Tuesday, September 29, 2009

ഈശ്വരനെ മോചിപ്പിക്കുക...

മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത്‌ പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...


1 comment: