Tuesday, September 29, 2009

ഈശ്വരനെ മോചിപ്പിക്കുക...

മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത്‌ പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...


ആസിയാന്‍ കരാറും ഏട്ടിലെ പശുവും...

ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?

Monday, September 21, 2009

നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

എറണാകുളം പബ്ലിക്‌ ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന്‍ എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക്‌ നല്‍കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്‍ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക്‌ ഞാന്‍ ജെ.എന്ന് പേര് നല്‍കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന്‍ പറഞ്ഞു: "ജെ അതാണ്‌ എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

Sunday, September 20, 2009

മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

Sunday, September 13, 2009

സൃഷ്ടിയെ കുറിച്ച്...

എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം.  കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.

ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ  കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ.  എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.

Sunday, August 23, 2009

ആഗോളീകരണ കാലത്തെ കാഴ്ചകള്‍ (കഥ)

വാദ്യകലയില്‍ ഒരിടത്തും നിര്‍വചിചിട്ടില്ലാത്ത ഭാഷയോടെ ക്ലോസ്സട്ടില്‍ നിന്നുയരുന്ന പതന ശബ്ദങ്ങളില്‍ സബ്സ്സിടിയുടെ പ്രശ്നം ഉണ്ടെന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? എത്ര കലോറി അകത്താക്കിയെന്നും എത്ര നേരം കൊണ്ടു മലമായെന്നും... അതിനിടെ വിമതരായി പോയത്... അതാണ്‌ നാലാം ലോകത്തിനു മേല്‍ വീഴുന്ന ഇടിത്തീ...സര്‍ക്കാര്‍ വിളമ്പുന്ന സബ്സിഡി വെട്ടി വിഴുങ്ങി ലാപ്സ്സാക്കുക. അതുകൊണ്ട് ആര്‍ത്തി പണ്ടാരങ്ങള്‍ക്ക് സബ്സ്സിടി നല്‍കരുത്. എന്തിന് ഖജനാവ് കാലിയാക്കണം?അമേരിക്കയില്‍ നിന്നോ ഇന്ക്ലണ്ടില്‍ നിന്നോ വന്നേക്കാവുന്ന തീട്ടൂരത്തെ ചൊല്ലി യദിയുരപ്പയും സംഘവും പാര്‍ലമെന്റില്‍ വ്യാകുലപെടാതെയല്ല. ആ നേരം അക്കങ്ങള്‍ ഭീകരതയോടെ അലയടിച്ചുകൊണ്ടിരുന്നു. നീയെന്നു പറഞ്ഞെന്കിലും കേള്‍ക്കാന്‍ ആരുമില്ലെന്നരിയുന്നു. അത് മറ്റൊരു ദുരന്തം.തന്‍റെ ചലനം നിരീക്ഷിക്കപ്പെടുക. ഊണിലും ഉറക്കത്തിലും; എന്തിന് ക്ലോസ്സട്ടിലെക്കും ആ കഴുകക്കണ്‍ണ്. അങ്ങനെ സ്വകാര്യതകള്‍ തകര്‍ക്കപ്പെട്ടു... അതിലും ഭേദം ചാവുക.ഇരുട്ടിന്‍റെ ഗാഡ സമുദ്രത്തില്‍ കാറ്റിന്‍റെ നിലയറ്റ ആരവം . അദൃശ്യകരങ്ങള്‍ പകരുന്ന തണുപ്പ്.
ഉള്ളു കിടുകിടുത്തു:"ഹൊ..."അത്ര ഉച്ചത്തിലല്ല, എന്നിട്ടും ശബ്ദത്തിനു എന്താഴം! തരിശു ഭൂമിയില്‍ മാറ്റൊലിക്കായി കാതോര്‍ത്തു. ഒന്നുറക്കെ കൂകണം. കേള്‍വിയുടെ ആഗോഷത്തില്‍ നഷ്ട്ടപ്പെടാന്‍. പിന്നെ ഫോസ്സിലുകള്‍ക്കിടയില്‍ വായിക്കപെടാത്ത മറ്റൊരു അക്കമായി...തെല്ലു കഴിഞ്ഞു സംശയമായി, തന്നെ കൂടാതെ മറ്റൊരാള്‍ രങ്കതുണ്ട്. അതവനോ അവളോ? ക്യാമറക്കണ്ണായി ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിറവിക്കു മുന്പേ... ഇന്ത്യയില്‍ കേരളത്തില്‍ അവന്‍ പിറക്കുമെന്ന് , ഫിര്‍ദൌസ് എന്ന് നാമകരണം ചെയ്യപ്പെടുമെന്ന്, ഓ.ബി.സി. പട്ടികയില്‍ ഒതുക്കപ്പെടുമെന്നും... ഗണിതത്തിന്റെ മാന്ത്രീകതയില്‍ ക്രൂരമായൊരു മന്ദഹാസ്സത്തോടെ അയാള്‍. ആ വിരലുകള്‍ ഓരോ പിറവിക്കു പിന്നിലും ഗൂഡമായൊരു തപസ്സില്‍...ലോറാ, അവള്‍ അവന്‍ എങ്ങിനെ ജീവിക്കണം, എങ്ങിനെ ചിന്തിക്കണം, എന്തായി തീര്ണംമെന്നും ആ പണിപ്പുരയില്‍ തീരുമാനിക്കപ്പെടുന്നു.വാറ്റു ചാരായത്തിലും കഞ്ചാവിലും നിറഞ്ഞു അപസര്‍പ്പക കഥയിലേക്ക്... ഓര്‍ക്കുന്നത് വെട്ടിയും പുതിയത് ചമച്ചും... അതിനിടയില്‍ സ്വയമകന്നു തന്നെ മറ്റൊരു ആങ്കിളിലൂടെ വീക്ഷിക്കുക. അങ്ങനെ ചിന്തയുടെ ആവശ്യകതയെ , രാജ്യത്തെ നയിക്കേണ്ട സാധ്യതകളിലൂടെ ഇരുട്ടില്‍ നോക്കി.രക്ത ദാഹിയായ പിശാച് രംഗം പതുക്കെ കീഴടക്കുകയാണോ? ആദിവാസികളെ കൊന്നൊടുക്കിയ ഇടം അല്ലെ...അല്ല ലോറാ കൊല്ലപ്പെട്ടത് ആദിവാസി ആണെന്കിലും ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ബാധകമല്ലെങ്കിലും പ്രേതം ഉണ്ടാവില്ലേ? നിനക്കതു ഉള്‍കൊള്ളാന്‍ പ്രയാസമുന്ടെന്കിലും....അന്നയച്ച കത്ത് അവിടെ ഉണ്ടാവണമെന്നില്ല. ചെന്നൈ മെയിലിന്‍റെ വെള്ളമില്ലാത്ത കക്കൂസ്സില്‍ ഉപയോഗിച്ചിരിക്കും . എങ്കിലും ആ വരികള്‍ എന്തൊക്കെയോ ശെരി വയ്ക്കുന്നു. അപ്രിയസത്യങ്ങള്‍ ആണെന്കില്‍ കൂടി.ജിം എന്ന ആഗോള നിക്ഷേപക സംഘം കൊച്ചിയില്‍ നടന്നത്. പ്രദിക്ഷേതത്തെ ലാത്തി എതിരിട്ടത്‌. കുടുംബങ്ങളിലേക്ക്‌ ഇടിച്ചു കയറി നഗ്നത രുചിച്ച ടോര്‍ച്ചുകള്‍... കരുതിയിരിക്കുക. മാറാടിനെ ജിംനെ മുത്തങ്ങയോടു ചേര്‍ത്ത് വായിക്കുക.നീയത് അവഗണിച്ചത്. അവര്‍ തീരത്ത് കോടി നാട്ടി. നിനക്കും അത്യാവശ്യം, മതസൗഹാര്‍ത മേളക്ക് വകയായല്ലോ...തീരത്തിന്റെ മതം കടല്‍ എന്നിട്ടും കാവിയും പച്ചയും കലക്കി ഉന്‍മത്തര്‍ ആയവര്‍...
