Tuesday, May 31, 2011

വെറുതെ..

കണ്ണാടിയുടെ ആനന്ദ ചരടുകളില്‍ നിന്നത്... ഓര്‍മകളെ പിഴുതെറിഞ്ഞു മുന്നോട്ടു നടക്കുമ്പോഴും മുന്നില്‍ കൂനിയ നിഴല്‍  പണ്ടത്തെ കണ്ണാടിയിലേക്ക്. ഞെളിഞ്ഞും, തിരിഞ്ഞും സ്വയം മറന്നും. വാക്കുകള്‍ കൂട്ടി കെട്ടി ജീവിതം പണിതു ജീവിക്കാന്‍ മറന്നു പോയ പഥികന്‍ ....
ആള്‍ക്കൂട്ടത്തില്‍ മുടന്തിയും വിറച്ചും നീങ്ങുന്ന കിഴവനില്‍ പരിഹാസത്തോടെ നോക്കിയൊരു ചെറുപ്പം.
കിഴവനുമുണ്ട് കിനാക്കള്‍ , ലക്ഷ്യവും... ഏറെ അകലെയല്ലാത്ത പീടികക്കാരന്‍ ഇന്നലെ കബളിപ്പിച്ച പത്തു രൂപ പിടിച്ചു വാങ്ങണം എന്നും അയാളെ രണ്ടു പറയണമെന്നും.
സിഗരറ്റ് പിടിച്ച വിരലുകള്‍ വിറക്കുന്നു എങ്കിലും ഞെളിയുന്ന പുകയെക്കാള്‍ വേഗത്തില്‍ കിനാക്കള്‍ ...

Monday, May 30, 2011

പതിമൂന്ന് എന്റെ തോഴന്‍ ...

പതിമൂന്നുമായി ഇഷ്ടത്തിലാവട്ടെ. ലോകം വെറുക്കുന്നതിനെ, ഭയക്കുന്നതിനെ ഒക്കെ ഇഷ്ടത്തിലാക്കി കയര്‍ക്കട്ടെ. എനിക്കിന്ന് പതിമൂന്ന് ഇന്ദ്രിയങ്ങളെന്നു സങ്കല്‍പ്പിച്ചു. ആര്‍ക്കും നഷ്ടമില്ലല്ലോ.
യാത്രയുടെ തുടക്കത്തില്‍ അച്ഛന്‍ ഓര്‍മപ്പെടുത്തി, വാത്സല്യം നിറഞ്ഞ ശാസനയോടെ, അകത്തേക്ക് കയറുമ്പോള്‍ വലതു കാല്‍ വയ്ക്കുക. ഐശ്വര്യം ഉണ്ടാകും. അനുസരിച്ചു. പറയുന്നത് അച്ഛനല്ലേ, നുണയാവുന്നത് എങ്ങനെ..
ദാരിദ്ര്യത്തിന്റെ കാടി പശയില്‍ ഉണങ്ങിയ ഉടലിലേക്ക് നീണ്ട പരിഹാസങ്ങള്‍ . കുബേര ബന്ധുവിന്റെ കൊട്ടാരത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് അറിഞ്ഞിട്ടും അറിയാതെ ഇടതു കാല്‍ വച്ച് അകത്തേക്ക്. പിന്നില്‍ ശാസനയും, ചീത്തയും: 'മുടിക്കാന്‍ കേറുന്നു...'
മടങ്ങുമ്പോള്‍ ഓര്‍ത്തു, ഇനിയൊരിടത്തും വലതുകാല്‍ വച്ച് കയറില്ല. കാല്‍ ഏതായാലെന്ത് ഉള്ളു ശുദ്ധമെങ്കില്‍ സര്‍വവും നന്നാവും. വലതുകാല്‍ വച്ച് കയറുന്നവന്‍ സകലതും മുടിയട്ടെ എന്നൊരു പിരാക്ക് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലോ...
കൊട്ടാരത്തില്‍ വാഴും നായകള്‍ ഏതു കാല്‍ എടുത്തു വച്ചാണാവോ അകത്തു കടക്കുക!
ഇനിയൊന്നു പറയട്ടെ, കലണ്ടറില്‍ നിന്നും പതിമൂന്നിനെ പടിയിറക്കുക. കട്ടതില്‍ പതിമൂന്ന് വരുന്നത് പിച്ചക്കാര്‍ക്ക്‌ കൊടുക്കുക.

