Thursday, November 24, 2011

എഴുത്തുകാര്‍ എന്ന മഹാ പാപികള്‍

തൂലിക ഉണ്ടായിട്ടെന്ത് ഇളക്കിമറിക്കാന്‍ കൈകള്‍ ഇല്ലാത്തിടത്തോളം എന്ത് ഗുണം! ശരിയായ എഴുത്തുകാരുടെ അഭാവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിഴലിക്കുന്നുണ്ട്... മനുഷ്യനോടോ പ്രകൃതിയോടോ യാതൊരു കൂറുമില്ലാത്തവര്‍ സ്നേഹമെഴുതി കടലാസ്സു പാഴാക്കുന്നു...
കേരളത്തില്‍ ശബ്ദമില്ലാത്ത എഴുത്തുകാരും സാംസ്കാരിക നായകരും.... എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തിരിക്കണം എന്ന മാന്യത കളഞ്ഞു കുളിച്ച ജന്മങ്ങള്‍ ... ഭരിക്കുന്നവരുടെ കോലായില്‍ അവാര്‍ഡോ കൊള്ളാവുന്ന കസേരയോ തരപ്പെടുമോ എന്ന് നോക്കി ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ ..
ചട്ടക്കൂടില്‍ പെടാത്ത എഴുത്തുകാരെയാണ് കേരളം തേടുന്നത്.. അത്തരം എഴുത്തുകാര്‍ ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനം എന്നേ ഇളകിയേനെ.
സുകുമാര്‍ അഴിക്കോടെന്ന കൊട്ടേഷന്‍ പ്രാസംഗികന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തോ പറഞ്ഞെന്നു വരുത്തി തലയൂരിയത്‌ മറക്കുന്നില്ല.. പാവം അത്രയെങ്കിലും ചെയ്തല്ലോ! ഇനിമേല്‍ സുകുമാര്‍ അഴികോട് എന്നല്ല സുമാര്‍ അഴികോട് എന്ന് പറയാമെന്നു തോന്നുന്നു..
എം.മുകുന്ദന്‍ എഴുത്തുകാര്‍ സംഘടിക്കുന്നതിനെ കുറിച്ച് വാചാലനാവുന്നുണ്ട്.. എന്തിനാണാവോ, കോക്കസ്സുകള്‍ ഉണ്ടാക്കി സ്വന്തം  സൃഷ്ടികള്‍ പ്രൊമോട്ട് ചെയ്യാനോ? അല്ലാതെ സ്വതന്ത്രരായ എഴുത്തുകാരുടെ കൂട്ടായ്മയല്ല വിദ്വാന്‍ ആഗ്രഹിക്കുന്നത്.. ചിലര്‍ സംഘം ചേര്‍ന്ന് മഹാ കവിയെ സൃഷ്ടിക്കാന്‍ പാടുപ്പെടുന്നത്  മയ്യഴി മുകുന്ദന്  സഹിക്കുന്നുണ്ടാവില്ല .. ഭാവിയില്‍ മഹാ കവി  എന്ന നിരയിലേക്ക്  മഹാ നോവലിസ്റ്റ്  എന്നൊരു സാധനം കയറി കൂടായികയില്ല...
ജനത്തിനോ പ്രകൃതിക്കോ ഗുണം ചെയ്യാത്ത എഴുത്തുകാരെ മഹാ പാപികള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു.. 
 

