Wednesday, August 14, 2013

യാത്ര

ഉടൽ മുന്നോട്ടാഞ്ഞ്, മുഖം പാറ പോലെ കനപ്പിച്ച്, നെഞ്ച് വിരിച്ചെത്രയോ കോമാളി വേഷങ്ങൾ. പൂച്ചയെ പോലെ പതുങ്ങി പാവ വേഷങ്ങളും... വഞ്ചകരുടെ യാത്രകൾ.

വേഷങ്ങളാണരങ്ങ് വാഴുന്നത്.

വാദിയും പ്രതിയും ഒരു നേരമ്പോക്ക്. കർട്ടൻ ഉയരും മുമ്പേ വിധി എഴുതപ്പെടുന്നു. അധികാര ദല്ലാളന്മാർ പറയുന്നു, നിയമം നിയമത്തിന്റെ വഴിക്കെന്ന്. അങ്ങനെ പറയുന്നവർക്ക് ഉറപ്പുണ്ട് അതിന്റെ സഞ്ചാരം അവർ ആഗ്രഹിക്കുന്ന വഴിയിലൂടെയെന്ന്.

ഇവിടെ. ഈ മണ്ണിൽ തോറ്റുപോകുന്ന സമരങ്ങളാണ് ഏറേയും. ഇരയുടെ പക്ഷം നിൽക്കേണ്ടവർ പോലും വേട്ടക്കാരുടെ പക്ഷം ചേരുന്നു. ഇരകൾക്കായി ശബ്ദിക്കാൻ ആളില്ലാതാവുന്നു. അധികാരം ജനങ്ങളിലേക്കെന്നത് നുണ. ജനം നിരന്തരം തോറ്റുപോകുന്നു.


Sunday, August 11, 2013

ഫത്തുവകളോടും ഇടയലേഖനങ്ങളോടും

എഴുത്തുകാർക്ക് മേൽ പുരോഹിതരുടെ മാനിഫസ്റ്റോ; അവന്റെ കുപ്പായം കീറി
കുരുക്കാക്കി നാവു കെട്ടാമെന്ന്...

മാലാഖമാരുടെ വേഷമാവണമെഴുത്തിനെന്നോ; എങ്കിൽ പുരോഹിതാ നീ നിന്റെ വേഷത്തിലൂടെ എഴുതുക. എത്രകാലം കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടേയും രുചി അനുഭവിപ്പിക്കാനാവും. ആവർത്തിക്കപ്പെടുന്ന ദൈവപുരകളെ എത്രകാലം കുഞ്ഞാടുകൾക്ക് ചുമക്കാനാവും. നീ ചില രുചികളുടെ കാവൽക്കാരൻ; നീ അതേ രുചിയിൽ മയക്കിക്കിടത്തുന്നു, എങ്ങനെയെന്നോ പ്ലാവില നീട്ടി ഇറച്ചിമുട്ടിയിലേക്കെന്ന പോലെ..

നീ മാലാഖമാരെ കണ്ടിട്ടുണ്ടോ; നിന്റെ വാഴ്ത്തലിൽ നരകിച്ച് ചങ്ങലയാൽ ബന്ധിതരായി.
നീയെന്തിനാണവർക്ക് വെട്ടിത്തിളങ്ങുന്ന വസ്ത്രം തയ്പിക്കുന്നത്. നിന്നെ പോലെ അഹങ്കാരത്തിന്റെ കുപ്പായംകൊണ്ട് എന്തിനാണവർക്ക് ഭാരം കയറ്റുന്നത്... അവർ നഗ്നരല്ലോ!
അവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട് അവരിൽ ഷണ്ഢ യാത്രകളില്ല അവരിൽ ഒളിക്ക്യാമറ പ്രവർത്തിക്കുന്നുമില്ല.

നീ അലക്കിത്തേച്ച വേഷക്കാരൻ; നീ പോലുമറിയാതെ നിന്റെ കുപ്പായത്തിലൊട്ടിയ രേതസ്. വെളുത്ത കുപ്പായക്കാരുടെ കറുത്ത ഭാഷണം നീ...

