Monday, April 4, 2011

വര്‍ഗീയതയെ പരാജയപ്പെടുത്തുക

വര്‍ഗീയതക്ക് വളവും വെള്ളവും പകരുന്നത് രാഷ്ട്രീയക്കാരാണ്. ന്യൂന പക്ഷം ഭൂരിപക്ഷം എന്ന തരം തിരിവ് പോലുമില്ലാത്ത ഇന്ത്യയാവണം നമ്മുടെ സ്വപ്നം. വര്‍ഗീയതയെ, ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയൂ. എന്നാല്‍ സമീപ കാലത്തെ ഇടതു പക്ഷത്തിന്റെ മത പ്രീണനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇടതു പക്ഷത്തിന്റെത് അധികാരത്തിനു വേണ്ടിയുള്ള ഒരു യാത്ര ആവരുത്.  എന്നാല്‍ പലപ്പോഴും ഇടതു പക്ഷ മുഖം മൂടി അണിഞ്ഞ ചില വലതു പക്ഷക്കാര്‍ ഇടതുപക്ഷത്തില്‍ കയറി കൂടുകയും സാമ്രാജ്യത്വത്തിന് വേണ്ടി കുഴലൂതുന്നതും തിരിച്ചറിയുക. എന്തൊക്കെ ആയാലും എന്ത്  ന്യായീകരണം കണ്ടെത്തിയാലും ശരി ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുന്നത്  അംഗീകരിക്കാന്‍ ആവില്ല. അത്തരം ജന്തുക്കളെ തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തുക...

Sunday, April 3, 2011

എന്റെ എഴുത്ത്

കവികള്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരിവര്‍ത്തനം ഉണ്ടാക്കേണ്ടവരാണ്  കവികള്‍ ... എന്നാല്‍ ഇന്നത്തെ കവികളോ? ഭരണ കൂടങ്ങളുടെ അടുപ്പുകളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആവില്ല. അന്നം വേവുന്ന ഗന്ധം നുകര്‍ന്ന് ഇരിക്കാം. വേവുന്ന മുറക്ക് ഭക്ഷിക്കാം. ദന്ത ഗോപുര കവിയാവാം. കാലം നീങ്ങുന്ന മുറക്ക് രാജാവില്‍ നിന്നും പട്ടും വളയും വാങ്ങി ശിഷ്ടം കാലം കഴിഞ്ഞുകൂടാം. കലാ സാഹിത്യകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ സത്യ സന്തമായി  രേഖപ്പെടുത്തേണ്ടവരാണ്.
പഴയ കാല കവികളെ ഉയര്‍ത്തി കാട്ടി അവരെ പോലെയാണ് തങ്ങള്‍ എന്ന് നെഞ്ചു വിരിക്കുന്ന കക്ഷി രാഷ്ട്രീയ കവികളെ ഇക്കാലത്ത് സുലഭമായി കാണാം. അവരൊക്കെ കാലത്തിലേക്ക് തലമുറകള്‍ക്കായി  വെളിച്ചം നല്‍കിയവരാണ്. എന്നാല്‍ ആ വെളിച്ചം തകര്‍ത്തുകൊണ്ടാണ് പുത്തന്‍ കൂറ്റുകാരുടെ നില്‍പ്പ്.
ഏതെങ്കിലും കക്ഷി  രാഷ്ട്രീയത്തില്‍ പെട്ടുപോയാല്‍ കക്ഷി രാഷ്ട്രീയങ്ങള്‍ ഓക്കാനിക്കുന്നതെ വിളമ്പാനാവു. കവിക്ക്‌ പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ എഴുത്തുകാരോട്  പറയേണ്ട ആവശ്യമില്ല. അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷെ അവര്‍ അതില്‍ നിന്നും പിന്തിരിയില്ല. അവര്‍ ദന്ത ഗോപുരത്തിന്റെ സുഖം വെടിയാന്‍ ഒരുക്കമല്ല. ചിലര്‍ ആരോപിക്കുന്ന മട്ടില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വിടുപണി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്‍ .ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ യാതൊരു ആനുകൂല്യവും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ എഴുതുന്നത്‌. മൊത്തമായിട്ടല്ലെങ്കിലും കുറച്ചു വായനക്കാര്‍ എനിക്കുണ്ട്. അവരെ പോലും തൃപ്തിപ്പെടുത്താന്‍ അല്ല ഞാന്‍ എഴുതുന്നത്‌. അങ്ങനെ ആരെയെങ്കിലും തൃപ്തരാക്കി കൊണ്ടുള്ള എഴുത്തില്‍ പോലും മായം കടന്നു വരും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.

