Saturday, June 18, 2011

ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

എഴുതിയത്, കണ്ടത്, കേട്ടത്... കുട്ടിക്കാലത്ത് രസിച്ചതും ആക്രി പെട്ടിയിലൊതുങ്ങിയതുമായ ഫിലിം...
എല്ലാം കത്തിക്കാന്‍ വച്ചു.
പത്ര പാരായണം ഇല്ലെന്നു ചൊല്ലിയപ്പോള്‍ ഉച്ചത്തില്‍ ചിരിച്ച  ചങ്ങാതിയെ അതേ ഒച്ചയോടെ ചീത്ത വിളിച്ചു. പതുക്കെ പറയുകയും, നീ നന്മ നിറഞ്ഞവന്‍ ..
ഞാനെന്തിനു പത്രം വായിക്കണം? നുണകള്‍ നുണഞ്ഞ് എന്തിനു നേരം കളയണം! സത്യം എന്നൊന്നുണ്ടെങ്കില്‍ അത് ചരമ കോളം. ചങ്ങാതി ചിരിച്ചു, അതിലൊരു കവിത ഉണ്ടെന്ന്‌. അവന്‍ കവിതയുമായി വരാന്‍ കാത്തിരുന്നു. കണ്ടില്ല.
ചരമ കോളത്തില്‍ കണ്ണോടിച്ചു... ആത്മഹത്യ, കൊല, കൊള്ളി വയ്പ്പ്, കരിഞ്ഞവര്‍, വെള്ളത്തില്‍ വയര്‍ ചീര്‍ത്തവര്‍... നേരെങ്കിലും എല്ലാം വക തിരിച്ചു വച്ചിട്ടുണ്ട്. ചാവും മുമ്പ് ആരാന്റെ ചാരം കുറിച്ച കരങ്ങള്‍ ... അയാള്‍ ജീവിചിരുപ്പുണ്ടോ? നാളെ മറ്റൊരാളെ അതിലടക്കാന്‍ അയാള്‍ വരുമോ?
എല്ലാം വേര്‍തിരിച്ചു. പലചരക്ക് കടയിലെ ബില്‍ , കരണ്ട് ബില്‍ , ഫോണ്‍ ബില്‍ ‍...
എല്ലാം പഴയ പ്രണയലേഖനത്തോടൊപ്പം... ക്ഷമിക്കുക, ഉത്തരാധുനികതയില്‍ പ്രണയം എന്ന പദം തെറ്റോ പഴഞ്ചനോ? വേറെ ഒന്ന് കിട്ടാത്തത് കൊണ്ട് അതിരിക്കട്ടെ എന്ന് തീര്‍പ്പായി...
പ്രണയം തിരിച്ചു ചോദിച്ചു, ഒരിക്കല്‍ വിശപ്പൊരു തെറ്റ് ആയിരുന്നില്ല, ഇന്നോ?
ഉത്തരമില്ല...
കയറില്‍ ശരിയാവില്ല, കഴുത്ത് പൊട്ടിയെങ്കിലോ, പ്ലാസ്റ്റിക്കിന് ഉറപ്പു പോരെന്നു കണിശം ഉറപ്പിച്ചു...
സാരിത്തുമ്പില്‍ ആയാലോ, സ്ത്രീപക്ഷവാദികളെ ഭയന്ന് വേണ്ടെന്നു വച്ചു.
തെക്കോട്ട്‌ നടന്നു. തെക്ക് പാളങ്ങള്‍ ...
ഓര്‍ത്തു, തീവണ്ടി തട്ടി ചത്തവന്‍... അതിലൊരു മഹത്വമില്ല. വിമാനത്തിനു പഴയ പ്രൌഡിയില്ല പിന്നെയോ?
മടങ്ങി,
എങ്ങനെ ചാവണം എന്ന് പുസ്തക രചന. ഒരായിരം വഴികള്‍ ... എങ്കിലും എനിക്കായി ഒരു വഴിയില്ല...
ഇരുട്ട്, ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

No comments:

Post a Comment