
ചാനൽചർച്ചകൾ എന്തെന്നറിയാത്ത
ആദിവാസികൾ
വരേണ്യവർഗത്താൽ ശപിക്കപ്പെടുക...
വരട്ടുചൊറി വാദം
ഇന്നെന്നല്ല എന്നുമുണ്ടായിരുന്നു.
പാർശ്വവൽകൃതർ
കർഷകർ
ആത്മഹത്യ ചെയ്താൽ
അത് അതേ ചൊറിയുടെ വിളയെന്ന്
നാമറിഞ്ഞിരുന്നില്ലെന്ന് മാത്രം...
എൻഡോസൾഫാനൊരു നുണയെന്ന്
ആദിവാസികൾ മനുഷ്യരല്ലെന്ന്
വൈകാതെ എഴുതപ്പെടും...
ഹൃദയം ചൊറിയുടെ ദേശമായി മാറുമ്പോൾ
വർഗീയത തിമിർത്താടുമ്പോൾ
ഒരു കാറ്റ്,
ഒരു മഴ,
അല്ലെങ്കീലൊരു ഭൂമികുലുക്കം;
അതെ,
തങ്ങളെ മൊത്തമായും കുലുക്കുന്നത്,
പിഴുതെറിയുന്നത്
മനുഷ്യൻ മാത്രം സ്വപ്നം കാണും...
അത് അങ്ങനെ തന്നെയാണ്;
രാഷ്ട്രീയവും മതങ്ങളും തോറ്റുപോയ ഇടത്ത്
കലാസാഹിത്യം ഒറ്റുകാരാൽ വിഷമയമായ ഇടത്ത്
അധികാര കഴുകന്മാർ ഉറഞ്ഞു തുള്ളുന്ന ഇടത്ത്
മനുഷ്യൻ കാത്തിരിക്കുക
പ്രകൃതി ദുരന്തങ്ങളെയാവും...

Thursday, September 24, 2015

പറഞ്ഞിട്ടെന്ത്..

യൂ‍ഡിയെഫിന്റെ ജനദ്രോഹ ഭരണത്തിന് ഉത്തരവാദി പ്രതിപക്ഷമല്ലാതെ മറ്റാ‍ര്. ജനപക്ഷമാ‍വുന്നതിനാണ്, ഭരണകൂടത്തിന്റെ ദുർഭരണത്തെ ചെറുക്കുന്നതിനാണ്, തിരുത്തുന്നതിന്നാണ് പ്രതിപക്ഷം. അതിനാവില്ലെങ്കിൽ പ്രതിപക്ഷം ഇല്ലാതിരിക്കുന്നത് തന്നെ ഉത്തമം. പ്രതിപക്ഷ നേതാവിന്റെ കസേര ലഭിച്ചത് അതിലിരുന്ന് ആ‍നുകൂല്യം പറ്റാനും ചാനലിലൂടെ ഓക്കാനിക്കാനുമല്ല എന്ന് കൂടെ ഓർക്കുക.. എന്തുകൊണ്ട് പ്രതിപക്ഷനേതാവിന് യൂഡിയെഫെന്ന കളങ്കിത വ്യക്തിത്വങ്ങൾക്കെതിരെ നിരാഹാര സമരം നടത്തികൂടാ? ഇടതുപക്ഷത്തിന്റെ പരാജയങ്ങളിൽ ഒന്ന് വീയെസിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത് എന്ന് പറയുമ്പോൾ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ടാവും. കാര്യപ്രാപ്തിയുള്ള പാർട്ടിയോടും ജനത്തോടും കൂറുള്ള ഒരാളെ ആ ഇടത്ത് വച്ചിരുന്നെങ്കിൽ പ്രതിപക്ഷം ഇങ്ങനെ കിതക്കില്ലായിരുന്നുവെന്ന് തോന്നുന്നു.. 

Monday, September 21, 2015

ഗുരു

ഗുരു മനുഷ്യ‍ വിമോചകനായ ഋഷി... കാലം ഇരുളുമ്പോൾ അത് നീക്കാൻ പ്രകൃതി ഓരോരുത്തരെ നിയമിക്കുന്നു. അവർ പ്രകൃതിയുടെ നാവാകുന്നു. മതങ്ങളുടെ തടവറകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് സ്നേഹം പാടിയ ഗായകൻ... ഗുരു ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ സ്വത്തല്ല... ഗുരു എന്താഗ്രഹിച്ചുവോ അത് ജീവിത ചര്യയാക്കുമ്പോൾ ഗുരുസ്മരണയാകുന്നു. ഗുരുവെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ഗുരുനിന്ദയാണ് ചെയ്യുന്നത്...