വാല്‍കഷണം :
വ്യപിചാര ശാലകള്‍ നിരങ്ങുന്നവര്‍ പതിമൂന്നാം നമ്പര്‍ പെണ്ണിനെ എന്ത് ചെയ്യും? അവിടെ പതിമൂന്ന് ആചാരമായി മാറുമോ? അല്ലെങ്കില്‍ പതിനാലിലേക്ക് ഒറ്റ ചാട്ടം?



..

Saturday, May 28, 2011

കവി...

കവി കത്തുന്ന തലയോട്ടിയുമായി പറന്നു നടക്കുന്ന പക്ഷി. പക്ഷി എന്ന് ചൊല്ലിയത് അവനോ അവളോ എന്ന് തിട്ടമില്ലാത്തതിനാല്‍ ... എങ്കിലും അത് ചില ഉടലുകളില്‍ വസിക്കാന്‍ വിധിക്കപ്പെടുന്നു. ഉടല്‍ എല്ലാം ഒന്നെങ്കിലും കിളികള്‍ പലത്. പല നിയോഗങ്ങള്‍ പേറി...
കവി, പേരോ നാള്‍വഴിയോ ഇല്ലാതെ ചില്ലകള്‍ തോറും പറന്നും ഇരുന്നും... എന്നാല്‍ എങ്ങും ഇരുപ്പുറക്കാതെ...
അവര്‍ ഉടലുകളെ കവിയായി കാണുന്നു. അവരില്‍ ചിലര്‍ ഉടലുകള്‍ ചെയ്തു കൂട്ടുന്ന കൃത്യങ്ങള്‍ കവിയില്‍ ചാരുന്നു. ചിലര്‍ കല്ലെറിയുകയും....
കവി, പൊട്ടുന്ന തലയോട്ടി വിസര്‍ജ്ജിച്ച അന്ഗ്നിയെ ദ്രാവകമാക്കി പാനം ചെയ്തു ഉള്ളാകെ പൊള്ളിയും തലയാകെ പെരുത്തും അലയുന്നു...
എത്രമേല്‍ ഉരുകിയിട്ടും പിന്നെയും അലഞ്ഞും സ്വയം തിരഞ്ഞും...

ഞാനൊന്ന് പറയട്ടെ...

കവിതയിലേക്ക് കത്രിക നീളുമ്പോള്‍ ഉള്ളു പിടയുകയും വിരല്‍ വിറക്കുകയും... കവിയുടെ ചിറകു വെട്ടിയെന്ന് തോന്നിയെങ്കിലോ... കത്രിക പിടിക്കുന്നവന് മുറിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചെങ്കിലോ.... അല്ലെങ്കില്‍ മലയോളം വലിയ കല്ലുരുട്ടി കയറ്റിയത് താഴേക്കിടാന്‍ ശ്രമിക്കുന്നതായി ചിന്തിച്ചെങ്കിലോ...
പണിയെടുത്ത ഹൃദയത്തിന്റെ വിയര്‍പ്പാണ് കവിത. അത് തുടച്ചു നീക്കാന്‍ ഞാന്‍ ആളല്ല. എങ്കിലും എന്റെ കത്രിക എന്നെ വെട്ടാന്‍ യോഗ്യമാണ്. എന്റെ വരികളെ ഞാന്‍ മുറിച്ചു നീക്കുന്നുണ്ട്. പകരം പുതിയത് തുന്നി ചേര്‍ക്കുകയും.
എന്റെ എഴുത്ത് മഹത്തരം എന്ന വിശ്വാസം എനിക്കില്ല. ഇന്നലെകളെ മോശമെന്ന് ധരിച്ചു ഇന്നിനെ നന്നാക്കാന്‍ ശ്രമിക്കുകയും...
മുന്നില്‍ വന്നു കിടക്കുന്നത് കവിതയുടെയോ കഥയുടെയോ കുറിപ്പിന്റെയോ രൂപത്തില്‍ നീറുന്ന ഹൃദയം. പുകയുന്ന ആത്മാവ്. ചിന്തകളുടെ പല്‍ച്ചക്രങ്ങള്‍ കയറിയിറങ്ങിയ ജീവന്‍ ...



