Saturday, September 28, 2013

ഫാസിസ കാലം

ഫാസിസ കാലത്ത് അവർ ആൾദൈവത്തെ കൂട്ടുപിടിക്കും. അതിനു മുമ്പവർ ശരിയായ ദൈവത്തെ കൊന്നിരിക്കും. ദൈവത്തിലേക്കുള്ള പാത ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നവർ വാദിക്കും. അവർ മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നാലവരുടെ മന്ത്രമോ അധികാരം എന്ന് മാത്രമായിരിക്കും. അവർ മതേതരത്വത്തെ കുറിച്ച് വാചാലരാവും, എന്നാലിരുട്ടിൽ മറ്റുമതങ്ങൾക്കെതിരെ ചരട് വലിക്കും... ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് കോർപറേറ്റ് മാധ്യമങ്ങളെ കൊണ്ട് തങ്ങൾക്കനുകൂലമായി സംസാരിപ്പിക്കും..

ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..

ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..



Sunday, September 8, 2013

യുദ്ധം വിതക്കുന്നത്

ഒരു യുദ്ധമുണ്ടാവുകയെന്നാൽ
ജനതയെ തുടച്ചുനീക്കൽ മാത്രമല്ല
ഒരു ദേശത്തെ പരിക്കേൽ‌പ്പിക്കുകയെന്നുകൂടിയാണ്.
ഒരായിരം സ്ത്രീകൾ ഒരുമിച്ച് പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ
ക്രൂരമാണത്.
എന്നിട്ടും നീ ചൊല്ലുന്നു,
സമാധാനം!

ഒരു ഭ്രാന്തി തന്റെ മുലകൾ മാന്തിപ്പൊളിക്കുന്നതുപോലെയോ
തന്റെ യോനി വലിച്ചുകീറുന്നതു പോലെയോ
ഭൂമി...
അത് അങ്ങനെതന്നെയാവണമല്ലോ,
ഒരു സ്ത്രീക്ക് എത്രമാത്രം സഹിക്കാനാവും
തുടരെ ബലാത്സംഗം ചെയ്യപ്പെടുന്നത്.
തെരുവിൽ നിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ
സ്വയം ഇല്ലാതെയാവാൻ ശ്രമിക്കുന്നത്.

ഓർമ്മ വീഴുമ്പോൾ നീയൊരു തെരുവിലായിരിക്കാം,
യുദ്ധത്തിന്റെ അവസാന സൈറനും ഒതുങ്ങിയിട്ടുണ്ടാവാം,
ഭടന്മാർ പിൻ വാങ്ങിയിട്ടുണ്ടാവാം....
സുഹൃത്തേ
നീ കിനാവുകണ്ടതുപോലെയല്ല കേട്ടോ,
നീയും നിന്റെ ഭാര്യയും തട്ടാനും ബാക്കിയാവുന്ന കാലത്തെ കുറിച്ച്,
എല്ലാം വരുതിയിലാക്കാമെന്ന മോഹം നിന്നെ ഉന്മാദിയാക്കിയത്,
അതെ, ആ നിമിഷം എല്ലാമെല്ലാം ഉടയുകതന്നെ.
ഒരു സൈക്കിളിന്റെ ടയറിൽ നിന്നും കാറ്റ് ഊരുന്നത് പോലെ
നീ പോലുമറിയാതെ
നിന്നിൽ നിന്നും അത്..
പിന്നെ,
പിന്നെയെങ്ങനെയാണ് നിനക്കൊന്ന് ചലിക്കാനാവുക.
യുദ്ധക്കൊതിയന്മാർ വീടുപറ്റും മുമ്പ്,
നീയൊന്ന് കണ്ണടച്ച് തുറക്കും മുമ്പ്
അത് സംഭവിക്കുകതന്നെ,
എങ്ങനെയെന്നോ;
ഒരു പായ ചുരുട്ടിക്കെട്ടുന്നതുപോലെ
അതിലും വേഗത്തിൽ
ഭൂമി സ്വയം ചുരുണ്ട് ചുരുണ്ട്..

Monday, August 26, 2013

സ്ത്രീ

ഒരുകാലത്ത് സാദാരണമായിരുന്ന പിന്നീട് നടുക്കമായി മാറിയ വടക്കൻ കേരളത്തിലെ അറബിക്കല്യാണമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യഭിചാരം ഇപ്പോൾ മറ്റൊരു രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു, മൈസൂർ കല്യാണമെന്ന പേരിൽ. ഇരക്കും വേട്ടക്കാരനും ഇടയിൽ നിന്നും കമ്മീഷൻ പറ്റുന്ന മറ്റൊരു ജന്തു കൂടിയുണ്ട് ഇത്തരം വ്യഭിചാരങ്ങളിൽ...

കോഴിക്കോട് യത്തീം ഖാനയിൽ നടന്ന സംഭവം കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അനാധ ശാലകൾ ഒന്നല്ല, എത്രയോ ഉണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചിന്ത നമ്മെ അലട്ടുന്നു.

പ്രവാചകനു മുമ്പ് അറേബ്യൻ നാടുകളിൽ പെൺകുഞ്ഞ് പിറന്നാൽ അതിനെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. അതൊഴിവാക്കാൻ, സ്ത്രീയെ സമൂഹത്തിൽ ഉയർത്താൻ വേണ്ടിയാണ് അവള്‍ക്കു മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്ന് വിശുദ്ധ വചനം അവതരിച്ചത്. പ്രവാചക കാലശേഷം അറേബ്യന്‍ നാടുകളില്‍ മാതാപിതാകള്‍ മഹര്‍ തുകക്ക് വലുപ്പം കൂട്ടി വിലപേശുന്നു. കൂടിയ തുക നല്‍കുന്നവന് നിക്കാഹ് ചെയ്തു കൊടുക്കുകയും.. കാര്യമായ സംഖ്യ മഹര്‍ നല്‍കാനാവാതെ ചെറുപ്പക്കാര്‍ അവിവാഹിതരായി കഴിയുന്നു, ചിലര്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നും തുച്ചമായ സംഖ്യ നല്‍കി ഇണയെ കണ്ടെത്തുന്നു. മറ്റിടങ്ങളില്‍ മഹര്‍ എന്ന വചനത്തെ അവഹേളിച്ചുകൊണ്ട് സ്ത്രീക്ക് തുച്ചമായ തുക നല്‍കി പുരുഷന്‍ കനംകൂടിയ സ്ത്രീധനം വാങ്ങുന്നു.

ദേശമേതുമാവട്ടെ, മതമേതുമാവട്ടെ എവിടെയും അവളൊരു കച്ചവടച്ചരക്കായി മാറുന്നു.


Saturday, August 24, 2013

സ്ത്രീയേ

എഴുത്തിലേക്ക് ഇറങ്ങും മുമ്പ് സ്ത്രീയേ നീയോർക്കുക, നിന്നെ വലിച്ചുകീറാൻ ഒരു ലോകം ഒരുങ്ങിക്കഴിഞ്ഞതായി.. നിന്റെ രചനകളിലാവില്ല അവരുടെ കണ്ണുകൾ.. നീ തെരുവിലും കള്ള് ഷാപ്പുകളിലും ഏറ്റവും ചെറിയ മദ്യപാന സദസ്സുകളിൽ പോലും പീഡിപ്പിക്കപ്പെടും.. അവർ നിന്നെ പലവട്ടം നഗ്നയാക്കും... നിന്നെ നേരിൽ കാണുന്ന നിമിഷങ്ങളിൽ അവർ പാടിപുകഴ്ത്തും. നിന്നെ എങ്ങനെയെല്ലാം തകർക്കാമോ അതിനുള്ള കെണിയെല്ലാം അവർ ഒരുക്കി കൊണ്ടിരിക്കും. അതുകൊണ്ട് നീ കരുതിയിരിക്കുക. എല്ലാം സഹിക്കാൻ തയ്യാറായിരിക്കുക.. 

Thursday, August 22, 2013

തുടർച്ച

പ്രണയം പിറക്കുന്നില്ല, മരിക്കുന്നുമില്ല, തുടര്‍ച്ചയാണത്... ദൈവം വിവാഹം കഴിക്കുകയോ സന്താനോല്പാദനം നടത്തുകയോ ചെയ്യുന്നില്ല. അതിന് മക്കളില്ല അച്ഛനോ അമ്മയോ ഇല്ല. അത് എത്രമാത്രം ശൂന്യമാകുന്നോ അതിലേറെ എവിടെയും എന്തിലും വ്യാപിച്ചിരിക്കുന്നു. കാമത്തിന്റെ സൃഷ്ടിയാണ് അതിനെ സ്ത്രീയോ പുരുഷനോ ആയി കാണുന്നത്. യാതോരാള്‍ ദൈവത്തിലേക്ക് പുറപ്പെടട്ടെ, അയാള്‍ സ്വയം ഉരിയുക, എല്ലാത്തരം മാലിന്യങ്ങളില്‍ നിന്നും മോചിതനാവുക. എല്ലാത്തരം ആഗ്രഹങ്ങളും വെടിയുന്നതോടൊപ്പം യാതൊരു മതത്തിന്റേയോ ആചാരങ്ങളുടെയോ തടവിലാവാതിരിക്കുക; എന്തിന് സ്ത്രീയോ പുരുഷനോ എന്ന ചിന്ത പോലും വലിച്ചെറിയുക.