നിന്‍റെ അക്ഷരങ്ങള്‍ക്കു അധിനിവേശത്തിന്റെ ഡോളര്‍ തിളക്കം.നേരത്തെ അറിഞ്ഞിരുന്നില്ല. വിലയേറിയ വിദേശ പെര്‍ഫ്യൂമില്‍ രമിച്ചു നീല ഇന്‍ലന്റിനെ അവഗണിച്ച്... ഗ്രന്തപ്പുരയുടെ മരകോണിയില്‍ ആരോരുമറിയാതെ തന്ന ചുംബനത്തിനു നരഹത്യയുടെ മണം.ഇടമുറിയാതെ പെയ്യെണ്ടിയിരുന്ന തുലാമഴയെ തടുത്തും അക്ഷരങ്ങളെ ചതിച്ചും... വരണ്ട പാടങ്ങള്‍, ടിപ്പര്‍ ലോറി ചൊരിഞ്ഞ മണ്ണിനു കാവല്‍ നിന്നു നോക്ക്കൂലി വാങ്ങിയ ഇരുകാലികള്‍.വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ചര്‍ദ്ധിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്... കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്‍റെ അന്നം കൊത്തും. അതാണ്‌ നിന്‍റെ ഭാഷ. ലോറാ, വാലന്റയിന്‍ ഡേ ആഗോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍...നമുക്കെന്തും ആഗോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...അച്ഛന്റെ പതിനാരടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത്‌ അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍. അല്ലായിരുന്നെന്കില്‍ അയാള്‍ക്ക്‌ ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍വേസ്റ്റു ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്‌...കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്‍റെ കലര്‍പ്പ്. "ഫിര്‍ദൌസ്...ഇടിമുഴക്കമായി വിളി. ഭയന്ന്, തിരിഞ്ഞു നോക്കി. പ്രേതാലയം കണക്കെ ആ വീട്. ഇറയത്തു കത്തുന്ന പാനീസ് വിളക്കിന്‍റെ ചതി. ഇരുട്ടില്‍ വെളിച്ചം എന്തെല്ലാം ചിത്രം പണിയുന്നു. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രേതാലയം. ആദിവാസികളെ കൊന്നു കൂട്ടിയ ഇടം. അന്നവിടെ പുരയില്ലായിരുന്നു. പിന്നീട് സ്മാരകമായത്...
ലോറാ, നിന്‍റെ വര്‍ഗ്ഗത്തിന് വാര്‍ഷികം ആഗോഷിക്കാന്‍ ആസ്ഥാന ബുദ്ധിജീവിചമയാന്‍ അങ്ങിനെയും ഒന്ന്. കൊലയാളിയും സ്മാരക നിര്‍മ്മാതാവും ഒന്നായത്. വെള്ളിത്തിരയില്‍ ഫ്ലാഷ്ബാക്കിലേക്ക്‌ തിരിച്ച രങ്കം ഇരുണ്ടത്. അതില്‍ കൊല്ലപ്പെട്ടവന്റെ വികാരം വായിക്കപ്പെടാതെ. ആ ഫ്രെയിംകൊണ്ടു സംവിധായകന്‍ പലതും ഉദ്ദേശിച്ചിരിക്കാം. അക്ഷരങ്ങളെ തുരത്തി കാഴ്ച്ചയുടെ നെഗളിപ്പ്! അതിനിടയില്‍ പ്രേക്ഷകന്‍ വളരാതിരുന്നത് ആരുടെ തെറ്റ്?എന്തിന് കൊല്ലപ്പെട്ടു എന്നറിയാതെ ആ സാധുക്കള്‍. ചുവന്ന ഫ്രെയിമിലൂടെ അത് കൂടുതല്‍ ഭീകരമായി. ദക്ഷിണേന്ത്യന്‍ സംഗീതത്തിനു യോചിക്കാതെ... എന്തിന് സംവിധായകന്‍ പാശ്ചാത്യം കടംകൊണ്ടു? ഒരിക്കല്‍ ഗവേഷക വിദ്യാര്‍ത്തികള്‍ ഫോസ്സിലുകള്‍ കണ്ടെത്തുമ്പോള്‍ ക്രൂരതയുടെ ഉല്‍സവം വരയില്ല."കരുവാന്‍ ചരിതത്തില്‍ എവിടെയാണ് പീഠിതന്റെ നിലവിളി? "ആ സ്വരം കുറേകൂടി അടുത്ത്. ആരാണയാള്‍? ശത്രുവോ മിത്രമോ? ഭയന്ന്, വിയര്‍ത്തു... അയാളുടെ ഉന്നം താനാണ്. വെട്ടിമാറ്റാന്‍ നിയോഗിതനായി. തുടര്‍ന്ന് അയാള്‍ താനാകും. വീട്ടിലേക്ക്, എഴുത്തുമുറിയിലേക്ക് ... നോവലും കഥകളും അപഹരിച്ചു പുനര്‍ രചനയില്‍... അങ്ങിനെ തന്‍റെ കാഴ്ചപ്പാടുകളെ തകിടം മറിച്ച്...സ്ക്രീനില്‍ കാഴ്ച്ചയെ തകിടം മറിച്ചു ബെല്‍ബോട്ടം പാന്‍റ്സ്സില്‍ നസ്സീറും ജയനും. തീവണ്ടിയുടെ കരിപുരണ്ട നീല കുപ്പായങ്ങള്‍.ആ രങ്കം ഇരുട്ടിലേക്ക്...രണ്ടു സിനിമയിലെ ഫ്രെയിമുകളുടെ സംയോജനം. ബ്ലാക്ക് ആന്‍റ് വൈറ്റിലെ നസീര്‍ ഈസ്റ്റുമാന്‍ കളറിലെ നസ്സീറിനു നേരെ തോക്ക് ചൂണ്ടി...ലോറാ നീ പറഞ്ഞിരുന്നുവല്ലോ നസ്സീറും നസ്സീറും തമ്മില്‍ തോക്ക് ചൂണ്ടുന്നിടത് പുതിയ കാല സിനിമയുണ്ടെന്ന്. അവിടെയല്ലേ പുതുചമയങ്ങളുടെ ജയഭേരിയും. നാലാം ലോകം ചുമക്കുന്ന ഇടിതീയും....തുടരും...സ്ക്രീനില്‍ അങ്ങനെയാണ് എഴുതി കാട്ടിയത്. അമ്പരപ്പോടെ പ്രേക്ഷകര്‍.തന്‍റെ സിനിമ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഞെട്ടലോടെയാണ് പുറത്തിറങ്ങിയത്. തന്‍റെ കണ്‍ വെട്ടിച്ച് എഡിറ്റര്‍ എങ്ങിനെയാണ് പഴയ സിനിമയുടെ രന്കങ്ങള്‍ തിരുകി കയറ്റിയത്?അത് തന്‍റെ സിനിമയല്ല. സംവിധായക കലയില്‍ നിന്നും എഡിറ്ററുടെ കരങ്ങളിലേക്ക്...രണ്ടാം വാരം ആറു ഷീറ്റ് പോസ്റ്ററില്‍ എഡിറ്ററുടെ മുഖം വലുതായി കൊടുത്തത്... സംവിധായകന്‍ ചെറിയ അക്ഷരങ്ങളിലേക്ക് ... താന്‍ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു. പുതുകാഴ്ച്ചയുടെ മദിഭ്രമങ്ങളിലേക്ക് ഫിലിം പെട്ടിയും പ്രേക്ഷകരും....

