ഇവിടെ, ഈ രാത്രിമരച്ചുവട്ടിൽ
ഞാൻ നിൽക്കുന്നു, തനിയേ നിൽക്കുന്നു. ആദ്യവെളിച്ചത്തിന്റെ
തരികൾ തേടുന്നു, ആദ്യ കണ്ണുകളുടെ വെളിച്ചം തേടുന്നു, ആദ്യ കേൾവിയുടെ കാതു തേടുന്നു. കാലത്തിന്റെ ഭ്രാന്ത് ഉന്മാദത്തിന്റെ
ഇലകളായി എന്നിൽ പെയ്യാൻ കാത്തുനിൽക്കുന്നു. ജീവന്റെ ചരടിൽ പ്രണയ മുത്തുകൾ
തൂക്കിയിടുന്നു, തെരുവിന്റെ തുറസിലേക്ക് കാലത്തിന്റെ
നെടുങ്കൻ വായിൽ നിന്നും ഇറങ്ങിവന്ന് വീണ്ടും നടക്കാൻ തുടങ്ങുന്നു.
കടലിന്റെ
കേന്ദ്രബിന്ദു തേടി, തിരകൾക്ക് മീതെ യാത്ര ചെയ്യുന്നു.
ഭ്രാന്തെഴുതുന്ന ചിപ്പികളുടെ മുത്തുകളിലേക്ക് എന്നെ വലിച്ചെറിയട്ടെ.
മാവ് പൂത്ത് മണം പരക്കുമ്പോൾ വിരിയാൻ പോകുന്ന
മാങ്ങയുടെ മരണം അടയാളപ്പെടുന്നു. എന്നെ പിഴുതെറിയുന്ന കൊമ്പിൽ നിന്നും എന്റെ
വിത്തു കൊത്തിയെടുത്ത് പ്രാവ് കുറുകുന്നു. കടലിന്റെ അകക്കാമ്പിലേക്ക് പോകാനുള്ള
ആവേശം ഇരട്ടിക്കുന്നു. എത്രമേൽ പ്രഹരിച്ചിട്ടും കൊല്ലപ്പെടാത്ത ഞാൻ നിനക്കായി
പാടുന്നു.
രാത്രിയുടെ
രാത്രിയിൽ
ഹൃദയത്തിന്നിടനാഴിയിൽ വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂവിൽ ഗന്ധർവ്വ
ഹൃദയം തെളിയുന്നു. പ്രണയിച്ചു കൊതി തീരാത്തവരുടെ ആത്മാവ്
അലയുന്നു. ഈ ഏകാന്തതക്ക് അത്രക്ക് മധുരമൊന്നുമില്ല, ഏകാന്തതയുടെ
മുള്ളുകൾ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നു. ഓരോ മുള്ളും മൽസരിച്ച്
ആഴം തേടുമ്പോൾ വേദനക്കുമേൽ വേദന സവാരി ചെയ്യുന്നു. എവിടേക്ക് പോകണമെന്നറിയില്ല,
എന്ത് ചെയ്യണമെന്നറിയില്ല, എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും
അറിയില്ല. പിന്നിട്ട പാതകളിലേക്ക്, സ്വപ്നങ്ങൾ
കുഴിച്ചുമൂടിയ ഇടങ്ങളിലേക്ക് ആരോ എന്നെ കൊണ്ടുപോകുന്നു. മറക്കാൻ ശ്രമിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത എന്നെ മടക്കിയെടുക്കാൻ
ശ്രമിക്കുന്നു. ഇനിയും അഗ്നിയുടെ പാതയിലൂടെ, കണ്ണീരിന്റെ ചാലുകളിലൂടെ കാലമെന്നെ വലിച്ചിഴച്ചേക്കാം….
No comments:
Post a Comment