Saturday, April 2, 2011

അക്ഷരങ്ങള്‍

ഞാന്‍ വിശ്വസിക്കുന്നത് അക്ഷരങ്ങളെയാണ്. ഞാന്‍ വിശ്വസിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വിടുപണി ചെയ്യുന്നതിനല്ല. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്ത് ഇരിക്കണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . എഴുത്ത് എന്ന് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളുടെ കീശയില്‍ ചെന്ന് പെടുന്നോ അന്ന് എഴുത്തുകാരന്റെ നട്ടെല്ല് വളയുന്നു. അവിടെ എഴുത്തില്‍ കള്ളം കടന്നു വരുന്നു.

Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

Thursday, February 17, 2011

കാഴ്ച്ചയെ കേട്ടറിവായി വായിക്കുന്നത്


ഞാന്‍ കുളക്കടവില്‍ ഉളിഞ്ഞു നോക്കിയിട്ടില്ല
മുലക്കച്ച നീലയെന്നു ചൊല്ലിയത്
ആലങ്കാരികമായി...
നേരില്‍ കണ്ടു എന്നത്
കേട്ടറിവ് എന്ന് വരവ് വയ്ക്കുക.
കുളക്കടവിനോട് ചേര്‍ന്നുള്ള മാവ് സാക്ഷി
ഞാനവിടെ ചെന്നിട്ടില്ല.
പോസ്റ്റ്‌ മോഡേന്‍ കവിതയിലെ പദങ്ങള്‍
തിരുത്തുകള്‍ തേടിയലഞ്ഞു.
കാഴ്ച എന്ന പദം 
കേള്‍വിയായി അവതരിക്കാന്‍ മടിച്ചു.
പോളിംഗ് ബൂത്തിലേക്ക് നടന്നവന്‍
ചിഹ്നം നോക്കാന്‍ മടിച്ചു,
നാളെയത് കേള്‍വിയായി മാറിയെങ്കിലോ...

വേദന


തേന്‍ നുകരാന്‍ വണ്ടില്ലെങ്കില്‍
പൂമ്പൊടിയുടെ വേദന...
തുറന്നിട്ട ഹൃദയ ജാലകത്തിലൂടെ
നീ വരാത്തത്
എന്റെ വേദന...
പാനം ചെയ്യാന്‍ നീ വന്നില്ലെങ്കില്‍
എന്തിനാണ് എന്നില്‍ പ്രണയം.

പ്രണയം ബിംബങ്ങള്‍ തേടുന്നു...

മൂന്നു മാസം പ്രായമുള്ള വാഴപ്പിണ്ടി
തൊണ്ടയിലൂടെ ഇടിച്ചിറക്കിയത് പോലെയാണ്
പ്രണയിക്കുമ്പോള്‍ എന്റെ അവസ്ഥ...
കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന നീ...
വാഴയെന്തെന്നറിയാത്ത നിന്നോട്
അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രണയം.
തൊണ്ടയിലെ വിങ്ങലും തണുപ്പും
എന്റെ ഉന്മത്തതയും
എങ്ങനെ വര്‍ണിക്കണമെന്നറിയാതെ ഞാന്‍ .
നീ കുറിച്ച വികാരങ്ങള്‍
മൌസിന്റെയും സ്ക്രീനിന്റെയും
മരവിപ്പ് പകര്‍ന്നു.
എന്റെയും നിന്റെയും പാതകള്‍
രണ്ടായി പിരിയുന്നതറിയാതെ
പ്രണയത്തെ അടയാളപ്പെടുത്താന്‍
ബിംബങ്ങള്‍ തിരഞ്ഞു ഞാന്‍ ...

നുണ നെയ്യുന്ന രാത്രികള്‍

രാത്രിയോളം പണിയെടുത്തു
പാടത്ത് നിന്നും
ഉറക്കത്തിലേക്ക് നടക്കുന്ന കുഞ്ഞാപ്പ
സിനിമയോ വ്യക്തിയോ അല്ല.
കുഞ്ഞാപ്പയെ പ്രസ്ഥാനമായി
ആചരിക്കുന്നവരുണ്ട്.
കൈ പൊള്ളൂമെന്നു ഭയന്ന്
വിളക്കില്‍ നിന്നും നേരിട്ട് തീയെടുക്കാതെ
നടന്നു പോയിട്ടുണ്ട്.
ബീഡിയും മുറുക്കാനും വശമില്ലെന്ന്
പ്രഖ്യാപിക്കുകയും.
എന്നിട്ടും കുഞ്ഞാപ്പക്കീ ഗതി വന്നല്ലോ!
എങ്ങനെ മൂക്കില്‍ വിരല്‍ വയ്ക്കാതിരിക്കും;
നിഴലായി നടന്നവന്‍ കണ്ടത്തിലെ വെള്ളം തുറന്നു വിട്ടാല്‍ ...
പായിലേക്ക്‌ ഉടല്‍ ചേര്‍ക്കുമ്പോള്‍
ഒരു ഭീതി
ഉണരുമ്പോള്‍ കാണുന്നത്
പാടം വരണ്ടു കിടക്കുന്നതെങ്കില്‍ ...
ഒച്ചയില്ലാതെ കരയുമ്പോഴും
കാണുന്നത് സ്വപ്നമാവണേ
എന്നൊരു പ്രാര്‍ത്ഥന..
കണ്ണടയുമ്പോള്‍
കറുത്തവാവില്‍ വെളുത്ത നിരോധെന്ന പോല്‍
സ്വപ്ന മഴ...

