Wednesday, April 6, 2011

എന്തേ ഇങ്ങനെയൊക്കെ

നിസ്കാരം കഴിഞ്ഞു ഖബറിടത്തിലേക്ക്. മഴ ചാറുന്നുണ്ടായിരുന്നു. ഇലചാര്‍ത്തില്‍ മഴത്തുള്ളികളുടെ വിങ്ങല്‍. മരണം പോലെ മൂകമായ നൊച്ചി പടര്‍പ്പുകള്‍. നടക്കുമ്പോള്‍ കുട നിവര്‍ത്തി. വാപ്പിച്ചി ഉപയോഗിച്ചിരുന്ന നിറം മങ്ങിയ കാലന്‍ കുട. കുട ചൂടാന്‍ വാപ്പിച്ചി ഇല്ല. എങ്കിലും ആ കുട ചൂടി എത്രയോ വട്ടം വാപ്പിച്ചി നടന്നിട്ടുണ്ട്. അതേ കുട ചൂടി ഉമ്മിച്ചിയുടെ ഖബറിടത്തില്‍ പ്രാര്‍ഥനാ നിരതനായ വപ്പിചിയെ കണ്ടിട്ടുണ്ട്. ഇന്ന് വാപ്പിചിയുടെ  ഖബറിടത്തില്‍ അതേ കുട ചൂടി ഞാന്‍ നില്‍ക്കുന്നു. കുടക്ക്‌ എന്തെല്ലാം പറയാനുണ്ട്. ഏതോ കമ്പനി അത് വിപണിയില്‍ ഇറക്കിയപ്പോള്‍ ഉപഭോക്താവിന് നല്‍കിയ ഉറപ്പ്. ഒന്നോ രണ്ടോ വര്‍ഷത്തെ ഗ്യാരണ്ടി. കുടക്കറിയാം, ഗ്യാരണ്ടി ദിനം വരെ നിര്‍മാതാവ് ജീവിച്ചിരിക്കില്ലെന്ന്. പക്ഷെ മനുഷ്യന്‍ എക്കാലവും ഇവിടെ ഉണ്ടാകുമെന്ന ധാരണയില്‍ .
അപ്പോഴും പള്ളിയില്‍ നിന്നും കൂട്ട പ്രാര്‍ഥനയുടെ സ്വരം. അതത്രയും ഏറ്റുവാങ്ങി നൊച്ചി പടര്‍പ്പുകള്‍. ഞാനറിയുന്നു ഉത്തരം കിട്ടാതെ പോയ ഏതാനും ചോദ്യങ്ങള്‍ ആ പടര്‍പ്പുകള്‍ക്കിടയില്‍ തേങ്ങുന്നതായി. ഖത്തീബിന്റെ പ്രാര്‍ത്ഥന ഇതാണ് മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നു. രക്ഷിക്കാന്‍ അല്ലാഹുവിനോട് യാചിക്കുകയാണ്. എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ചോദ്യം, അതേ കുറിച്ചൊരു ചര്‍ച്ച അവിടെ വികസിക്കാത്തതില്‍ ഏറ്റവും അസ്വസ്ഥനായി ആ പരാശക്തി. മനുഷ്യനോടു ചിന്തിക്കാന്‍ പറഞ്ഞില്ലേ. ചിന്തിക്കുന്നവന് ഭൂമിയില്‍ ദൃഷ്ടാന്തം ഉണ്ടെന്നു ചൊല്ലിയില്ലേ. എന്നിട്ടും അവര്‍ ഗ്രന്ഥം നെയ്‌ ചോറ്  പോലെ വിഴുങ്ങി ദഹനം കിട്ടാതെ വലയുന്നു.
സമൂഹത്തില്‍ ഏറ്റവും താണവരോടൊപ്പം , അവരുടെ പാത്രത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച എന്റെ വാപ്പിച്ചി. ( കാലം എഴുപതുകള്‍ എന്നോര്‍ക്കുക ) കഥയെഴുതുന്നു എന്ന് കേട്ടു നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ച മുസ്ലീം പണ്ഡിതന്മാര്‍ ... കഥയെഴുത്ത് അനിസ്ലാമികമെന്നു പലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ചിലരുടെ ഫത് വകളും ... കഥ എഴുതാതെ  ജീവിക്കാന്‍ ആവില്ലെന്ന് ഞാന് ‍. എനിക്ക് പലതും പറയാനുണ്ടല്ലോ. പറയാനുള്ളപ്പോള്‍ എങ്ങനെ നിശബ്ദനാകും... ഈ ലോകത്തെ ജീവിതം നന്നാക്കണം നരകമോ സ്വര്‍ഗമോ എന്നത് മരിച്ചു ചെന്നിട്ടാണ് തീരുമാനം ആകുക എന്ന്  തുടരെ പറയാറുള്ള ഉമ്മിച്ചി. . മതത്തിനുള്ളില്‍ മതങ്ങള്‍ സിഷ്ടിച്ചു സുന്നി എന്നും മുജാഹിദ് എന്നും ജമാ അത്തെ ഇസ്ലാമി എന്നും പിന്നെയും കടലാസ് സംഘടനകള്‍ ആയിമാറിയ വിഭാഗങ്ങള്‍ സ്വര്‍ഗ്ഗ നരകങ്ങള്‍  വീതിച്ചു രസിക്കുന്നിടത്തു തകരുന്നത് പരാശക്തിയോ പ്രവാചകനോ? ഒരേ കുര്‍ ആന്‍ വായിച്ചു പലതായി തിരിഞ്ഞു പോരടിക്കുന്നവര്‍.
അധ്യാപകന്റെ കൈവെട്ടി ആഘോഷിക്കുന്നവര്‍ . തൊടുപുഴയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന പ്രശ്നം കേരളത്തിലും ഇന്ത്യയില്‍ ആകെയും  ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യുന്നു. പി ടി കുഞ്ഞു മുഹമദിന്റെ പുസ്തകത്തില്‍ നിന്നും എടുത്തു ചേര്‍ത്ത വരികളാണ് അതെന്നു അദ്ധ്യാപകന്‍ . എന്തെ പി.ടി.കുഞ്ഞു മുഹമ്മദ്‌ മൌനിയാകുന്നു? എന്തെ മറ്റ് എഴുത്തുകാര്‍ അതിനെതിരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നു? ചാനലുകള്‍ ആഘോഷിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ അതിലേറെ വാശിയോടെ എഴുതുന്നു. നമുക്ക് എവിടെയാണ് വഴി തെറ്റിയത്?
ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു : ' ഒരുകാലത്ത് നമ്മുടെനാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂനിസ്ടുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. രണ്ടും തകര്‍ന്നിരിക്കുന്നു..' സത്യമല്ലേ?
മതേതരത്വ മുഖം പേറിയ രാഷ്ട്രീയ കൂട്ടങ്ങള്‍... ഇടതായാലും വലതായാലും മാറി മാറി വര്‍ഗീയതയെ പുണരുന്നു. അതുകണ്ട് അരാഷ്ട്രീയതയിലേക്ക്‌ കൂപ്പു കുത്തുന്ന  പുതുതലമുറ  . എഴുത്തുകാര്‍ നിഷ്ക്രിയരാകുന്നു. സാമ്രാജ്യത്വം കൊടി കുത്തി വാഴുന്നു. ഏതൊരു സമൂഹത്തിന്റെയും അപചയം എഴുത്തുകാരുടെ  അഭാവം കൊണ്ടാണ് സംഭവിക്കുന്നത്‌.  ഇന്ന് ഒരുതരം ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നത് മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചെന്ന് ആ സമുദായങ്ങളില്‍  എഴുത്തുകാരുടെ എണ്ണം എത്രയുടെന്നു നോക്കിയാല്‍ മതി. എഴുത്തുകാര്‍ അധ്യാപകരാണ്. അവര്‍ അധികാരത്തിനും പ്രശക്തിക്കും പുറകെ നടക്കുന്നിടത്തോളം സമൂഹത്തില്‍ ഇരുട്ട് വളരുക തന്നെ ചെയ്യും...