ഇവിടെയീ തെരുവിൽ നീ നോക്കി നിൽക്കെ, മാലാഖമാരുടെ മാത്രമല്ല, നീ ആരാധിക്കുന്ന, കൊണ്ടുനടന്നു വിൽക്കുന്ന നിന്റെ ദൈവത്തിന്റെ തുണികൾ പിഴുതെറിയുന്നു. നീയൊരു ഫത്തുവയിലൂടെയോ ഇടയലേഖനത്തിലൂടെയോ കൺമിഴിച്ചാലെന്ത്! നീ എന്തിനു ദൈവത്തിന്റെ കൊട്ടേഷൻ ചമഞ്ഞ് ജീവിതം പാഴാക്കുന്നു. നീ ദൈവത്തെ അനുഭവിക്കുക, പ്രണയം പോലെ, സംഗീതം പോലെ... അപ്പോൾ മാത്രമേ നീ നേരിന്റെ പാതയിലാവൂ..



Tuesday, August 6, 2013

ഹിരോഷിമ

ഹിരോഷിമയുടെ മുറിവുകൾ തെരുവുകൾ സൂക്ഷിക്കുന്നുണ്ട്... സമാധാനത്തിന്റെ അപ്പസ്ഥലന്മാർ തുടർന്നും ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നുണ്ട്. യുദ്ധമുഖങ്ങളിൽ ഒരു പെണ്ണിന്റെ മടിക്കുത്തഴിയുമ്പോൾ ഒരു കുഞ്ഞിന്റെ ജീവൻ അറുത്തുമാറ്റപ്പെടുമ്പോൾ ഭൂമി കിടുകിടാ വിറക്കുന്നുണ്ട്...

സ്വർഗനരകനിർമ്മിതിയാൽ ചേതനയറ്റ ഹൃദയങ്ങൾ ദൈവത്തെ കുറിച്ച് ചൊലിച്ചൊല്ലി
അപരിചിതത്വത്തിലായി... വിദ്യയിൽ കൂട്ടബലാത്സംഗം കച്ചവടത്തിന്റെ സിരാകേന്ദ്രങ്ങൾ ഉറപ്പുവരുത്തുന്നു.

എന്റെ മറവി ആരംഭിക്കുന്നത് ആദ്യമായി കേട്ട ദൈവവചനങ്ങളിലാണ്. എന്റെ പിറവിയെ കുറിച്ചും
എനിക്ക് പോകേണ്ട ഇടങ്ങളെ കുറിച്ചുമുള്ള വഴികൾ ഉരച്ചുകളഞ്ഞുകൊണ്ട് എന്നിൽ ഉയർത്തപ്പെട്ട ബിംബങ്ങൾ.

സീസറും ക്രിസ്തുവും മുഹമ്മദും അബൂജാഹിലും അവരുടെ വ്യപഹാരങ്ങളിൽ രമിക്കട്ടെ
എന്തിനെന്നെ അതിലെക്ക് വലിച്ചിഴക്കണം. അതെന്റെ കാലമല്ല, അവരെയല്ലാതെ അവരുടെ പ്രേതങ്ങളെ എന്തിനെന്നിൽ?!

യുദ്ധങ്ങൾക്കെപ്പോഴും തിണ്ണമിടുക്കിന്റെ കഥ പറയാനുണ്ട്, തോറ്റവന്റെ വിലാപങ്ങൾ പുറമ്പോക്കിൽ മെതിക്കപ്പെടുകയും...

നീ ദൈവപുത്രനെങ്കിൽ ഞാനും ദൈവപുത്രൻ തന്നെ. നീ ദൈവമെങ്കിലോ ഞാനും ദൈവം തന്നെ. നിനക്കുമാത്രമായൊരു ഇരിപ്പിടം അംഗീകരിക്കില്ല. ഒരു ചെറുപ്രാണിയുടെ അവകാശം മാത്രമേ നിനക്കുമുള്ളൂ... 


Saturday, August 3, 2013

അശ്ലീലങ്ങളുടെ തെരുവിൽ

അമ്പലത്തിന്റേയോ പള്ളിയുടേയോ ആവട്ടെ,
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?

മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...

നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.

ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.

Friday, August 2, 2013

അധികാര മോഹികൾ

നിലവിലെ അധികാരക്കൊതി പൂണ്ടവരുടെ മുഖങ്ങളിലൂടെ വിഭജനത്തെ വായിക്കുക. അന്നും ഇതുപോലെയൊക്കെ തന്നെ അധികാരത്തിനായി എല്ലാത്തരം അൽ‌പ്പത്തരവും കാട്ടിയിരുന്നു. ഒരു രാജ്യത്തെ വെട്ടിമുറിച്ചത്, രാജ്യത്തിന്റെ തെരുവുകളിൽ ചോരയൊഴുക്കിയത് അധികാര ഭ്രാന്ത് മൂത്തവരുടെ കരങ്ങളാണ്... കഥാപാത്രങ്ങൾ മാത്രമേ മാറിയിട്ടുള്ളൂ വിഷം അത് തന്നെ.