Thursday, September 22, 2011

അസത്യങ്ങള്‍

ഭീകരതയെയും വര്‍ഗീയതയെയും ഫാസിസത്തെയും കുറിച്ച് എഴുതുമ്പോള്‍ ഏകപക്ഷീയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക... അവയൊക്കെ ഭൂമുഖത്തുള്ള സകല മതങ്ങളുടെയും പേരില്‍ അരങ്ങേറുന്നുണ്ട്. മതങ്ങളുടെ പേരില്‍ മാത്രമല്ല അത് രാഷ്ട്രീയത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും ഉണ്ട്...
ജാതി മത വര്‍ഗീയതയോ ഭീകരതയോ ആവട്ടെ, അത് ഗോത്രപരമോ രാഷ്ട്രീയ പരമോ ആവട്ടെ അവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അധികാരത്തിന്റെയും ധനത്തിന്റെയും താല്പര്യങ്ങളാണ്. ഏതൊരു അധികാര കേന്ദ്രത്തിന്റെയും തലപ്പത്ത് ഇരിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുന്നതിനായി നടത്തുന്ന നുണ പ്രചാരങ്ങള്‍ പോലും   ഭീകരതയാണ്. ദേശത്തെ  തെറ്റിധാരണയിലൂടെ സംഘട്ടനങ്ങളിലേക്ക് നയിക്കുന്നതും ഭീകരതയാണ്.
ലോകത്ത് പ്രചരിക്കുന്ന ഓരോ നുണയും ഭീകരതയാണ്. നുണകള്‍ സത്യം കൊണ്ടുവരുന്നില്ല. നുണകള്‍ സമാധാനം സ്ഥാപിക്കുന്നില്ല. നുണകളാണ് യുദ്ധം ഉല്പാദിപ്പിക്കുന്നത്. ലോകത്ത് സംസാരിക്കുന്ന ഓരോ നുണയും സത്യത്തിനു മേല്‍ കറ വീഴ്തുന്നുണ്ട്.
സാഹിത്യം സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരിക്കെ എഴുതുന്ന ഓരോ നുണയും എഴുത്തിനു എതിരാണ്.
അസത്യം പ്രചരിക്കുമ്പോള്‍ ഇരുട്ട് വ്യാപകമാകുമ്പോള്‍ നിശബ്ദനാവുന്ന ഓരോ എഴുത്തുകാരനും ഭീകരതയോടു സന്ധി ചെയ്യുകയോ അതിനു സഞ്ചരിക്കാന്‍ മൌനാനുവാദം നല്‍കുകയോ ആണ്.


Sunday, September 18, 2011

നുണകള്‍ വാഴും കാലം

നുണ നെയ്യും കാലം നുണയുന്നത് എന്റെ ചോര തന്നെ. ഓരോ ഞാനും അതറിയാതെ ജയ്‌ വിളിച്ചു നീങ്ങുന്നു... പാതിരാത്രിയില്‍ ഉരുണ്ടു വന്ന നാണയത്തുട്ടു ചോദിച്ചു, എന്തേ ഞാന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അര്‍ഹനല്ലേ? നിന്റെ പെട്രോള്‍ വഴി ഒഴുകി പോകേണ്ട നാണയം ആയിട്ടുകൂടി എന്തേ അവഗണിക്കുന്നു?
തിരിഞ്ഞു കിടക്കുമ്പോള്‍ മുറിഞ്ഞ സ്വപ്നം വെറുതെ കലഹിച്ചു, ഉണര്‍വിലെങ്കിലും ഓര്‍ക്കുമോ? ആ വഴിക...്കെങ്കിലും ഒരു ചര്‍ച്ച.
എത്രമേല്‍ പാറ്റിയിട്ടും പറന്നു പോകാത്തൊരു പതിര് മുറത്തില്‍ വെറുതെ ചിരിക്കുന്നുണ്ട്.
ഒച്ചയടഞ്ഞ നേരങ്ങളില്‍ ആശയങ്ങള്‍ മുറവിളി കൂട്ടും.. സ്വരമുണ്ടായിട്ടു വേണ്ടേ ജീവന്‍ കൊടുക്കാന്‍ ...
നാളെ മൈക്കുകള്‍ പണി മുടക്കുമെന്ന്, സ്റ്റേജുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന്.
എന്ത് ചെയ്യാം മച്ചി പശുക്കളെ മുന്നില്‍ നിര്‍ത്തി പാലുല്പാദനം പൊടിപൊടിക്കുന്ന കാലത്ത് പിറന്നു പോയത് എന്റെ തെറ്റോ, അല്ലെങ്കില്‍ കാലത്തിന്റെതോ?

Wednesday, September 14, 2011

നന്മയിലേക്ക് എത്ര ദൂരം

എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത്‌  മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?
എന്തൊക്കെയോ അപകടങ്ങള്‍ മുന്നിലെത്തിയത് പോലെ... കേവലം അധികാരം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കയ്യില്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജനതയ്ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന്റെ പരസരത്തു നിന്നും വളരെ വേഗം നാം അടിമത്തത്തില്‍ എത്തിയിരിക്കുന്നു.. നാം തെരഞ്ഞെടുത്തു വിടുന്നവര്‍ ഏതേതു സ്ഥാനങ്ങള്‍ അലങ്കരിക്കണം എന്ന തീര്‍പ്പ് പോലും അമേരിക്കയില്‍ നിന്നും...

പുത്തന്‍ കുപ്പിയിലെ വീഞ്ഞ്...