Tuesday, April 5, 2011

ഭീകരതെയെ പരാജയപ്പെടുത്തുക

ഇന്ത്യയില്‍ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് ലഭിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ ആവും.  അത് വായിച്ചു ഒരാള്‍ ഇസ്ലാം ജിഹാദ് സംഘടന എന്ന് പറഞ്ഞാല്‍ സഹിക്കുകയെ നിവൃത്തിയുള്ളൂ. ഇസ്ലാമിനെ രക്ഷിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടിയെ പറ്റൂ. അതിനു മുന്നോട്ടു വരേണ്ടത് മുസ്ലീങ്ങള്‍ തന്നെയാണ്. ഇതര മതങ്ങള്‍ അത് ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുക ഇസ്ലാമിനെ ശത്രുക്കള്‍ വളയുന്നു എന്നാവും. അങ്ങനെ ഒരു പ്രചാരണത്തിലൂടെ അവര്‍ കൂടുതല്‍ മുസ്ലീങ്ങളെ  തങ്ങളോടൊപ്പം ചേര്‍ക്കും. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തലാവും. നിലവില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ എതിര്‍ത്തു പോരുന്നവരില്‍ കൂടുതലും മുസ്ലീം പേരുള്ള യുക്തിവാദികളാണ്. അതും ഭീകര പ്രസ്ഥാനത്തിന് തണലായി മാറുന്നു. അവര്‍ക്ക് പ്രചരിപ്പിക്കാമല്ലോ ഇസ്ലാമിനെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു എന്ന്. ജമാ അത്തെ ഇസ്ലാമിയുടെ നിഴല്‍ പട്ടി ജനിച്ച  സംഘടനയാണ് അബ്ദുല്‍ നാസര്‍ മദനി സ്ഥാപിച്ച ഐ എസ് എസ്.. അതിന്റെ ചുവടു പിടിച്ചും മുഖം മൂടി അണിഞ്ഞും പ്രത്യക്ഷപ്പെട്ട എന്‍ .ഡി.എഫ്, ഇപ്പോള്‍ തെരഞ്ഞെടുപ്പു ഗോടായിലുള്ള എസ്.ഡി.പി.ഐ... അതൊക്കെ ഇസ്ലാമിനെ വളര്‍ത്തുകയല്ല, ലോകത്തെ തന്നെ നാശത്തിലേക്ക് കൊണ്ട് പോകുന്നവയാണ്. മുസ്ലീം ലീഗ്, ഐ.എന്‍ .എല്‍ .; കേരള കോണ്ഗ്രസ്സുകള്‍ ,  ആര്‍ എസ്. എസ്. ഒക്കെ തന്നെ ഒരേ നാണയത്തിന്റെ പല അരികുകളോ   വശങ്ങളോ ഒക്കെയാണ് എന്നറിയുക. മതപരമായോ സാമുധായികമായോ സംഘടിച്ചു അധികാര രാഷ്ട്രീയത്തിന് വില പെശുന്നതും അധികാരത്തിലേറുന്നതും    നിരുല്സാഹപ്പെടുത്തെണ്ടാതാണ്. അവയുമായി പ്രത്യക്ഷത്തിലോ   പരോക്ഷമായോ ചങ്ങാത്തം കൂടുന്നതും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കലായി കാണേണ്ടിവരും. എല്ലാത്തരം വര്‍ഗീയതയെയും ഭീകരതയെയും ചെറുത്തു തോല്‍പ്പിക്കുക. വര്‍ഗീയതയോ ഭീകരതയോ ഇസ്ലാമികം ആകട്ടെ ഹൈന്ദവം ആകട്ടെ  മറ്റേതെങ്കിലും മതത്തിലൂടെയാവട്ടെ, അത് രാഷ്ട്രീയ ഭീകരതയാവട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ലോക നന്മക്കു ആവശ്യം.

