Wednesday, February 9, 2011

ചതിക്കുഴികള്‍

പണ്ട്, വളരെ പണ്ടൊന്നുമല്ല, ഏതാനും വര്‍ഷം മുമ്പ് നമ്മുടെ നാട്ടു വഴികള്‍ക്ക് നാടന്‍ പേരുകളായിരുന്നു. ആളുകള്‍ക്കും അങ്ങനെ തന്നെ. പേരുകള്‍ തകിടം മറിയുന്നിടത്തു നാം പുതുമ ദര്‍ശിക്കുന്നു. വേഷം മാറി ആധുനികര്‍ ചമയുന്നു. കൃഷ്ണന്‍ നായരുടെയും മമ്മദിന്റെയും ചായക്കടകള്‍ ഫാസ്റ്റ് ഫുഡിനു വഴി മാറുന്നു. അന്നൊക്കെ നാട്ടു വഴിയിലെ ഉച്ചകളില്‍ മത്തി വറുത്തതിന്റെയും കടുക് വറുത്തതിന്റെയും മണങ്ങള്‍ കുത്തി മറിഞ്ഞു. വേനല്‍ മഴയിലെ പുതു മണ്ണിന്റെ മണവും.. മാറിയത് കാലമോ നമ്മളോ? നമ്മള്‍ മാറുക എന്നാല്‍ മനസ്ഥിതി മാറുക എന്നല്ലേ? മനസ്ഥിതി മാറുമ്പോഴല്ലേ വ്യവസ്ഥിതി മാറുക! എങ്കില്‍ മാറിയ വ്യവസ്ഥിതിയെ തള്ളി പറയും മുമ്പ് നാം നമ്മിലേക്ക്‌ നോക്കുക. കൊട്ടക എന്ന സ്ഥാനത്തു കയറി കൂടിയ ടാകീസുകള്‍, തിയ്യറ്ററുകള്‍, ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് നിരക്കുന്ന ലക്ഷ്വറി തിയറ്ററുകള്‍. ഇന്നലെ , ചുമട്ടു തൊഴിലാളിയായ പരമുവിന്റെ മകന്‍ കവലയില്‍ ( ക്ഷമിക്കുക, പഴയ ഓര്‍മ വച്ച് പറഞ്ഞതാണ് കവലയെന്ന്. ഇന്ന് കവലയല്ല, ജങ്ങ്ക്ഷന്‍ ) പത്രാസില്‍ നിന്ന് പറയുന്നുണ്ടായിരുന്നു ഒബറോണ്‍ മാളിലെ ആ കുശ്നി തീയറ്ററിനെ കുറിച്ച്. അത് കേള്‍ക്കെ കൂട്ടുകാരില്‍ വിരിയുന്ന അസൂയ. പരമുവിന്റെ മകന് അവിടെ പോയി സിനിമ കാണാന്‍ കഴിഞ്ഞല്ലോ. ആ വക പ്രദര്‍ശന ശാലകള്‍ ആഡംബരത്തിന്റെ അടയാളം ആയി മാറുന്നു. പാവം പരമു ജീവിതത്തിന്റെ അവസാന റീലുകളില്‍ കുടുംബം പോറ്റാന്‍ വിയര്‍ക്കുന്നു.
തൃക്കാക്കരയില്‍ നിന്നും പള്ളിക്കരയിലേക്ക് പാലമില്ലായിരുന്നു. അന്ന് പതിനേഴോളം കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചു വേണം അവിടെയെത്താ‍ന്‍ . രണ്ടു ബസ് മാറി കയറണം. അല്ലെങ്കില്‍ കാല്‍ നടയായും വഞ്ചിയിലും ചെന്ന് പറ്റണം. എങ്കിലും അകലത്തു കിടന്ന പള്ളിക്കരക്കാരുമായി ഞങ്ങള്‍ തൃക്കാക്കരക്കാര്‍ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. പാലം വന്നു. ദൂരം ഏതാണ്ട് ആറ് കിലോമീറ്ററിലേക്ക് ചുരുങ്ങി. ഞങ്ങളുടെ നാടുകള്‍ തമ്മില്‍ അടുത്തു. പക്ഷെ ഞങ്ങള്‍ വല്ലാതെ അകന്നു പോയി. ഒന്ന് ചെന്ന് കാണാന്‍ വാഹന സൗകര്യം ധാരാളം ഉണ്ടായിട്ടും ഇരു കൂട്ടര്‍ക്കും നേരമില്ല. നേരം എവിടെക്കാണ്‌ പോയത്? വികസനം നേരം കളയുന്നുവോ? പാലം നാടുകളെ തമ്മില്‍ അടുപ്പിക്കുന്നിടത്തു മനസ്സുകള്‍ തമ്മില്‍ അകലുന്നതിന്റെ പൊരുളെന്ത് ? നമുക്ക് പഴയ ആ സ്ഥലനാമങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. അമ്പാടി