Wednesday, June 15, 2011

ഫെയ്ക്കിനും ജന്മ ദിനം

നിന്റെ പ്രൊഫൈലില്‍ ഇന്ന് നിന്റെ ജന്മ ദിനം എന്നറിയുമ്പോള്‍ ഞാനും ഒരു ആശംസ നേരാന്‍ പോകുന്നു. എന്റെ ആശംസ നിനക്ക് ചിരിക്കാന്‍ വകയാവും. എന്നെയും വിഡ്ഢിയാക്കി എന്ന് കരുതിക്കൊള്‍ക. നിന്റെ ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തിരി സുഖം നെറ്റിലെ മുഖമില്ലാത്ത ജീവിതത്തില്‍ നിന്നുമാണെന്ന് നിന്നെക്കാള്‍ നന്നായി ഞാന്‍ അറിയുന്നു...
ചിലപ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് , ഞാനും ഒരു പുകമറയിലേക്ക്  നീങ്ങിയാലെന്ത്.. അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ വിലക്കി. എനിക്ക് ഞാനായി നില്‍ക്കണം.
നീയൊരു ഫെയ്കു എന്ന് അറിഞ്ഞു കൊണ്ടും ഫെയ്ക്കിനു ജന്മദിനം ഇല്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് എന്റെ നില്‍പ്പ്. എന്നാല്‍ നീയോ എന്റെ വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിയടക്കാന്‍ ആവാതെ..
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല. പ്രൊഫൈലില്‍ കുറിച്ച് വച്ച പേരിലൂടെ നിന്നെ ആണായി കാണുന്നു. ഇനിയിപ്പോള്‍ നീ ആണോ പെണ്ണോ ആകട്ടെ. നീ എന്നിലേക്ക്‌ എറിയുന്ന അക്ഷരങ്ങളിലാണ് എന്റെ കണ്ണ്. ചോദ്യങ്ങള്‍ക്കാണ്‌ ഞാന്‍ ഉത്തരം തരുന്നതും. അല്ലാതെ അപ്പുറത്തെ ആളെ നോക്കിയിട്ടല്ല. അക്ഷരം ഏതുമാകട്ടെ അതിനു പിന്നില്‍ ഒരു ഹൃദയം ഉണ്ടെന്ന വിശ്വാസത്തോടെ നിന്റെ അടുത്ത ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉണ്ടാകുംബോഴാനല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുക.

ഗന്ധങ്ങള്‍

ഭാഷയില്ലാത്തെ വെറുപ്പോടെയാണ് ചില ഗന്ധങ്ങളെ സമീപിക്കുക,
ആധുനികതയുടെ ഗന്ധത്തില്‍ നിന്നും ഇത്തിരി നേരത്തേക്കെങ്കിലും സുഗന്ധമായി വഴിയോരത്ത് വീണു ചീഞ്ഞ ചക്ക.
ഈച്ചയാര്‍ക്കുന്നുണ്ട്...
പഴക്കടയിലെ വിഷം പുരണ്ട ജീവിതങ്ങളെ പിരാകികൊണ്ട് ഈച്ചകള്‍ മൂളുകയും...
എന്റെ പതിരായ ചിന്തകള്‍ തട്ടുകടയുടെ വാതില്‍ക്കല്‍ എത്രയോ നിന്നിട്ടുണ്ട്.
പ്ലാവില്‍ നിന്നും അടര്‍ന്നു പോന്ന ചക്കയെ ശവം എന്നാരും പറയാറില്ലെങ്കിലും അങ്ങനെ പറഞ്ഞാലെന്തെന്നൊരു ചോദ്യം...

എനിക്കൊന്നും അറിയില്ല..

അക്കേഷ്യയുടെ കടക്കല്‍ വിരുന്നുകാരിയെ പോലെയാണ് ചേമ്പിന്റെ നില്‍പ്പ്. അക്കേഷ്യ കോടാലിയെ ഭയക്കുന്നില്ല, താഴ്വരയില്‍ ആഞ്ഞിലി മരം ഭയക്കുകയും, മലയോടൊപ്പം പിഴുതെറിയപ്പെടും.
മുത്തശിക്ക് വിശ്രമിക്കാന്‍ മുവ്വാണ്ടന്‍ മാവില്ല, പകരം അക്കേഷ്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ഭയന്ന് മകന്‍ ജീവിതം...
ഇടവപ്പാതിക്ക് ഇടവഴിയില്‍ ജലമില്ല.
ഇനി കര്‍ക്കിടകത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മൌസോളം ചുരുങ്ങിയ ജീവിതം സ്ക്രീനിലൂടെ എത്തിപ്പിടിക്കാന്‍ തുനിയുന്നത് എന്നെയോ നിന്നെയോ..