പഴയ വീഞ്ഞ് ലേശം നിറവ്യത്യാസത്തോടെ പുതിയ കുപ്പിയില്‍ വാഴും കാലം. യമ പുരിക്ക് പോയവരെ കുറിച്ച് വ്യത്യസ്ത രചനകള്‍ ... അര്‍ഥം കിട്ടാതെ അലയുന്ന കവികള്‍ പുറമ്പോക്ക് സ്വരത്തിലൂടെ അരങ്ങിലെത്താന്‍ പെടാപാട് പെടുന്നു.
മെട്രോ റെയിലിന് കൊടുക്കാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ ഭൂമി മെട്രോക്ക് തീറെഴുതി കൊടുക്കാന്‍ ഒരുങ്ങുന്നു... ചക്ക കൊടുത്ത് മാങ്ങ വാങ്ങുന്ന കാലത്തിന്റെ തനിയാവര്‍ത്തനം.
ഫ്യൂഡലിസം, സോഷ്യലിസം, കമ്യൂണിസം ഒക്കെ മാറി പീഡനിസം രംഗ പ്രവേശം ചെയ്തു...
പാര്‍ശ്വ വല്‍കൃത ജീവിതങ്ങള്‍ കരിമ്പന്‍ കയറിയ കുപ്പായത്തില്‍ തെരുവില്‍ അലയുന്നു...
ഇക്കോ ടൂറിസം ഒരു ഇസമെന്നു നോക്ക് കൂലിക്കാരന്‍ കണ്ടു പിടിച്ചു...

Thursday, June 23, 2011

നടുക്കത്തോടെ ചില ചോദ്യങ്ങള്‍

ആളുന്ന കര്‍പ്പൂര മണത്തില്‍ നടുക്കം വിടാതെ കണ്ണുകള്‍ .. നോട്ടം വലയമായി തീരുന്നത് എന്റെ ഉടലിലോ എന്നില്‍ നിന്നും തെറിച്ചു പോയ ജീവനിലോ?
ഒന്നനങ്ങാന്‍ ആവുന്നില്ലെങ്കിലും എനിക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.
മൂക്കില്‍ , വായില്‍ , കണ്ണിലൊക്കെ   പഞ്ഞി തിരുകിയ വിരലുകള്‍ എനിക്കറിയാം. ഒരു നന്ദി വാക്ക് പോലും പറയാനാവാതെ. എനിക്കൊരു നോട്ടമുണ്ടായെങ്കില്‍ , അതിനു വികാരമുണ്ടായെങ്കില്‍  ചിലത് ആംഗ്യമായി ചൊല്ലിയേനെ..
പേര് അടയാളമായ എന്റെ ഉടലില്‍ നോക്കി ഞാന്‍ നേരത്തെ നടന്നിരുന്ന പാതകളില്‍ അവര്‍ ചില ചിത്രങ്ങള്‍ നെയ്യുന്നുണ്ട്.
എന്നെ തെണ്ടീ, തെമ്മാടീ, നെറികെട്ടോന്‍   എന്നൊക്കെ അടക്കം പറഞ്ഞിരുന്ന ഒരാള്‍ സഹതപിക്കുമ്പോള്‍ എന്നിലൊരു ചിരിയുണ്ട്...
എന്റെ ഉടലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജീവനും ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്.
 ഞാനോ ജീവനോ  ശരിയെന്നറിയണം.
ഒറ്റ കുതിപ്പോടെ പള്ളി കാട്ടിലേക്ക് നീങ്ങുന്ന മയ്യത്ത് കട്ടിലിനും ഒച്ചയില്ലാ സംസാരങ്ങള്‍ ...
ഖബറിലെ ഇടുക്കമുള്ള ഇരുട്ടില്‍ അനങ്ങാ പാറ പോലെ കിടക്കുന്ന ഉടലില്‍ തുളഞ്ഞിറങ്ങിയ പുഴുവിന്റെ ചോദ്യമാണ് ഇന്നെന്നെ നടുക്കുന്നത്....



ചുമ്മാ കുഞ്ഞബ്ദുള്ള..

