Saturday, April 3, 2010

അക്ഷരങ്ങള്‍ പറയുന്നത്

എഴുത്തിലൂടെ നന്മയുടെതായ ഒരു വാതില്‍ തുറക്കണം. അതില്ലാത്തിടത്തോളം, അത് തിന്മയിലേക്ക് നയിക്കല്‍ ആകുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . എക്കാലത്തെക്കാളും ഇന്ന് ലോകം ഇരുട്ടില്‍ തപ്പി തടയുകയാണ്. കക്ഷി രാഷ്ട്രീയക്കാര്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. ആ യാത്രയില്‍ അവര്‍ ഇരുട്ടിന്റെ വിത്തുകള്‍ പാകുന്നുണ്ട്. ആ ഇരുട്ട് തിരിച്ചറിയാത്തിടത്തോളം നാം അശാന്തിയില്‍ നിന്നും അശാന്തിയിലേക്ക് ഒഴുകി കൊണ്ടിരിക്കും. വര്‍ഗീയത, ഭീകരത, മത മൌലീക വാദം, അരാഷ്ട്രീയം, ഫാസിസം അങ്ങനെ എന്തെല്ലാം നാം കേള്‍ക്കുന്നു. പക്ഷെ നാം അറിയാതെ പോകുന്ന ഒരു സത്യമുണ്ട്, എല്ലാത്തരം ദുഷ്ട ശക്തികള്‍ക്കും ധന സാഹായം ലഭിക്കുന്നത് ഒരിടത്ത് നിന്നുമാണെന്ന്. ആ ഇടം കണ്ടെത്തി ആ കൈകള്‍ തകര്ക്കുംബോഴേ ഇരുട്ട് നീങ്ങി കിട്ടൂ. വര്‍ഗീയതയോ ഭീകരതയോ മറ്റോ അത് ഏതു ഭാഗത്ത് നിന്നുമാകട്ടെ, അതിനെ ന്യൂന പക്ഷമെന്നോ ഭൂരി പക്ഷമെന്നോ തരം തിരിക്കാതെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ബാധ്യസ്ഥരാണ് എഴുത്തുകാര്‍. എന്നാല്‍ ഇവിടെ പക്ഷം പിടിച്ചു എതിര്‍ക്കുന്നതു ആശാസ്യമല്ല. തസ്ലീമ നസ്രീന്‍, റുഷ്ദി മുതല്‍ പേര്‍ മുസ്ലീം മത മൌലീക വാദികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ തസ്ലീമക്കും റുഷ്ദിക്കും വേണ്ടി വാദിച്ചവര്‍ എം.എഫ് ഹുസൈന്റെ കാര്യം വരുമ്പോള്‍ ചുവടു മാറ്റുന്നു. തസ്ലീമയോ എം.എഫ് ഹുസൈനോ എന്തെങ്കിലും കാട്ടിയാല്‍ തകരുന്നതല്ല ഈശ്വരന്‍ എന്നിരിക്കെ നാം എന്തിനു വേണ്ടിയാണ് നേരം പാഴാക്കുന്നത്? അവിടെ ഒന്നുണ്ട് ചിന്തിക്കാന്‍, ഒന്നുകില്‍ നാം യഥാര്‍ത്ഥ ഈശ്വര വിശ്വാസികളല്ല, അല്ലെങ്കില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം ചതിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഏറ്റവും അരികെ കിടക്കുന്ന ശത്രുവായ പാകിസ്ഥാനിലേക്ക് നോക്കാം. അവിടെ ഇസ്ലാമിന്റെത് എന്ന് അവകാശപ്പെട്ടു കൊണ്ട് കൊടി നാട്ടി ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു ഭരണം നടത്തുന്നു. ഇസ്ലാം എന്നത് സമാധാനം ആയിരിക്കെ വാളും പരിചയും കൊണ്ടാണ് അവിടെ ഭരണം. വെള്ളിയാഴ്ചകളില്‍ പോലും മുസ്ലീങ്ങള്‍ പള്ളിയില്‍ നിസ്കാരത്തില്‍ മുഴുകുമ്പോള്‍ ആക്രമിക്കപ്പെടുന്നു. അതിനര്‍ത്ഥം അവിടെ ഇസ്ലാം എന്നൊന്ന് ഇല്ല എന്ന് തന്നെ. ഇസ്ലാം എന്നത് കേവലം കടലാസിലോ , നാവു കൊണ്ടുള്ളതോ ആയ പ്രഖ്യാപനം ആയതുകൊണ്ടായില്ല. ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചാല്‍ തങ്ങള്‍ക്കു സമാധാനം കിട്ടുമെന്ന് വാദിച്ചവരുടെ ഗതി എന്തായി. 
അതില്‍ നിന്നും ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. അത് പോലെ ഇസ്ലാമിക രാജ്യത്തിനായി വാദിക്കുന്നവര്‍ക്കും... മതം ഏതുമായി കൊള്ളട്ടെ മനുഷ്യന്റെ സ്വാര്‍ഥത, അധികാര ഭ്രാന്ത് മാറിയില്ലെങ്കില്‍ എന്ത് കാര്യം. വ്യവസ്ഥി മാറണമെങ്കില്‍ മനസ്ഥിതി മാറണം, എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു ഓര്‍ക്കണം. എന്തിനു ഒരു മനുഷ്യന് ഏതു മാത്രം അവകാശം ഈ പ്രകൃതിയില്‍ ഉണ്ടോ അതെ അവകാശം സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്നു ഓര്‍ക്കണം. ചുമ്മാ ഓര്‍ത്താല്‍ മാത്രം പോരാ എന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ മറ്റുള്ളവരുടെ , മറ്റുള്ളവയുടെ നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പാക്കണം. ബാബറി മസ്ജിദു തകര്‍ത്തത് കൊണ്ടോ അവിടെ അമ്പലം പണിതത് കൊണ്ടോ ഈ രാജ്യത്തെ തൊഴില്ലായ്മ മാറുമോ, ദാരിദ്ര്യം നീങ്ങുമോ? എല്ലാതരം ഭീകരതയും മത മൌലീക വാദവും എതിര്‍ക്കപ്പെടണം. 
ഏതൊരു രാജ്യമായി കൊള്ളട്ടെ അത് ഏതൊരു മതത്തിന്റെ കീഴില്‍ ഭരിക്കപ്പെടട്ടെ മനുഷ്യന്‍ കൊള്ളരുതാത്തവര്‍ ആയാല്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വര്‍ത്തമാന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും നാം വിദ്യാഭാസം നേടി എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ വൃത്തികെട്ട വര്‍ഗീയത എന്നത്തേക്കാളും നമുക്ക് മുന്നില്‍ ഇങ്ങനെ താണ്ടവമാടുന്നതിനെ അനുവദിച്ചു കൊടുക്കണമോ? ലോകത്ത് എവിടെ ആയാലും ഒരു മതത്തിനും സമാധാനം നല്‍കാന്‍ ആവില്ലെന്ന്നിരിക്കെ നാം എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ട് എന്നിരിക്കെ എന്തിനാണ് നാം ഒരേ ഈശ്വരനെ ചൊല്ലി കലഹിക്കുന്നത്? ഓര്‍ക്കുക, നാം അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് നീങ്ങുകയാണ് . പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എത്രയോ നന്മയാണ് ഒരിറ്റു വെട്ടം ഈ ലോകത്ത് വീഴ്ത്തുന്നത്.
 
 

No comments:

Post a Comment