Monday, June 13, 2011

എഴുത്തിന്റെ പാതയില്‍

പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ  വായന തുടങ്ങിയത് പൈങ്കിളിയുടെ പരിസരത്തു നിന്നുമാണ്. ഡിക്ടടിവ് നോവലുകളും  മഞ്ഞ പുസ്തകങ്ങളും എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌. ഏതോ പാതയിലാണ്  എന്റെ വായന മറ്റൊരു വഴിക്ക് തിരിഞ്ഞത്..
എല്ലാരും അങ്ങനെ പൈങ്കിളിയിലൂടെ സഞ്ചരിച്ചു നല്ല വായനയില്‍ എത്തണം എന്നല്ല പറഞ്ഞു വരുന്നതിന്റെ അര്‍ഥം. ഓരോ വ്യക്തിയും തങ്ങളുടെ വഴിയെ സഞ്ചരിച്ചു ഓരോ ഇടത്ത് എത്തുന്നു...
ഏത് തരത്തിലുള്ള എഴുത്ത് ആയാലും അത് വായനക്കാര്‍ക്ക് വേണ്ടിയാണ്.. രുചികള്‍ പല തരം...
കപ്പ കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, നരകത്തിലെ  കോഴിയെ കഴിക്കണം എന്നുള്ളവര്‍ക്ക് അതും ആകാം.
എഴുതുക. എഴുത്തിന്റെ പാതയില്‍ ഇടയ്ക്കു തിരിഞ്ഞു നോക്കുക. ഇന്നലെ എഴുതിയതില്‍ നിന്നും എന്റെ എഴുത്ത് കുറച്ചു കൂടി മികച്ചത് ആയിട്ടുണ്ടോ എന്ന് തിരയുക. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുക.
എഴുതുന്ന സൃഷ്ടി ഒരാഴ്ചയെങ്കിലും കഴിഞ്ഞു അതിലേക്കു ഒന്ന് കണ്ണോടിക്കുക. വിമര്‍ശന ബുദ്ധിയോടെ തന്റെ സൃഷ്ടിയെ സമീപിക്കുക. അത് ഇങ്ങനെ തന്നെയാണോ എഴുതേണ്ടിയിരുന്നത്, മറ്റൊരു രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് നോക്കുക. എഴുതി കഴിഞ്ഞാല്‍ നല്ലൊരു വായനക്കാരനെ/കാരിയെ കൊണ്ട് വായിപ്പിക്കുക. അവരുടെ അഭിപ്രായം എന്തെന്ന് അറിയുക. കഴിവതും മറ്റു എഴുത്തുകാരെ കൊണ്ട് വയിപ്പിക്കാതിരിക്കുക. എഴുത്തുകാര്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. നല്ലൊരു വായനക്കാരനെയോ  വായനക്കാരിയെയോ വിശ്വസിക്കാം. നാം എഴുതുന്നത്‌ വായനക്കാര്‍ക്ക് വേണ്ടിയാണ്..
വിമര്‍ശനങ്ങളില്‍ പതറരുത്. വിമര്‍ശനം വരുമ്പോള്‍ വേദനിക്കും. എവിടെ നിന്നെങ്കിലും വേദന ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ എഴുത്തിനെ ശപിച്ചു കടന്നു കളയരുത്. വേദനിക്കട്ടെ, ആ വേദനയില്‍ നിന്നും  വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി..
നാം ആരുടെ അഭിപ്രായം തിരഞ്ഞാലും  നമുക്കൊരു  അഭിപ്രായം ഉണ്ടാവണം. നമ്മുടെതായ കാഴ്ചപ്പാട് ഉണ്ടാവണം. നാം മറ്റൊരാള്‍  പറയുന്ന രീതിയില്‍ എഴുതാന്‍ നിന്നാല്‍  നാം അയാളാവും. നാമാവില്ല..
വി.കെ.എന്‍ പറഞ്ഞത് എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുക: ' കലാ സാഹിത്യകാരെ നമ്പരുത്. അവര്‍ അസൂയയുടെയും കുനിഷ്ടിന്റെയും കേന്ദ്രമാണ്...'
നാം  അങ്ങനെ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക...