നാട്ടുകാരനല്ല. അയല്‍നാട്ടുകാരനല്ല. ചില നേരങ്ങളിലെ തമാശയാണ് അയാള്‍ എന്ന് കേട്ടിട്ടുണ്ട്. കാണുന്ന മാവിലൊക്കെ ഏറിയും. മാങ്ങക്ക് വേണ്ടിയല്ല. തണ്ടിന് കൊള്ളാന്‍ .., മാവിന് വേദനിക്കാന്‍ .. വേദനയിലാണ് സുഖം...
വേദന സുഖമാണ് എന്നറിഞ്ഞതില്‍ പിന്നെ...
കിട്ടുണ്ണി ഒരു സിനിമയുടെ പേരല്ല. എണ്‍പതുകളില്‍ അത്തരം പേരുകളില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക്‌ നിലനില്‍പ്പ്‌ ഉണ്ടായിരുന്നെങ്കിലും പോക്കറ്റില്‍ പണം ഇല്ലാതിരുന്നത് കൊണ്ട്  അത്തരം ഒരു സിനിമ ഇറക്കാന്‍ മനസ്സനുവദിച്ചില്ല..
കുഞ്ഞബ്ദുള്ള ഇന്നൊരു സിനിമ പിടിക്കുകയാണ്. പഴയ സാങ്കേതിത വിദ്യയിലൂടെ. പഴയ രതികല്പം പുതിയ കുപ്പിയില്‍ വന്നു വിപണി കയ്യടക്കിയതോടെയാണ് അങ്ങനെ ഒരു പൂതി.
തുടങ്ങണോ വേണ്ടയോ?
ചില അഭിപ്രായങ്ങള്‍ ഉള്ളില്‍ പൊറോട്ടയെ പോലെ ദഹിക്കാതെ കലഹിച്ചു.
ഒടുക്കം തീരുമാനമായി.
ബോക്സോഫീസ്സില്‍  എട്ടു നിലയില്‍ പൊട്ടി.
രതി കല്‍പ്പത്തിന്റെ നൂറാം നാള്‍ നൂറ് ആനകളുടെ അകമ്പടിയോടെ നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കാതെ മൂക്കറ്റം കുടിച്ചു കുഞ്ഞബ്ദുള്ള പ്രഖ്യാപിച്ചു.
'സിനിമ ഒരു സാമ്രാജ്യത്വ കെണി...'

Tuesday, June 21, 2011

പരേതയുടെ നെടുവീര്‍പ്പുകള്‍

കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍
മാസം കന്നിയെന്നോര്‍ത്തില്ല;
കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും
കൊടും നിശബ്ദതക്കു
എറിഞ്ഞു കൊടുക്കുമെന്നും.
യാത്ര ബോഗിയിലായതുകൊണ്ടും
വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും
ഇരയുടെ കുടുംബത്തിനു
നീതി തേടി അലയെണ്ടിവന്നില്ല.
ഞാന്‍ ഇര,
എന്റെ മൌനത്തില്‍ എരിഞ്ഞ്
ഓരോ ബോഗിയിലും നടുങ്ങിയും പിടഞ്ഞും...

================================

കവിത എന്ന തോന്നലോടെ കുറച്ചു ദിവസം മുമ്പ് എഴുതിയതാണ് ഇത്. ഒരു പുസ്തകത്തിനുള്ള വക ആയിട്ടുണ്ട്‌. കവിതകള്‍ എന്ന് തീര്‍പ്പുണ്ട്. പക്ഷെ കവിതകള്‍ എന്ന മുഖത്തോടെ പുസ്തകം ഇറക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് ഞാന്‍ ചുവടു മാറ്റുന്നു. എഴുതിയ എല്ലാ കവിതകളും താഴെ കാണുന്ന രീതിയിലേക്ക് മാറ്റുന്നു.
പ്രിന്റ്‌ മീഡിയയില്‍  കവിത എന്ന ശാഖ ചില തമ്പ്രാക്കള്‍ ദത്തെടുത്തതുകൊണ്ട് കവിത പുസ്തകവുമായി ഇറങ്ങി ചെല്ലുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആദ്യ തടസം പ്രസാധകരില്‍ നിന്നും, അവര്‍ ഓ.എന്‍ .വി.യെയും സുഗതകുമാരിയെയും മാത്രമേ കവികളായി അംഗീകരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പല പുതിയ കവികളുടെയും നല്ല രചനകള്‍ വെളിച്ചം കാണാതെ പോകുന്നു.