സംഗീതം

സംഗീതം ബ്രഹ്മത്തിന്റെ ആത്മ ഭാഷണമായിരിക്കേ അതിനെങ്ങനെ ഏതെങ്കിലും മതത്തൊഴുത്തിൽ ഒതുങ്ങാനാവും! സംഗീതമെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന് ഏതു തൊഴുത്തിലും ഇരിക്കാം. ബ്രഹ്മമോ എല്ലാത്തരം മാലിന്യത്തിൽ നിന്നും മുക്തമല്ലോ... സംഗീതത്തെ ഉപാസിക്കുകയെന്നാൽ ബ്രഹ്മത്തിലാവുകയെന്ന്. ബ്രഹ്മത്തിലായവർക്ക് എവിടെയും പാടാം. കേൾക്കാൻ മനുഷ്യൻ വേണമെന്നില്ല, കാറ്റിനോടും പുൽനാമ്പിനോടും പാടാം.

Sunday, August 18, 2013

തെറിക്കും മാന്യതയുണ്ടെന്ന്

അതെ, ഇങ്ങനെയൊക്കെയാണ് പോകുന്നതെങ്കിൽ
എങ്ങനെ നിങ്ങളെ തെറി വിളിക്കാതിരിക്കും.
ഞാൻ ചില തെറികളിലൂടെ കണ്ണോടിച്ചിട്ടുണ്ട്;
ബാല തെറി, ഷാപ്പ് തെറി, വേശ്യാ തെറി,
അങ്ങനെ പലയിനം തെറികളിലൂടെ...
സുഖകരമായൊരു നിമിഷത്തിനു വേണ്ടിയല്ല,
നിങ്ങളെ വിളിക്കാൻ
അതു കേൾക്കേ തലകൾ താഴുന്നതിനെ കുറിച്ച് ചിന്തിക്കുകയും
മനസ്സാ നിങ്ങളെ നിർത്തി കൂമ്പിനിട്ട് ചവിട്ടുകയും..
എന്തുചെയ്യാം,
ഒരു തെറിയും നിങ്ങളെ സ്പർശിക്കുന്നേയില്ല,
ഒറ്റച്ചവിട്ടും നിങ്ങളിൽ എത്തുന്നതുമില്ല.
അപാര തൊലിക്കട്ടിയാണ് കേട്ടോ
പൊലയാടിമക്കളേ നിങ്ങൾക്ക്!

ഈ വരികളിലൂടെ ഈ നിമിഷം കടന്നുപോകുന്നവരുടെ
ചുളിഞ്ഞ മുഖങ്ങൾ ഞാൻ കാണുന്നുണ്ട്.
ഇതിൽ താനോ താനോ എന്ന ചിന്ത അലട്ടുന്നത്
എനിക്കനുഭവിക്കാനാവുന്നുണ്ട്...
ഭയക്കേണ്ട,
ഒരു കവിതയോ കഥയോ വായിക്കൻ ഇറങ്ങിത്തിരിച്ചവരെ കുറിച്ചല്ല,
അക്ഷരപ്രേമികളെ കുറിച്ചല്ല,
പിന്നെയോ...

ഇതവരാണ്,
ദേശം നിറയേ സമുദായ പ്രീണനം കൊണ്ട്
അധികാരത്തിലേക്ക് വഴിവെട്ടുന്നവരെ കുറിച്ച്,
വർഗീയ വാദികളെ കുറിച്ച്,
അവരുടെ വാലാട്ടികളെ കുറിച്ച്,
ആ വിഷസഞ്ചികളെ കുറിച്ച്...

എനിക്കറിയാം ശത്രൂ
നീയിത് വായിക്കില്ലെന്ന്
നീ അക്ഷരങ്ങളിൽ നിന്നുമെത്രയോ അകലയാണ്;
എന്നാലോ അക്ഷരങ്ങൾകൊണ്ട് വിഷം കുത്തിവയ്ക്കാൻ
ഒരു പടയെ തന്നെ നിയോഗിച്ചിട്ടുണ്ട്
അതു ചരിത്ര പുസ്തകമായും
വാർത്തകളായും
നുണകൾ നേരു ചമഞ്ഞെത്തുന്നു.
നീയവർക്ക് പട്ടും വളയും നൽകുന്നുമുണ്ട്...
അത് അമേദ്യമത്രേ...

