Tuesday, February 15, 2011

ഞെളിയുന്ന പള്ളികള്‍

നാല്പതു കോടി ഉറുപ്പിക മുടക്കി കോഴിക്കോട് മുസ്ലീം പള്ളി ഉയരാന്‍ പോകുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഒരിടം. സമീപ ഭാവിയില്‍ അതൊരു കച്ചവട കേന്ദ്രമായി ഉയരുമെന്നുറപ്പ്. പ്രവാചകനോ പടച്ചവനോ അത്രയും സംഖ്യ കൊണ്ട് ഒരു പള്ളി ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു സത്യം. ആ സംഖ്യ കൊണ്ട് തൊഴില്‍ ശാല പണിതു കുറെ പേര്‍ക്ക് ജോലി കൊടുക്കാം. അതുവഴി ഏതാനും കുടുംബങ്ങളിലെ ദാരിദ്ര്യം  നീങ്ങുകയും ചെയ്യും. പക്ഷെ സമൂഹത്തിലെ ദാരിദ്ര്യം അകറ്റുകയോ  സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിലോ ഒന്നുമല്ല താല്പര്യം. മറിച്ച് ഭരിക്കുക, സമ്പത്ത് വാരി കൂട്ടുക എന്നതൊക്കെയാണ് ലക്‌ഷ്യം.
കോഴിക്കോട് ഉയരുന്ന പള്ളി മുറ്റത്താവും എ.പി.അബുബക്കര്‍ മുസ്ല്യാരെ ഖബറടക്കുക  എന്ന് ഏറെ കുറെ ഉറപ്പാണ്. ( പള്ളി പണി തീരും മുമ്പ് അദ്ദേഹം മരിച്ചില്ലെങ്കില്‍ ) അബുബക്കര്‍ മുസ്ല്യാരുടെ ഖബറിടം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ആ വഴിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടം പടച്ചവനിലോ പ്രവാചകനിലോ അല്ല. ധനത്തില്‍ മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം നെഞ്ചു വിരിച്ചു പള്ളികളുണ്ട്. സുന്നി പള്ളികള്‍ , മുജാഹിദ് പള്ളികള്‍ , ജമാ അത്തെ ഇസ്ലാമി പള്ളികള്‍ ... കൂടാതെ ഓരോ വിഭാഗത്തിലും കേരള കോണ്ഗ്രസ് പോലെ പിളര്‍ന്നതും... മുസ്ലീം നാമാധാരികള്‍ ഏറെ... പക്ഷെ മുസ്ലീം പള്ളിയുണ്ടോ? മുസ്ലീങ്ങലുണ്ടോ? പള്ളികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ സ്വന്തം ആള്‍ എന്ന മട്ടില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരെ കാണാം. വിദേശ നിര്‍മിത കാറുകളില്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ സഞ്ചരിക്കുന്ന മുസ്ല്യാക്കന്മാര്‍ ... വേഷങ്ങളായി മാറിയവര്‍ ...
ഇസ്ലാം എന്നത് ലാളിത്യത്തില്‍ ലാളിത്യം ആയിരിക്കെ ഇത്തരം വേഷം കെട്ടുകള്‍ ആര്‍ക്കു വേണ്ടിയാണ്? അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ വീര്‍പ്പിക്കുന്നവര്‍ തന്റെ സമുദായത്തില്‍ പെട്ടവരല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് നടിക്കുന്നവര്‍ ഇത്തരം കോമാളിത്തങ്ങള്‍ കാട്ടി കൂട്ടുന്നത്‌ പ്രവാചകനെ അവഹേളിക്കല്‍ തന്നെയാണ്. അല്ലാത്ത ചോദ്യ പേപ്പറില്‍ എന്തെങ്കിലും എഴുതി വയ്ക്കുന്നവരല്ല പ്രവാചകനെ അവഹേളിക്കുന്നത്. ചില പള്ളികളില്‍ കണ്ടു വരുന്ന ഒരു പരിപാടിയുണ്ട്, മരണത്തെ പോലും സമ്പത്തിനെ അടിസ്ഥാനത്തില്‍ നോക്കി കാണുന്നത്. മഹല്ലിലെ ദരിദ്രന്‍ മരിച്ചാല്‍ ആ മരണ വീട്ടിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാത്ത മുസ്ല്യാക്കന്മാര്‍ കുബേരന്റെ മരണ വീട്ടില്‍ ഉപ്പും ചാക്ക് പോലെ ഞെളിഞ്ഞിരിക്കുന്നത് കാണാം. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പടച്ചവനെ വിളിച്ചിറക്കുന്നത്  പോലെ പ്രാര്‍ഥിക്കുന്നത് കാണാം.
പ്രാര്‍ഥനയിലും മായം...
പടച്ചവന്‍ നോക്കുന്നത് ഹൃദയങ്ങളിലെക്കാണ്‌ എന്ന് വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ. ആകാശം മുട്ടെ പള്ളി പണിതിട്ട് സ്വര്‍ഗത്തില്‍ പോകാമെന്ന് ഒരുത്തനും കരുതണ്ട. അങ്ങനെ സ്വര്‍ഗം നേടാന്‍ ആവുമായിരുന്നെങ്കില്‍ ശൈത്താന് എളുപ്പം കഴിഞ്ഞേനെ. ശൈത്താന് എന്തിന്റെ കുറവുണ്ടായിട്ടാണ് സ്വര്‍ഗം നഷ്ടമായതെന്ന് മുസ്ല്യാക്കന്മാരും അവരെ പിന്‍പറ്റുന്നവരും നേരം കിട്ടുമ്പോള്‍ ചിന്തിക്കുക. ഈ മുസ്ല്യാക്കന്മാരോക്കെ കുര്‍ആന്‍ പഠിച്ചതിനേക്കാള്‍ കേമമായി കുര്‍ആന്‍ പഠിച്ചവനാണ് ശൈത്താന്‍ . പിന്നെ എന്തുകൊണ്ട് സ്വര്‍ഗം നഷ്ടമായി. ശൈത്താന് ലേശം അഹങ്കാരം കൂടിപോയി. എന്തൊക്കെ പഠിച്ചാലും അഞ്ചല്ല അമ്പതു വട്ടം നിസ്കാരമെന്ന പേരില്‍ തല കുത്തി മറിഞ്ഞാലും അഹങ്കാരം ഉള്ളവന് സ്വര്‍ഗമില്ലെന്നു വ്യക്തമല്ലേ. അപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പള്ളികള്‍ ഉയര്‍ത്തിയിട്ടെന്തു കാര്യം!

No comments:

Post a Comment