Saturday, June 11, 2011

എഴുത്ത്

എഴുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്‌. അതുവഴി സ്വാതന്ത്ര്യത്തില്‍ ആവുകയും.. എനിക്ക് എഴുത്താണ് വലുത്. എഴുതുമ്പോള്‍ ഞാന്‍ മുഖം നോക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നില്ല. ഈ മണ്ണില്‍ ജനിച്ച അന്ന് മുതല്‍ നാം തടവില്‍ പെടുന്നു. അത് പാടില്ല , ഇത് പാടില്ല എന്നൊക്കെ ലിഖിതങ്ങളായും അല്ലാതെയും എഴുതി വച്ചിരിക്കുന്നു. എന്തിന് മരിക്കുമ്പോള്‍ പോലും എന്റെ ഉടല്‍ നിയമത്തില്‍ പെട്ടു പോകുന്നു. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ഞാന്‍ എഴുത്തില്‍ എങ്കിലും പരിപൂര്‍ണ സ്വതന്ത്രന്‍ ആകാന്‍ ശ്രമിക്കുന്നു..
കാലമേ ഞാന്‍ നിന്നോട് യുദ്ധം ചെയ്യുകയല്ല,. എന്റെ എഴുത്ത് നുണകളോടുള്ള  എതിരിടല്‍ തന്നെ.
അല്ലയോ വൃക്ഷങ്ങളേ, നിങ്ങള്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എനിക്ക് ജീവിക്കാന്‍ ഓക്സിജന്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, നിങ്ങളിലൂടെ മഴ കിട്ടുമെന്നും കരുതിയിട്ടല്ല... നിങ്ങളിലൂടെ ലഭിക്കുന്ന അന്നം ഭക്ഷിക്കാം എന്ന് കരുതിയിട്ടുമല്ല. പിന്നെയോ, എന്നെ പോലെ തന്നെ ഞാന്‍ നിന്നെയും കാണുന്നു. ഞാനും നീയും മണ്ണിന്റെ അവകാശികള്‍ ... ഏതൊരു ശക്തിയിലാണോ നാം നിലനില്‍ക്കുന്നത് അത് ഒന്ന് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പോലെ നിന്റെ മടക്കവും ഈ മണ്ണിലേക്ക് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിന്റെ കരങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുന്നത് ഭീകരത എന്ന് പോലും ഞാന്‍ പറയുന്നു.. നിനക്കില്ലാത്ത ഒരു സ്വാതന്ത്രയും മനുഷ്യനും വേണ്ടാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ കൈവശം ഉള്ള ഇത്തിരി അക്ഷരങ്ങള്‍ കൊണ്ട് എന്തെങ്കിലും ഒക്കെ ചുട്ടു എടുക്കുന്നു. അതിനെ കവിതയെന്നോ കഥയെന്നോ നോവലെന്നോ വിളിക്കാം. ഇനീപ്പോള്‍ കഥയില്ലായ്മ എന്ന് പറഞ്ഞാലും തരക്കേടില്ല..

Thursday, June 9, 2011

കവികള്‍ പാതകള്‍

ഓരോ കവിയും ഓരോ പാതയാണ്... ഓരോ പാതയിലും യാത്രകളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് വെളിച്ചം കൂടിയും കുറഞ്ഞുമിരിക്കും... എന്ന് കരുതി ഒരു പാതക്കും മറ്റേ പാത തെറ്റ് എന്ന് പറയാന്‍ അവകാശമില്ല... കവികളിലൂടെ പാതകള്‍ പുനര്‍ നിര്‍മിക്കപ്പെടുകയും,... ഓരോ കവിയും ഓരോ യോദ്ധാവാണ്, സ്വയം ഗുരുവും ശിക്ഷ്യനും ആകുന്നു... ഓരോ കവിയും താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തുകയും...

കവി

കവി, സ്വയം തേടുന്നവന്‍ ,  പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്...
 വെളിച്ചം പകരുന്നവന്‍ ,,,, യാതൊരു നിയമവും അംഗീകരിക്കാത്തവന്‍  ... എഴുത്തില്‍ രൂപങ്ങളെന്തിനു, ലോകം കവി ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങുന്ന  അശാന്തിയുടെ ചാറ് പാനം ചെയ്യട്ടെ...
ഒരു കവിക്കും തടവറകളില്ല...
ജീവിതം വലിച്ചെറിയുന്നവന് എന്ത് തടവറ!

Wednesday, June 8, 2011

പകച്ചുനില്‍ക്കുന്ന എഴുത്തുകാര്‍

തുടക്കക്കാരും അപ്രശസ്തരുമായ എഴുത്തുകാര്‍ പകച്ചു നില്‍ക്കുകയാണോ എന്ന് തോന്നുന്നു. ഇ മീഡിയ  ധാരാളം സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പത്രാധിപരുടെ തടിയന്‍ കണ്ണടയെ കൂസാതെ ഇ മീഡിയയിലെ എഴുത്തുകാര്‍ക്ക് സഞ്ചരിക്കാം.  എന്നാല്‍ പ്രിന്റ്‌ മീഡിയ വാതിലുകള്‍ പുതുക്കക്കാര്‍ക്ക് മുന്നില്‍ അടച്ചു കൊണ്ടിരിക്കുകയും. ഏതെങ്കിലും കോക്കസുകളില്‍ പെടാതെ പിടിച്ചു നില്‍ക്കാന്‍ ആവില്ല എന്നൊരു അവസ്ഥ... എഴുത്തിനേക്കാള്‍ എഴുത്തുകാരെ നോക്കി കൊണ്ടാണ് പ്രസിദ്ധീകരണങ്ങള്‍ നില്‍ക്കുന്നത്. അതുവഴി ഭാഷയ്ക്ക്‌ നല്ല സൃഷ്ടികള്‍ നഷ്ടപ്പെടുന്നു. വായനക്കാര്‍ മടുപ്പിലെക്കും... എഴുത്തുകാരാണ് വലുത് എഴുത്തല്ല എന്ന ധാരണ തിരുത്താത്തിടത്തോളം നല്ല സൃഷ്ടികള്‍  വെളിച്ചം കാണില്ല...

Tuesday, June 7, 2011

എഴുത്തിലെ പക്ഷങ്ങള്‍

എഴുത്തില്‍ പക്ഷങ്ങളില്ല...  സ്ത്രീ പക്ഷമെന്നോ പുരുഷ പക്ഷമെന്നോ
ജാതി മത പക്ഷമെന്നോ തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത്ര നല്ലതല്ല. അവരൊക്കെ സാഹിത്യത്തെ തകര്‍ക്കാന്‍ ആരുടെയൊക്കെയോ പോക്കറ്റില്‍ നിന്നും ചില്വാനം   പറ്റിയിട്ടുണ്ട് എന്നു കരുതെണ്ടി വരും...  ഏതെങ്കിലും ഒരു പക്ഷത്തു ചേര്‍ന്ന് ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരെ എന്താ പറയുക...

Sunday, June 5, 2011

ഞാന്‍

നനഞ്ഞ മേഘത്തില്‍ എത്തുന്ന നിന്റെ നോട്ടം എന്റെ ഹൃദയത്തെ
ഇളക്കുന്നതെന്തേ... തടസ്സമില്ലാതെ കടന്നുപോകുന്ന ഓരോ വികാരവും എന്നില്‍ ചുഴികള്‍ തീര്‍ക്കുകയും... കാലത്തിന്റെ തോട്ടു വരമ്പുകളില്‍ രണ്ടിടത്തേക്ക് നടന്നു ഒറ്റവഴിയിലെത്തി പടം പൊഴിച്ചവര്‍ ...
പടങ്ങളായിരുന്നു തടസ്സം. നിന്നെ എന്നിലേക്കും എന്നെ നിന്നിലേക്ക്‌ തടഞ്ഞത്. നാം പടങ്ങള്‍ കാണാതെ വഴി നീളെ തേടി. എന്റെ ഓരോ ശ്വാസവും നിനക്കായി അലഞ്ഞു. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു. അതുകൊണ്ട് ആ പ്രകാശധാര കിട്ടാതെ ഇരുട്ടിലേക്ക്.
ഭൂമിയില്‍ ചിന്തിക്കുന്നവന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നു വിശുദ്ധ വചനം. വചനം ഏതു ഭാഷയിലാവട്ടെ. വചനം പാതയായി മാറിയപ്പോള്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ എലിക്കു ഭക്ഷിക്കാന്‍ കൊടുത്തു. പഠിച്ചു തുലച്ച ദിവസങ്ങളെ മറവിയില്‍ കുഴിച്ചിട്ടു. ചര്‍ച്ചകളെ തര്‍ക്കങ്ങളെ അധരവ്യായാമമായി കണ്ടു...
അവധൂതന്മാര്‍ , മഹത് വചനങ്ങള്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കിടന്നു ചാവുന്നിടത്തു എനിക്കെന്തു കാര്യം.
എനിക്കിന്ന് ഓര്‍മകളില്ല, മറവികളും... ഈ നിമിഷത്തിന്റെ യാഥാര്‍ത്യത്തില്‍ ... തുടക്കമോ ഒടുക്കമോ ഇല്ലാതെ...