മൂന്നാം ക്ലാസ് തീവണ്ടി മുറിയിലിരുന്ന് സഞ്ചരിച്ച ജനസേവകന്റെ ചിത്രം പുതിയ കാലത്തെ അധികാര ദാഹികൾക്ക് ദഹിക്കില്ല. ഒരു പൌരനു ഒരു റൊട്ടിയേ കഴിക്കാനുള്ളൂ എങ്കിൽ തനിക്കും ഒന്നു മതിയെന്ന് ചൊല്ലിയ ആ നേതാവിന്റെ നാമം ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇക്കാലത്തെ നേതാക്കൾ.

Monday, July 29, 2013

ദൈവം സ്നേഹമാകുന്നു

കമ്യൂണിസ്റ്റ് മുഖം മൂടിയണിഞ്ഞ സംഘികളും ഇസ്ലാമിസ്റ്റുകളും സുലഭമാണ്. നിരന്തരം ഏതെങ്കിലും ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ച് വിമർശിക്കുന്നവരെ ശ്രദ്ധിക്കുക അവർ കമ്യൂണിസ്റ്റിന്റെ വേഷം ചമയുകയാണെന്ന് മാത്രം.. ശരിയായ യുക്തിവാദിക്ക് ഏതെങ്കിലും ഒരു മതത്തെയല്ല, അല്ലെങ്കിൽ മതങ്ങളെ മൊത്തമായിട്ടുമല്ല വിമർശിക്കാനാവുക. അയാൾ മതങ്ങളിലുള്ള തിന്മകളെയാവും ആക്രമിക്കുക..

ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദം വിശ്വാസികൾക്കുള്ളത്. ദൈവ വിശ്വാസിയാവട്ടെ നിരീശ്വരവാദിയാവട്ടെ അവർ വിശ്വാസികൾ. ഒരാൾ എന്തോ ഉണ്ടെന്ന ധാരണയിൽ വിശ്വസിക്കുന്നു. മറ്റൊരാൾ അത് ഇല്ലെന്ന വിശ്വാസത്തിലും.. ദൈവം വിശുദ്ധമായ സ്നേഹം. അല്ലെങ്കിൽ മഹത്തായ സമാധാനം.. അതിലെക്കുള്ള വഴിയിൽ കലാപങ്ങൾക്കിടമില്ല. സ്നേഹത്തേയൊ സമാധാനത്തേയോ ചൂണ്ടിക്കാട്ടാനാവില്ല. അത് എന്തോ അത് അനുഭവിക്കുക.. 

Friday, July 26, 2013

തിന്മയുടെ പക്ഷങ്ങൾ

സെപ്റ്റമ്പർ പതിനൊന്ന് നമുക്ക് മുന്നിലിട്ടത് ഒന്നുകിൽ അമേരിക്കൻ പക്ഷത്ത് അല്ലെങ്കിൽ ലാദൻ പക്ഷത്തെന്ന്. അന്ന് ലോകം അത് ശിരസാ വഹിക്കുമ്പോൾ അത് രണ്ടും നുണയുടെ, തെറ്റിന്റെ പക്ഷങ്ങളെന്ന് പറയാൻ ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഫിഡൽ കാസ്ട്രോ മാത്രം. എന്നാലന്ന് അമെരിക്കൻ നാവിലൂടെ സംസാരിച്ച റഷ്യൻ സ്വരങ്ങൾ ഒരു തമാശയോ മറ്റോ! അടിച്ചൊതുക്കപ്പെട്ടവരുടെ പ്രതീക്ഷ അവിടെ തകിടം മറിയുകയായിരുന്നു.. അന്നുമുതൽ നുണയുടെ പക്ഷങ്ങൾ ആടിത്തിമിർക്കുന്നു.  മനുഷ്യപക്ഷമോ നേരിന്റെ പക്ഷമോ അപരിചിതമായി മാറുകയും..

Tuesday, July 23, 2013

ഫാസിസം

യാത്രയിൽ എവിടെ വച്ചാണ് രാഷ്ട്രീയത്തിൽ നിന്നും സേവനമെന്ന വാക്ക് നഷ്ടമായത്? അക്രമവും അഹങ്കാരവും അലങ്കാരമായി മാറിയത്? അത്  ഫാസിസത്തിന്റെ ശരീര ഭാഷയാണിന്ന്. ജനത എന്നത് അവർക്ക് ഭരിക്കാനും അവകാശം നിഷേധിക്കാനും ഉള്ള ഉരുപ്പടിയായി മാറിയിരിക്കുന്നു. ജീവിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഫാസിസത്തിന്റെ പാതയിലാണ്. സ്വന്തം ഓഫീസ് സംരക്ഷിക്കാനാവാത്ത ഭരണാധിപന് എങ്ങനെയാണ് ഒരു ദേശത്തെ സംരക്ഷിക്കാനാവുക!