മൂല , ഇല്ലത്ത് മുകള്‍, ഈച്ച മുക്ക്, പാടം, കൊല്ലങ്കുടി മല, അങ്ങനെ … അന്നൊക്കെ സിനിമകള്‍ ഉണ്ടായിരുന്നു, സിനിമയുടെ വരവറിയിച്ചു കൊണ്ട് പോസ്ടറുകളും . പുതിയ സിനിമയുടെ പോസ്ടറുകള്‍ എന്റെ ഗ്രാമത്തില്‍ പതിഞ്ഞിരുന്നില്ല. നാല് കിലോ മീറ്റര്‍ അകലെ പാലാരിവട്ടത്ത് ചെല്ലണം പുത്തന്‍ പടങ്ങളുടെ പോസ്ടറുകള്‍ കാണണമെങ്കില്‍. അന്നൊക്കെ ജയന്റെയും നസീറിന്റെയും പോസ്ടറുകള്‍ പതിഞ്ഞു കാണാന്‍ എന്നെ പോലെ എന്റെ വീഥികളും കൊതിച്ചിരിക്കാം. പതിഞ്ഞില്ല എന്ന് തീര്‍ത്ത്‌ പറയാനാവില്ല, നവോദയ റിലീസ് ചെയ്ത പടങ്ങളുടെ, തച്ചോളി അമ്പു, മാമാങ്കം മുതല്‍ പടങ്ങളുടെ പോസ്ടറുകള്‍ നഗരം കടന്നു വന്നത് ആ സ്റ്റുഡിയോ അക്കാലത്ത് തൃക്കാക്കരയില്‍ ആയതു കൊണ്ട്. ഇപ്പോള്‍ സ്ഥിതി മാറി, നമ്പര്‍ 20 ഗ്രീന്‍ ലാന്‍ഡ്‌, ഗുഡ് ഷെപ്പേര്‍ട് സ്ട്രീറ്റ്, അങ്ങനെ പോകുന്നു സ്ഥല നാമങ്ങള്‍ . പാതകള്‍ അത് തന്നെ. ടാറിട്ടു കറുപ്പിച്ചു വക്കില്‍ പോസ്റ്റുകള്‍ നിരത്തി വെളിച്ചം വീഴ്ത്തുന്നു എന്ന് മാത്രം. പിന്നെ ഇട തൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. അന്ന് എന്റെ വീട്ടില്‍ നിന്നും അയല്പക്കത്തേക്ക് ഏറെ ദൂരമുണ്ടായിരുന്നു. ചെന്നെത്താന്‍ തൊടിയിലൂടെ നടക്കണം, മറ്റൊരിടത്തേക്ക് വയല്‍ മുറിച്ചു നടക്കണം. ഇപ്പോള്‍ ജനാല തുറന്നാല്‍ അയല്പക്കമായി. അടക്കി പിടിച്ചു സംസാരിച്ചാലും മതി കേള്‍ക്കാം. പക്ഷെ ഞങ്ങള്‍ സംസാരിക്കാറില്ല. കാരണം അധികം അടുപ്പം വേണ്ടെന്നു ഞാനും അയാളും പരസ്പരം പറഞ്ഞുറപ്പിക്കാത്ത ഉടമ്പടിയില്‍ എത്തിയിരിക്കുന്നു. ഞാനോര്‍ക്കുന്നു, പണ്ട് അങ്ങനെ അല്ലായിരുന്നു , അയല്‍ക്കാരന്റെ വരാന്തയില്‍ ചെന്നിരുന്നു, അവിടെ നിന്നും ഒരു ഗ്ലാസ് കട്ടന്‍ ചായ വാങ്ങി കുടിച്ചില്ലെങ്കില്‍ ആ ദിനം പൂര്‍ണമാവില്ല എന്നായിരുന്നു. ഇന്നത്തെ അവസ്ഥ ദുരിതത്തിന്റെത്, കയ്യെത്തും ദൂരത്തു എന്തും ലഭിക്കും. ഈ നാട് സ്മാര്‍ട്ട് സിറ്റിക്കായി കാത്തു കിടക്കുന്നു. പക്ഷെ, ചങ്ങാലി പ്രാവിന്റെ കുറുകല്‍ കേള്‍ക്കാതെ, അമ്പലത്തില്‍ നിന്നും കീര്‍ത്തനം കേള്‍ക്കാതെ, പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കാതെ, സഹോദരന്‍ സഹോദരനെ കണ്ടാല്‍ അറിയാതെയായ് അങ്ങനെ. നാളെ?

1 comment:

  1. വാസ്തവം...ടെക്നോളജി വളരുമ്പോള്‍ ഹൃദയം ചുരുങ്ങുകയാണ്....
    നമ്മളും പക്ഷെ ഇതിന്റെ ഭാഗമാണ് എന്നുള്ളതാണ് നിര്‍ഭാഗ്യകരമായ സത്യം...
    ..................ആശംസകള്‍

    www.blacklightzzz.blogspot.com

    ReplyDelete