ഇനി നിന്നെ തെറി പറയുന്നതിനെകുറിച്ച്,
നിന്നെ ചവിട്ടിമെതിക്കുന്നതിനെ കുറിച്ച്...
നീ തന്നെയൊരു തെറിയായിരിക്കേ,
എനിക്കെന്ത് ചെയ്യാനാവും?
എങ്കിലും ഞാൻ കാത്തിരിക്കുകയാണ്,
നിന്റെ പടമുള്ള നോട്ടീസിനായി,
നിന്റെ പടമുള്ള പത്രത്തിനായി,
ആദ്യം ഞാനതിൽ കാർക്കിച്ചു തുപ്പും
നീയൊരു ശവമായതായി സങ്കൽ‌പ്പിച്ച്
കുപ്പയിലെറിയും...
എന്നാലോ ഒരു തെരുവുനായ പോലും
നിന്റെ മണം പിടിക്കാതിരിക്കട്ടെ,
ഒരു പക്ഷി പോലും കൊത്തിയെടുക്കാതിരിക്കട്ടെ,
വിഷമല്ലോ അത്!





Friday, August 16, 2013

ഇന്ന്

ആദിവാസി, എൻഡോസൾഫാൻ, ചെങ്ങറ, കാതികുടം, കിനാലൂർ, ചേലോറ, ലാലൂർ, ബ്രഹ്മപുരം, വിളപ്പിൽശാല; അന്തമില്ലാതെ നീളുന്ന പട്ടികയിൽ ഏതെങ്കിലുമൊന്ന് പരിഹരിക്കപ്പെടുമോ? രാഷ്ട്രീയക്കാർ ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടി ജനശ്രദ്ധ തിരിക്കുന്നു. പുതിയ വിവാദങ്ങൾക്ക് പുറകെ ഓടുന്ന ജനത പഴയത് മറക്കുന്നു.

ഭരിക്കുന്ന കക്ഷിയിലെ പടലപ്പിണക്കങ്ങൾ ഒഴിവാക്കൻ, അധികാരം നിലനിർത്താൻ ദില്ലി യാത്ര നടത്തുന്ന സംഖ്യയുണ്ടെങ്കിൽ പത്തു പേരുടെയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ചിന്തിക്കാത്ത ലോകം. ആദർശം അലങ്കാരമാക്കിയവർ എത്രയോ...

 ദേശത്തിന്റെ നഷ്ടമാണ് മനുഷ്യപക്ഷത്തില്ലാത്ത നേതാക്കൾ.

Thursday, August 15, 2013

മനുഷ്യൻ

അധികാരം ചില കുടുംബങ്ങളുടെ സ്വകാര്യ സ്വത്ത് കണക്കെ കൊണ്ടുനടക്കുന്നു. അഴിമതി അവരുടെ അവകാശമായി മാറി. കോടിക്കണക്കിനു ഉറുപ്പിക കുത്തകകളിൽ നിന്നും മറ്റും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വാങ്ങുന്നത് അതിന്റെ നൂറിരട്ടി ലാഭം ഉണ്ടാക്കികൊടുക്കാമെന്ന എഴുതാ കരാറോടെ. കുത്തകകളുടെയോ സമുദായിക ശക്തികളുടെയോ സഹായത്തോടെ അധികാരത്തിൽ എത്തുന്നവർക്ക് അവരെ സഹായിക്കാനല്ലോ നേരം.

രാഷ്ട്രീയ സാമുദായിക മാഫിയകളുടെ കൂട്ടുകെട്ട് നേടുന്ന ധനം അമ്മയെ കൂട്ടിക്കൊടുത്ത് പണം നേടുന്നതിനു തുല്യം. ആത്മാഭിമാനമുള്ളവർ ആ പണിക്ക് നിൽക്കില്ല. ഇന്നും ബഹുഭൂരിപക്ഷവും ജലമില്ലാതെ ആഹാരമില്ലാതെ മരുന്നില്ലാതെ ആകാശം മേൽക്കൂരയാക്കി കഴിയുന്നു. ഇന്നും പോലീസ് സ്റ്റേഷൻ പോലുമില്ലാത്ത നാടുകൾ ഇന്ത്യയിലുണ്ട്. അവിടെ തെരുവ് പട്ടികളെ പോലെ ജീവിക്കുന്നവരും. ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ഉറുപ്പികയുടെ മൂല്യം നൂറു പൈസ. ഇന്നോ? ബ്രിട്ടൻ കൊണ്ടുനടന്ന ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്തരം തന്നെ ഇന്നും തുടരുന്നു. മനുഷ്യരെ ഹിന്ദുവെന്നും മുത്സീമെന്നും മറ്റും തിരിച്ചു തമ്മിലടിപ്പിച്ച് അവർ സുഖിക്കുന്നു.

