Monday, July 13, 2009

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ ( പുസ്‌തകനിരൂപണം. )

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍
സി.പി. അബൂബക്കര്‍
ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍
( പുസ്‌തകനിരൂപണം. )
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍
ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.
വില- 110 രൂപ
പ്രസാധനം- മെലിന്‍ഡ ബുക്‌സ്‌
മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച്‌ കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന ജീവിതമാണ്‌ ദുരൈലാലിന്റേത്‌. അതിനേക്കാള്‍ വലിയ വെളിപാടുകളിലേക്കാണ്‌ ദുരൈലാലിന്റെ യാത്ര. ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകളിലൂടെ ഒഴുകുകയാണ്‌ ദുരൈലാലിന്റെ കവിത. പൊള്ളുന്നലാവയിലൂടെ ഒഴുകുമ്പോഴും സൗമ്യവും മധുരവുമായസ്‌നേഹത്തിന്റെസ്‌പര്‍ശം സൂക്ഷിക്കാന്‍ ദുരൈലാലിന്‌ സാധ്യമാവുന്ന ആ രസതന്ത്രമെന്താണ്‌? വര്‍ത്തമാന ഇന്ത്യയുടെ ദജീവല്‍സ്‌പന്ദം സംവഹിച്ച്‌, ഒ.വി. വിജയന്‍ അവാര്‍2008 നേടുന്ന ഒരു നോവലിസ്‌റ്റ്‌ നിസ്സാരനാവാന്‍ ഒരു വഴിയുമില്ല. വര്‍ത്തമാനഭാരതത്തിന്റെ പാര്‍ശ്വവത്‌കൃതസമൂഹത്തിന്റെ ജീവിതഗന്ധവും ദുര്‍ഗ്ഗന്ധവും ഒരുപോലെ ഈ നോവലിലുണ്ട്‌.
"ശവത്തിന്റെ മിഴികള്‍ പാരപ്പെറ്റിന്‍ നിഴല്‍വീണമുറ്റത്തുനിന്ന്‌ വീടിനോട്‌ വിടചൊല്ലുന്നു. രാത്രിവീഥിയിലെ നിശ്ശബ്ദതയിലേക്ക്‌ തിരിക്കും മുമ്പ്‌ ആത്മാവിന്റെ വിങ്ങല്‍..... ഏകാന്തതയുടെ മുല്ലവള്ളികളില്‍ മഞ്ഞുകണമായുി ചേരും മുമ്പ്‌ ഒടുക്കത്തെ കോട്ടുവാ... സ്വന്തം ശരീരത്തിന്റെ മുഷിപ്പ്‌ അഴുകിയ ഇന്നലെകള്‍... ഇണര്‍പ്പ്‌ പൊട്ടിയ തൊണ്ടയില്‍ ഇടര്‍ച്ചയോടെ ജീവന്‍...."
അവസാനിക്കാത്ത അനേകം കവിതകളുംകഥകളും എഴുതിയ ദുരൈലാലിനോട്‌ നോവലിലെ കഥാപാത്രമായ ഹാറൂണ്‍ പറയുന്നുണ്ട്‌, അയാളുടെ രചനകളെ നോവലെന്നോ കഥയെന്നോ കവിതയെന്നോ വര്‍ഗ്ഗീകരിക്കാനാവില്ലെന്ന്‌. സാഹിത്യം രൂപത്തിലൂടെയല്ല നില്‌ക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണോ ഹാറൂണ്‍ചെയ്യുന്നത്‌/?ആവോ.
2006ല്‍ അറ്റ്‌ലസ്‌ കൈരളി അവാര്‍ഡും ഈ നോവലിന്റെ കര്‍ത്താവായ എം.കെ. ഖരിമിന്നാണ്‌ ലഭിച്ചത്‌. സെന്‍സര്‍കിട്ടാതെ പോയ സിനിമ- ഏതാനും ഭാഗങ്ങള്‍പോലുള്ള കഥകളും കൂടിയാവുമ്പോള്‍ ഖരിമിന്റെ ദര്‍ശനം പൂര്‍ണമായിവ്യക്തമാവുന്നു. സാമ്രാജ്യത്വത്തിനുൂം ആഗോളീകരണത്തിനും മുതാളിത്തത്തിന്റെ വില്‌പനസംസ്‌കാരത്തിനും എതിരാണ്‌ ഖരിമിന്റെ വീക്ഷണം.