======================================================

പരേതയുടെ നെടുവീര്‍പ്പുകള്‍
------------------------------
കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍ മാസം കന്നിയെന്നോര്‍ത്തില്ല; ടിക്കറ്റിന്റെ പുറത്തു ശുഭയാത്ര എന്ന് കുറിച്ചത് പതിവ് പോലെ വായിച്ചു. രസം കേട്ട ജീവിതങ്ങള്‍ എതിരെ ഇരുന്നു പുറം കാഴ്ചയില്‍ മയങ്ങി.
തന്റെ യാത്ര കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും കൊടും നിശബ്ദതക്കു എറിഞ്ഞു കൊടുക്കുമെന്നും ഒരിക്കല്‍ പോലും കിനാവായി നടുക്കിയിട്ടില്ല.
യാത്ര ബോഗിയിലായതുകൊണ്ടും വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും ഇരയുടെ കുടുംബത്തിനു നീതി തേടി അലയെണ്ടിവന്നില്ല.
പാളങ്ങളുടെ നരച്ച മണത്തില്‍ ഒട്ടിപ്പോയ മരണ ഗന്ധത്തില്‍ ചിറകടിച്ചു നിന്ന ആത്മാവിന്റെ വെറും തേങ്ങലില്‍ വെട്ടക്കാരനോടിത്തിരി സഹതാപം.  എന്തെ നീ ദന്ത ഗോപുര വാസിയായില്ല?
ഞാന്‍ ഇര,
കടന്നു പോകുന്ന ഓരോ ബോഗിയിലും വേട്ടക്കാരും ഇരകളും. കണ്ണടഞ്ഞാല്‍ എവിടെക്കാവും ഫണം വിടര്‍ത്തിയാടുക!
എന്റെ മൌനത്തില്‍ എരിഞ്ഞ് നടുങ്ങിയും പിടഞ്ഞും...





Monday, June 20, 2011

ഉത്തരാധുനികതയില്‍ തളരാതെ...

കഴുത്തിലെ അരിമ്പാറയില്‍ കണ്‍മഷി തേച്ചു. പോക്കറ്റില്‍ വയ്ക്കേണ്ട പേന ഏറ്റവും വിലകുറഞ്ഞത്‌... ഇടിഞ്ഞു വീഴാറായ പീടികയില്‍ പ്രവര്‍ത്തിക്കുന്ന റ്റൈലറിംഗ് ഷോപ്പില്‍ തന്നെ ഇറക്കം കുറഞ്ഞ ജുബ്ബ തയ്പ്പിച്ചു എളിമയും മതേതരത്വവും പ്രദര്‍ശിപ്പിച്ചു... എതിരിടാന്‍ നിന്നവരെ ഇരു ചെവിയറിയാതെ വെട്ടിനിരത്തി.
നടക്കുമ്പോള്‍ ഇടത്തോട്ടു തന്നെയാവാന്‍ പ്രത്യേക ശ്രദ്ധ. മൈക്കിനു മുന്നില്‍ ഞെളിഞ്ഞും വാക്കുകള്‍ ആവശ്യമുള്ളിടത്ത് ചുരുക്കിയും പിന്നെ വലിച്ചും അധികാര കൊതിയുടെ ശരീര ഭാഷ മറച്ചു...
വരട്ടു ചിന്താ വാദിയെന്ന മുഖമുദ്രയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു...

പേന തുമ്പില്‍ നിന്നും പുറപെട്ടു പോയ അക്ഷരം മടങ്ങി വരുന്നത്...

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരക്ഷരത്തിന്റെ ആത്മാവ് രാത്രിയില്‍
വാതിലില്‍ മുട്ടി... മഴ തോരാതെ പെയ്യുന്നത്  കൊണ്ടും പുറത്തു ഇരുട്ട് കൊടി കുത്തിവാണത് കൊണ്ടും കള്ളന്മാരെയും വ്യാജനെയും ഭയമുള്ളതുകൊണ്ടും വാതില്‍ തുറക്കാന്‍ മടിച്ചു.
ഇരുട്ടിനേക്കാള്‍ ഭീകരതയോടെ വാതിലില്‍ മുട്ട്.
തുറന്നു...
നനഞ്ഞും ക്ഷതമേറ്റും അകത്തേക്ക്...
ജീവന്‍ കൊടുത്തത് എന്തിനെന്ന്...
കാലത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടത്‌ എന്തിനെന്ന്...
എന്റെ കര്‍മം നിന്റെ സ്വാതന്ത്ര്യമാണ്. നീ സ്വതന്ത്രമാകുന്നിടത്താണ് എന്റെയും...
ചപലമായ ചില പദങ്ങള്‍ പാതി യാത്രയില്‍ വിജയം ആഘോഷിക്കുന്നുണ്ട്.
കാറ്റ് ജനാല  കൊട്ടിയടച്ചു.
കമ്പിക്കാലിലും അതെ കാറ്റ്..
കരണ്ട് കമ്പിയില്‍ ഒട്ടിയ കാക്കയുടെ ആത്മാവ് ഇണ തേടി അലയുന്നു...
ഇരുട്ട് കട്ട കുത്തിയ തമ്പില്‍ ഞാനും അക്ഷരവും മുഖത്തോടു മുഖം.
തമ്മില്‍ തമ്മിലും മിണ്ടാതെ....