Tuesday, February 15, 2011

ഞെളിയുന്ന പള്ളികള്‍

നാല്പതു കോടി ഉറുപ്പിക മുടക്കി കോഴിക്കോട് മുസ്ലീം പള്ളി ഉയരാന്‍ പോകുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഒരിടം. സമീപ ഭാവിയില്‍ അതൊരു കച്ചവട കേന്ദ്രമായി ഉയരുമെന്നുറപ്പ്. പ്രവാചകനോ പടച്ചവനോ അത്രയും സംഖ്യ കൊണ്ട് ഒരു പള്ളി ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു സത്യം. ആ സംഖ്യ കൊണ്ട് തൊഴില്‍ ശാല പണിതു കുറെ പേര്‍ക്ക് ജോലി കൊടുക്കാം. അതുവഴി ഏതാനും കുടുംബങ്ങളിലെ ദാരിദ്ര്യം  നീങ്ങുകയും ചെയ്യും. പക്ഷെ സമൂഹത്തിലെ ദാരിദ്ര്യം അകറ്റുകയോ  സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിലോ ഒന്നുമല്ല താല്പര്യം. മറിച്ച് ഭരിക്കുക, സമ്പത്ത് വാരി കൂട്ടുക എന്നതൊക്കെയാണ് ലക്‌ഷ്യം.
കോഴിക്കോട് ഉയരുന്ന പള്ളി മുറ്റത്താവും എ.പി.അബുബക്കര്‍ മുസ്ല്യാരെ ഖബറടക്കുക  എന്ന് ഏറെ കുറെ ഉറപ്പാണ്. ( പള്ളി പണി തീരും മുമ്പ് അദ്ദേഹം മരിച്ചില്ലെങ്കില്‍ ) അബുബക്കര്‍ മുസ്ല്യാരുടെ ഖബറിടം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ആ വഴിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടം പടച്ചവനിലോ പ്രവാചകനിലോ അല്ല. ധനത്തില്‍ മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം നെഞ്ചു വിരിച്ചു പള്ളികളുണ്ട്. സുന്നി പള്ളികള്‍ , മുജാഹിദ് പള്ളികള്‍ , ജമാ അത്തെ ഇസ്ലാമി പള്ളികള്‍ ... കൂടാതെ ഓരോ വിഭാഗത്തിലും കേരള കോണ്ഗ്രസ് പോലെ പിളര്‍ന്നതും... മുസ്ലീം നാമാധാരികള്‍ ഏറെ... പക്ഷെ മുസ്ലീം പള്ളിയുണ്ടോ? മുസ്ലീങ്ങലുണ്ടോ? പള്ളികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ സ്വന്തം ആള്‍ എന്ന മട്ടില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരെ കാണാം. വിദേശ നിര്‍മിത കാറുകളില്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ സഞ്ചരിക്കുന്ന മുസ്ല്യാക്കന്മാര്‍ ... വേഷങ്ങളായി മാറിയവര്‍ ...
ഇസ്ലാം എന്നത് ലാളിത്യത്തില്‍ ലാളിത്യം ആയിരിക്കെ ഇത്തരം വേഷം കെട്ടുകള്‍ ആര്‍ക്കു വേണ്ടിയാണ്? അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ വീര്‍പ്പിക്കുന്നവര്‍ തന്റെ സമുദായത്തില്‍ പെട്ടവരല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് നടിക്കുന്നവര്‍ ഇത്തരം കോമാളിത്തങ്ങള്‍ കാട്ടി കൂട്ടുന്നത്‌ പ്രവാചകനെ അവഹേളിക്കല്‍ തന്നെയാണ്. അല്ലാത്ത ചോദ്യ പേപ്പറില്‍ എന്തെങ്കിലും എഴുതി വയ്ക്കുന്നവരല്ല പ്രവാചകനെ അവഹേളിക്കുന്നത്. ചില പള്ളികളില്‍ കണ്ടു വരുന്ന ഒരു പരിപാടിയുണ്ട്, മരണത്തെ പോലും സമ്പത്തിനെ അടിസ്ഥാനത്തില്‍ നോക്കി കാണുന്നത്. മഹല്ലിലെ ദരിദ്രന്‍ മരിച്ചാല്‍ ആ മരണ വീട്ടിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാത്ത മുസ്ല്യാക്കന്മാര്‍ കുബേരന്റെ മരണ വീട്ടില്‍ ഉപ്പും ചാക്ക് പോലെ ഞെളിഞ്ഞിരിക്കുന്നത് കാണാം. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പടച്ചവനെ വിളിച്ചിറക്കുന്നത്  പോലെ പ്രാര്‍ഥിക്കുന്നത് കാണാം.
പ്രാര്‍ഥനയിലും മായം...
പടച്ചവന്‍ നോക്കുന്നത് ഹൃദയങ്ങളിലെക്കാണ്‌ എന്ന് വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ. ആകാശം മുട്ടെ പള്ളി പണിതിട്ട് സ്വര്‍ഗത്തില്‍ പോകാമെന്ന് ഒരുത്തനും കരുതണ്ട. അങ്ങനെ സ്വര്‍ഗം നേടാന്‍ ആവുമായിരുന്നെങ്കില്‍ ശൈത്താന് എളുപ്പം കഴിഞ്ഞേനെ. ശൈത്താന് എന്തിന്റെ കുറവുണ്ടായിട്ടാണ് സ്വര്‍ഗം നഷ്ടമായതെന്ന് മുസ്ല്യാക്കന്മാരും അവരെ പിന്‍പറ്റുന്നവരും നേരം കിട്ടുമ്പോള്‍ ചിന്തിക്കുക. ഈ മുസ്ല്യാക്കന്മാരോക്കെ കുര്‍ആന്‍ പഠിച്ചതിനേക്കാള്‍ കേമമായി കുര്‍ആന്‍ പഠിച്ചവനാണ് ശൈത്താന്‍ . പിന്നെ എന്തുകൊണ്ട് സ്വര്‍ഗം നഷ്ടമായി. ശൈത്താന് ലേശം അഹങ്കാരം കൂടിപോയി. എന്തൊക്കെ പഠിച്ചാലും അഞ്ചല്ല അമ്പതു വട്ടം നിസ്കാരമെന്ന പേരില്‍ തല കുത്തി മറിഞ്ഞാലും അഹങ്കാരം ഉള്ളവന് സ്വര്‍ഗമില്ലെന്നു വ്യക്തമല്ലേ. അപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പള്ളികള്‍ ഉയര്‍ത്തിയിട്ടെന്തു കാര്യം!