Monday, April 4, 2011

വര്‍ഗീയതയെ പരാജയപ്പെടുത്തുക

വര്‍ഗീയതക്ക് വളവും വെള്ളവും പകരുന്നത് രാഷ്ട്രീയക്കാരാണ്. ന്യൂന പക്ഷം ഭൂരിപക്ഷം എന്ന തരം തിരിവ് പോലുമില്ലാത്ത ഇന്ത്യയാവണം നമ്മുടെ സ്വപ്നം. വര്‍ഗീയതയെ, ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയൂ. എന്നാല്‍ സമീപ കാലത്തെ ഇടതു പക്ഷത്തിന്റെ മത പ്രീണനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇടതു പക്ഷത്തിന്റെത് അധികാരത്തിനു വേണ്ടിയുള്ള ഒരു യാത്ര ആവരുത്.  എന്നാല്‍ പലപ്പോഴും ഇടതു പക്ഷ മുഖം മൂടി അണിഞ്ഞ ചില വലതു പക്ഷക്കാര്‍ ഇടതുപക്ഷത്തില്‍ കയറി കൂടുകയും സാമ്രാജ്യത്വത്തിന് വേണ്ടി കുഴലൂതുന്നതും തിരിച്ചറിയുക. എന്തൊക്കെ ആയാലും എന്ത്  ന്യായീകരണം കണ്ടെത്തിയാലും ശരി ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുന്നത്  അംഗീകരിക്കാന്‍ ആവില്ല. അത്തരം ജന്തുക്കളെ തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തുക...

Sunday, April 3, 2011

എന്റെ എഴുത്ത്

കവികള്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരിവര്‍ത്തനം ഉണ്ടാക്കേണ്ടവരാണ്  കവികള്‍ ... എന്നാല്‍ ഇന്നത്തെ കവികളോ? ഭരണ കൂടങ്ങളുടെ അടുപ്പുകളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആവില്ല. അന്നം വേവുന്ന ഗന്ധം നുകര്‍ന്ന് ഇരിക്കാം. വേവുന്ന മുറക്ക് ഭക്ഷിക്കാം. ദന്ത ഗോപുര കവിയാവാം. കാലം നീങ്ങുന്ന മുറക്ക് രാജാവില്‍ നിന്നും പട്ടും വളയും വാങ്ങി ശിഷ്ടം കാലം കഴിഞ്ഞുകൂടാം. കലാ സാഹിത്യകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ സത്യ സന്തമായി  രേഖപ്പെടുത്തേണ്ടവരാണ്.
പഴയ കാല കവികളെ ഉയര്‍ത്തി കാട്ടി അവരെ പോലെയാണ് തങ്ങള്‍ എന്ന് നെഞ്ചു വിരിക്കുന്ന കക്ഷി രാഷ്ട്രീയ കവികളെ ഇക്കാലത്ത് സുലഭമായി കാണാം. അവരൊക്കെ കാലത്തിലേക്ക് തലമുറകള്‍ക്കായി  വെളിച്ചം നല്‍കിയവരാണ്. എന്നാല്‍ ആ വെളിച്ചം തകര്‍ത്തുകൊണ്ടാണ് പുത്തന്‍ കൂറ്റുകാരുടെ നില്‍പ്പ്.
ഏതെങ്കിലും കക്ഷി  രാഷ്ട്രീയത്തില്‍ പെട്ടുപോയാല്‍ കക്ഷി രാഷ്ട്രീയങ്ങള്‍ ഓക്കാനിക്കുന്നതെ വിളമ്പാനാവു. കവിക്ക്‌ പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ എഴുത്തുകാരോട്  പറയേണ്ട ആവശ്യമില്ല. അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷെ അവര്‍ അതില്‍ നിന്നും പിന്തിരിയില്ല. അവര്‍ ദന്ത ഗോപുരത്തിന്റെ സുഖം വെടിയാന്‍ ഒരുക്കമല്ല. ചിലര്‍ ആരോപിക്കുന്ന മട്ടില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വിടുപണി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്‍ .ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ യാതൊരു ആനുകൂല്യവും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ എഴുതുന്നത്‌. മൊത്തമായിട്ടല്ലെങ്കിലും കുറച്ചു വായനക്കാര്‍ എനിക്കുണ്ട്. അവരെ പോലും തൃപ്തിപ്പെടുത്താന്‍ അല്ല ഞാന്‍ എഴുതുന്നത്‌. അങ്ങനെ ആരെയെങ്കിലും തൃപ്തരാക്കി കൊണ്ടുള്ള എഴുത്തില്‍ പോലും മായം കടന്നു വരും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.