Wednesday, May 25, 2011

മടുപ്പും വിരക്തിയും കാര്യ കാരണമില്ലാത്ത വെറുപ്പും. ചിലപ്പോള്‍ ഭീകരമായ ശൂന്യത. എവിടേക്ക് നോക്കിയാലും , എന്തിനു ഏറ്റവും ഇഷ്ടപ്പെട്ട വാക പൂവ് പോലും മരവിപ്പിന്റെ മുഖം മൂടി അണിഞ്ഞെന്നെ തുറിച്ചു നോക്കുന്നത് പോലെ...
അപ്പോള്‍ ഞാനൊരു കിണര്‍ കുഴിക്കുന്നവനാണ്. എന്നിലേക്ക്‌ തന്നെ കുഴിച്ചു ചെല്ലുന്നു. ഉറവകള്‍ എവിടെ? അശേഷം തണുപ്പ് പോലുമില്ലാത്ത ഇരുട്ടില്‍ ഞാന്‍ ...
ഞാന്‍ എന്ന് പറയുമ്പോഴും എനിക്ക് ഉറപ്പു പോരാ... ഞാന്‍ ഞാന്‍ ഞാന്‍ .. അങ്ങനെ പലവട്ടം ഉരുവിടുമ്പോള്‍ അര്‍ഥം കെടുന്നു...
ശരിക്കും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാവുന്ന നിമിഷങ്ങള്‍ ...
പക്ഷെ എന്നിലൂടെ വരണ്ട തീവണ്ടി ഓടികൊണ്ടിരിക്കുന്നു. വണ്ടിയുടെ താളം കൊട്ടില്‍ നിന്നും എനിക്ക് കിട്ടുന്ന അന്നം , അല്ലെങ്കില്‍ എഴുത്തിലേക്കൊരു സിഗ്നല്‍ ...
പതുക്കെ ഞാന്‍ എഴുത്തിലേക്ക്‌...

Saturday, May 21, 2011

പരാശക്തിക്കൊരു തുറന്ന കത്ത്..

അല്ലയോ പരാശക്തീ, കച്ചവട കാലത്തെ ഓര്‍ത്തിട്ടല്ലേ നീ നേരത്തെ മറഞ്ഞിരുന്നത്?
നീ തുണ്ടങ്ങളായി മുറിക്കപ്പെടുമെന്നും പലവട്ടം കച്ചവടം ചെയ്യപ്പെടുമെന്നും... നിന്റെ ഭീതി ശരിയായിരിക്കാം. കാര്യങ്ങള്‍ അത്തരത്തില്‍ നീങ്ങുമ്പോള്‍ നീ മഹാന്‍ അല്ലെന്നു എങ്ങനെ പറയാതിരിക്കും.
ഞാനിന്നൊരു ചൂട്ടും കത്തിചിറങ്ങിയാല്‍ നിന്നെ കണ്ടെത്താന്‍ ആവുമോ? അറിയാവുന്ന അത്രയും അകലങ്ങളില്‍ നിന്നെ തിരയാം. ഭൂമിയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ അനുവാദം നല്‍കി നീയെന്നെ ഇവിടെക്കിറക്കി. ഞാനും നീയും തമ്മിലുള്ള കരാറുകള്‍ തകിടം മറിച്ചുകൊണ്ട് ഇരുകാലികള്‍ മേയുന്നു. അതിര്‍ത്തികള്‍ , അതിര്‍ത്തി കാവല്‍ക്കാര്‍ ..
നിന്നെ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഇടങ്ങളില്‍ നീയില്ല. അവിടെ വേഷങ്ങള്‍ മാത്രം. പ്രഭാഷണങ്ങളും ആചാരങ്ങളും....
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നില്ല. കാരണം ഈ ലോകത്ത് ഇരിപ്പിടം നഷ്ടപ്പെട്ടത് നിനക്ക് മാത്രം. ഞാന്‍ സഹതപിക്കാതിരിക്കുന്നത്‌ എങ്ങനെ. അന്നത്തെ കരാറില്‍ എന്റെ ഹൃദയത്തില്‍ നിനക്ക് ഇരിപ്പിടം ഞാന്‍ വാഗ്ദാനം ചെയ്തിരുന്നല്ലോ! നീയൊരു മണ്ടന്‍ / മണ്ടി തന്നെ! നിന്റെ കണ്‍വെട്ടത്തു നിന്നും മാറും മുമ്പേ എന്റെ ഹൃദയ വാതില്‍ ഞാന്‍ കൊട്ടിയടച്ചു...
എങ്കിലും ഞാനിന്നു നിന്നെ തിരഞ്ഞു നടക്കുകയാണ്. ഇരിപ്പിടം ഇല്ലാത്ത നിന്നെ. എന്റെ ചൂട്ടു വെട്ടത്തില്‍ നിന്നെ കാണാനാവുമോ എന്തോ...