Friday, August 21, 2009

മതേതരം തുടര്‍ച്ച...

"ഒരു മുസല്‍മാന്‍ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കണം.." അത് ഇസ്ലാം നിയമം ആണ്.
ഏതു രാജ്യതാണോ ജീവിക്കുന്നത് ആ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന് ശെഹീദിന്റെ കൂലിയാണ് ഉള്ളത്. അവനു സ്വര്‍ഗമാണ് ഉള്ളത്..." അതും ഇസ്ലാം നിയമം.
ഒരു ജ്യൂത സ്ത്രീ നിരന്തരം പ്രവാചകന്റെ തലയില്‍ അടിച്ചു വാരിയ ചപ്പു ചവറുകള്‍ ഇടുമായിരുന്നു. പ്രവാചകന്‍ ചിരിക്കുക മാത്രം ചെയ്തു. ഒരിക്കല്‍ അവളെ കാണാതെ ആയപ്പോള്‍ പ്രവാചകന്‍ അന്വേഷിച്ചു. അവള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. പ്രവാചകന്‍ അവളെ തേടി ചെന്ന്. സുഖ വിവരങ്ങള്‍ തിരക്കി...
അന്ന് പ്രവാചകനെ ഒരാള്‍ അങ്ങനെ തുപ്പുകയോ ചപ്പു ചവറുകള്‍ ഇടുകയോ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ അനുചരന്മാര്‍ വാളെടുത്തു യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന് എതിരെ ഒരാള്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. സല്‍മാന്‍ റുഷ്ദിക്ക് എതിരെ, ഗുമൈനിമാര്‍ പടക്കിരങ്ങിയത് നാം കണ്ടു. നമ്മുടെ കേരളക്കരയില്‍ ചേകന്നൂര്‍ മൌലവിക്ക് എന്ത് സംഭവിച്ചു? അനുയായികള്‍ എന്ന് പറഞ്ഞു നിസ്കാര തഴംബോടെ താടിയും നീട്ടി നടക്കുന്നവര്‍ പറയുന്നതൊന്നുമല്ല ഇസ്ലാം. അപ്പോള്‍ ചിലര്‍ ബോംബ് രാഷ്ട്രീയവുമായി നടക്കുന്നതിനെ നമുക്കെങ്ങനെ ഇസ്ലാമിന്റെ അനുയായികള്‍ ആയി കാണാന്‍ ആകും? കലാപകാരികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തുക. അതില്‍ ജാതിമതം കലര്‍ത്തെണ്ടതില്ല. മുസ്ലീം പിന്നോക്കം പോയതിനു ഉത്തരവാദികള്‍ മുസ്ലീങ്ങള്‍‍ എന്നാ ലേബലില്‍ നടക്കുന്ന പ്രമാണിമാര്‍ തന്നെയാണ്. നമ്മുടെ കേരളക്കരയില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം വര്‍ജിക്കണം എന്ന് പറഞ്ഞില്ലേ. അതിനു ഒരു തലമുറ കൊടുക്കേണ്ടി വന്ന വില എന്തെന്ന് നാം കണ്ടു കഴിഞ്ഞു. ഇസ്ലാം പഠിപ്പിക്കുനത് വിദ്യ നേടാനാണ്. കുര്‍ ആനില്‍ ആറായിരത്തി അറുന്നൂറ്റി അറുപത്താറു വാചകങ്ങള്‍ ഉള്ളതില്‍ ഏകദേശം ഇരുന്നൂറിലേറെ വാചകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്, " പഠിക്കുക, ചിന്തിക്കുക..." എന്നൊക്കെയാണ്. മുസ്ലീമ്ങളെ ചില മുസ്ലീം പണ്ഡിതന്മാരും നേതാകളും വോട്ടു ബാങ്ക് ആക്കി വച്ചിടത്താണ് മുസ്ലീംങ്ങളുടെ ശനി ദശ തുടങ്ങുന്നത്. ആദ്യ കാലത്ത് ഒരു മുസല്‍മാന്റെ വാക്കിനു വിലയുണ്ടായിരുന്നു. അവനെ ഭഹുമാനിക്കുമായിരുന്നു. അത് നഷ്ടപ്പെടുത്തിയത് മുസ്ലീങ്ങള്‍ തന്നെയാണ്. ആദ്യം മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ ആകട്ടെ. അപ്പോള്‍ അവന്റെ പദവി പടച്ചവന്‍ ഉയര്‍ത്തും എന്നല്ലേ കുര്‍ ആണ്‍ പറയുന്നത്.