Saturday, April 2, 2011

അക്ഷരങ്ങള്‍

ഞാന്‍ വിശ്വസിക്കുന്നത് അക്ഷരങ്ങളെയാണ്. ഞാന്‍ വിശ്വസിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വിടുപണി ചെയ്യുന്നതിനല്ല. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്ത് ഇരിക്കണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . എഴുത്ത് എന്ന് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളുടെ കീശയില്‍ ചെന്ന് പെടുന്നോ അന്ന് എഴുത്തുകാരന്റെ നട്ടെല്ല് വളയുന്നു. അവിടെ എഴുത്തില്‍ കള്ളം കടന്നു വരുന്നു.

Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

Thursday, February 17, 2011

കാഴ്ച്ചയെ കേട്ടറിവായി വായിക്കുന്നത്


ഞാന്‍ കുളക്കടവില്‍ ഉളിഞ്ഞു നോക്കിയിട്ടില്ല
മുലക്കച്ച നീലയെന്നു ചൊല്ലിയത്
ആലങ്കാരികമായി...
നേരില്‍ കണ്ടു എന്നത്
കേട്ടറിവ് എന്ന് വരവ് വയ്ക്കുക.
കുളക്കടവിനോട് ചേര്‍ന്നുള്ള മാവ് സാക്ഷി
ഞാനവിടെ ചെന്നിട്ടില്ല.
പോസ്റ്റ്‌ മോഡേന്‍ കവിതയിലെ പദങ്ങള്‍
തിരുത്തുകള്‍ തേടിയലഞ്ഞു.
കാഴ്ച എന്ന പദം 
കേള്‍വിയായി അവതരിക്കാന്‍ മടിച്ചു.
പോളിംഗ് ബൂത്തിലേക്ക് നടന്നവന്‍
ചിഹ്നം നോക്കാന്‍ മടിച്ചു,
നാളെയത് കേള്‍വിയായി മാറിയെങ്കിലോ...

വേദന


തേന്‍ നുകരാന്‍ വണ്ടില്ലെങ്കില്‍
പൂമ്പൊടിയുടെ വേദന...
തുറന്നിട്ട ഹൃദയ ജാലകത്തിലൂടെ
നീ വരാത്തത്
എന്റെ വേദന...
പാനം ചെയ്യാന്‍ നീ വന്നില്ലെങ്കില്‍
എന്തിനാണ് എന്നില്‍ പ്രണയം.

പ്രണയം ബിംബങ്ങള്‍ തേടുന്നു...

മൂന്നു മാസം പ്രായമുള്ള വാഴപ്പിണ്ടി
തൊണ്ടയിലൂടെ ഇടിച്ചിറക്കിയത് പോലെയാണ്
പ്രണയിക്കുമ്പോള്‍ എന്റെ അവസ്ഥ...
കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന നീ...
വാഴയെന്തെന്നറിയാത്ത നിന്നോട്
അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രണയം.
തൊണ്ടയിലെ വിങ്ങലും തണുപ്പും
എന്റെ ഉന്മത്തതയും
എങ്ങനെ വര്‍ണിക്കണമെന്നറിയാതെ ഞാന്‍ .
നീ കുറിച്ച വികാരങ്ങള്‍
മൌസിന്റെയും സ്ക്രീനിന്റെയും
മരവിപ്പ് പകര്‍ന്നു.
എന്റെയും നിന്റെയും പാതകള്‍
രണ്ടായി പിരിയുന്നതറിയാതെ
പ്രണയത്തെ അടയാളപ്പെടുത്താന്‍
ബിംബങ്ങള്‍ തിരഞ്ഞു ഞാന്‍ ...