Thursday, May 12, 2011

വേനല്‍ ചിന്തകളില്‍ നിന്നും

എന്റെ വേനല്‍ ചിന്തകള്‍  തുറക്കപ്പെടുന്ന പെട്ടിയെ ചുറ്റിയാണ്‌. നൂറ്റി നാല്പതില്‍ ഒന്ന് ഞാനാവണേ എന്ന പ്രാര്‍ത്ഥന. ഇടയ്ക്കും തലക്കും നാസ്ഥികനായി കളിച്ച ഞാന്‍ കണ്ണെത്താത്ത ഇടവേളകളില്‍ അറിയാവുന്ന നേര്‍ച്ച പെട്ടികളില്‍ ചില്വാനം നിക്ഷേപിച്ചു. കണ്ണില്‍ കണ്ട ദരിദ്രനൊക്കെ ദാനം ചെയ്തു ധാനശീലനെന്നു പെരെടുക്കുകയും ഉള്ളാലെ  ചൊല്ലുകയും, എന്റെ ദാനം പാഴാവല്ലേ. അവനു ഗതി പിടിക്കല്ലേ. ദരിദ്രന്‍ പെരുകുന്നിടത്താണല്ലോ എന്റെ നിലനില്‍പ്പ്‌. എനിക്ക് വോട്ടു ചെയ്യാന്‍ , കൊടി പിടിക്കാന്‍ , ആകാശത്തേക്ക് മുഷ്ടി ചുരുട്ടി തൊണ്ട കീറാന്‍ അവന്‍ വേണം. മതം നോക്കാതെ എല്ലാ ആള്‍ ദൈവങ്ങള്‍ക്കും കത്തുകള്‍ പോയി... രക്ഷിക്കണേ...

Tuesday, May 3, 2011

അസ്വസ്ഥമായ ചില ചോദ്യങ്ങള്‍

പണ്ട്, വളരെ പണ്ട്, ഒരു മന്ത്രി പുത്രിയെ ഭീകരര്‍ റാഞ്ചിയപ്പോള്‍   ലോകം ഒന്നടങ്കം പ്രാര്‍ഥിച്ചു. തെരുവില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ റാഞ്ചപ്പെടുകയോ   ചെയ്യപ്പെടുന്ന സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയുമില്ല കരച്ചിലുമില്ല. അന്ന് ഞാന്‍ ഓര്‍ത്തത് മന്ത്രി പുത്രിയും സാധാര പെണ്‍ കുട്ടിയും  തമ്മിലുള്ള വ്യത്യാസമെന്തെന്ന്... അതിനൊക്കെ മുമ്പ് മറ്റൊരു സത്യം , ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പകരം വീട്ടിയത്, സിഖുകാരെ കൊന്നൊടുക്കിയത്. അന്നും ഞാനോര്‍ത്തു ഇന്ദിരയുടെ ജീവനും സിഖുകാരന്റെ ജീവനും തമ്മിലെന്ത്. ഇന്ദിര എന്ന ഒരേ ഒരാളുടെ ജീവന് പകരം ലക്ഷം സിഖുമാരുടെ ജീവന്‍ .......