ഒരു ലഹള അത് ഏതു മതത്തില്‍ നിന്നും വന്നാലും അതിനെ ലഹളയായി മാത്രം കാണുക. ഏതൊരു മതത്തിലും ഇര ദരിദ്രനാണ്. ഏതൊരു സുനാമിയുടെയും ഇര പാവപ്പെട്ടവനാണ്. അതുകൊണ്ട് നമുക്ക് കലാപങ്ങളെ വിമര്‍ശിക്കാം. ഓരോ നാട്ടിലും ഉള്ള കലാപകാരികളെ ആ നാട്ടില്‍ ഉള്ള ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ കലാപം ഉണ്ടാവില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ മഹാ വികൃതി ആയിരുന്നു. ഞാന്‍ സ്കൂളില്‍ പോകാതെ ചുറ്റി തിരിയുന്നത് ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ ശാസിക്കും. ഒരു ബാലകൃഷ്ണന്‍ നായര്‍ എന്നെ തല്ലിയിട്ടുണ്ട്. അന്ന് അതിലൊന്നും ആരും ഒരു വര്‍ഗീയതയും കണ്ടിട്ടില്ല. എന്റെ വാപ്പക്ക് ബാലകൃഷ്ണന്‍ നായരോട് ഒരു സ്നേഹക്കുറവും ഉണ്ടായില്ല. ഇന്ന് നാം വേറിട്ടുപോയിരിക്കുന്നു. സ്വന്തം മതത്തിലുള്ള ഒരുവന്‍ വഴി തെറ്റി പോകുന്നത് കണ്ടാല്‍ ആരും ചോദിക്കാനില്ലാതെയായി. നാം അണു കുടുംബങ്ങള്‍ ആയി ചുരുങ്ങുന്നിടത്തു കുറ്റവാസനയും പെരുകുന്നുണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന വഴി വൃശ്ചിക പുല്ലിനു തീയിട്ടത് അത് പടര്‍ന്നു വേലി കത്തിയത്. അന്ന് വെളിയില്‍ നിന്നും കടന്നാല്‍ ഇളകി എന്റെ ചുണ്ടില്‍ കുത്തി. അന്നത് ഒരു മുസ്ലീം ഹിന്ദുവിന്റെ വേലി കത്തിച്ചതായി ആര്‍ക്കും തോന്നിയില്ല. പകരം ആ സ്ത്രീ എന്നെ വീട്ടില്‍ കൊണ്ടുപോയി അടുപ്പില്‍ നിന്നും ചാരം എടുത്ത്‌ തുണിയില്‍ പൊതിഞ്ഞു എന്റെ ചുണ്ടില്‍ വച്ച് തരികയാണ്ണ്ടായത്.

എന്താണ് മതേതരത്വം?

ഇന്നും കൃത്യമായി ഉത്തരം കിട്ടാതെ പോകുന്ന ചോദ്യം. ഇന്ത്യയുടെ രണ്ടാം പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ മതേതരത്വത്തിന് ഒരു അഭിപ്രായം കൊടുക്കുകയുണ്ടായി ( പണ്ട് വായിച്ച ഓര്‍മയാണ്, ഏതാണ്ട് ഇങ്ങനെ) അതായത് മതേതരത്വം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നാണ്. ഏറെകുറെ അത് തന്നെയാണ് ഓരോ സര്‍ക്കാരും പിന്തുടരുന്നത്. അത് മത പ്രീണനത്തില്‍ എത്തി നില്‍ക്കുന്നു. ഉദാഹരണത്തിന്‌. ഷബാനു കേസില്‍ സുപ്രീം കോടതി ജീവനാംശം കൊടുക്കണം എന്ന് വിധിച്ച വേളയില്‍ മുസ്ലീം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ രാജീവ്ഗാന്ധി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരികയുണ്ടായി. ആ കോടതി വിധി മറികടക്കുകയായിരുന്നു ലക്‌ഷ്യം. അതിനു പകരം ഹൈന്ദവ വോട്ടിനെ പ്രീണിപ്പിക്കാന്‍ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് പൂജ ചെയ്യാന്‍ അനുവദിക്കുകയും... അവിടെ ഒരു ബാലന്‍സിംഗ് ഉണ്ട്. അതിനു നാം കൊടുക്കേണ്ടി വന്ന വില എന്തെന്ന് കണ്ടു കഴിഞ്ഞു. മതേതരത്വം എന്നാല്‍ മതങ്ങളുടെ വരാന്തകളില്‍ രാഷ്ട്രീയക്കാരന്റെ നിരങ്ങല്‍ ആകരുത്. ഭരണാധികാരികള്‍ ഇന്ത്യയെ കാണാന്‍ ശ്രമിക്കണം. ഇന്ത്യയിലെ ജനങ്ങളെ കാണാന്‍ ശ്രമിക്കണം. പക്ഷെ ഓരോ രാഷ്ട്രീയക്കാരനും വോട്ടു നേടാന്‍ മതങ്ങളുടെ പുറകെ പോകുന്ന ദീനമായ കാഴ്ചയാണ്. ആദ്യം ന്യൂനപക്ഷം ഭൂരിപക്ഷം എന്ന തരംതിരിവ് എടുത്തു കടലില്‍ എറിയട്ടെ. അത് മാറിയാല്‍ ഇന്ത്യന്‍ എന്ന തെളിവെള്ളം കാണാനാവും. ഇവിടെ ഓര്‍ക്കപ്പെടെണ്ട മറ്റൊരു കാര്യം, ഏറ്റവും മതേതരം എന്ന് നാം വാഴ്ത്തുന്ന വി.പി.സിംഗ് സര്‍ക്കാര്‍ നബിദിനത്തിന് അവധി കൊടുത്ത് മുസ്ലീം വോട്ടു ബാങ്ക് ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഒരു ഇസ്ലാമിക്‌ രാജ്യം എന്ന് അവകാശപ്പെടുന്ന സൗദി അറേബ്യയില്‍ പോലും നബി ദിനത്തിന് അവധി ഇല്ലെന്നു ഓര്‍ക്കണം. അപ്പോള്‍ ഇവിടെ അങ്ങനെ ഒരവധിയിലൂടെ ഒരു മതത്തെ പ്രീണിപ്പിക്കുന്നു. അത് തന്നെയാണ് മറ്റു മതങ്ങളിലും ചെയ്യുക. അങ്ങനെ ക്യാന്‍സര്‍ ബാധിച്ച രാഷ്ട്രീയക്കാരാണ് ഏതൊരു വര്‍ഗീയതക്കും ചുക്കാന്‍ പിടിക്കുക.