ദര്‍ശനത്തിന്റെ കാലിലല്ലാതെ സാഹിത്യത്തിനു നിലനില്‌പില്ലെന്ന്‌ ഈ നോവലിസ്‌റ്റ്‌ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാവണം.
എന്നാല്‍ദര്‍ശനം വഹിക്കുന്ന കേവലമായ ഒരു സഞ്ചിയാണ്‌ സാഹിത്യം എന്ന യാന്ത്രികസമീപനമൊന്നും ഖരിം ഒട്ടും അംഗീകരിക്കുന്നില്ല.
നോക്കൂ, അവസ്ഥകളാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ഇതില്‍ വ്യക്തിശത്രുക്കളില്ല. ഓരോ അവസ്ഥയുടേയും ഇരകളാണ്‌ മനുഷ്യര്‍. വേട്ടക്കാരന്‍ സാമൂഹികവ്യവസ്ഥയാണ്‌. മദന്‍ലാലിന്റെ പുത്രസ്ഥാനത്തുനിന്ന്‌ അയാളെ ആശ്രയിച്ച്‌്‌. രസതന്ത്രം പഠിക്കാനും പിന്നീട്‌ ആ വിഷയത്തില്‍ അദ്ധ്യാപകനാകാനും കഴിഞ്ഞ ദുരൈലാലിലെ കവി ഞെരുങ്ങിയമര്‍ന്നുപോവുമായിരുന്നു. ഹാറൂണിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍. പണമാണ്‌ മുതലാളിത്തസമൂഹത്തില്‍മുഖ്യം.
നിരാശ്രയരായ സ്‌ത്രീകഥാപാത്രങ്ങളാണ്‌ ഈനോവലിന്റെ നട്ടെല്ലായി വരുന്നത്‌. ഫൂല്‍വാനി( ഈ പേര്‌ പിന്നീട്‌ ഭദ്രയെന്നായി മാറുന്നുണ്ട്‌), ദിവ്യ, വിന്ധ്യ, മാധുരി, ഗീത എന്നിവര്‍ മങ്ങിയും തിളങ്ങിയും നില്‌ക്കുന്ന കസവിഴകളായി ഈ നോവലിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുന്ന ഭദ്രയെ പോലീസ്‌ കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്‌ നോവലിന്റെ ആദ്യഭാഗത്ത്‌. അവളുടെ മുതുകത്തും, ശരീരമാസകലവും പോല അവളുടെ മുതുകത്തും, ശരീരമാസകലവും പോലീസ്‌ വേട്ടയാടുന്നു. പുരുഷന്‍പോലീസായാലെന്ത്‌, സാഹിത്യകാരനായാലെന്ത്‌, വേട്ടനടക്കുന്നു, ഇര എപ്പോഴും സ്‌ത്രീയായിരിക്കും. ദിവ്യ പഠിപ്പിക്കുന്ന ലൈംഗികതയുടെ ബാലപാഠങ്ങള്‍ ദുരൈലാലിലെ മനഷ്യനേയും കഠിനഹൃദയനാക്കുന്നുണ്ട്‌. അവസാനം സ്‌ത്രീസംസര്‍ഗ്ഗമുള്ള്‌പ്പോള്‍പോലും പുരുഷവേശ്യയുമായി സംഗമിക്കുവാന്‍ ഒരു മടിയുമില്ല, അയാള്‍ക്ക്‌.
പണമുണ്ടെങ്കിലും വ്യവസ്ഥയോടുള്ളപ്രതികാരം വീട്ടുന്നതിന്‌ നാടകത്തിന്റെ വഴി സ്വീകരിക്കുന്ന ഹാറൂണ്‍ ഏകാകി രാഷ്ട്രീയത്തിന്റെ ഇരയായിമാറുന്നു. നാടകം വഴി സമൂഹപരിഷ്‌കാരം, എന്തിനു വിപ്ലവം തന്നെ, സാധിക്കാമെന്നാണ്‌ അയാളുടെ കണക്കുകൂട്ടല്‍.
കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌, അവരുടെ നിസ്സഹായത നമുക്ക്‌ മനസ്സിലാവുന്നത്‌. ആരും സ്വതന്ത്രരല്ല. ആഗോളീകരണബൊമ്മക്കൊലുവിലെ ബൊമ്മകളാണ്‌ ദുരൈലാലുംസംഘവും. അല്‌പസ്വല്‌പം പണമുള്ള ശര്‍മ്മാജിയും, രചനയുടെ അപര്യാപ്‌തതകളുടെ പേരില്‍ ദുരൈലാലിനെ വേട്ടയാടി നടന്ന ബുക്കര്‍ജേതാവായ ഗീതയുംഎല്ലം അരിച്ചെത്തുന്നത്‌ ദുരൈലാലിലേക്കാണ്‌. ഒരു കവിതയിലേക്ക്‌, കവിയിലേക്ക്‌ സമൂങം അരിച്ചെത്തുന്നുവെന്നത്‌, കേവലമായ ഒരു കാല്‌പനികസാഫല്യം മാത്രമല്ല. മറിച്ച്‌, സത്യത്തിലേക്ക്‌ നടന്നടുക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം അറിയാതെ നമ്മുടെ കവിതയിലും കഥയിലും വന്നെത്തുന്നതിന്റെ നാന്ദിയാണ്‌.
ഇന്ത്യന്‍ മുതലാളിത്തജനാധിപത്യത്തിന്റെ കൗശലങ്ങളെപ്പറ്റി നോവലിസ്‌റ്റ്‌ ഏറെ ബോധവാനാണ്‌. ഒരു സംഭാഷണശകലം നോക്കൂ:
"എനിക്ക്‌പകരം മറ്റാരെയെങ്കിലും നോക്ക്‌. ..... പ്രഭാഷകരായി കുറെ പേരുണ്ടല്ലോ"
"അങ്ങനെയല്ല ലാല്‍ജീ... "
"ലോകത്തിനോ ജനതക്കോ ഗുണകരമല്ലാത്തവേദികള്‍..പൊങ്ങച്ചം വിളമ്പുക....സഹജീവികളെ വെട്ടിനിരത്തുക....അതിന്‌ സെമിനാര്‍ എന്നു പറയുക"
" ഒറ്റത്തവണ ലാല്‍ജീ, പിന്നെ അങ്ങയെ ബുദ്ധിമുട്ടിക്കുകയില്ല"
വര്‍ഗ്ഗീയതയ്‌ക്കെതിരെ ബുദ്ധിജീവികളെ അണിനിരത്തുന്ന പത്രവാരികകള്‍...കുത്തകയുടെ മറ്റൊരു തന്ത്രം.. അവര്‍ക്ക്‌ കോ്‌പികള്‍വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാതെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ......
ഇതുപോലുള്ള ശരിയായ ഏറെ നിരീക്ഷണങ്ങളുണ്ട്‌ ഈ നോവലില്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അസ്ഥാനത്തുപറയുന്ന വേദാന്തമൊന്നുമല്ല. ഈ നിരാക്ഷണങ്ങളുടെ അസാന്നിധ്യത്തില്‍ നോവല്‍ അപ്രസക്തമാവുമായിരുന്നു.