നാം ഇന്ത്യക്കാർ, കുടിലമായ പ്രാദേശിക ചിന്തക്കും ജാതി മത ചിന്തക്കും അപ്പുറമാണ് നാം. നാം മനുഷ്യരാണ്... നമ്മെ വച്ചുകളിക്കാൻ നാമാരേയും അനുവദിക്കാതിരിക്കുക.

ഒരിക്കലത് സംഭവിക്കുക തന്നെ..

എത്രയോ പാതകളിൽ നാം സ്വാതന്ത്ര്യത്തിന്റെ കൊടികൾ നാട്ടി. നാമെത്രയോ ആശംസകൾ പരസ്പരം നേർന്നു. നാം സ്വതന്ത്രരെന്നും, നാം തന്നെയാണെല്ലാമെന്നും അവർ ആണയിടുന്നു... വെളുത്തവൻ പടിയിറങ്ങിയപ്പോൾ എല്ലാം കൈപ്പിടിയിലെന്ന് മനസ്സാ ഉറപ്പിച്ച് നടന്ന തെരുവുജീവിതങ്ങൾ എത്രയോ...

സാമ്രാജ്യത്വം വിതച്ച വർഗീയ വിഷം തെരുവിൽ പലവട്ടം ഏറ്റുമുട്ടി രക്തമൊഴുക്കി. അഭിനവ ഗാന്ധിമാർ ഒളിഞ്ഞും തെളിഞ്ഞും വർഗീയത വിതച്ചു. സൂറത്തും മീറത്തുമൊക്കെ പഴയ വായനകൾ. അയോധ്യയും ഗുജറാത്തുമൊക്കെ മങ്ങിപോകുന്നു. മാറാട് മറമാടിയത് ദന്തഗോപുര വാസികളെയല്ല. കടലിന്റെ മക്കളെ. കടലിന്റെ മക്കൾക്ക് ദൈവവും മതവുമൊക്കെ കടലായിരുന്നിട്ടും അവരിലേക്ക് വർഗീയത ഊതിവിട്ടു മുതലെടുപ്പു നടത്തിയ രാഷ്ട്രീയ നപുംസകങ്ങൾ.

ഏതൊരു കലാപത്തിനും കെടുതിക്കും ചട്ടുകവും ഇരയുമായി മാറുന്നത് സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവർ. അധികാരത്തിനോ അതിന്റെ കങ്കാണിമാർക്കോ അവരെക്കുറിച്ചൊരു ബോധവുമില്ല. ദരിദ്രരുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി ഉയരുന്ന വികസനങ്ങൾ. എൻഡോസൾഫാന്റേയോ ചെങ്ങറയുടെയോ വേദന മറക്കുന്നത് കൂടം കുളം കൊണ്ടോ കാതികുടം കൊണ്ടോ ആണ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടാൻ അധികാരവർഗം പഠിച്ചിരിക്കുന്നു. മറക്കാൻ നാമും.

സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ, പ്രകൃതിയുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി വാഴുന്ന ദന്തഗോപുര യാത്രകൾ. മാനുഷീക മൂല്യങ്ങൾ ചവിട്ടി മെതിക്കുന്നതിന്, പ്രകൃതിയോട് ക്രൂരത കാട്ടുന്നതിന് ഉത്തരം പറയേണ്ടിവരും. ഒരിക്കൽ അത് സംഭവിക്കുക തന്നെ ചെയ്യും, പ്രകൃതി മനുഷ്യനെതിരെ തിരിയുക തന്നെ ചെയ്യും. പേമാരിയായും കൊടുങ്കാറ്റായും അവൾ ആഞ്ഞു വീശുമ്പോൾ അന്നതിനെ ചെറുക്കാൻ ലോകത്തൊരു യന്ത്രത്തിനുമാവില്ല. അന്ന്, മനുഷ്യൻ ആരാധിക്കുന്ന വിശ്വസിക്കുന്ന ദൈവം പോലും സഹായത്തിനെത്തില്ല...