വര്ഷം ഓര്‍മയിലില്ല. കേന്ദ്ര മന്ത്രി ആയിരുന്ന മുഫ്ത്തി മുഹമ്മദു സയിദിന്റെ മകളെ ഭീകരര്‍ തട്ടി കൊണ്ട് പോയപ്പോള്‍ ലോകം ഒന്നടങ്കം മോചനത്തിനായി പ്രാര്‍ത്തിച്ചു, നിലവിളിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ വാര്ത്തയാല്‍ കുളിച്ചു. പക്ഷെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയാല്‍ ഇവിടെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ആരുമില്ല. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും... ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവന് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു മന്ത്രിക്കോ കുബേരനോ അനുവദിക്കരുത്. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിനു താഴെ മാത്രം എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. കുബേരന്റെ സ്വാതന്ത്ര്യം ദരിദ്രന്റെ ആമാശയത്തിനു അപ്പുറത്തേക്കും ആകാം. എന്നാല്‍ ദരിദ്രന് കുബേരന്റെ ഗയിറ്റിനു വെളിയില്‍ നില്‍ക്കാന്‍ പോലും അവകാശമില്ലാതെ... ഈ ഒരു വാതില്‍ വഴിയാണ് വേട്ടക്കാരനെയും ഇരയെയും തിരയെണ്ടത്.
എന്റെ ജീവിതം എന്നെ പഠിപ്പിച്ചു, മതമല്ല, തറവാടിത്തമല്ല, മനുഷ്യനെ അടുപ്പിക്കുക, ധനം മാത്രം.ദരിദ്രന്റെ കുപ്പായത്തിലൂടെ അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചവനാണ് ഞാന്‍ . അതുകൊണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ദരിദ്രന് ഇല്ലാത്ത ഒരവകാശവും കുബേരന് ഉണ്ടാകരുത്. അതുപോലെ മനുഷ്യന് നിലനില്‍ക്കാനുള്ള സ്വ്വതന്ത്ര്യം എന്തുമാത്രം ഉണ്ടോ അത് പക്ഷി മൃഗങ്ങള്‍ക്ക്, സസ്യ ജലാതികള്‍ക്ക് ഉണ്ടാകണം. അവിടെയാണ് നാം നീതി യുടെ തെളിവെള്ളം നുകരുക.

മതേതരത്വം ....

 വര്‍ഗീയതയെ കുറിച്ചോ ഭീകരതയെ കുറിച്ചോ പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ജാതി മത ചിന്തകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. വര്‍ഗീയതയോ ഭീകരതയോ മതപരമാകട്ടെ രാഷ്ട്രീയപരമാകട്ടെ അത് എതിര്‍ക്കപ്പെടേ  ണ്ടത് തന്നെ. അതിനെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തിരിക്കാതിരിക്കുക. മതേതര രാഷ്ട്രത്ത് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തരം തിരിക്കുന്നത് തന്നെ ആപത്താണ്. അത്തരം തിരിവുകളിലൂടെ ഭാരതിയാര്‍ എന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്. അതുവഴി മതേതരം എന്ന ചിന്ത തന്നെ ഇല്ലാതാവുകയും.

വര്‍ഷങ്ങള്‍ക്കു മുമ്പ് സിമി എന്ന ഭീകര സംഘടന പരസ്യമായി വാര്‍ത്താ ബോര്‍ഡില്‍ എഴുതുകയുണ്ടായി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. എന്നാല്‍ അടുത്ത ദിവസം ആര്‍ .എസ്.എസിന്റെ വക എഴുത്ത് വന്നു. ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന്. സിമിയുടെ സ്വരം ഇസ്ലാമിന്റെ സ്വരമല്ല. അതുപോലെ ആര്‍ .എസ്.എസിന്റെ സ്വരം ഹിന്ദുവിന്റെയും അല്ല. നാം അതാണ്‌ മനസിലാക്കേണ്ടത്. ഏതൊരു കലാപവും നയിക്കുന്നത് ഭ്രാന്തിനു അടിപ്പെട്ടവര്‍ . അവരെ മതങ്ങളുടെ അക്കൌണ്ടില്‍ ആക്കുന്നത് ഭ്രാന്തിനു വളരാന്‍ ഇടയാക്കുന്നു..

 എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സംഭവം പറയാം. ഇവിടെ അടുത്ത് ഒരു പള്ളിയിലെ ഖത്തീബ് പ്രസംഗിച്ചു നേരെ ചൊവ്വേ നിസ്കരിക്കാത്തവന്മാര്‍ ആണ് ഡിസംബര്‍ ആറിനു പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നതെന്ന്. ഉടനെ ഖത്തീബിനു പള്ളിയിലെ ജോലിയും നഷ്ടമായി.

ആരാണ് ഇര? ഓരോ രാജ്യത്തും ഓരോ സമൂഹം ഇരയായുണ്ട്. പക്ഷെ ആത്യന്തികമായി ഇര എന്നാല്‍ ഇല്ലാത്തവന്‍ , ദരിദ്രന്‍ , കുട്ടികളും സ്ത്രീകളും. കറുത്തവനും... എവിടെയും വേട്ടക്കാരന്‍ ധനികനാണ്. ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ഏതൊരു കെടുതിയുടെയും യുദ്ധങ്ങളുടെയും, ഭീകരതയുടെയും ഇര ദരിദ്രന്‍ തന്നെ. 

സൗദി അറേബ്യയില്‍ ഷിയാക്കള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഖത്തീഫ്‌, അല്‍ ഹസ്സ എന്നീ സ്ഥലങ്ങളില്‍ ചെന്നാല്‍ ഒരു കാര്യം മനസിലാക്കാം. ഷിയാക്കള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ നല്ല റോഡുകളില്ല വികസനം ഇല്ല. അവര്‍ അവിടെ അവഗണിക്കപ്പെടുകയാണ്. അവിടെ കാര്യപ്രാപ്തി ഉള്ളവന്‍ വെളുത്തവരായ സുന്നി അറബികള്‍. അവിടെയും കറുത്തവര്‍ അവഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏതൊരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താം. പക്ഷെ സൗദി അറേബ്യയില്‍ അത് നടപ്പില്ലെന്ന് ഓര്‍ക്കണം. ഞാന്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് ഇറാഖിലെ ജനതക്കായി പ്രാര്‍ത്തിച്ച ഒരു പള്ളി ഇമാമിനെ പിന്നീട് കണ്ടവരില്ല. അതുപോലെ ഇറാഖ് യുദ്ധത്തിനെതിരെ അതിനു തണല്‍ ഏകിയ സൗദി രാജാവിന് എതിരെ അല്‍ ഖസീം എന്ന സ്ഥലത്ത് സംഘടിച്ച മുസ്ലീം പണ്ഡിതരെ അറസ്റ്റു ചെയ്തതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ അതല്ല സ്ഥിതി. ഏതൊരു ഇരക്കും ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ട്‌.

Monday, July 13, 2009

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ ( പുസ്‌തകനിരൂപണം. )