കുത്തക മുതലാളിമാർ സംരക്ഷിക്കപ്പെടുകയും സാധാരണക്കാർ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്താൽ വഞ്ചിക്കപ്പെട്ടൊരു ജീവിതമാണ് ചെങ്ങറയിലേത്. എൻഡോസൾഫാൻ ഇരകളെ സൌകര്യപൂർവ്വം മറന്നിരിക്കുന്നു. കാതിക്കൂടത്തെ ജീവിതങ്ങൾക്ക് അധികാര ധാർഷ്ട്യത്തിന്റെ ബൂട്സിനടിയിൽ ഞെരിയേണ്ടിവരുന്നു.. ഇതോ സോഷ്യലിസം, ഇതുതന്നെയാണോ ജനാധിപത്യം!

Sunday, July 21, 2013

ആദിവാസികൾ മനുഷ്യരാണ്

ചിലരുടെ സംസാരം കേട്ടാൽ തെരുവുപട്ടിക്ക് ഭക്ഷണ സാദനങ്ങൾ എറിഞ്ഞ് കൊടുക്കുന്നതുപോലെയാണ് ആദിവാസി ജീവിതങ്ങൾക്കെന്ന് തോന്നിപോകുന്നു. കുറഞ്ഞത് വീട്ട് പട്ടിക്കുള്ള അന്തസ്സെങ്കിലും ആ ജീവിതങ്ങൾക്ക് കൊടുക്കുക.. അറിഞ്ഞുകൊണ്ട് ആരും ആദിവാസിയായി പിറക്കുന്നില്ല. അതുപോലെ വരേണ്യവർഗമായും.. ഭക്ഷണം വായു ജലം വാസം ഒന്നും ആരുടെയും ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്.. നഗരമക്കൾ വാങ്ങുന്ന എൽ.പി.ജിയുടെ സബ്സിഡിയുടെ ഭാരം ആ കാട്ടുവാസികൾകൂടി പേറുന്നെന്ന് ഓർക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടായെങ്കിൽ..

ജീർണത

കക്ഷി രാഷ്ട്രീയക്കാര്‍ മനുഷ്യനെ നിരാശയിലാഴ്ത്തിയ കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. തിന്മകൾ ആഘോഷിക്കപ്പെടുന്നു, നന്മ ചവിട്ടിമെതിക്കപ്പെടുകയും.. ജനതക്ക് ജന പ്രതിനിധികളോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു. വൈകാതെ ആരാഷ്ട്രീയതയിലേക്കും  ഫാഷിസത്തിലെക്കും മനുഷ്യന്‍ കൂപ്പു കുത്തും.

അതിനു മുമ്പ് എഴുത്തുകാര്‍ ഉണരേണ്ടിയിരിക്കുന്നു. ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ബാധ്യസ്തരായ എഴുത്തുകാർ എന്തേ നിശബ്ദരാവുന്നു? തമ്മിൽത്തമ്മിൽ ചെളിവാരിയെറിയുന്നതല്ല സാഹിത്യപ്രവർത്തനം. തനിക്ക് എന്ത് കിട്ടി, തനിക്ക് കിട്ടേണ്ടത് മറ്റൊരാൾ തട്ടിയെടുത്തു എന്ന് വിലപിക്കുന്നത് എഴുത്തുകാരന്റെ ഭാഷയല്ല. അധികാരത്തിന്റെ മൂടുതാങ്ങികൾക്ക് അവരുടേതായ അജണ്ടകളുണ്ട്. എന്നാൽ അധികാര വർഗത്തിൽ നിന്നും പട്ടും വളയും വാങ്ങുന്നതിനല്ല എഴുത്ത്.

ജീർണതക്കെതിരേ പൊരുതാതെ ജീർണമായി കൊണ്ടിരിക്കുന്ന എഴുത്തുകാരാ;
മനുഷ്യനും പ്രകൃതിക്കും വേണ്ടി എഴുതുക. തലമുറകള്‍ തോറും കൈമാറാന്‍ വെളിച്ചം പകരുക…