ഈ നോവലില്‍ പാരന്റല്‍ ( രക്ഷാകര്‍ത്തൃ) പദവിയുള്ള ചിലകഥാപാത്രങ്ങളുണ്ട്‌. ഒരാള്‍ മദന്‍ ലാലാണ്‌. ദരിദ്രനായ ഒരു തൊഴിലാളിയാണയാള്‍. തന്റെ മകനായി ജീവിക്കുന്ന ദുരൈലാലിനെ പോറ്റി വളര്‍ത്തുന്നതിനുവേണ്ട
ി സ്വന്തം രോഗാവസ്ഥവരെ മറന്നു ജോലിചെയ്യുന്ന നിരാശ്രയനായ ഒരു മനുഷ്യന്‍. ഒരു റെയില്‍വേ സിഗ്നല്‍മാന്‍. അയാള്‍ നിതാന്തരോഷാകുലനാണ്‌. എ്‌തിനാണ്‌ മനുഷ്യന്‍ തന്റേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്‌ എന്ന്‌ല്ല, മറിച്ച്‌ മാനവികതയുടെ ആഴം കണ്ടറിയുവാന്‍ തൊഴിലെടുക്കുന്ന മനു,്‌യരിലേക്ക്‌ പോവണം എന്ന പാഠം മദന്‍ലാല്‍ നമുക്ക്‌ നല്‌കുന്നു. മറ്റൊരാള്‍ ശര്‍മ്മാജിയാണ്‌. അയാള്‍ക്‌്‌ക എല്ലാതരം കച്ചവടങ്ങളുമുണ്ട്‌. ഗ്രാമത്തിലെ വേശ്യയായ ചമേലിയുടെ കൂട്ടിക്കൊടുപ്പുകാരനും അയാളാണ്‌. ചമേലിക്ക്‌ മദന്‍ലാലിന്റെ ഉറുക്കാണെന്ന്‌ പുറത്ത്‌ നിന്ന്‌ തോന്നുന്ന ശരീരം ഒന്നാസ്വദിക്കണമെന്ന്‌ പറയുമ്പോള്‍ പോലും നിസ്സം ഗനായി വലിയ ചിറികള്‍കാട്ടിച്ചിരിക്കുന്ന കച്ചവടക്കാരന്‍.
എന്നാല്‍ പാരന്റല്‍ പദവിയില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നത്‌ അവിനാശ്‌ മുഖര്‍ജിയെന്ന കലാകാരനാണ്‌. നോവലിന്‍ കാലയളവില്‍ അയാളൊരു സാന്നിദ്ധ്യമല്ല. എന്നിട്ടും നോവലിലെ നിറസാന്നിദ്ധ്യമാണയാള്‍. ചിത്രകാരനും സ്‌ത്രീലമ്പടനുമാണ്‌ അയാള്‍. അയാള്‍ ജീവിച്ചേടത്ത്‌ ഒരു പുരുഷനും ഒരു സ്‌്രീയെ വേള്‍ക്കാനോ വരിക്കാനോ കഴിയില്ല. വലിയ പാപകര്‍മ്മങ്ങളിലേക്കുള്ള ചുവടായിരിക്കും ഏത്‌ ശ്രമവും. മാധുരിയുമായി ഉണ്ടായ ബന്ധത്തിലൂടെ അവസാനിക്കാത്ത പാപബോധം ദുരൈലാലില്‍ ഉള്‍ച്ചേര്‍ക്കുന്നത്‌ ഈ മനുഷ്യനാണ്‌. അയാള്‍ എല്ലാവരേയും നാശത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു, മരണത്തിലേക്കും.
വിസ്‌തരിച്ച്‌ വികൃതമാക്കാനോ, വ്യാഖ്യാനിച്ച്‌ വികലമാക്കാനോ ശ്രമിക്കാതെ ഈ നോവല്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയ്‌ക്കുശേഷം മലയാളത്തില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല നോവലാണിത്‌ എന്ന്‌ എനിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആഗോളീകരണകാലത്തെ ഇന്ത്യന്‍ മനസ്സാക്ഷിയാണ്‌ ഈ നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവത്‌കൃതഇന്ത്യക്കാരന്റെ ദാരുണമായ കാഴ്‌ചകള്‍ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ, എന്നാല്‍ അസാമാന്യമായ കലാബോധത്തോടെ, അര്‍ഹിക്കുന്ന പരിണാമഗുപ്‌തിയും സുതാര്യതയും എല്ലാം സംവഹിച്ച്‌ രചിക്കപ്പെട്ട അര്‍ത്ഥവത്തായ രചനയാണ്‌ ഈ കൃതി.