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍
സി.പി. അബൂബക്കര്‍
ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍
( പുസ്‌തകനിരൂപണം. )
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍
ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.
വില- 110 രൂപ
പ്രസാധനം- മെലിന്‍ഡ ബുക്‌സ്‌
മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച്‌ കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന ജീവിതമാണ്‌ ദുരൈലാലിന്റേത്‌. അതിനേക്കാള്‍ വലിയ വെളിപാടുകളിലേക്കാണ്‌ ദുരൈലാലിന്റെ യാത്ര. ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകളിലൂടെ ഒഴുകുകയാണ്‌ ദുരൈലാലിന്റെ കവിത. പൊള്ളുന്നലാവയിലൂടെ ഒഴുകുമ്പോഴും സൗമ്യവും മധുരവുമായസ്‌നേഹത്തിന്റെസ്‌പര്‍ശം സൂക്ഷിക്കാന്‍ ദുരൈലാലിന്‌ സാധ്യമാവുന്ന ആ രസതന്ത്രമെന്താണ്‌? വര്‍ത്തമാന ഇന്ത്യയുടെ ദജീവല്‍സ്‌പന്ദം സംവഹിച്ച്‌, ഒ.വി. വിജയന്‍ അവാര്‍2008 നേടുന്ന ഒരു നോവലിസ്‌റ്റ്‌ നിസ്സാരനാവാന്‍ ഒരു വഴിയുമില്ല. വര്‍ത്തമാനഭാരതത്തിന്റെ പാര്‍ശ്വവത്‌കൃതസമൂഹത്തിന്റെ ജീവിതഗന്ധവും ദുര്‍ഗ്ഗന്ധവും ഒരുപോലെ ഈ നോവലിലുണ്ട്‌.
"ശവത്തിന്റെ മിഴികള്‍ പാരപ്പെറ്റിന്‍ നിഴല്‍വീണമുറ്റത്തുനിന്ന്‌ വീടിനോട്‌ വിടചൊല്ലുന്നു. രാത്രിവീഥിയിലെ നിശ്ശബ്ദതയിലേക്ക്‌ തിരിക്കും മുമ്പ്‌ ആത്മാവിന്റെ വിങ്ങല്‍..... ഏകാന്തതയുടെ മുല്ലവള്ളികളില്‍ മഞ്ഞുകണമായുി ചേരും മുമ്പ്‌ ഒടുക്കത്തെ കോട്ടുവാ... സ്വന്തം ശരീരത്തിന്റെ മുഷിപ്പ്‌ അഴുകിയ ഇന്നലെകള്‍... ഇണര്‍പ്പ്‌ പൊട്ടിയ തൊണ്ടയില്‍ ഇടര്‍ച്ചയോടെ ജീവന്‍...."
അവസാനിക്കാത്ത അനേകം കവിതകളുംകഥകളും എഴുതിയ ദുരൈലാലിനോട്‌ നോവലിലെ കഥാപാത്രമായ ഹാറൂണ്‍ പറയുന്നുണ്ട്‌, അയാളുടെ രചനകളെ നോവലെന്നോ കഥയെന്നോ കവിതയെന്നോ വര്‍ഗ്ഗീകരിക്കാനാവില്ലെന്ന്‌. സാഹിത്യം രൂപത്തിലൂടെയല്ല നില്‌ക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണോ ഹാറൂണ്‍ചെയ്യുന്നത്‌/?ആവോ.
2006ല്‍ അറ്റ്‌ലസ്‌ കൈരളി അവാര്‍ഡും ഈ നോവലിന്റെ കര്‍ത്താവായ എം.കെ. ഖരിമിന്നാണ്‌ ലഭിച്ചത്‌. സെന്‍സര്‍കിട്ടാതെ പോയ സിനിമ- ഏതാനും ഭാഗങ്ങള്‍പോലുള്ള കഥകളും കൂടിയാവുമ്പോള്‍ ഖരിമിന്റെ ദര്‍ശനം പൂര്‍ണമായിവ്യക്തമാവുന്നു. സാമ്രാജ്യത്വത്തിനുൂം ആഗോളീകരണത്തിനും മുതാളിത്തത്തിന്റെ വില്‌പനസംസ്‌കാരത്തിനും എതിരാണ്‌ ഖരിമിന്റെ വീക്ഷണം.
ദര്‍ശനത്തിന്റെ കാലിലല്ലാതെ സാഹിത്യത്തിനു നിലനില്‌പില്ലെന്ന്‌ ഈ നോവലിസ്‌റ്റ്‌ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാവണം.
എന്നാല്‍ദര്‍ശനം വഹിക്കുന്ന കേവലമായ ഒരു സഞ്ചിയാണ്‌ സാഹിത്യം എന്ന യാന്ത്രികസമീപനമൊന്നും ഖരിം ഒട്ടും അംഗീകരിക്കുന്നില്ല.
നോക്കൂ, അവസ്ഥകളാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ഇതില്‍ വ്യക്തിശത്രുക്കളില്ല. ഓരോ അവസ്ഥയുടേയും ഇരകളാണ്‌ മനുഷ്യര്‍. വേട്ടക്കാരന്‍ സാമൂഹികവ്യവസ്ഥയാണ്‌. മദന്‍ലാലിന്റെ പുത്രസ്ഥാനത്തുനിന്ന്‌ അയാളെ ആശ്രയിച്ച്‌്‌. രസതന്ത്രം പഠിക്കാനും പിന്നീട്‌ ആ വിഷയത്തില്‍ അദ്ധ്യാപകനാകാനും കഴിഞ്ഞ ദുരൈലാലിലെ കവി ഞെരുങ്ങിയമര്‍ന്നുപോവുമായിരുന്നു. ഹാറൂണിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍. പണമാണ്‌ മുതലാളിത്തസമൂഹത്തില്‍മുഖ്യം.
നിരാശ്രയരായ സ്‌ത്രീകഥാപാത്രങ്ങളാണ്‌ ഈനോവലിന്റെ നട്ടെല്ലായി വരുന്നത്‌. ഫൂല്‍വാനി( ഈ പേര്‌ പിന്നീട്‌ ഭദ്രയെന്നായി മാറുന്നുണ്ട്‌), ദിവ്യ, വിന്ധ്യ, മാധുരി, ഗീത എന്നിവര്‍ മങ്ങിയും തിളങ്ങിയും നില്‌ക്കുന്ന കസവിഴകളായി ഈ നോവലിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുന്ന ഭദ്രയെ പോലീസ്‌ കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്‌ നോവലിന്റെ ആദ്യഭാഗത്ത്‌. അവളുടെ മുതുകത്തും, ശരീരമാസകലവും പോല അവളുടെ മുതുകത്തും, ശരീരമാസകലവും പോലീസ്‌ വേട്ടയാടുന്നു. പുരുഷന്‍പോലീസായാലെന്ത്‌, സാഹിത്യകാരനായാലെന്ത്‌, വേട്ടനടക്കുന്നു, ഇര എപ്പോഴും സ്‌ത്രീയായിരിക്കും. ദിവ്യ പഠിപ്പിക്കുന്ന ലൈംഗികതയുടെ ബാലപാഠങ്ങള്‍ ദുരൈലാലിലെ മനഷ്യനേയും കഠിനഹൃദയനാക്കുന്നുണ്ട്‌. അവസാനം സ്‌ത്രീസംസര്‍ഗ്ഗമുള്ള്‌പ്പോള്‍പോലും പുരുഷവേശ്യയുമായി സംഗമിക്കുവാന്‍ ഒരു മടിയുമില്ല, അയാള്‍ക്ക്‌.
പണമുണ്ടെങ്കിലും വ്യവസ്ഥയോടുള്ളപ്രതികാരം വീട്ടുന്നതിന്‌ നാടകത്തിന്റെ വഴി സ്വീകരിക്കുന്ന ഹാറൂണ്‍ ഏകാകി രാഷ്ട്രീയത്തിന്റെ ഇരയായിമാറുന്നു. നാടകം വഴി സമൂഹപരിഷ്‌കാരം, എന്തിനു വിപ്ലവം തന്നെ, സാധിക്കാമെന്നാണ്‌ അയാളുടെ കണക്കുകൂട്ടല്‍.
കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌, അവരുടെ നിസ്സഹായത നമുക്ക്‌ മനസ്സിലാവുന്നത്‌. ആരും സ്വതന്ത്രരല്ല. ആഗോളീകരണബൊമ്മക്കൊലുവിലെ ബൊമ്മകളാണ്‌ ദുരൈലാലുംസംഘവും. അല്‌പസ്വല്‌പം പണമുള്ള ശര്‍മ്മാജിയും, രചനയുടെ അപര്യാപ്‌തതകളുടെ പേരില്‍ ദുരൈലാലിനെ വേട്ടയാടി നടന്ന ബുക്കര്‍ജേതാവായ ഗീതയുംഎല്ലം അരിച്ചെത്തുന്നത്‌ ദുരൈലാലിലേക്കാണ്‌. ഒരു കവിതയിലേക്ക്‌, കവിയിലേക്ക്‌ സമൂങം അരിച്ചെത്തുന്നുവെന്നത്‌, കേവലമായ ഒരു കാല്‌പനികസാഫല്യം മാത്രമല്ല. മറിച്ച്‌, സത്യത്തിലേക്ക്‌ നടന്നടുക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം അറിയാതെ നമ്മുടെ കവിതയിലും കഥയിലും വന്നെത്തുന്നതിന്റെ നാന്ദിയാണ്‌.
ഇന്ത്യന്‍ മുതലാളിത്തജനാധിപത്യത്തിന്റെ കൗശലങ്ങളെപ്പറ്റി നോവലിസ്‌റ്റ്‌ ഏറെ ബോധവാനാണ്‌. ഒരു സംഭാഷണശകലം നോക്കൂ:
"എനിക്ക്‌പകരം മറ്റാരെയെങ്കിലും നോക്ക്‌. ..... പ്രഭാഷകരായി കുറെ പേരുണ്ടല്ലോ"
"അങ്ങനെയല്ല ലാല്‍ജീ... "
"ലോകത്തിനോ ജനതക്കോ ഗുണകരമല്ലാത്തവേദികള്‍..പൊങ്ങച്ചം വിളമ്പുക....സഹജീവികളെ വെട്ടിനിരത്തുക....അതിന്‌ സെമിനാര്‍ എന്നു പറയുക"
" ഒറ്റത്തവണ ലാല്‍ജീ, പിന്നെ അങ്ങയെ ബുദ്ധിമുട്ടിക്കുകയില്ല"
വര്‍ഗ്ഗീയതയ്‌ക്കെതിരെ ബുദ്ധിജീവികളെ അണിനിരത്തുന്ന പത്രവാരികകള്‍...കുത്തകയുടെ മറ്റൊരു തന്ത്രം.. അവര്‍ക്ക്‌ കോ്‌പികള്‍വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാതെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ......
ഇതുപോലുള്ള ശരിയായ ഏറെ നിരീക്ഷണങ്ങളുണ്ട്‌ ഈ നോവലില്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അസ്ഥാനത്തുപറയുന്ന വേദാന്തമൊന്നുമല്ല. ഈ നിരാക്ഷണങ്ങളുടെ അസാന്നിധ്യത്തില്‍ നോവല്‍ അപ്രസക്തമാവുമായിരുന്നു.
ഈ നോവലില്‍ പാരന്റല്‍ ( രക്ഷാകര്‍ത്തൃ) പദവിയുള്ള ചിലകഥാപാത്രങ്ങളുണ്ട്‌. ഒരാള്‍ മദന്‍ ലാലാണ്‌. ദരിദ്രനായ ഒരു തൊഴിലാളിയാണയാള്‍. തന്റെ മകനായി ജീവിക്കുന്ന ദുരൈലാലിനെ പോറ്റി വളര്‍ത്തുന്നതിനുവേണ്ട
ി സ്വന്തം രോഗാവസ്ഥവരെ മറന്നു ജോലിചെയ്യുന്ന നിരാശ്രയനായ ഒരു മനുഷ്യന്‍. ഒരു റെയില്‍വേ സിഗ്നല്‍മാന്‍. അയാള്‍ നിതാന്തരോഷാകുലനാണ്‌. എ്‌തിനാണ്‌ മനുഷ്യന്‍ തന്റേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്‌ എന്ന്‌ല്ല, മറിച്ച്‌ മാനവികതയുടെ ആഴം കണ്ടറിയുവാന്‍ തൊഴിലെടുക്കുന്ന മനു,്‌യരിലേക്ക്‌ പോവണം എന്ന പാഠം മദന്‍ലാല്‍ നമുക്ക്‌ നല്‌കുന്നു. മറ്റൊരാള്‍ ശര്‍മ്മാജിയാണ്‌. അയാള്‍ക്‌്‌ക എല്ലാതരം കച്ചവടങ്ങളുമുണ്ട്‌. ഗ്രാമത്തിലെ വേശ്യയായ ചമേലിയുടെ കൂട്ടിക്കൊടുപ്പുകാരനും അയാളാണ്‌. ചമേലിക്ക്‌ മദന്‍ലാലിന്റെ ഉറുക്കാണെന്ന്‌ പുറത്ത്‌ നിന്ന്‌ തോന്നുന്ന ശരീരം ഒന്നാസ്വദിക്കണമെന്ന്‌ പറയുമ്പോള്‍ പോലും നിസ്സം ഗനായി വലിയ ചിറികള്‍കാട്ടിച്ചിരിക്കുന്ന കച്ചവടക്കാരന്‍.
എന്നാല്‍ പാരന്റല്‍ പദവിയില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നത്‌ അവിനാശ്‌ മുഖര്‍ജിയെന്ന കലാകാരനാണ്‌. നോവലിന്‍ കാലയളവില്‍ അയാളൊരു സാന്നിദ്ധ്യമല്ല. എന്നിട്ടും നോവലിലെ നിറസാന്നിദ്ധ്യമാണയാള്‍. ചിത്രകാരനും സ്‌ത്രീലമ്പടനുമാണ്‌ അയാള്‍. അയാള്‍ ജീവിച്ചേടത്ത്‌ ഒരു പുരുഷനും ഒരു സ്‌്രീയെ വേള്‍ക്കാനോ വരിക്കാനോ കഴിയില്ല. വലിയ പാപകര്‍മ്മങ്ങളിലേക്കുള്ള ചുവടായിരിക്കും ഏത്‌ ശ്രമവും. മാധുരിയുമായി ഉണ്ടായ ബന്ധത്തിലൂടെ അവസാനിക്കാത്ത പാപബോധം ദുരൈലാലില്‍ ഉള്‍ച്ചേര്‍ക്കുന്നത്‌ ഈ മനുഷ്യനാണ്‌. അയാള്‍ എല്ലാവരേയും നാശത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു, മരണത്തിലേക്കും.
വിസ്‌തരിച്ച്‌ വികൃതമാക്കാനോ, വ്യാഖ്യാനിച്ച്‌ വികലമാക്കാനോ ശ്രമിക്കാതെ ഈ നോവല്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയ്‌ക്കുശേഷം മലയാളത്തില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല നോവലാണിത്‌ എന്ന്‌ എനിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആഗോളീകരണകാലത്തെ ഇന്ത്യന്‍ മനസ്സാക്ഷിയാണ്‌ ഈ നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവത്‌കൃതഇന്ത്യക്കാരന്റെ ദാരുണമായ കാഴ്‌ചകള്‍ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ, എന്നാല്‍ അസാമാന്യമായ കലാബോധത്തോടെ, അര്‍ഹിക്കുന്ന പരിണാമഗുപ്‌തിയും സുതാര്യതയും എല്ലാം സംവഹിച്ച്‌ രചിക്കപ്പെട്ട അര്‍ത്ഥവത്തായ രചനയാണ്‌ ഈ കൃതി.